പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വർഷം 6 മരണവും മരണാനന്തരജീവിതവും ക്രിസ്തീയ കാഴ്ചപ്പാടിൽ

റവ. ഡോ. ഡൊമിനിക് മുരിയൻകാവുങ്കൽ

1. മരണം പുതിയനിയമ കാഴ്ചപ്പാടിൽ
പുതിയനിയമം മരണത്തെപ്പറ്റി പ്രതിപാദിക്കുന്നത് ഈശോയുടെ മരണത്തിന്റെയും
ഉത്ഥാനത്തിന്റെയും പശ്ചാത്തലത്തിലാണ്. ഈശോയുടെ ജീവിതത്തിൽ മരണം ഉത്ഥാനത്തിലേയ്ക്കുള്ള കടന്നുപോകലിന്റെ ഒരുഘട്ടം മാത്രമായിരുന്നു.
ഈശോയുടെ കുരിശിലെ മരണം പിതാവായ ദൈവത്തോടും മനുഷ്യകുലം മുഴുവ
നോടുമുള്ള സ്‌നേഹത്തിന്റെ സമ്പൂർണ്ണ ആത്മസമർപ്പണമായിരുന്നതുപോലെ ക്രൈസ്തവന്റെ മരണവും സമ്പൂർണ്ണസമർപ്പണമായിത്തീരണം (ലൂക്കാ 23:46).
ഈശോ തന്റെ മരണത്തിലൂടെ മരണത്തെ പരാജയപ്പെടുത്തിയതു മൂലം ക്രൈസ്തവന്
മരണം ഒരു തോൽവിയല്ല, വിജയമാണ് (1 കോറി. 15:55-57).
മാമ്മോദീസായിലൂടെ തുടക്കമിട്ട ദൈവവുമായുള്ള ഐക്യത്തിന്റെ പൂർണ്ണസാക്ഷാത്
കാരമാണ് മരണത്തിലൂടെ സംഭവിക്കുന്നത്.
അവന് ജീവിതം മിശിഹായും മരണം നേട്ടവുമാണ് (ഫിലിപ്പി. 1:21).
2. മരണം സഭാപ്രബോധനങ്ങളിൽ
* മരണം ഭൗതികജീവിതത്തിന്റെ അന്ത്യമാണ് (CCC 1007). ഈശോയിൽ വെളിവാക്കപ്പെട്ട കൃപയെ സ്വീകരിക്കുന്നതിനോ
തിരസ്‌കരിക്കുന്നതിനോ ഉള്ള അവസാന സാധ്യതയാണ് മരണം (CCC 1021).
* മരണം പാപത്തിന്റെ ഫലമാണ്. മരിക്കാൻ വേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പാപം മൂലം മരണം ലോകത്തിൽ പ്രവേശിച്ചു (റോമ., 5:12).
* സ്വാതന്ത്ര്യം ദുരുപയോഗിച്ചതാണ് മനുഷ്യന്റെ മരണത്തിനു കാരണം (CCC 1008).
* മരണത്തിൽ ആത്മാവും ശരീരവും വേർതിരിക്കപ്പെടുന്നെങ്കിലും അതുതാൽകാലികമാണ്. മരിച്ചവരുടെ പുനരുത്ഥാന ദിവസം ആത്മാവും ശരീരവും വീണ്ടും യോജിപ്പിക്കപ്പെടും. (CCC 1016).
* മരണം ഈശോമിശിഹായുടെ രണ്ടാം വരവിൽ നശിപ്പിക്കപ്പെടും.
3. നല്ല മരണത്തിന് ഒരുങ്ങേണ്ടതെങ്ങനെ?
ഈശോയെപ്പോലെ പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കാനുള്ള സാധ്യതയാണ് മരണം നൽകുന്നത് (ലൂക്കാ 23:46). അതുകൊണ്ട്, ഒരു യഥാർത്ഥ ക്രിസ്തീയ വിശ്വാസിക്ക് മരണം പരാജയമല്ല, കീഴടങ്ങലല്ല; മറിച്ച്, തന്നെ ആശ്ലേഷിക്കാനായി വിടർന്നുനിൽക്കുന്ന ദൈവകരങ്ങളിലേക്കുള്ള സ്‌നേഹസമർപ്പണത്തിലെ ഒരു അവശ്യ കടമ്പ മാത്രമാണ്. സഹനങ്ങളെയും രോഗങ്ങളെയും ഈശോയുടെ മഹത്വത്തിൽ പങ്കുചേരാനുള്ള അവസരമായി
കാണാൻ വിശ്വാസികൾക്ക് കഴിയണം. ”മിശിഹായുടെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടത്തെ മരണം ഞങ്ങൾ എപ്പോഴും ശരീരത്തിൽ സംവഹിക്കുന്നു” (2 കോറി. 4:10).
