
ഫാ. ഡോ. തോമസ് കറുകക്കളം
സഭൈക്യരംഗത്ത് നിർണായകമായ രണ്ടാം വത്തിക്കാൻ സൂനഹദോസ്, ഒരുകാലത്ത് വിരുദ്ധധ്രുവങ്ങളിൽ കഴിഞ്ഞിരുന്ന സഭാസമൂഹങ്ങൾ ഐക്യത്തിന്റെ അനിവാര്യത മനസിലാക്കി നൂറ്റാണ്ടുകളായി ദൈവശാസ്ത്ര വിഷയങ്ങളിൽ പുലർത്തിയിരുന്ന
വ്യത്യസ്തവീക്ഷണങ്ങളിൽ നിന്നും മാറി ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുവാൻ
കാരണമായി. സഭകളുടെ ഐക്യത്തിനായി എല്ലാ ക്രൈസ്തവരും പ്രവർത്തിക്കണമെന്നും അത് സഭയുടെ പരമപ്രധാനമായ കടമയാണെന്നും കൗൺസിൽ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. (സഭൈക്യ 1-4). ഇന്നത്തെ ലിറ്റർജി വിവാദം ചുരുക്കത്തിൽ ജനാഭിമുഖ കുർബാനയാണോ കിഴക്കിനഭിമുഖമായി അൾത്താരാഭിമുഖം ആയിരിക്കണമോ എന്നതിൽ എത്തിനിൽക്കുകയാണല്ലോ. മറ്റ് പല ദൈവശാസ്ത്രചിന്തകളും ഈ ഒരു പ്രശ്‌നത്തിലേയ്ക്കു ചുരുക്കപ്പെട്ടു എന്നു
മാത്രം. സീറോമലബാർ സഭയുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യം, സ്വയം ഭരണാധികാരം, ആരാധനാപാരമ്പര്യം, ദൈവശാസ്ത്ര മുൻഗണനകൾ, സഭയുടെ വിശ്വാസം പ്രകടിപ്പിക്കപ്പെടേണ്ട രീതികൾ ഇവയെല്ലാം ഇതിനു പിന്നിലുണ്ടെന്ന വസ്തുത നാം മറക്കരുത്. അതിനാൽ ഇന്ന് സീറോമലബാർ സഭയിൽ നടക്കുന്ന ആരാധനക്രമ വിവാദം സഭൈക്യരംഗത്ത് വലിയ തടസം സൃഷ്ടിക്കുമെന്ന ചിന്ത സഭാനേത്യത്വത്തിന് ഉണ്ടാകേണ്ടതാണ്. സഭൈക്യത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖയിൽ കൗൺസിൽ പൗരസ്ത്യസഭകളുടെ ആരാധനയെക്കുറിച്ചും ആദ്ധ്യാത്മികതയെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ വൈശിഷ്ഠ്യത്തെക്കുറിച്ചും ശ്ലൈഹികതയെ
ക്കുറിച്ചും പറയുമ്പോൾ എടുത്തുപറയുകയും പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന
ഒന്നാണ് പൗരസ്ത്യകത്തോലിക്കാ സഭകൾക്ക് കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും
മാറി നില്ക്കുന്ന മറ്റ് പൗരസ്ത്യ സഭകളുടെ ഐക്യത്തിനായുള്ള പരിശ്രമങ്ങളിൽ സവിശേഷമായ പങ്ക് വഹിക്കാനുണ്ടെന്ന കാര്യം (UR. 14, 15, 16,) ‘കത്തോലിക്കാസഭയിലെ പൗരസ്ത്യ സന്താനങ്ങൾ പിതൃസ്വത്ത്
കാത്തുസൂക്ഷിക്കുകയും അതിനെ കൂടുതൽ വിശ്വസ്തതാപൂർവ്വം തങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു’ (UR. 17). പൗരസ്ത്യസഭകളുടെ ആരാധനക്രമ നവീകരണം നടപ്പിലാക്കുമ്പോൾ ഓർത്തഡോക്‌സ് സഹോദരങ്ങളുടെ ആരാധനക്രമപാരമ്പര്യത്തെ അറിയുകയും മനസിലാക്കുകയും കണക്കിലെടുക്കുകയും അതിൽ
നിന്ന് കഴിയുന്നത്ര അകന്നുനില്ക്കാതിരിക്കാൻ ശ്രദ്ധിക്കുകയുംവേണം (Instruction for Applying the liturgical Precription of the Code of Cannons of the Eastern church,
Oriental congregation , Rome No. 21) എന്ന് പഠിപ്പിക്കുന്നു.
ഇതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ ജനാഭിമുഖ കുർബാന എന്നൊന്ന് പൗര
സ്ത്യസഭകളിൽ ഒന്നും നാം കാണുന്നില്ല. ആയതിനാൽ ഇത് സഭൈക്യരംഗത്ത് തന്നെ
വലിയൊരു തടസമായി മാറാവുന്നതാണ്. പൗരസ്ത്യസഭകൾ അവരുടെ പൊതു
വായ ശ്ലൈഹിക പാരമ്പര്യത്തിൽ ഒന്നിക്കുന്നതിനുപകരം കൂടുതൽ അകലാൻ മാത്രമേ ഇത്തരം നടപടികൾ സഹായിക്കൂ. സീറോ മലബാർസഭ പൗരസ്ത്യ പാരമ്പര്യങ്ങളിൽ നിന്നും പിന്നോട്ടുപോകുന്നു എന്ന പൊതുബോധം
ചില പൗരസ്ത്യ അകത്തോലിക്കാ സഭകൾക്ക് ഉള്ളത് ഇന്നും സഭൈക്യരംഗത്ത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നു. റോമൻ സഭയോട് ബന്ധം പുലർത്തിക്കൊണ്ടു തന്നെ ഓരോസഭയും തനതു പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണല്ലോ 1896 തദ്ദേശീയരായ മൂന്ന് മെത്രാന്മാർ, മാർ ജോൺ മേനച്ചേരി (തൃശൂർ) മാർ മാത്യു മാക്കിൽ (ചങ്ങനാശ്ശേരി) മാർ ലൂയീസ് പഴയപറമ്പിൽ (എറണാകുളം), ഏകകണ്ഠമായി നമ്മുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങൾ കാറ്റിൽപറത്തി ലത്തീൻ ആരാധന ക്രമം സുറിയാനി ഭാഷയിൽ തർജിമ ചെയ്ത് തന്നാൽ മതി എന്ന് റോമിനോട് പറഞ്ഞപ്പോൾ (ACOC, Prot. No. 290/29 Malabaresi Liturgia) അതിനെ ശക്തമായി നിരാകരിച്ചു കൊണ്ട് 1934 ഡിസംബർ 1 ന് പീയൂസ് 11-ാ മൻ മാർപാപ്പ സീറോമലബാർ സഭയിൽ
പൗരസ്ത്യ സുറിയാനി ആരാധനക്രമം പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. എന്നാൽ പിൽക്കാലത്ത് ഇവിടുത്തെ നേതൃത്വം ഈ നിലപാടിനോട് ചേരാത്ത രീതിയിൽ പ്രവർത്തിച്ചതിനാലാണ് പൗരസ്ത്യസഭയുടെ ദൈവശാസ്ത്രത്തിന് ചേരാത്ത പല ഭക്താനുഷ്ഠാനങ്ങളും ഇവിടെ വേരുപിടിക്കാൻ ഇടയായത്. ഇത് മറ്റ് അകത്തോലിക്കാ സഭകളും സീറോമലബാർ സഭയും തമ്മിലുള്ള ദൈവശാസ്ത്രപരമായ ഐക്യത്തിന് ഇന്നും തടസമാവുകയും ചെയ്യുന്നു. ഓരോ സഭയും അതിന്റെ തനതായ വിശ്വാസ പാരമ്പര്യവും ദൈവശാസ്ത്ര വൈവിധ്യവും നഷ്ടപ്പെടുത്തുന്നത് സാർവത്രിക സഭയോടുതന്നെ ചെയ്യുന്ന ദ്രോഹമാണ് എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച്
ഓരോസഭയുടേയും, തനതായ വിശ്വാസ പാരമ്പര്യം ആ സഭയുടേത് മാത്രമല്ല സാർവത്രിക സഭയുടെ പൊതു സ്വത്താണെന്ന് കൗൺസിൽ വ്യക്തമായി പഠിപ്പിക്കുന്നു (പൗരസ്ത്യസഭകൾ 1). കാരണം വിവിധങ്ങളായ
