നോമ്പും ഉയിര്‍പ്പും: ചരിത്രവും ആത്മീയതയും

റവ. ഫാ. ദേവമിത്ര നീലങ്കാവില്‍

പരിശുദ്ധസഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് ഉയിര്‍പ്പുതിരുനാള്‍. അതിന് ഒരുക്കമായുള്ള നോമ്പുകാലവും ഏറെ പ്രാധാന്യത്തോടെയാണ് ദൈവജനം ആചരി
ക്കുന്നത്. ഇവ രണ്ടിന്റെയും ചരിത്രവും ദൈവശാസ്ത്രവും ആത്മീയതയുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

A. ആദ്യകാല ചരിത്രം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ പെസഹ ആചരിച്ചിരുന്നു എന്ന് സമാന്തര സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു (മര്‍ക്കോ 14:14, മത്താ. 14:14, ലൂക്കാ 22:8) ഈശോമിശിഹാ നമ്മുടെ പെസഹാകുഞ്ഞാടാണെന്ന് 1 കൊറിന്ത്യര്‍ 5:7 ലൂടെ വി.പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു. അവിടുത്തെ മരണവും ഉത്ഥാനവും ചരിത്രപരമായി സംഭവിച്ചത് പെസഹാ തിരുനാളിന്റെ പശ്ചാത്തലത്തിലായിരുന്നു എന്ന് പുതിയനിയമത്തില്‍ നിന്ന് വ്യക്തമാണെന്നതിനു പുറമേ ആദിമസഭയിലെ പാരമ്പര്യവും അതുതന്നെയായിരുന്നു. ആദിമസഭയിലെ ഈ പാരമ്പര്യം നമുക്ക് ലഭിക്കുന്നത് പ്രധാനമായും ശ്ലീഹന്മാരുടെ പ്രബോധനം ഡിഡസ്‌കാലിയ തുടങ്ങിയ ആദ്യകാല കാനോനിക കൈപ്പുസ്തകങ്ങളില്‍ നിന്നുമാണ്. മേല്‍ സൂചിപ്പിച്ച പുസ്തകങ്ങളില്‍ അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നോമ്പിന്റെയും ഉയര്‍പ്പിന്റെയും വികാസപരിണാമങ്ങളുടെ ചരിത്രം സംക്ഷിപ്തമായി കുറിക്കുന്നു.

1. ഒന്നാമത്തെപടി ശ്ലീഹന്മാരുടെ ഓര്‍മ്മയാണ്. സ്വാഭാവികമായും ശ്ലീഹന്മാര്‍ യഹൂദരുടെ പെസഹാക്കാലം വരുമ്പോള്‍ ഈ കാലഘട്ടത്തിലാണ് തങ്ങളുടെ ഗുരുവും കര്‍ത്താവും ദൈവവുമായ ഈശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ച് ഉത്ഥാനം ചെയ്തത് എന്ന് ഓര്‍ത്തിരുന്നു.

2. സ്വാഭാവികമായ ഈ ഗുരുസ്മരണയുടെ ഫലമാണ് രണ്ടാമത്തെ പരിണാമം. രണ്ടാംനൂറ്റാണ്ടില്‍ ഈശോമിശിഹായുടെ മരണവും ഉത്ഥാനവും നിസാന്‍ മാസം 14-ാം തീയതി, യഹൂദരുടെ പെസഹായോടൊപ്പം ആഘോഷിച്ചിരുന്നതായി ചില രേഖകള്‍
സാക്ഷ്യപ്പെടുത്തുന്നു. ഈ പരിണാമ കാലഘട്ടത്തിലെ നോമ്പും ഉപവാസവും ഒരു
ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപവാസ ദിവസം അവസാനിച്ചിരുന്നത് ജാഗരണ പ്രാര്‍ത്ഥനയോടും വി. കുര്‍ബാനയോടും കൂടെയായിരുന്നു. കുര്‍ബാനയ്ക്കുശേഷം വിരുന്നും ആഘോഷങ്ങളും നടന്നിരുന്നതായി രേഖകള്‍ സാക്ഷിക്കുന്നു. ചുരുക്കത്തില്‍ ഈ കാലഘട്ടത്തില്‍ ഒരു ദിവസം നോമ്പും, പിറ്റേദിവസം ഉയിര്‍പ്പും അനുഷ്ഠിച്ചുകൊണ്ട് ഈശോയുടെ മരണവും ഉത്ഥാനവും രണ്ടേ രണ്ട് ദിവസങ്ങള്‍ ആഘോഷിച്ചിരുന്നു എന്ന് സാരം.