ദൈവശിക്ഷയെക്കുറിച്ചുള്ള ഭയമല്ല,
ദൈവസ്‌നേഹത്തിലും കരുണയിലുമുള്ള വിശ്വാസമാണ് മരണത്തിനൊരുങ്ങുന്ന ക്രൈസ്തവരെ നയിക്കേണ്ടത്. ”സ്‌നേഹത്തിൽ ഭയത്തിനിടമില്ല, പൂർണ്ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു” (1 യോഹ. 4:8).
മരണത്തെ പ്രത്യാശയോടെ സമീപിക്കേണ്ടവനാണു ക്രിസ്ത്യാനി. മറ്റുള്ളവരേ
പ്പോലെ ക്രൈസ്തവൻ ദുഃഖിക്കരുത് (1 തെസ. 4:13). ഈശോയിലാണവൻ മരിക്കുന്നത്.
”കർത്താവിൽ മൃതിയടയുന്നവർ അനുഗൃഹീതരാണ്” (വെളി. 14:13). ചുരുക്കത്തിൽ,
ദൈവത്തിലാശ്രയിച്ച് ഭൗതിക ജീവിതം പൂർണ്ണ ഉത്തരവാദിത്വത്തോടെ ജീവിക്കാനാണ് മരണത്തെക്കുറിച്ചുള്ള ചിന്ത നമ്മെ പ്രചോദിപ്പിക്കേണ്ടത്.
4. സഭാപരമായ മൃതസംസ്‌കാരശുശ്രൂഷയുടെ സാംഗത്യം
മരണമടഞ്ഞ വിശ്വാസികൾക്ക് അന്ത്യശുശ്രൂഷകൾ നൽകുന്നതിനും അവരെ സംസ്കരിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമായി സൂക്ഷിക്കുന്നതിനും സഭ
പ്രാരംഭംമുതലേ ശ്രദ്ധിച്ചിരുന്നു. സഭാപരമായ മൃതസംസ്‌കാരം മരിച്ചവർക്ക് ആത്മീയ സഹായവും ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. മൃതസംസ്‌കാര ശുശ്രൂഷവഴി സഭ പുനരുത്ഥാനത്തിൽ ഉയിർക്കപ്പെടേണ്ട ശരീരത്തെ ബഹുമാനിക്കുകകൂടിയാണ് ചെയ്യുന്നത്. കൂടാതെ, ഉത്ഥാനത്തിലുള്ള വിശ്വാസവും പ്രത്യാശയും പരസ്യമായി പ്രഖ്യാപിക്കുന്ന അവസരം കൂടിയാണത്.
മൃതശരീരം ദഹിപ്പിക്കുന്ന രീതി 1983 വരെ സഭ അനുവദിച്ചിരുന്നില്ല. എന്നാൽ പല രാജ്യങ്ങളിലും മൃതസംസ്‌കാരത്തിനു വേണ്ട സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിലും, കോവിഡ് പോലുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിലും, ഇപ്പോൾ അത് അനുവദിക്കുന്നുണ്ട്. എങ്കിലും മൃതശരീരം ദഹിപ്പിക്കുന്നതിനേക്കാൾ മൃതസംസ്‌കാരത്തിനാണ് മുൻഗണന നൽകുന്നതെന്ന് സഭാ നിയമം വ്യക്തമാക്കുന്നു (പൗരസ്ത്യ കാനൻ നിയമം 876,3).
