റഷ്യ-ഉക്രെയിൻ യുദ്ധത്തിന്റെ സഭാമാനങ്ങൾ

FILE PHOTO: Service members of pro-Russian troops inspect streets during Ukraine-Russia conflict in the southern port city of Mariupol, Ukraine April 7, 2022. REUTERS/Alexander Ermochenko/File Photo

ആമുഖം

ഇപ്പോൾ പോർമുഖത്തായിരിക്കുന്നതുമൂലം ലോക ശ്രദ്ധയാകർഷിച്ച റഷ്യയും ഉക്രെയ്‌നും പുരാതനകാലം മുതലേ ക്രൈസ്തവപ്രദേശങ്ങളാണ്. ഗ്രീക്ക് – ബൈസന്റയിൻ ആരാധനാക്രമം പിൻതുടരുന്നതും സജീവ വിശ്വാസ ചൈതന്യം
പുലർത്തുന്നതുമായ സഭകളാണ് ഇവിടെയുള്ളത്. ഇവിടെ ക്രൈസ്തവ വിശ്വാസം ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനഭാഗത്താണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഇവിടുത്തെ സഭ പിന്നീട് വിഭജിക്കപ്പെടുകയും തത്ഫലമായി തർക്കങ്ങൾ രൂപപ്പെടുകയും ചെയ്തു. ഈ സഭാതർക്കങ്ങൾക്ക് ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ കാര്യമായ പങ്കുണ്ട്. കൂടാതെ ഈ യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഈ സഭകളെ സംബന്ധിച്ച് വേദനാജനകവുമായിരിക്കും. അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.

1. ബൈസന്റയിൻ സാമ്രാജ്യം

ആദിമനൂറ്റാണ്ടുകളിലെ മതപീഡനങ്ങൾക്കുശേഷം കോൺസ്റ്റൻടെയിൻ ചക്രവർത്തി AD 313ൽ മിലാൻ വിളമ്പരംവഴി ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ഉയർത്തി. അന്നത്തെ റോമാസാമ്രാജ്യം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളിൽ വ്യാപിച്ചു കിടന്നിരുന്ന അതിവിശാലമായ സാമ്രാജ്യമായിരുന്നു. അതിനാൽ ഭരണ സൗകര്യത്തിനായി അത് രണ്ടായി വിഭജിക്കപ്പെട്ടു. റോമാ തലസ്ഥാനമാക്കി പാശ്ചാത്യ റോമാസാമ്രാ
ജ്യവും കോൺസ്റ്റാൻറിനോപ്പിൾ തലസ്ഥാനമാക്കി പൗരസ്ത്യ റോമാസാമ്രാജ്യം അഥവാ ബൈസന്റയിൻ സാമ്രാജ്യവും നിലവിൽ വന്നു. 15-ാം നൂറ്റാണ്ടുവരെ ഇത് ശക്തമായ ക്രൈസ്തവ സാമ്രാജ്യമായിരുന്നു. പൗലോസ് ശ്ലീഹ സുവിശേഷം പ്രസംഗിച്ച പലസ്ഥലങ്ങളും ഈയിടെ വിവാദമായ ഹഗിയ സോഫിയ കത്തീഡ്രലും ഇവിടെയാണ്. ബൈബിളിൽ ഈ പ്രദേശം ഏഷ്യാമൈനർ എന്നാണ് അറിയപ്പെടുന്നത്. ബൈസാന്റിയത്തെ ഇസ്ലാമിക അധിനിവേശകരായ ഓട്ടോമാൻ തുർക്കികൾ നിരന്തരമായി ആക്രമിക്കുകയും 1453 -ൽ കീഴ്‌പ്പെടുത്തുകയും ചെയ്തു. തുടർന്ന് രാജ്യം മുഴുവനും ഇസ്ലാംമതം വ്യാപകമാക്കി. രാജ്യത്തെ ടർക്കിയെന്നും തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിനെ ഇസ്താംബൂൾ എന്നും പുനർനാമകരണം ചെയ്തു. ഹഗിയ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റി. (പിന്നീട് മ്യൂസിയമാക്കിയെങ്കിലും ഇപ്പോൾ വീണ്ടും മോസ്‌ക്ക് ആക്കി) ഇപ്പോൾ ടർക്കിയിൽ മൂന്നുലക്ഷത്തിൽ താഴെ മാത്രം ക്രിസ്ത്യാനികളാണ് ഉള്ളത്. പഴയ പ്രതാപിയായ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ സ്ഥാനത്ത് ഇപ്പോൾ എക്യുമെനിക്കൽ പാത്രിയാർക്കീസായി ബർത്തലോമിയോ ക ശുശ്രൂഷ ചെയ്യുന്നു. ബൈസന്റയിൻ പാരമ്പര്യമുള്ള എല്ലാ ഓർത്തഡോക്‌സ് സഭകളും അദ്ദേഹത്തെ പൊതുതലവനായി കണക്കാക്കുന്നു. എങ്കിലും കാര്യമായ അധികാരമൊന്നുമില്ല. ബൈസന്റയിൻ
സഭ ശക്തമായിരുന്ന കാലത്ത് അവരുടെ പ്രേഷിത പ്രവർത്തനം വഴിയാണ് ഉെക്രയിൻ-റഷ്യ തുടങ്ങിയ പ്രദേശങ്ങൾ ക്രൈസ്തവവൽക്കരിക്കപ്പെട്ടത്.