3. നിസാന്‍ മാസം 14,15 തീയതികളില്‍, യഹൂദരുടെ പെസഹായോടൊപ്പം ആഘോഷിച്ചിരുന്ന നോമ്പും ഉയിര്‍പ്പും, ഞായറാഴ്ചയെ അടിസ്ഥാനപ്പെടുത്തി ആഘോഷിക്കുവാന്‍ ആരംഭിച്ചു എന്നതാണ് അടുത്ത പരിണാമം. പെസഹാ എന്നതുപോലെതന്നെ പ്രധാനപ്പെട്ടതും, സുവിശേഷാധിഷ്ഠിതവുമാണ് ഞായറാഴ്ചയും എന്നതാണ് ഈ മാറ്റത്തിന് പ്രധാനകാരണം. യഹൂദരുടെ പെസഹായ്ക്ക്
ശേഷം വരുന്ന വെള്ളിയാഴ്ചയാണ് ഈശോ വധിക്കപ്പെട്ടത് എന്നതും, യഹൂദരുടെ പെസഹായ്ക്ക് ശേഷം വരുന്ന ആഴ്ചയുടെ ഒന്നാം ദിവസം (ഞായറാഴ്ചയാണ്) ആണ് ഈശോ ഉയിര്‍ത്തത് എന്നതും സുവിശേഷങ്ങളില്‍ സുവ്യക്തമാണ്.
ഈ പരിണാമത്തില്‍ വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. വെള്ളിയും ശനിയും നോമ്പ് ദിവസങ്ങളും, ഞായറാഴ്ച ഉയിര്‍പ്പ് തിരുനാളും എന്നതായിരുന്നു ഈ കാലഘട്ടത്തിലെ പതിവ്. ഈശോമിശിഹായുടെ പീഡാസഹനവും മരണവും അനുസ്മരിക്കുന്ന വെള്ളിയാഴ്ചയും കബറടക്കപ്പെട്ട ഈശോ
യുടെ അസാന്നിദ്ധ്യം അനുസ്മരിക്കുന്ന ശനിയാഴ്ചയും ഉപവാസദിനങ്ങളായിരുന്നു. ഉപവാസത്തോടെ രാത്രിയില്‍ നടത്തപ്പെടുന്ന ജാഗരണ പ്രാര്‍ത്ഥനയും, തുടര്‍ന്നുള്ള കുര്‍ബാനയോടുംകൂടി ഈശോയുടെ ഉയിര്‍പ്പും അനുസ്മരിച്ച് ആഘോഷിച്ചിരുന്നു. ഈ മൂന്നുദിവസങ്ങളെ ‘പെസഹാ ത്രിദിനങ്ങള്‍’ എന്നാണ് സഭാപാരമ്പര്യത്തില്‍ വിളിച്ചു
വന്നിരുന്നത്. ആദ്യനൂറ്റാണ്ടുകളിലെ ഈ ത്രിദിനാഘോഷ പാരമ്പര്യവും തിരുസഭയില്‍ ഇന്നും തുടരുന്നു.