5. ആത്മാവ്
മനുഷ്യന് ശരീരം മാത്രമല്ല ആത്മാവുമുണ്ട്. മരണശേഷവും നിലനിൽക്കുന്ന മനുഷ്യനിലെ ആത്മീയാംശത്തെയാണ് ആത്മാവ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത് മനുഷ്യനിലെ ഏറ്റവും അമൂല്യമായ അന്തഃസത്തയെ സൂചിപ്പിക്കുന്നു. ഈ അന്തഃസത്തയിലാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ സംവഹിക്കുന്നത്. മനുഷ്യാത്മാവ് അനശ്വരമാണ്. മരണത്തോടെ ശരീരത്തിൽനിന്നു
വേർപിരിയുമെങ്കിലും ആത്മാവ് നശിക്കുന്നില്ല. പുനരുത്ഥാനത്തിൽ ആത്മാവ് ശരീരവുമായി വീണ്ടും സംയോജിക്കും (CCC 362-366). തനതുവിധിക്കുശേഷം മരിച്ചവരുടെ ആത്മാക്കൾക്ക് മൂന്ന് സാധ്യതകളാണുള്ളത്: സ്വർഗ്ഗം അല്ലെങ്കിൽ ശുദ്ധീകരണാവസ്ഥ, അതുമല്ലെങ്കിൽ നരകം. ശുദ്ധീകരണാവസ്ഥയിലെ ആത്മാക്കൾ ദൈവം നിശ്ചയിക്കുന്ന വിശുദ്ധീകരണത്തിനുശേഷം സ്വർഗ്ഗീയ സൗഭാഗ്യത്തിന് അർഹരാകുന്നു. ഇപ്രകാരം, ഒരു വ്യക്തിയുടെ മരണത്തിനും പുനരുത്ഥാനത്തിനുമിടയിൽ ആത്മാവിനു മാത്രമായി ഒരു മധ്യാവസ്ഥ ഉണ്ടെന്ന് തിരുസഭ പഠിപ്പിക്കുന്നു. പുനരുത്ഥാനത്തിലാണ് ആത്മാവ് ഉത്ഥിതശരീരവുമായി വീണ്ടും ചേരുന്നത്.
6. തനതുവിധി, പൊതുവിധി
മനുഷ്യന്റെ മരണത്തിനുശേഷം വിധി ഉണ്ട്. ഈ വിധിക്ക് രണ്ട് ഘട്ടങ്ങളും: തനതു
വിധിയും പൊതുവിധിയും. മരിക്കുമ്പോൾ തന്നെ ആത്മാവ്, ജീവിതകാലത്തുചെയ്ത
കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതിമാനായ ദൈവത്താൽ വിധിക്കപ്പെടുന്നു. ഇതാണ് തനതു വിധി. ഇന്നോളം മരിച്ചുപോയ എല്ലാ മനുഷ്യരും ഈ വിധിയിലൂടെ കടന്നുപോയവരാണ്. ഈശോയുടെ രണ്ടാമത്തെ ആഗമനത്തിലാണ് ശരീരത്തിന്റെ ഉയിർപ്പ് സംഭവിക്കുന്നത്. അന്നാണ് പൊതുവിധി. ദൈവത്തിനു തെറ്റുപറ്റാത്തതുകൊണ്ടും ദൈവം മാറ്റമില്ലാത്തവനായതുകൊണ്ടും രണ്ടു വിധികളുടേയും ഫലം ഒന്നുതന്നെയായിരിക്കും.
തനതുവിധിയിൽ നരകശിക്ഷ ലഭിച്ച ഒരു ആത്മാവിനോട് ഒന്നുചേരുന്ന ശരീരത്തിന്
പൊതുവിധിയിൽ സ്വർഗ്ഗം ലഭിക്കുകയില്ലെന്നർത്ഥം.
തനതുവിധി മാറ്റമില്ലാത്തതും നിത്യവുമായ വിധിയാണ്. തനതു വിധിയിൽനിന്നും
വ്യത്യസ്തമായ ഒരു വിധി പൊതുവിധിയിൽ ഉണ്ടാവുകയില്ല. കാരണം രണ്ടു വിധിയും
നടത്തുന്ന ദൈവം ഒന്നുതന്നെയാണ്. ദൈവത്തിനു തെറ്റുപറ്റുകയില്ല; അതുകൊണ്ടു
തന്നെ അവിടുത്തെ വിധി മാറ്റമില്ലാത്തതാണ്.
പൊതുവിധിയിലാണ് തനതുവിധിയിൽ ദൈവം നടത്തിയ വിധി സകല സൃഷ്ടികൾ
ക്കുമായി വെളിപ്പെടുന്നത്.