2. റഷ്യയുടെയും ഉക്രെയിന്റെയും
ക്രൈസ്തവവല്‍ക്കരണം

റഷ്യയിലെയും ഉക്രെയിനിലെയും ജനങ്ങൾ ഒരേ വംശത്തിൽപെട്ടവരാണ്. സ്ലാവ്
വംശത്തിന്റെ ഉപവിഭാഗമായ കിഴക്കൻസ്ലാവ് (East Slav) വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്. ഇവിടെയുള്ള ക്രൈസ്തവ സഭകൾ ഒന്നാം നൂറ്റാണ്ടുമുതലുള്ള പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. നമ്മുടെ കർത്താവിന്റെ ശിഷ്യനായ വി. അന്ത്രയോസ്
ശ്ലീഹാ ഈ പ്രദേശങ്ങൾ സന്ദർശിച്ച് അനേകായിരങ്ങളെ മാമ്മോദീസാ മുക്കി എന്നാണ് ഇവരുടെ പാരമ്പര്യം. എന്നാൽ ഈ ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. പിന്നീട് 9-ാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ഈ പ്രദേശത്തേക്ക് മിഷണറിമാരെ അയച്ചെങ്കിലും പ്രേഷിത പ്രവർത്തനങ്ങൾ വിജയിച്ചില്ല. തുടർന്ന് 10-ാം നൂറ്റാണ്ടിൽ വ്‌ലാഡ്മിർ മഹാരാജാവിന്റെ കാലത്താണ് ഇവിടെ ക്രൈസ്തവസഭ ശക്തമായിത്തീരുന്നത്. വ്‌ലാഡ്മിർ AD 963ൽ
ആണ് ജനിച്ചത്. അദ്ദേഹം പേഗൻ മതവിശ്വാസത്തിലാണ് വളർത്തപ്പെട്ടത്. എങ്കിലും
അദ്ദേഹത്തിന്റെ മുത്തശ്ശി ഓൾഗ ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം ഇന്നത്തെ ഉക്രെയിന്റെ തലസ്ഥാനമായ കീവും തുടർന്ന് സമീപപ്രദേശങ്ങളും കീഴടക്കി ഭരണം നടത്തിപ്പോന്നു. അദ്ദേഹം കീവ് മലനിരകളിൽ പേഗൻ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുകയും നരബലി നടത്തുകയും ചെയ്തിരുന്നു. അക്കാലത്ത് സംഭവിച്ച ഫയദോർ, ജോൺ എന്നിവരുടെ ധീരതയും ക്രിസ്തീയ രക്തസാക്ഷിത്വവും നിത്യ
ജീവനെക്കുറിച്ചുള്ള സാക്ഷ്യങ്ങളും രാജാവിന്റെ മനസിനെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന് തന്റെ പേഗൻ വിശ്വാസത്തിൽ സംശയം തോന്നുകയും സത്യം അന്വേഷിക്കാൻ ആരംഭിക്കുകയും ചെയ്തു. വ്‌ലാഡ്മിർ തന്റെ രാജധാനിയിൽ വിവിധ മതപ്രചാരകരെ വിളിച്ചു വരുത്തി അവരുടെ പ്രഭാഷണങ്ങൾ ശ്രവിച്ചു. മുസ്ലിം, യഹൂദ, ഗ്രീക്ക് മതപണ്ഡിതർ അദ്ദേഹത്തെ തങ്ങളുടെ മതത്തിലേക്ക് ആകർഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ബൈസന്റയിൻസഭയുടെ പ്രതിനിധികൾ അവിടെയെത്തുന്നതും രാജാവിന് അന്ത്യവിധിയുടെ ഐക്കൺ സമ്മാനിക്കുന്നതും. ഈ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹത്തിന് മിശിഹായാണ് സത്യദൈവം
എന്ന തോന്നലുണ്ടായി. തുടർന്ന് കൂടുതൽ വിവരങ്ങൾ ആരായാൻ വ്‌ലാഡ്മിർ ഏതാനും പ്രതിനിധികളെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. അവർ അവിടെയെത്തി ഹഗിയാസോഫിയ കത്തീഡ്രലിന്റെ മനോഹാരിതയും ഭക്തിസാന്ദ്രമായ ദേവാലയസംഗീതവും ആസ്വദിച്ചു. ആഘോഷമായ വി. കുർബാനയർപ്പണത്തിൽ പങ്കുചേർന്നു. അവർ തിരിച്ചെത്തി വ്‌ലാഡ്മിർ രാജാവിനോട് പറഞ്ഞത് ഞങ്ങൾ ഭൂമിയിലാണോ സ്വർഗ്ഗത്തിലാണോ എന്നറിയാൻ സാധിക്കാത്ത വിധമുള്ള ആനന്ദാനുഭൂതിയാണ് ആസ്വദിച്ചത് എന്നായിരുന്നു. കൂടാതെ ക്രൈസ്തവ
വിശ്വാസം സത്യമല്ലായിരുന്നെങ്കിൽ അങ്ങയുടെ മഹാജ്ഞാനവതിയായ മുത്തശ്ശി
ഒരു ക്രിസ്ത്യാനിയായി മാറില്ലായിരുന്നു എന്നുകൂടി കൂട്ടിച്ചേർത്തു. ഇതെല്ലാം കേട്ട
രാജാവിന് ക്രൈസ്തവ വിശ്വാസമാണ് സത്യമെന്ന് ബോധ്യപ്പെട്ടു. തുടർന്ന് രാജാവും
അദ്ദേഹത്തിന്റെ പന്ത്രണ്ട് ആൺമക്കളും മാമ്മോദീസ സ്വീകരിച്ചു. വിശ്വാസസ്വീകരണത്തിന് ശേഷം അദ്ദേഹം ഇരുപത്തിയെട്ട്
വർഷം രാജ്യം ഭരിച്ചു. താൻ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം അദ്ദേഹം ക്രിസ്തുമതം പ്രചരിപ്പിച്ചു. ജീവിതാവസാനം അദ്ദേഹം മക്കൾക്ക് രാജ്യം വിഭജിച്ചു നൽകി. അവരും മതപ്രചരണം തുടർന്നു. അങ്ങനെ റഷ്യ, ഉെക്രയിൻ, സമീപപ്രദേശങ്ങൾ തുടങ്ങി കിഴക്കൻയൂറോപ്പ് മുഴുവൻ ക്രിസ്തുമതം വ്യാപിച്ചു. സഭയുടെ ആരാധനാക്രമത്തിന്റെ (ലിറ്റർജി) ആകർഷണീയതയാണ് ഒരു വലിയ ഭൂപ്രദേശത്തെ മുഴുവൻ ക്രൈസ്തവവൽക്കരിച്ചത് എന്നത് വി.കുർബാനയും കൂദാശാനുഷ്ഠാനങ്ങളും അവയുടെ പരിപൂർണ്ണതയിൽ അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