4. നോമ്പിന്റെയും ഉയിര്‍പ്പിന്റെയും അടുത്ത പരിണാമം ഒരാഴ്ച നീളുന്ന രീതിയിലുള്ളതായിരുന്നു. ഇന്ന് നാം ഓശാന ഞായര്‍ എന്നുവിളിക്കുന്ന ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള ഒരാഴ്ചയാണ് ഈ കാലഘട്ടം. ഈ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിശ്വാസപരിശീലനത്തിനും, ദിവ്യരഹസ്യങ്ങളുടെ വ്യാഖ്യാനപഠനത്തിനും നീക്കിവയ്ക്കപ്പെട്ടിരുന്നു. മെത്രാന്മാര്‍ നേരിട്ടായിരുന്നു ഈ വിശ്വാസ പരിശീലനം നടത്തിയിരുന്നത്. വ്യാഴാഴ്ച സന്ധ്യമുതല്‍ ഞായറാഴ്ച അപരാഹ്നം വരെ നീളുന്ന പെസഹായുടെ ത്രിദിനം രൂപം പ്രാപിച്ച് മാമ്മോദീസാശുശ്രൂഷയോടും കുര്‍ബാനയോടുംകൂടെ ആഘോഷിക്കുന്ന രീതി അതിന്റെ പൗരാണിക രൂപത്തില്‍ ഈ കാലഘട്ടത്തില്‍ പൂര്‍ണ്ണത പ്രാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ നീണ്ടുനിന്നിരുന്ന മത്സ്യമാംസാദികളുടെ വര്‍ജനവും വെള്ളി, ശനി ദിവസങ്ങളിലെ പൂര്‍ണ്ണ ഉപവാസവും ഈ കാലഘട്ടത്തില്‍ കാണാവുന്നതാണ്. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് ആഴ്ചകളുടെ
ആഴ്ചയായ ഉയിര്‍പ്പിനോടനുബന്ധിച്ചുള്ള അഷ്ടദിനാഘോഷങ്ങളുടെയും പുതുഞായറിന്റെയും ആരംഭം. പീഡാനുഭവവാരം (ഹാശാ ആഴ്ചയില്‍) ഉപവാസവും പ്രായശ്ചിത്തവും ആയിരുന്നെങ്കില്‍ ആഴ്ചകളുടെ ആഴ്ചയില്‍ ആഘോഷങ്ങളും വിരുന്നുമാണ് സഭയുടെ അതിപുരാതനമായ പാരമ്പര്യം. ഈ കാലഘട്ടത്തില്‍ നോമ്പുകാലം ഒരാഴ്ചയും ഉയിര്‍പ്പുകാലം ഒരാഴ്ചയും ആയി എന്ന് ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ ന്യായമായും കരുതാവുന്നതാണ്.

5. നാലാം നൂറ്റാണ്ടോടുകൂടി ആരാധനാക്രമത്തിന് വ്യക്തമായ രൂപഭാവങ്ങള്‍ വന്നു. ഈ സമയത്തു തന്നെ നോമ്പുകാലവും ഉയിര്‍പ്പുകാലവും വികാസം പ്രാപിച്ചിരുന്നു. ചരിത്രരേഖകള്‍ നല്‍കുന്ന വിവരങ്ങള്‍ സംക്ഷിപ്തമായി ഇപ്രകാരമാണ്.

a. ഞായര്‍ മുതല്‍ ഞായര്‍വരെ നീളുന്ന 50 ദിവസങ്ങളാണ് നോമ്പുകാലം. (നോമ്പ് ഒന്നാം ഞായര്‍ മുതല്‍ ഉയിര്‍പ്പുവരെ)
b. നോമ്പ് ആരംഭിച്ചിരുന്നത് തിങ്കളാഴ്ചയാണ്.
c. ഞായറാഴ്ചകളില്‍ ഉപവാസമില്ലായിരുന്നതുകൊണ്ട് വിഭൂതി തിങ്കള്‍ മുതല്‍ പെസഹാ വരെയുള്ള ഇടദിവസങ്ങളായിരുന്നു 40 ഉപവാസദിവസങ്ങള്‍
d. ഹാശാവെള്ളിയും വലിയശനിയും ഉയിര്‍പ്പുഞായറും അടങ്ങുന്ന പെസഹാത്രിദിന
ത്തില്‍ വെള്ളിയും ശനിയും കര്‍ശനമായ നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളായിരുന്നു.
e. വിശുദ്ധശനിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും മാമ്മോദീസാശുശ്രൂഷയും ഉണ്ടായിരുന്നു. ഉയിര്‍പ്പു ഞായറാഴ്ച വി. കുര്‍ബാന ഉണ്ടായിരുന്നു.
f. തുടര്‍ന്നു വരുന്ന ആഴ്ച ഉയിര്‍പ്പ് ആഘോഷങ്ങളുടെ തുടര്‍ച്ചയായിരുന്നു എന്നതുകൊണ്ടുതന്നെ നോമ്പും ഉപവാസവും നിഷിദ്ധമായിരുന്നു. ഈ ആഴ്ചയെ ആഴ്ചകളുടെ ആഴ്ച എന്ന് വിശേഷിപ്പിച്ചിരുന്നു.
g. പുതുഞായറാഴ്ചയോടെ ഉയിര്‍പ്പാഘോഷം സമാപിച്ചിരുന്നെങ്കിലും ഉയിര്‍പ്പുതിരുന്നാളിനുശേഷം വരുന്ന 40-ാം ദിവസം വ്യാഴാഴ്ച ആഘോഷിച്ചിരുന്ന സ്വര്‍ഗാരോഹണതിരുന്നാളോടെ ഉയിര്‍പ്പുകാലത്തിന്റെ രണ്ടാംഘട്ടം അവസാനിപ്പിച്ച് പെന്തക്കുസ്തായുടെ കാത്തിരിപ്പിന്റെ പത്തുദിവസങ്ങള്‍ ആചരിച്ചിരുന്നു.

പെന്തക്കുസ്തായോടെ ശ്ലീഹാക്കാലം ആരംഭിക്കുകയും ചെയ്തിരുന്നു.
നോമ്പ്- ഉയിര്‍പ്പ് കാലങ്ങളിലെ പ്രധാന ആചരണങ്ങളെല്ലാം തിരുസഭാചരിത്രത്തിലെ
ആദ്യത്തെ 400 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലളിതമായി രൂപപ്പെട്ട് വളരെയേറെ വ്യക്തമായി വികാസം പ്രാപിച്ചുവെന്ന് നമുക്ക് അനേകം ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാം. അവയിലേറ്റവും പ്രധാനപ്പെട്ടത് ശ്ലീഹന്മാരുടെ പ്രബോധനം (Constitutionof the Holy Apostles), ഡിഡസ്‌കാലിയ (Didaskalia Apostolorum) എന്നീ ഗ്രന്ഥങ്ങളാണ്.

B. നോമ്പിന്റെയും ഉയിര്‍പ്പിന്റെയും
ആത്മീയത
നോമ്പുകാലവും ഉയിര്‍പ്പുകാലവും ചേര്‍ത്തുവച്ചാല്‍ ഒരുവര്‍ഷത്തിലെ 365 ദിവസങ്ങളിലെ 100 ദിവസം അതായത് 27% ദിവസങ്ങള്‍ ആരാധനാക്രമ ആത്മീയതയില്‍ ഈശോമിശിഹായുടെ മരണവും ഉത്ഥാനവും ഓര്‍ക്കുവാനും ധ്യാനിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും തിരുസഭ പ്രയോജനപ്പെടുത്തുന്നു. ഈ കാലഘട്ടത്തിലെ ആത്മീയതയുടെ പ്രധാനഘടകങ്ങള്‍ താഴെക്കുറിക്കുന്നു.