വിശ്വാസപാരമ്പര്യങ്ങളിലൂടെയാണ് മിശിഹാ രഹസ്യത്തിന്റെ സമ്പന്നത ലോകത്തിൽ പ്രകടമാകുന്നത്. വൈവിധ്യമാണ് പ്രേഷിതയായ
സഭയെ കൂടുതൽ ആകർഷകമാക്കുന്നതും വിവിധ തരക്കാരായ ആളുകളെ സഭയിലേ
യ്ക്ക് ആകർഷിക്കുന്നതും. അതിനാൽ ഓരോ സഭയും അതിന്റെ വിശ്വാസപൈതൃകം നഷ്ടപ്പെടുത്തുമ്പോൾ അത് സഭൈക്യത്തിന്
തടസമാവുക മാത്രമല്ല കത്തോലിക്കാ സഭയുടെ ആകർഷകമായ മുഖത്തിന് മങ്ങ
ലേൽപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. കാലാകാലങ്ങളിൽ സഭ നൽകുന്ന
ഔദ്യോഗിക പ്രബോധനങ്ങൾ ശരിയായ വിധം പാലിച്ചെങ്കിൽ മാത്രമേ സഭയുടെ മനസ് എന്താണെന്ന് ബോധ്യമാകൂ. ബോധപൂർവം സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ സഭയുടെ പ്രബോധനങ്ങളെ അവഗണിക്കുകയോ ജനങ്ങളെ പഠിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് നാം അടുത്ത തലമുറകളോട്
ചെയ്യുന്ന അപരാധമാകും. ഇന്ന് സഭയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനവും ഇതുതന്നെ
യാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ മുതലുള്ള ധാരാളം രേഖകളിൽ ഉന്നിപ്പറയുന്ന ഒന്നാണ് പൗരസ്ത്യസഭകൾ തങ്ങൾക്ക്, പ്രത്യേകിച്ച് അകത്തോലിക്കാസഭകളുമായി, പൊതുവായുള്ള വിശ്വാസപാരമ്പര്യങ്ങളും
അവയുടെ അനുഷ്ഠാനരീതികളും വളരെ ശ്രദ്ധയോടും തീഷ്ണതയോടും സംരക്ഷിക്കണമെന്ന കാര്യം. കത്തോലിക്കാസഭയുടെ സമ്പത്തും മനോഹാരിതയും അതിന്റെ വൈവിധ്യങ്ങളായ പാരമ്പര്യങ്ങളിൽ ആണ് കുടികൊള്ളുന്നത്. ഈ 21-ാം നൂറ്റാണ്ടിലും ചിലരെങ്കിലും ഇത് മനസ്സിലാക്കാത്തതും, ബോധപൂർവ്വം നിരാകരിക്കുന്നതും ദൗർഭാഗ്യകരമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്താനായി ഇന്ന് നാം നടത്തുന്ന ആരാധനാക്രമ പരിഷ്‌കരണങ്ങൾ പലതും പൗരസ്ത്യ
സഭകളുടെ പൊതു പൈതൃകത്തിന് നിരക്കാത്തതും ആത്മഹത്യാപരവുമാണെന്നതിൽ സംശയമില്ല. 1992 -ൽ സീറോമലബാർ സഭയെ
സ്വയംഭരണാധികാരമുള്ള ഒരു സഭയായി ഉയർത്തുകയും പിന്നീട് 2017 ഒക്ടോബർ 10 -ന് ഇന്ത്യ മുഴുവനും അജപാലന പ്രവർത്തനത്തിനും സുവിശേഷ വൽക്കരണത്തിനും സാർവ്വത്രികസഭ അനുവാദം നൽകി ഭരമേൽപ്പിച്ചതും ഈ സഭയുടെ പൈതൃകവും വിശ്വാസപാരമ്പര്യവും മറ്റൊരു ബാഹ്യശക്തികളുടേയും തടസപ്പെടുത്തലുകൾക്ക് വിധേയരാകാതെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.