3. ഉക്രേനിയൻ കത്തോലിക്കാസഭ

ആഗോള കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ ഉൾപ്പെടുന്ന ഒരു പൗരസ്ത്യ സഭയാണ് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ. ലത്തീൻ സഭ കഴിഞ്ഞാൽ
പിന്നെ ഏറ്റവും അധികം അംഗസംഖ്യയുള്ള സഭയാണ് ഇത്. (മൂന്നാംസ്ഥാനം സീറോമലബാർ സഭയ്ക്കാണ്). ഈ സഭയിൽ ഉക്രെയിനിലെ ഏതാണ്ട് 9% ആളുകളും ക്രിമിയ തുടങ്ങിയ സമീപരാജ്യങ്ങളിലുള്ളവരും കുടിയേറ്റക്കാരും ഉൾപ്പെടെ അമ്പത്തഞ്ച് ലക്ഷത്തിൽപരം വിശ്വാസികളാണ് ഉള്ളത്. സീറോമലബാർ സഭയെപ്പോലെ തന്നെ ഇത് ഒരു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ ഈ സഭയും റഷ്യൻസഭയും ആരംഭിക്കുന്നത് വ്‌ലാഡിമിർ രാജാവിന്റെ മതപ്രചാരണത്തോടെയാണ്. ഉക്രെയിൻ ഉൾപ്പെടുന്ന ഭൂപ്രദേശത്തിന് റുത്തേനിയ എന്നൊരു പേരുകൂടിയുണ്ട്. അതിനാൽ ഇവിടുത്തെ സഭ റുത്തേനിയൻ ഓർത്തഡോക്‌സ് സഭ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. റഷ്യയിലെ സഭ റഷ്യൻ ഓർത്തഡോക്‌സ് സഭ എന്നും അറിയപ്പെട്ടു. ഈ റുത്തേനിയൻ ഓർത്തഡോക്‌സ് സഭയും മാർപ്പാപ്പയും തമ്മിൽ 1596 ൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഈ സഭ കത്തോലിക്കാ കൂട്ടായ്മയിൽ ചേരുകയും റുത്തേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
എന്നാൽ 1808 ൽ ഈ പ്രദേശം സമീപത്തുള്ള മൂന്നുരാജ്യങ്ങൾ കീഴടക്കിയതുമൂലം ഈ സഭയും മൂന്നായി വിഭജിക്കപ്പെട്ടു. ഇതിന്റെ മൂന്നു രൂപതകൾ ഓസ്ട്രിയയുടെയും
ഒരു രൂപത പ്രൂസിയ (ജർമ്മനി) യുടെയും ബാക്കി അഞ്ച് രൂപതകൾ റഷ്യയുടെയും
കീഴിൽ ഉൾപ്പെട്ടുപോയി. ഇതിൽ ഓസ്ട്രിയയുടെ ഭാഗമായ മൂന്നു രൂപതകൾ മാത്രം ഗ്രീക്ക് കത്തോലിക്കാസഭ എന്ന പേരിൽ കത്തോലിക്കാ കൂട്ടായ്മയിൽ തുടർന്നു. ബാക്കി രൂപതകൾ നിർബന്ധപൂർവ്വം റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാക്കി മാറ്റപ്പെട്ടു. 1963 -ൽ ഈ അവശിഷ്ട ഗ്രീക്ക് കത്തോലിക്കാസഭയുടെ ആദ്യ മേജർ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ ജോസഫ് സ്ലിപ്പി ഇതിനെ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ എന്ന് പുനർനാമകരണം ചെയ്തു. ഇപ്പോൾ റുത്തേനിയൻ കത്തോലിക്കാസഭ എന്ന പേരിൽ മറ്റൊരു സഭകൂടി കത്തോലിക്കാ കൂട്ടായ്മയിൽ ഉണ്ട്. ഉക്രെയിനിൽ ഏതാനും ലത്തീൻ കത്തോലിക്കരുമുണ്ട്.