1. ഈശോമിശിഹായുടെ
പീഡാസഹനത്തില്‍ പങ്കുപറ്റുന്നു
നമ്മുടെ കര്‍ത്താവീശോമിശിഹാ നാല്‍പതു ദിവസം ഉപവസിച്ചത് ഓര്‍ത്തുകൊണ്ടും, ഈശോ നല്‍കിയ മാതൃക പിഞ്ചെന്നുമാണ് അവിടുത്തെ പീഡാസഹനത്തില്‍ ശാരീരികമായി നമ്മള്‍ പങ്കുപറ്റുന്നത്. ഉപവാസത്തിലൂടെയും ഇതര പ്രാശ്ചിത്ത പ്രവര്‍ത്തികളിലൂടെയുമാണിത്. സ്വന്തം ശരീരത്തില്‍ വിശപ്പ് അനുഭവിക്കുമ്പോള്‍ നമ്മള്‍ വിശക്കുന്ന ദരിദ്രനെ ഓര്‍ക്കുകയും, ദരിദ്രരുമായി സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്യുന്നു എന്ന് മാര്‍ അബ്ദീശോ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല നമ്മുടെ സഹനം ഈശോയുടെ സഹനത്തോടൊപ്പം കാഴ്ചവയ്ക്കുമ്പോള്‍ അവിടുത്തെ രക്ഷാകര സഹനത്തിലൂടെ നാമും വിശുദ്ധീകരിക്കപ്പെടുകയും ഈശോയോട് താദാത്മ്യം പ്രാപിച്ച് രക്ഷ സ്വന്തമാക്കുകയും ചെയ്യുന്നു. ഒപ്പം അനുദിന ജീവിതത്തിലെ സഹനങ്ങള്‍ ഏറ്റെടുക്കുവാനും അഭിമുഖീകരിക്കുവാനും പരിശീലനം നേടുകയും ചെയ്യുന്നു.

2. ഈശോമിശിഹായുടെ മരണത്തില്‍ പങ്കുപറ്റുന്നു
ഈശോയുടെ മരണത്തില്‍ പങ്കുപറ്റുക
യെന്നതാണ് ഈ കാലഘട്ടത്തിലെ ആത്മീയതയുടെ രണ്ടാമത്തെ ഘടകം. ഈശോ
മിശിഹാ സ്വന്തം ശരീരത്തില്‍ നമ്മുടെ പാപങ്ങളും ശാപങ്ങളും രോഗങ്ങളും വഹിച്ച് കുരിശില്‍ മരിച്ചു എന്ന് നാം വിശ്വസിക്കുന്നു. (1 പത്രോ 2:21-24, ഗലാ 3:13-14) ഈശോയുടെ രക്ഷാകരമായ ഈ സഹനം ഓരോ വി.കുര്‍ബാനയിലും നാം കൗദാശികമായി ആഘോഷിക്കുകയും അനുസ്മരിക്കുകയും
ചെയ്യുന്നുണ്ടെങ്കിലും നോമ്പുകാലത്ത് ഈശോമിശിഹായുടെ കുരിശുമരണത്തിന് നാം കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് വചനവായനയിലൂടെയും അനുസ്മരണ ശുശ്രൂഷ
കളിലൂടെയും ഭക്താഭ്യാസങ്ങളിലൂടെയും പ്രതീകാത്മകമായും ഒരു തരത്തില്‍ പറഞ്ഞാല്‍ നാടകീയമായും നാം ആ രഹസ്യം അനുസ്മരിക്കുകയും ആഘോഷിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഈ അനുഷ്ഠാനങ്ങള്‍ അര്‍ത്ഥമുള്ളതും ജീവിതബന്ധിയായതുമായി മാറുന്നത് നാം അനുദിനം പാപത്തെപ്രതി മിശിഹായോടൊപ്പം മരിക്കുകയും സംസ്‌കരിക്കപ്പെടുകയും
ചെയ്യുമ്പോഴാണ്. പാപത്തെ വെറുത്തുപേക്ഷിക്കലാണ്, പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റലാണ് ഈ മരണം. ഭൗതിക മരണംവരെ നീളുന്ന ഈ പ്രക്രിയ അതിന്റെ തീവ്രതയില്‍ അനുഷ്ഠിക്കുവാന്‍ പ്രത്യേകമായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന കാലമാണ്
നോമ്പുകാലം. അതില്‍ തന്നെ വളരെ പ്രത്യേകമായി നല്‍കപ്പെട്ടിരിക്കുന്ന ദിവസങ്ങളാണ് ദുഃഖവെള്ളിയും ദുഃഖശനിയും.