ചുരുക്കത്തിൽ പൈതൃകം – പിതാവിൽ നിന്ന് ലഭിച്ച വിശ്വാസപാരമ്പര്യം ഇന്ന് സഭാ
ജീവിതത്തിലൂടെ ലോകത്തിൽ അടയാളപ്പെടുത്തുവാനുള്ള അവകാശമായിരുന്നു അത്. ഇന്ന് നമ്മുടെ സഭാപാരമ്പര്യത്തെക്കുറിച്ച് പറയാനും പ്രചരിപ്പിക്കാനും ലജ്ജിക്കുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെന്നുള്ളത് വസ്തുതയാണ്. നമ്മുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെക്കുറിച്ച് ബോധമുണ്ടായിരുന്ന പിതാക്കന്മാർ 1962 ജൂൺ 18 -ന്
ഇറക്കിയ സംയുക്ത ഇടയലേഖനത്തിൽ മാർ ജോസഫ് പാറേക്കാട്ടിൽ (എറണാകുളം) മാർ മാത്യു കാവുകാട്ട് (ചങ്ങനാശേരി) മാർ ജോർജ് ആലപ്പാട്ട് (തൃശൂർ) മാർ തോമസ്
തറയിൽ (കോട്ടയം) മാർ സെബാസ്റ്റ്യൻ വയലിൽ (പാല) മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി (തലശ്ശേരി) മാർ മാത്യു പോത്തനാമൂഴി (കോതമംഗലം) പറയുന്നു. ”പുരാതനകാലം മുതൽ കേരള – സുറിയാനി സഭ സീറോ കൽദായ റീത്താണ് ആചരിച്ചു പോരുന്നത്. കൽദായ സുറിയാനി റീത്ത്” തികച്ചും പൗരസ്ത്യമായ ഒരു സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഇതത്രെ നമ്മുടെ പുരാതനമായ റീത്ത്. എന്നാൽ ഇവരുടെ പിൻന്മുറക്കാരായ ചിലർ ഇന്ന് കേരളത്തിലെ
മാർത്തോമ്മാനസ്രാണികളുടെ കൽദായ സുറിയാനിപാരമ്പര്യത്തെ എങ്ങനെ നിരാകരിക്കാം എന്നതിൽ ഗവേഷണം തുടങ്ങുന്നവരായി മാറിയ കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഇന്ന് സീറോ മലബാർ സഭയിൽ കൽദായ ആധിപത്യം അടിച്ചേൽപ്പിക്കുകയാണെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ ഒന്നോർക്കണം ‘ആധിപത്യം’ ‘അധികാരം’ ഇവ സ്ഥാപിക്കാൻ ഇന്ന് കൽദായ സഭ ശക്തിക്ഷയിച്ച, ശോഷിച്ച സഭയാണ്. റഷ്യ ഉക്രേനുമേൽ ആധിപത്യം പുലർത്തുന്നു എന്നു പറയുന്നതുപോലെ ആധിപത്യം നടത്തുന്നതിന് അധികാരമോ ആൾബലമോ ശക്തിയോ ഇല്ലാത്ത സഭയാണ് കൽദായസഭ. ഇന്ന് ഈ സഭയുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും നിലനിർത്തണമെന്ന് ഈ സഭയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും, പ്രത്യേകിച്ച് സ്വത്വബോധത്തിൽ കൂടുതൽ താല്പര്യമുള്ള പുതുതലമുറയും ആവശ്യപ്പെടുമ്പോൾ അവർ കത്തോലിക്കാസഭയുടെ മനസ്സറിഞ്ഞവരും ഈ വിശ്വാസപാരമ്പര്യം അന്യം നിന്ന് പോയാൽ സാർവ്വത്രിക സഭയ്ക്കുതന്നെയാണ് തീരാനഷ്ടമെന്ന് ബോധമുള്ളവരാണ്. (പൗരസ്ത്യസഭകൾ 1) ഏതെങ്കിലുമൊരു ശ്ലീഹയാലും ആ ശ്ലീഹായുടെ ശിഷ്യന്മാരാലും വിവിധ സ്ഥലങ്ങളിൽ രൂപം
കൊണ്ട എല്ലാ സഭകളും ഒരേ ആരാധനാരീതിയും പാരമ്പര്യവും പുലർത്തിയിരുന്നു. അങ്ങനെയാണ്കൽദായസഭയും കേരളത്തിലെ നസ്രാണികളും ഒരു ആരാധനയും
വിശ്വാസപാരമ്പര്യവും പുലർത്തിയിരുന്നത്. ദൈവാരാധനയിൽ മദ്ബഹാ വിരി ഉപയോഗിക്കുക എന്നത് സീറോ മലബാർ സഭയുടെയോ കൽദായ സഭയുടെയോ മാത്രം പ്രത്യേകതയല്ല അത് എല്ലാ പൗരസ്ത്യസഭകളുടേയും പ്രത്യേകതയാണ് എന്ന സത്യം നാം ബോധപൂർവം ചിലപ്പോഴെങ്കിലും മറച്ചു വെക്കുന്നു. ബൈസന്റയിൽ സഭ (കത്തോലിക്കാ, അകത്തോലിക്കാ വിഭാഗം) വി. ഐക്കണുകൾ കൊണ്ട് മദ്ബഹായും ഹൈക്കലായും വേർതിരിക്കുന്നുണ്ട്. അന്ത്യോക്യൻ പാരമ്പര്യത്തിലുള്ള കത്തോലിക്കാ അകത്തോലിക്കാ സഭകളിലും ഇത് കാണാവുന്നതാണ്.