4 പീഡനങ്ങൾ

കഠിനമായ പീഡനത്തിന്റെയും അടിച്ചമർത്തലിന്റെയും കഥയാണ് ഉക്രേനിയൻ കത്തോലിക്കാ സഭയ്ക്ക് പറയാനുള്ളത്. പഴയ റുത്തേനിയൻ കത്തോലിക്കാസഭയുടെ
ഭൂരിഭാഗവും റഷ്യൻ ഓർത്തഡോക്‌സ് സഭ പിടിച്ചടക്കി അതിനോട് കൂട്ടിച്ചേർത്ത കാര്യം മുകളിൽ സൂചിപ്പിച്ചുവല്ലോ. തുടർന്ന് ഈ അവശിഷ്ട കത്തോലിക്കാ വിഭാഗത്തെക്കൂടികീഴടക്കുവാനുള്ള ശക്തമായ ശ്രമങ്ങൾ റഷ്യൻ ഓർത്തഡോക്‌സ് സഭ നടത്തി. ഇതിനെ ചെറുത്തതിനാൽ കത്തോലിക്കർ കഠിന പീഡനങ്ങൾ ഏറ്റുവാങ്ങി. ഉക്രെയിൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന
തിനാൽ സ്റ്റാലിനും പിൻഗാമികളും ഈ കത്തോലിക്കരെ ക്രൂരമായി പീഡിപ്പിച്ചു. 1946 മുതൽ 1989 വരെ ഉക്രേനിയൻ കത്തോലിക്കാസഭ നിരോധിക്കപ്പെട്ടിരുന്നു. ഈ
കാലയളവിൽ മെത്രാന്മാരും സന്യസ്തരും ആയ 800 -ൽ അധികംപേർ തുറങ്കിലടയ്ക്കപ്പെടുകയോ അതിശൈത്യമുള്ള സൈബീരിയയിലെ ലേബർ ക്യാമ്പുകളിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. മുകാഷെവോരൂപതയിൽ മാത്രം 36 വൈദികരാണ് രക്തസാക്ഷികളായത്. ഇപ്രകാരമുള്ള 20 രക്തസാക്ഷികളെ 2001 -ൽ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഈ പീഡനങ്ങൾക്കെല്ലാം പിന്നിൽ റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ കരങ്ങളുണ്ടെന്ന്
ഉക്രേനിയൻ കത്തോലിക്കർ വിശ്വസിക്കുന്നു. ഇപ്പോഴത്തെ യുദ്ധത്തെ അവർ കടുത്ത ഭയാശങ്കകളോടെയാണ് വീക്ഷിക്കുന്നത്. കാരണം ഈ യുദ്ധത്തിന് റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ പിന്തുണയുണ്ട്. പ്രസിഡണ്ട് വ്‌ലാഡ്മിർ പുടിൻ കടുത്ത ഓർത്തഡോക്‌സ് വിശ്വാസിയുമാണ്. റഷ്യ തങ്ങളുടെ രാജ്യം കീഴടക്കിയാൽ തങ്ങളുടെ സഭ മുൻകാലങ്ങളിലേതുപോലെ പീഡിപ്പിക്കപ്പെടുകയും പിടിച്ചടക്കപ്പെടുകയും ചെയ്യും എന്ന് അവർ കരുതുന്നു. ഇതിന് മികച്ച ഉദാഹരണവും അവർക്ക് ചൂണ്ടിക്കാട്ടാനുണ്ട്. 2014 ൽ സമീപരാജ്യമായ ക്രിമിയ കീഴടക്കി റഷ്യ അതിന്റെ ഭാഗമാക്കി മാറ്റി. ക്രിമിയയിൽ ധാരാളം ഉക്രേനിയൻ, ലത്തീൻ കത്തോലിക്കർ വസിക്കുന്നുണ്ട്. ഇവർ റഷ്യയുടെ ഭാഗത്തു നിന്നും നിരവധി മതപീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ധാരാളം വൈദികർക്ക് ഇപ്പോൾ
തന്നെ നാടുവിട്ടു പോകേണ്ടതായി വന്നിട്ടുണ്ട്.ഒരു ക്രൈസ്തവസഭ തന്നെ മറ്റു ക്രൈസ്തവ സഭകളെ പീഡിപ്പിക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് ഉക്രെയിനിൽ ഉള്ളത്.

5. കർദ്ദിനാൾ ജോസഫ് സ്ലിപ്പി (Josyf Slipyj)

ഉക്രേനിയൻ സഭ നേരിട്ട പീഡനങ്ങളുടെ അനുഭവസാക്ഷിയാണ് കർദ്ദിനാൾ ജോസഫ് സ്ലിപ്പി. 1939 ൽ മെത്രാനായ ഇദ്ദേഹംമെത്രാൻമാരും വൈദികരുമായ എണ്ണൂറിൽപരം ആളുകളോടൊപ്പം തുറുങ്കിലടയ്ക്കപ്പെട്ടു. തുടർന്ന് സൈബീരിയയിലെ ലേബർ
ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു. നീണ്ട 18 വർഷങ്ങൾ അദ്ദേഹം അവിടെ കഴിഞ്ഞു. 1962-65 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കണമെന്ന് കത്തോലിക്കാസഭ ആഗ്രഹിച്ചു.
ജോൺ 23 -ാമൻ പാപ്പായുടെയും അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെയും പരിശ്രമഫലമായി അദ്ദേഹം മോചിതനായി. അന്ന് തുറങ്കിലടയ്ക്കപ്പെട്ട 800-ൽ പരം മെത്രാൻമാർ – വൈദികരിൽ പിന്നീട് പുറംലോകം കാണുന്ന ഏക വ്യക്തിയാണ് കർദ്ദിനാൾ സ്ലിപ്പി. അദ്ദേഹം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തു. പോൾ ആറാമൻ മാർപ്പാപ്പ 1963 -ൽ അദ്ദേഹത്തെ ഉക്രേനിയൻ കത്തോലിക്കാസഭയുടെ ആദ്യ മേജർ ആർച്ചുബിഷപ്പായും 1965 -ൽ കർദ്ദിനാളായും ഉയർത്തി. 1964-ലെ ബോംബെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹം സംബന്ധിച്ചിരുന്നു കൂടാതെ കേരളവും സന്ദർശിച്ചു. സ്റ്റാലിന്റെ കാലത്ത് നാമാവശേഷമാക്കപ്പെട്ട ഉക്രേനിയൻ കത്തോലിക്കാ സഭയെ പുനരുദ്ധരിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്വന്തം നാട്ടിൽ പ്രവേശനമില്ലായിരുന്നു. 1984 -ൽ അന്തരിച്ച അദ്ദേഹത്തെ റോമിൽ സംസ്‌കരിച്ചു. പിന്നീട് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം 1992 ൽ ഉക്രെയിനിലെ ലവീവ് പട്ടണത്തിലെ സെന്റ് ജോർജ് കത്തീഡ്രലിലേക്ക് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മാറ്റി സ്ഥാപിച്ചു.