3. ഈശോമിശിഹായുടെ ഉയിര്‍പ്പില്‍ പങ്കുപറ്റുന്നു
ഈശോമിശിഹായുടെ ഉയിര്‍പ്പില്‍ പങ്കു പറ്റുന്നുവെന്നതാണ് നോമ്പ് – ഉയിര്‍പ്പ് കാലഘട്ടത്തിലെ ആദ്ധ്യാത്മികതയുടെ അടുത്ത ഊന്നല്‍. ഈശോമിശിഹായോടൊപ്പം പാപത്തില്‍ മരിച്ച ഒരുവ്യക്തി അവനോടൊപ്പം ഒരു പുതുസൃഷ്ടിയായി ഉയിര്‍പ്പിക്കപ്പെടുന്ന അനുഭവമാണ് അഥവാ ജീവിതനവീകരണ
ത്തിന്റെ അനുഭവമാണ് ഉയിര്‍പ്പിന്റെ അനുഭവം. ഈശോയുടെ പ്രബോധനങ്ങള്‍ അനുസരിച്ചുകൊണ്ടുള്ള ഒരു പുതിയ ജീവിതമാണ് ഉത്ഥാനാനുഭവം സ്വന്തമാക്കിയ വ്യക്തിയുടെ ജീവിതശൈലി. മനുഷ്യന് പാപം മൂലം നഷ്ടപ്പെട്ട ദൈവത്തിന്റെ ഛായയും സാദൃശ്യവും ഈ ഉത്ഥാനാനുഭവത്തിലൂടെ വീണ്ടും
മനുഷ്യവംശത്തിന് നല്‍കിക്കൊണ്ടാണ് ദൈവം തന്റെ രക്ഷാകരപദ്ധതി നടപ്പിലാക്കുന്നത്.

C. ഈശോയുടെ മരണവും ഉത്ഥാനവും നാം എങ്ങനെയാണ് ആഘോഷിക്കുന്നത്
നോമ്പ്- ഉയിര്‍പ്പ് കാലങ്ങള്‍ 100 ദിവസങ്ങള്‍ക്കൊണ്ട് ആചരിക്കുന്ന മരണോത്ഥാന
രഹസ്യങ്ങള്‍ എപ്രകാരമാണ് ആരാധനാ ശുശ്രൂഷകളിലും ഇതര ആചാരങ്ങളിലും ആഘോഷിക്കുന്നത് എന്നു നമുക്ക് പരിശോധിക്കാം

1. വിശ്വാസപരിശീലനം
ചരിത്രരേഖകള്‍ അനുസരിച്ച് നോമ്പുകാലം വിശ്വാസപരിശീലന കാലഘട്ടമായിരുന്നു.
പ്രവേശകകൂദാശകള്‍ സ്വീകരിച്ച് പുതിയ സൃഷ്ടിയാകുവാന്‍ ഒരുങ്ങുന്നവരെ ഉദ്ദേശിച്ചായിരുന്നു ഈ തീവ്രവിശ്വാസ പരിശീലനം.
മെത്രാന്മാര്‍ തന്നെയായിരുന്നു പരിശീലകര്‍. മാര്‍ തെയദോര്‍, മാര്‍ സിറിള്‍, മാര്‍ അംബ്രോസ്, മാര്‍ നര്‍സായി മുതലായവരുടെ വിശ്വാസപരിശീലന പ്രസംഗങ്ങളും നമുക്ക് ലഭ്യമാണ്. മാമ്മോദീസ, വി. കുര്‍ബാന, കര്‍തൃപ്രാര്‍ത്ഥന മുതലായവയുടെ ദൈവശാസ്ത്രപരവും ആത്മീയവുമായ അര്‍ത്ഥമായിരുന്നു മെത്രാന്‍മാര്‍ അവരെ പഠിപ്പിച്ചിരുന്നത്. മാമ്മോദീസ സ്വീകരിച്ച് പുതുജീവന്‍ പ്രാപിച്ച് സഭയില്‍ അംഗങ്ങളാകുന്നവര്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടതും ജീവിക്കേണ്ടതുമായ അടിസ്ഥാനപ്രമാണങ്ങളാണ് അവയുടെ ഉള്ളടക്കം. ക്രൈസ്തവന്‍ തന്റെ വിശ്വാസം പ്രാര്‍ത്ഥനയിലൂടെ അഥവാ ദൈവാരാധനയിലൂടെ പ്രഘോഷിക്കുകയും പ്രായോഗികജീവിതത്തില്‍ ജീവിക്കുകയും ചെയ്യുക എന്ന ആദിമസഭയുടെ മനോഭാവമാണ് ഇവിടെ വ്യക്തമാകുന്നത് (Lex Credendi-Lex Orandi –
Lex Vivendi). ഈ ആദ്യകാല സഭാപാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് കത്തോലിക്കാ
സഭയുടെ മതബോധനഗ്രന്ഥം (CCC) ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയ
മാണ്. മാത്രമല്ല ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് നോമ്പുകാല ധ്യാനങ്ങള്‍. എന്തു വിശ്വസിക്കുന്നുവോ അതാണ് ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും. വി.ഗ്രന്ഥത്തില്‍ വിശ്വസിക്കുമ്പോഴാണ് ഒരുവന്‍ തന്റെ ജീവിതത്തെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത്. ഈ ആത്മശോധനയാണ് ഒരുവനെ രക്ഷാകരമായ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ജീവനിലേക്കും നയിക്കുന്നത്. മിശിഹായോടൊപ്പം പാപത്തെപ്രതി മരിക്കുവാനും പുതിയ സൃഷ്ടി അഥവാ സുവിശേഷാധിഷ്ഠിത ജീവിതം നയിക്കുന്ന വ്യക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും പ്രാപ്തനാക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസ പരിശീലനത്തിനും നോമ്പുകാല ധ്യാനത്തിനും പുരാതനകാലത്തെന്നപോലെ ഇന്നും പ്രാധാന്യവും പ്രസക്തിയും ഉണ്ട്.

