തിരുവുത്ഥാനം: എദ്ദേസായിലെ മാർ സൈറസിന്റെ (6thC) വക്ഷണത്തിൽ

കർത്താവിന്റെ ഉത്ഥാനം എന്നും ഒരു വിസ്മയനീയ രഹസ്യമാണ്. ശൂന്യമായ അവന്റെ കല്ലറയ്ക്കു സാക്ഷികളായ സത്രീകളിലും, ശ്ലീഹന്മാരിലും നിറഞ്ഞ അത്ഭുതം, ഇന്നും അവന്റെ ഉത്ഥാനത്തെക്കുറിച്ച് ധ്യാനിക്കുന്ന ആരിലും നിറയുന്നു. വിശദീകരിക്കാനാവാത്ത ആ മഹാരഹസ്യം വിശദീകരിക്കാനുള്ള മനുഷ്യശ്രമം വ്യർത്ഥമാണെന്നുള്ള തിരിച്ചറിവ് സഭയുടെ മല്പാന്മാരായ സഭാപിതാക്കന്മാർക്കുണ്ടായിരുന്നു. എങ്കിലും ഈ മഹാരഹസ്യത്തെ ഉൾക്കൊള്ളാൻ കഴിയാതെ പതറിനിൽക്കുന്ന വിശ്വാസസമൂഹത്തിനുവേണ്ടി സഭയുടെ പ്രത്യാശക്കുറവിടവും വിശ്വാസത്തിന്റെ അടിസ്ഥാനവുമായ ‘നമ്മുടെ കർത്താവു സത്യമായി ഉയിർത്തെഴുന്നെറ്റു’ എന്ന വലിയ സത്യത്തെ വിശദീകരിക്കാൻ പിതാക്കന്മാരിൽ പലരും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ തിരുവുത്ഥാനത്തിന് വിശദീകരണം
നൽകിയ പൗരസ്ത്യ സുറിയാനി സഭയുടെ ഒരു ആദരണീയ പിതാവാണ് എദ്ദേസായിലെമാർ സൈറസ് (Cyrus of Edessa). അദ്ദേഹത്തിന്റെ ഉത്ഥാനദർശനമാണ് ഇവിടെ പങ്കുവയ്ക്കപ്പെടുന്നത്.

ദൈവശാസ്ത്രജ്ഞന്മാരുടെ ‘രാജവീഥിയിലൂടെ സഞ്ചരിച്ചവൻ’ എന്ന ഖ്യാതി സ്വന്തമാക്കിയ മാർ സൈറസ് നിസ്സിബിസിലെ പ്രസിദ്ധമായ ദൈവശാസ്ത്ര കലാലയത്തിലായിരുന്നു പഠിച്ചത്. പിന്നീട് തന്റെ ഗുരുവായ മാർ ആബായുടെ മൃതശരീരം സംസ്ക്കരിച്ച അൽഹീറായിൽ അദ്ദേഹത്തിന്റെ കബറിടത്തിനുമുകളിൽ ഒരു ദയറായും വിദ്യാക്ഷേത്രവും പടുത്തുയർത്തി. മാർ സൈറസ് അവിടെ ദൈവശാസ്ത്രം പഠിപ്പിച്ചു; താമസിയാതെ ‘അർഹീറായുടെ മല്പാൻ’ എന്ന പേരിൽ വിഖ്യാതനായി. മല്പാനായിരുന്നതു കൊണ്ട്
ദൈവികരഹസ്യങ്ങൾ വിശദീകരിക്കുമ്പോൾ അന്യാദൃശ്യമായ കൃത്യതയും വ്യക്തതയും പുലർത്താൻ അദ്ദേഹം യത്‌നിച്ചു. ഉത്ഥാനരഹസ്യവും ആ ശൈലിയിലാണു വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചത്. കർത്താവിന്റെ ഉത്ഥാനം എന്തുകൊണ്ട് ഒരു ഞായറാഴ്ച സംഭവിച്ചു? ആദിമസൃഷ്ടിയുടെ രൂപീകരണം നടന്നത്
സ്വർഗത്തിലെ ഞായറാഴ്ചയായിരുന്നു. ദിവ്യപ്രേരണയാൽ അസ്തിത്വം സ്വീകരിച്ച് ഭൂമിയും മാലാഖമാരും മറ്റു ചരാചരങ്ങളും നമ്മുടെ ആദിപിതാവായ ആദത്തിന്റെ അതിക്രമത്താൽ ക്ലേശങ്ങൾക്കു വിധേയമാകേണ്ടിവന്നു. അതിനാൽ ആദിയിൽ സൃഷ്ടിക്കപ്പെട്ടഎല്ലാറ്റിന്റെയും ശുദ്ധീകരണം അഭിലഷിച്ച ദൈവം മറ്റൊരു ഞായറാഴ്ച തന്റെ പുത്രന്റെ ഉത്ഥാനത്തിലൂടെ നവസൃഷ്ടിക്ക് രൂപം നല്കാൻ തിരുമാനിച്ചു. തന്റെ പുത്രൻ സാബത്തുദിവസം പൂർണമായി മരിച്ചവരുടെ ഇടയിൽ കഴിയുവാൻ ഇടയാക്കി. സാബത്തുദിവസം കല്ലറക്കുള്ളിൽ കഴിഞ്ഞ കർത്താവ് ആഴ്ചയുടെ ആദ്യദിനത്തിൽ പുലർച്ചെ, മരിച്ചവരിൽ നിന്ന് ഉയിർത്തു. അങ്ങനെ സൃഷ്ടി കർമത്തിനു ദൈവം ആരംഭം കുറിച്ച ആദ്യദിനത്തിൽ – ഞായറാഴ്ച – തന്നെ പുനരുത്ഥാനം വഴിയുള്ള രക്ഷയും സാധിതമായി.
മാലാഖാമാരുടെയും മനുഷ്യവർഗത്തിന്റെയും രക്ഷ എങ്ങനെയാണ് ഒരു മനുഷ്യനിലൂടെ നിർവഹിക്കപ്പെടുന്നത്?