6. യുദ്ധത്തിലേക്ക് നീണ്ട സഭാതര്‍ക്കങ്ങള്‍

ഉക്രെയ്‌നിൽ വിവിധ സഭാവിഭാഗങ്ങൾ ഉണ്ടെങ്കിലും അവിടെ ഇപ്പോൾ ബഹുഭൂരിപക്ഷവും (78%) ഓർത്തഡോക്‌സ് സഭാംഗങ്ങളാണ്. ഉക്രെയിന്റെ പല ഭാഗങ്ങളും റഷ്യ കൈവശപ്പെടുത്തിയ സമയത്ത് ഇവിടെയുള്ള ഉക്രേനിയൻ കത്തോലിക്കരെ നിർബന്ധപൂർവം റഷ്യൻ ഓർത്തഡോക്‌സ്
സഭയിൽ ചേർക്കുകയായിരുന്നുവെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. ഇപ്രകാരം മോസ്‌കോ പാത്രിയർക്കസിന്റെ അധികാരത്തിന് നിർബന്ധപൂർവ്വം. കീഴ്‌പ്പെടേണ്ടിവന്ന ഉക്രെയിൻകാർ തങ്ങളുടെ രാജ്യം സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായ ശേഷം സ്വയംഭരണാധികാരമുള്ള ഒരു ഉക്രെയിൻ
ദേശീയസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. 2014-ൽ റഷ്യ
സമീപരാജ്യമായ ക്രിമിയ പിടിച്ചടക്കിയതോടെ, അടുത്ത ഇര തങ്ങളാണെന്ന ബോധ്യത്തിൽ അവരുടെ സ്വാതന്ത്ര്യദാഹം ശക്തമായി. തങ്ങളെ രാഷ്ട്രീയമായും സഭാപരമായും കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന റഷ്യയെന്ന വിദേശശക്തിയോടുള്ള അവരുടെ വിരോധം വർദ്ധിച്ചു. അങ്ങനെ 2018 ൽ അന്നത്തെ ഉക്രെയിൻ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ തന്നെ അവർ വിദേശ സഭാധികാരത്തിൽ നിന്ന്
മോചനം പ്രാപിച്ച് ഉക്രേനിയൻ സ്വതന്ത്ര സ്വയാധികാര ദേശീയ ഓർത്തഡോക്‌സ്
സഭ പ്രഖ്യാപിച്ചു. ഗ്രീക്ക് ഓർത്തഡോക്‌സ് സഭകളുടെ പൊതുതലവനായ കോൺ
സ്റ്റാന്റിനോപ്പിലെ (ടർക്കി) എക്യൂമെനിക്കൽ പാത്രിയാർക്കീസ് ഈ സഭയെ അംഗീകരിക്കുകയും ചെയ്തു. റഷ്യൻ പാത്രിയാർക്കീസിന്റെ കീഴിൽ ഉക്രെയിനിൽ ഉണ്ടായിരുന്ന 12000 ഇടവകകളിൽ 7000 ഇടവകകൾ ഈ പുതിയ സഭയിൽ ചേർന്നു. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഈ സഭാപ്രശ്‌നത്തിന് കാര്യമായ പങ്കുണ്ട്. റഷ്യൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് കിറിൾ, വ്‌ലാഡ്മിർ പുടിൻ എന്ന കടുത്ത മതവിശ്വാസിയായ റഷ്യൻ പ്രസിഡണ്ടിനോട് ചേർന്ന് രാഷ്ട്രീയ അധികാരവും സൈനികശക്തിയുമുപയോഗിച്ച് തന്റെ നഷ്ടപ്പെട്ടുപോയ സഭാധികാരം വീണ്ടെടുക്കാമെന്നു കരുതുന്നു. അതിനാൽ അദ്ദേഹം പുടിന് ഈ കാര്യത്തിൽ പ്രേരണയും പിന്തുണയും നൽകിവരുന്നു.

7. വിശ്വാസിസമൂഹത്തിന്റെയും സഭാസമുച്ചയങ്ങളുടെയും നാശം

ഉക്രെയിനിൽ പൗരാണികവും കലാഭംഗി വിളിച്ചോതുന്നതുമായ അനേകം പള്ളികളും ആശ്രമങ്ങളുമുണ്ട്. കോൺസ്റ്റാന്റിനോപ്പിളിലെ ഹഗിയാസോഫിയയുടെ
മനോഹാരിതയും അവിടുത്തെ വി.കുർബാനയുടെ മാസ്മരികതയും കണ്ടാണല്ലോ
വ്‌ലാഡ്മിർ രാജാവിന്റെ പ്രതിനിധികൾ ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനി
ച്ചത്. അതിനാൽ തന്നെ അവയെ അനുകരിക്കുന്ന കലാഭംഗിയുള്ള പള്ളികളും മറ്റ്
നിർമ്മിതികളും ഇവിടെ പണിതുയർത്തപ്പെട്ടിട്ടുണ്ട്. കീവിലെ സെന്റ് സോഫിയ കത്തീഡ്രൽ, സെന്റ് ആൻഡ്രൂസ്, സെന്റ്മൈക്കിൾസ് തുടങ്ങിയ നിരവധി പള്ളികൾ
മനോഹാരിത തുളുമ്പുന്നതും സുവർണ്ണ താഴികക്കുടങ്ങൾ ഉള്ളവയുമാണ്. കൂടാതെ
ഗുഹകളുടെ ആശ്രമം മുതലായ നിരവധി ചരിത്രസ്മാരകങ്ങളുമുണ്ട്. ഈ പള്ളികളുടെ അൾത്താരകൾ ആഴമേറിയ ദൈവശാസ്ത്രം പങ്കുവയ്ക്കുന്ന മനോഹരമായ ബൈസാൻറിയൻ ഐക്കണുകളാൽ അലംകൃതമാണ്. ഇവയിൽ പലതും നശിപ്പിക്കപ്പെടുമെന്നതും അനേകം വിശ്വാസികളും മറ്റുള്ളവരും കൊല്ലപ്പെടുന്നതുമാണ് ഈ യുദ്ധത്തിന്റെ ഒരു പ്രധാന ദുര്യോഗം.