2. പ്രവേശകകൂദാശകളുടെ
സ്വീകരണം
പ്രവേശകകൂദാശകളാണ് നോമ്പ്-ഉയിര്‍പ്പ് കാലത്തില്‍ ഈശോമിശിഹായുടെ
മരണോത്ഥാനങ്ങള്‍ ആഘോഷിക്കാന്‍ തിരുസഭാപാരമ്പര്യത്തില്‍ നാം കാണുന്ന രണ്ടാമത്തെ പ്രധാന ഘടകം. ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഇന്ന് നമ്മള്‍ കാണുന്നതുപോലെയുള്ള ഭക്താനുഷ്ഠാനങ്ങളും പ്രായശ്ചിത്തരീതികളും ഉണ്ടായിരുന്നില്ല. കുരിശിന്റെ വഴി, ആരാധന, കരുണക്കൊന്ത, ജപമാല ഇവയെല്ലാം തിരുസഭാ ചരിത്രത്തില്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുശേഷം രൂപപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ ആദിമസഭയില്‍ ഈശോയുടെ പീഡാനുഭവം, സ്വന്തം ശരീരത്തില്‍ ഉപവാസത്തിലൂടെ സഹിച്ചുകൊണ്ടും ഈശോയുടെ മരണം, സ്വന്തം പാപത്തിന് മരിച്ചും ഉത്ഥാനം, സുവിശേഷാധിഷ്ഠിതമായ പുതുജീവന്‍ നയിക്കാനുള്ള കൃപയാചിച്ചുകൊണ്ടുമാണ് ആഘോഷിച്ചിരുന്നത്. ഇക്കാരാണത്താലാണ്
തിരുസഭയുടെ പെസഹാത്രിദിനങ്ങ (പെസഹാ-ഉയിര്‍പ്പ്) ളിലെ ആരാധനക്രമ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും മാമ്മോദീസായ്ക്കും തൈലാഭിഷേകത്തിനും വി.കുര്‍ബാനയ്ക്കും വളരെ ഊന്നല്‍ നല്‍കുന്നത്.
അവര്‍ ജീവിതമാണ് ഇതിലൂടെ ആഘോഷിച്ചിരുന്നത്. മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞ വ്യക്തികള്‍ തങ്ങള്‍ക്കു ലഭിച്ച കൃപ നവീകരിക്കുന്നതും പരസ്യപാപികള്‍ പ്രായശ്ചിത്തം വഴി തിരുസഭയിലേയ്ക്ക് വീണ്ടും സ്വീകരിക്കപ്പെട്ടിരുന്നതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. അങ്ങനെ തിരുസഭയിലെ എല്ലാ അംഗങ്ങളും തങ്ങളെത്തന്നെ കൗദാശികമായി നവീകരിക്കുന്ന കാലഘട്ടമായി ഇതിനെ
പ്രയോജനപ്പെടുത്തിയിരുന്നു. ഇതേ ചൈതന്യം തന്നെയാണ് ഇന്നും സഭയില്‍ തുടരുന്നത്.

3. പ്രാര്‍ത്ഥന
പ്രാര്‍ത്ഥനയിലൂടെയും മറ്റ് ശുശ്രൂഷകളിലൂടെയും തിരുസഭ ഈ കാലഘട്ടം ആചരിച്ചിരുന്നു. ദീര്‍ഘമായ പ്രാര്‍ത്ഥനകളും സാര്‍വത്രിക പ്രാര്‍ത്ഥനകളും എല്ലാ
സഭകളിലും നോമ്പുകാലം മുഴുവനും പ്രത്യേകിച്ച് പീഡാനുഭവ ആഴ്ചയിലുമുള്ള
ഒരു പൊതുഘടകമാണ്. എന്നാല്‍ വിവിധ പ്രാദേശിക സഭകളില്‍ പ്രത്യേകമായ ആചാ
രാനുഷ്ഠാനങ്ങള്‍ ഉണ്ട്. സീറോ മലബാര്‍ സഭാപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന ശുശ്രൂഷകള്‍ താഴെ പറയുന്നവയാണ്. പേതൃത്താ, വിഭൂതി, പാതിനോമ്പാഘോഷം, നാല്പതാംവെള്ളി ആചരണം, കൊഴുക്കട്ട ശനി, ഓശാന ഞായര്‍, ഹാശാ ആഴ്ച ആചരണം, കാലുകഴുകല്‍, പെസഹാ ആഘോഷം, സ്ലീവ ആഘോഷം, കൈപ്പുനീര്,
കുരിശുമല കയറ്റം എന്നിവയ്ക്കു പുറമേ, കുരിശിന്റെ വഴി, ആരാധന, കരുണക്കൊന്ത, ജപമാല എന്നിവയും ഈ കാലഘട്ടത്തിലെ പ്രധാന അനുഷ്ഠാനങ്ങളാണ്. ഇവ ഈശോ മിശിഹായുടെ പീഡാസഹനത്തിനും മരണത്തിനും ഊന്നല്‍ നല്‍കുന്നവയാണെങ്കില്‍ അവിടുത്തെ ഉത്ഥാനത്തിന് ഊന്നല്‍ നല്‍കുന്ന ആചാരാനുഷ്ഠാനങ്ങള്‍ സീറോ മലബാര്‍ സഭാപാരമ്പര്യത്തിലുണ്ട്. ജാഗരണം,
പുതുവെള്ളം കൂദാശ, മാമ്മോദീസ വ്രതനവീകരണം, സ്ലീവാഘോഷം, സമാധാനശുശ്രൂഷ, മേശ വെഞ്ചരിപ്പ്, സകല മൗദ്യാന്മാരുടെ തിരുന്നാള്‍, മല്‍ക്ക (പുളിപ്പ്) വര്‍ദ്ധിപ്പിക്കുന്ന ശുശ്രൂഷ, പുതുഞായര്‍, സ്വര്‍ഗാരോഹണം, കാത്തിരിപ്പു ദിവസങ്ങള്‍, ആഘോഷമായ ഭക്ഷണം, ഉല്ലാസം, കൂട്ടായ്മ എന്നിവയാണവ.

ഉപസംഹാരം
ആരാധനാക്രമവല്‍സരത്തിലെ മനോഹരമായ ഈ നൂറു ദിവസങ്ങള്‍, നമ്മുടെ കര്‍ത്താവീശോമിശിഹായോടൊപ്പം മരിക്കാനും അവനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും ഇടയാകട്ടെ. അങ്ങനെ ഈശോയുടെ മുഖം തന്റെ മൗതികശരീരമായ സഭയിലൂടെ പ്രകാശിക്കട്ടെ.