കൊല്ലപണിക്കാരന്റെ ആലയിലുള്ള ഇരുമ്പുചവണ അയാളുടെ വിദഗ്ദമായ ഉപയോഗത്താൽ മറ്റ് ഇരുമ്പുകട്ടകളെ രൂപപ്പെടുത്തുന്നു. ഇതുപോലെ സകല സൃഷ്ട
ജാലങ്ങളെയും രൂപപ്പെടുത്തിയവനായ ദൈവം തന്റെ അപരിമിതമായ ശക്തിയിൽ നമ്മുടെ കർത്താവായ മിശിഹാവഴി പുനരുത്ഥാനമാകുന്ന ഉലയിലിട്ടു പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുന്നു.
എന്തുകൊണ്ട് ഉത്ഥാനാനന്തരം കർത്താവ് ഏറ്റവും ആദ്യം സ്ത്രീകൾക്ക് പ്രത്യക്ഷനായത്?  ഉത്ഥിതൻ സത്രീകൾക്ക് ആദ്യം പ്രത്യക്ഷമാവുക ആവശ്യമായിരുന്നു. കാരണം ആദത്തിന്റെ മഹത്വം അവനിൽനിന്ന് അപഹരിക്കപ്പെട്ടത് സ്ത്രീമൂലമാണ്. അതിനാൽ രക്ഷയുടെ രാജാവായ കർത്താവ് തന്റെ ഉത്ഥാനശേഷം ആദ്യമായി സ്ത്രീകൾക്ക് പ്രത്യക്ഷപ്പെട്ടു. അവന്റെ മനുഷ്യാവതാരം സാധിതമായത് മറിയം എന്ന സ്ത്രീയിലൂടെയാണ്. ആദിമാതാവായ ഹാവായിലൂടെ മരണം വന്നെത്തിയെങ്കിൽ രണ്ടാമത്തെ ഹാവായായ മറിയത്തിലൂടെ എല്ലാവർക്കും സമ്പൂർണ്ണ രക്ഷ കരഗതമായി. കർത്താവിന്റെ ഉത്ഥാനം ഗ്രഹിക്കാനുള്ള ഉത്തമവഴി കണ്ണുമടച്ച് അതിൽ വിശ്വസിക്കുന്നതാണെന്നാന്ന് മാർ സൈറസ് പറയുന്നത്. ‘മിശിഹായുടെ ഉത്ഥാനം വഴി സാധ്യമായ നമ്മുടെ പുനരുത്ഥാനം സംബന്ധിച്ച് വാഗ്ദാനം നല്കിയിരിക്കുന്നത് ദൈവമായതിനാൽ നാം അതിനെ അവിശ്വസിക്കുന്നത് ഉചിതമല്ല. ദൈവം തന്റെ ശക്തിയാൽ നമ്മുടെ അനുരഞ്ജനത്തിന്റെ അച്ചാരമായ മിശിഹായുടെ ഉത്ഥാനത്തിലൂടെ പൂർത്തിയാക്കിയവയെ അവിശ്വസിക്കുകയും അതേ സമയം നമ്മുടെ ശക്തിയിൽ ആശ്രയം വയ്ക്കുകയും ചെയ്യുന്നുവെങ്കിൽ അതെത്ര ലജ്ജാവഹമാണ്.’ ചുരുക്കത്തിൽ ഉത്ഥാനരഹസ്യം തുറക്കാനുള്ള ഏക താക്കോൽ വിശ്വാസം മാത്രമാണ്.