7. സ്വർഗ്ഗം
പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള പൂർണ്ണമായ ജീവിതമാണ് സ്വർഗ്ഗം. പരിശുദ്ധ കന്യാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടുമൊപ്പം പരിശുദ്ധ ത്രിത്വ
ത്തിലുള്ള സഹവാസമാണത്. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്റെ അവസ്ഥയാണ് സ്വർഗ്ഗം. സ്വർഗ്ഗത്തിൽ ഓരോരുത്തരും തങ്ങളുടെ തനിമയും വ്യക്തിത്വവും നിലനിർത്തുന്നു. സ്വർഗ്ഗമെന്ന രഹസ്യം മനുഷ്യന്റെ
എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ് (CCC1024-1027).
8. ശുദ്ധീകരണസ്ഥലം
പാപികളായ നമ്മുടെ വിശുദ്ധീകരണം ഈ ലോകത്തിൽവച്ചു നടക്കുന്നുണ്ട്. മരിക്കു
ന്നതിനുമുമ്പ് പരിപൂർണ്ണ വിശുദ്ധീകരണം പ്രാപിക്കുന്നവർ നിത്യസൗഭാഗ്യത്തിലെ
ത്തിച്ചേരും. പരിപൂർണ്ണമായി വിശുദ്ധീകരിക്കപ്പെടാത്തവർക്ക് മരണശേഷം വിശുദ്ധീ
കരണമുണ്ട്. അതാണ് ശുദ്ധീകരണ സ്ഥലം. ദൈവം ആത്മാക്കളെ പീഡിപ്പിക്കുന്ന സ്ഥലമായല്ല, വിശുദ്ധീകരിക്കുന്ന അവസ്ഥയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ ശുദ്ധീകരണസ്ഥലമെന്നത്, ദൈവത്തെ സ്വീകരിക്കുന്നതിനായി ഒരു വ്യക്തി കടന്നുപോകുന്ന സമ്പൂർണ്ണ മാറ്റത്തിന്റെ അവസ്ഥയാണത്. ശിക്ഷയുടെ
സ്ഥലമെന്നതിനെക്കാൾ വിശുദ്ധീകരിക്കപ്പെടുന്ന അവസ്ഥയായി ശുദ്ധീകരണസ്ഥ
ലത്തെ മനസ്സിലാക്കണം. ശുദ്ധീകരണാവസ്ഥയെ മനുഷ്യന്റെ വിശുദ്ധീകരണത്തിന്റെ അവസാനഘട്ടമായി കാണാം. എല്ലാ ശുദ്ധീകരണപ്രക്രിയയിലും ഒരു നിശ്ചിത അളവിലുള്ള സഹനമുണ്ട്. ശുദ്ധീകരണാവസ്ഥയിലും സഹനത്തിന്റെ അവസ്ഥ ഉണ്ട്.
ശുദ്ധീകരണാവസ്ഥയിൽ അഗ്നിയാലുള്ള വിശുദ്ധീകരണമാണ് സംഭവിക്കുന്നത് എന്നതിനെ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല.
വിശുദ്ധീകരണത്തിന്റെ പ്രതീകമായി വി. ഗ്രന്ഥം അഗ്നിയെ ഉപയോഗിക്കുന്നതു
കൊണ്ടായിരിക്കാം ശുദ്ധീകരണാവസ്ഥയിലെ വിശുദ്ധീകരണം അഗ്നിയാലുള്ളതാണെന്ന പൊതുധാരണ ഉളവായത്.
ശുദ്ധീകരണാവസ്ഥ താത്കാലികനരകമല്ല. ശുദ്ധീകരണാത്മാക്കൾ ദൈവവുമാ
യുള്ള ഐക്യം പ്രതീക്ഷിച്ചു കഴിയുന്നവരാണ്. നരകത്തിൽ പ്രത്യാശയല്ല, നിരാശയാ
ണുള്ളത്. ഭൂമിയിലുള്ളവർക്ക് തങ്ങളുടെ പ്രാർത്ഥനകളാലും ദാനധർമ്മങ്ങളാലും പ്രത്യേകിച്ച് വിശുദ്ധകുർബാനയാലും ശുദ്ധീകരണാവസ്ഥയിലുള്ളവരെ സഹായിക്കാൻ കഴിയും. നരകത്തിലുള്ളവരെ ഒരുവിധത്തിലും ആർക്കും സഹായിക്കാൻ കഴിയുകയില്ല. ദൈവവുമായുള്ള സഹവാസം എന്നേക്കുമായി വേർപെടുത്തപ്പെട്ടവരാണ് നരകവാസികൾ.
ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്കായി സഭ പ്രാർത്ഥിക്കുന്നു; നരകത്തിലുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നില്ല. ശുദ്ധീകരണസ്ഥലം സ്ഥിരമായ ഒരവസ്ഥയല്ല. അന്ത്യവിധിദിവസത്തിൽ ശുദ്ധീകരണസ്ഥലം ഇല്ലാതാവുകയും അവിടെയുള്ള ആത്മാക്കൾ ശുദ്ധീകരണം പൂർത്തിയായി സ്വർഗ്ഗത്തിലേക്കെടുക്കപ്പെടുകയും ചെയ്യും. മരണശേഷം ആർക്കും തങ്ങളുടെതന്നെ ആത്മരക്ഷയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായുള്ള നമ്മുടെ പ്രാർത്ഥന
അവരുടെ ശുദ്ധീകരണം വേഗത്തിലാക്കുമെന്ന് സഭ വിശ്വസിക്കുന്നു. ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥനകൾ ഉപകാരപ്പെടുന്നത് പുണ്യവാന്മാരുടെ ഐക്യം മൂലമാണ്. ഈശോമിശിഹായും വിശ്വാസികളും തമ്മിലുള്ള ആത്മീയ ഐക്യമാണിത്. മരണത്തോടെ ഈ ഐക്യം ഇല്ലാതാകുന്നില്ല.
9. നരകം
ദൈവത്തോടും വിശുദ്ധരോടുമുള്ള സംസർഗ്ഗത്തിൽനിന്നും എന്നന്നേക്കുമായി വേർ
പെടുത്തപ്പെടുന്ന അവസ്ഥയാണ് നരകം. വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിക്കുന്നവരുടെ അവസ്ഥയാണത് (CCC 1033-1034). ദൈവത്തിൽനിന്നുള്ള എന്നെന്നേക്കുമായ വേർപെടലാണ് നരകത്തിലെ പ്രധാനശിക്ഷ എന്നാണ് തിരുസ്സഭയുടെ പ്രബോധനം (CCC 1035). ദൈവം കാരുണ്യവാനാണ്, എല്ലാവരോടും ക്ഷമിക്കുന്നവനുമാണ്. ഒരുവൻപോലും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതേ സമയം, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പ്രതിഫലം നൽകുന്നവനുമാണ് ദൈവം. ദൈവത്തിന്റെ കരുണപോലെ ദൈവനീതിയും അനന്ത
മാണ്. നരകത്തിൽ പോകാൻ ദൈവം ആരെയും മുൻകൂട്ടി നിശ്ചയിക്കുന്നില്ല. ആരും നശിക്കാതിരിക്കാനും എല്ലാവരും പശ്ചാത്താപത്തിലേക്കു വരാനുമാണ് അവിടന്നാഗ്രഹിക്കുന്നത്. എന്നാൽ തന്റെ നിത്യമായ ഭാഗധേയം
മുന്നിൽ കണ്ടുകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാൻ മനുഷ്യന് ഉത്തരവാദിത്വമുണ്ട്. നരകത്തെക്കുറിച്ചുള്ള പരാമർശനങ്ങളെല്ലാം, അത് വിശുദ്ധ ഗ്രന്ഥത്തിലാകട്ടെ സഭാപ്രബോധനങ്ങളിലാകട്ടെ, മാനസാന്തരത്തിലേക്കുള്ള വിളികൂടിയാണ് (CCC 1036-
1037).
ഉപസംഹാരം
മരണത്തെയും മരണാനന്തരജീവിതത്തെയുംകുറിച്ചുള്ള ക്രിസ്തീയ പ്രബോധനങ്ങളെന്തെന്നുള്ള ശരിയായ അറിവ് വിശ്വാസത്തിൽ ആഴപ്പെടാൻ മാത്രമല്ല, അബദ്ധ പ്രബോധനങ്ങളിൽ നിന്നകന്നുനിൽക്കാനും
നമ്മെ സഹായിക്കും. മരണത്തിലെ മാനുഷികമായ അനിശ്ചിതത്വം ഒട്ടേറെ അഭ്യൂഹങ്ങൾക്കും ഭയത്തിനും അതുവഴി അനുബന്ധമായ അന്ധവിശ്വാസങ്ങൾക്കുമുള്ള സാധ്യത തുറന്നിടുന്നു. അതുകൊണ്ടുതന്നെ, അവയെ ദൂരീകരിക്കേണ്ടത് വിശ്വാസത്തിലുള്ള വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.