അതുപോലെതന്നെ ക്രൂശിതരൂപം ഉള്ള കുരിശു ഉപയോഗിക്കുന്ന പതിവ് എല്ലാ പൗരസ്ത്യസഭകൾക്കും ഇല്ല. ചില സഭകൾ മിശിഹായുടെ പീഡാസഹന ദൈവശാസ്ത്രത്തിന് ഊന്നൽ നൽകുമ്പോൾ മറ്റ് പൗരസ്ത്യസഭകൾ കർത്താവിന്റെ ഉത്ഥാനദൈവശാസ്ത്രത്തിന് പ്രാധാന്യം നൽകുന്നു. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. ഒരു സഭ എന്താണോ വിശ്വസിക്കുന്നത് അതാണ്
ആ സഭയുടെ ആരാധനയിലും സഭയെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളിലും പ്രതിഫലിക്കുക. ഇവ രണ്ടും, കർത്താവിന്റെ പീഡാസഹനവും, ഉത്ഥാനവും, ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെയാണ്. പൗരസ്ത്യസഭകളുടെ പൊതുവായ ഈ പാരമ്പര്യത്തിൽ നിന്ന് സീറോമലബാർ സഭ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് സഭൈക്യശ്രമങ്ങൾക്ക് തടസ്സമാകുമെന്നതിൽ സംശയമില്ല.
കിഴക്കിനഭിമുഖമായി, അൾത്താരാഭി മുഖമായി മിശിഹാരഹസ്യങ്ങൾ പരികർമ്മം
ചെയ്യുക എന്നത് എല്ലാ പൗരസ്ത്യസഭകളുടേയും പാരമ്പര്യമാണ്. ലത്തീൻ സഭ
യിലും ഈ പാരമ്പര്യം തന്നെയാണല്ലോ അടുത്ത കാലം വരെ നിലനിന്നിരുന്നത്. ചില പൗരസ്ത്യസഭകൾ അടുത്തകാലത്ത് അവരുടെ തനതായ പാരമ്പര്യത്തിൽ നിന്നും പിൻമാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അങ്ങനെ വ്യതിചലിക്കുക എന്നത് സാർവത്രിക സഭയുടെ മനസ്സ് അല്ല എന്ന് മനസ്സിലാക്കണം.
ഇന്ന് സീറോമലബാർ സഭയിൽ ജനാഭിമുഖ കുർബാന വേണമെന്ന് മുറവിളി കൂട്ടുന്നവർ കത്തോലിക്കാസഭയുടെ മനസ്സ് അറിയാത്തവരാണെന്ന് മാത്രമല്ല പൗരസ്ത്യസഭകളുടെ മഹത്തായ ഒരു പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ഇത് സഭൈക്യരംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കിയാൽ എത്രനന്നായിരുന്നു. ചുരുക്കം
ചില വ്യക്തികളുടെ ധാർഷട്യവും പിടിവാശിയും മൂലം നമുക്ക് നഷ്ടമാകുന്നത് നൂറ്റാ
ണ്ടുകളായി സഭ സംരക്ഷിച്ചു പോന്ന വിശ്വാസ പൈത്യകമാണ്. ഇത്തരം ആൾക്കാർ
കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം പഠിച്ച് സഭയുടെ മനസ്സ് എന്തെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ വരുംതലമുറ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായി ഇത്തരക്കാരെ അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല.