പ്രൊഫ. മാത്യു ഉലകംതറ: ഇനി ക്രിസ്തുഗാഥയിലൂടെ ജീവിക്കും

ബിനു വെളിയനാടൻ

ക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ‘ക്രിസ്തു
ഗാഥ’ എന്ന കൃതിയിലൂടെ വിശ്വാസിസഹസ്രങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ പ്രൊഫ. മാത്യു ഉലകംതറ ഓർമ്മയായി. ക്രൈസ്തവ സഭാചരിത്രത്തിലും മലയാള സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും ഭാഷാപണ്ഡിതനുമായിരുന്നു പ്രഫ. മാത്യു ഉലകംതറ. കവിത്വം ജന്മസിദ്ധവും അധ്യാപനം ശ്രേഷ്ഠകർമവുമായി സമന്വയിക്കപ്പെട്ട അത്യപൂർവ്വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മഹാകവി മാത്യു ഉലകംതറ.
അറിവ് നിറച്ചാർത്തിലണിഞ്ഞ ഗുരുഭൂതൻ, 33 വർഷം കലാലയ അധ്യാപകൻ, ഏഴു
പതിറ്റാണ്ടുകളായി തുടർന്ന സാഹിത്യോപാസന, ഗദ്യവും പദ്യവും ഒരുപോലെ ഒഴു
കിയിറങ്ങിയ തൂലിക, പ്രഭാഷണ കലയുടെ മർമ്മമറിഞ്ഞ പ്രസംഗകൻ, ക്രിസ്തുഗാഥ
യടക്കം ജീവസുറ്റകൃതികൾ, മലയാള സാഹിത്യത്തിരുമുറ്റത്ത് തിളങ്ങിശോഭിച്ച ഉലകംതറ സാർ, ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ച അനിതരസാധാരണ പ്രതിഭയായിരുന്നു.
ജീവിതരേഖ
1931 ജൂൺ ആറിന് വൈക്കം ആറാട്ടുകുളത്താണ് മാത്യു ഉലകംതറയുടെ ജനനം. ഉലകംതറ വർക്കിയും അന്നമ്മയുമാണ് മാതാപിതാക്കൾ. 1954 ൽ കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ഉന്നതവിജയം നേടി. തേവര എസ്.എച്ച.് കോളജിൽ 1986 വരെ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. വകുപ്പ് മേധാവിയായി 1986-ൽ വിരമിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ഓണററി പ്രഫസറായിരുന്നു. 1988 മുതൽ 90 വരെ ദീപിക ആഴ്ചപ്പതിപ്പിന്റെ
മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എംജി സർവകലാശാലകളിൽ ചീഫ്
എക്‌സാമിനർ, എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം,
ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സാഹിത്യലോകത്തേക്ക്
ജീവിതം സഫലമാക്കിയ ഗുരുഭൂതനും സാഹിത്യകാരനുമായിരുന്നു മാത്യു ഉലകം
തറ. ഹൈസ്‌കൂൾ കാലത്താണ് സാഹിത്യസമാജവും കൈയെഴുത്തു മാസികയു
മൊക്കെ ഉലകംതറ സാറിന്റെ ലോകത്തേക്കു കടന്നുവരുന്നത്. 12 വയസ്സുള്ളപ്പോൾ ദീപിക ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലാണ് ആദ്യരചന അച്ചടിച്ചു വരുന്നത്. വൈക്കം വി. മാത്യു എന്ന പേരിൽ കേരള പത്രികയിൽ ലേഖനമെഴുതിയപ്പോൾ വീട്ടുപേരുകൂടി ചേർക്കാൻ എഡിറ്റർ ഫാ. സി.കെ മറ്റം നിർദ്ദേശിച്ചതിനെത്തുടർന്നാണ് തൂലികാനാമം മാത്യു ഉലകംതറ എന്നാക്കിയത്.

വൈക്കം മുനിസിപ്പൽ ലൈബ്രറിയിൽ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. അവിടെയിരുന്ന് വള്ളത്തോളിനെയും ആശാനെയും ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും ബഷീറിനെയുമൊക്കെ വായിച്ചുതീർത്തു. തോട്ടകത്തെ വിൻസെൻഷ്യൻ ലൈബ്രറിയിൽനിന്നാണ് മതഗ്രന്ഥങ്ങൾ വായിച്ചിരുന്നത്.
സത്യദീപം പത്രാധിപർ മോൺ. ജേക്കബ് നടുവത്ത്‌ശേരിയുമായുള്ള പരിചയവും സ്‌നേഹവും ഗദ്യരചനാരംഗത്ത് ഏറെ ഗുണം ചെയ്തു.

പാലാ സെന്റ് തോമസിലെയും മഹാരാജാസിലെയും മദ്രാസ് യൂണിവേഴ്‌സിറ്റിയി
ലെയും പഠനത്തിനുശേഷം തേവര കോളേജിലും മാനന്തവാടി ന്യൂമാൻസ് കോളേജിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴും സാഹിത്യത്തിൽ തിളങ്ങിനിന്നു.

1988 മുതൽ 1990 വരെ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചു.
ഇക്കാലയളവിൽ ആഴ്ചപ്പതിപ്പിനെ കൂടുതൽ ജനകീയമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധ
ചെലുത്തിയിരുന്നു. ലളിതം… മധുരം… സുന്ദരം… പ്രഫ. ഉലകംതറയുടെ കൃതിക
ളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായം ഇതായിരുന്നു. ദീപിക വിട്ടശേഷം കാലടി സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ സെന്ററിൽ പ്രഫസറായി ചേർന്നു. ഒപ്പം താലന്തുമാസികയുടെ സഹപത്രാധിപരായി.
ക്രിസ്തുഗാഥ
രചനാസൗകുമാര്യം കൊണ്ട് വ്യത്യസ്തത പുലർത്തുന്ന മാത്യു ഉലകംതറയുടെ ക്രിസ്തുഗാഥ, അനുവാചക ഹൃദയങ്ങളിൽ നറുനിലാവ് പരത്തിയ മലയാള സാഹിത്യ
ത്തിലെ അപൂർവ്വം അക്ഷരസൃഷ്ടികളിലൊന്നായിരുന്നു. മലയാളത്തിലും സംസ്‌കൃത
ത്തിലുമുള്ള അറിവ് പ്രതിഫലിപ്പിക്കുന്ന ക്രിസ്തുഗാഥ, സമ്പൂർണ ജീവചരിത്രഗ്രന്ഥം
കൂടിയാണ്. ക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്രിസ്തുഗാഥ. സൂക്ഷ്മാംശങ്ങൾ ചോരാതെ, ഭാവനയുടെ മേമ്പൊടിയും
ചേർത്ത് ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാലം ഇതിൽ
വിശദീകരിക്കുന്നു. പതിനായിരത്തിലേറെ വരികളുള്ള ക്രിസ്തുഗാഥ പത്തുമാസം കൊണ്ടാണ് എഴുതിത്തീർത്തത്. ഇതിന്റെ ആറു പതിപ്പുകൾ ഇതിനോടകം ഇറങ്ങി
ക്കഴിഞ്ഞു. ഇത്രയേറെ വിറ്റഴിഞ്ഞ മറ്റൊരു ക്രിസ്തീയ കാവ്യം മലയാളത്തിലില്ല. 1992 –
ലാണ് ഈ മഹാകാവ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. കൃഷ്ണഗാഥയുടെ കവി ചെറുശ്ശേരി, വേദവിഹാരകാരനായ കെ.വി. സൈമൺ, വിശ്വദീപത്തിന്റെ കർത്താവ് പുത്തൻകാവ് മാത്തൻതരകൻ എന്നീ മഹാകാവ്യകാരന്മാരുടെ പാത പിന്തുടർന്ന് ദ്രാവിഡവൃത്തത്തിലാണ് ക്രിസ്തുഗാഥയും രചിക്കപ്പെട്ടത്. രചനാശിൽപ്പത്തിൽ കൃഷ്ണഗാഥയുടെ എഴുത്തുവഴിയാണ് ക്രിസ്തുഗാഥ പിന്തുടർന്നത്.
ഇതര കൃതികൾ
സാഹിത്യശാസ്ത്രം, വിമർശനം, പദ്യ നാടകം, ജീവചരിത്രം, മതതത്വചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികളുടെ കർത്താവാണ് ഉലകംതറ സാർ. അദ്ദേഹത്തിന്റെ വിമർശന സോപാനം, ആലോചനാമൃതം, സാഹിത്യ പീഠിക എന്നിവ മൂന്നു സർവകലാശാലകളിൽ പാഠപുസ്തകങ്ങളാക്കി. അപൂർവരശ്മികൾ, ഭീരുക്കളുടെ സ്വർഗ്ഗം, കയ്പും മധുരവും, അർണോസ്
പാതിരി, ഐ.സി. ചാക്കോ, ഇന്ദിരാഗാന്ധി, കുമ്പസാരം, അമ്മത്രേസ്യ, ഹൈന്ദവം ക്രൈസ്തവം, സത്യവിശ്വാസവും വ്യാജസഭകളും, ആദ്യത്തെ മരണം, വിശ്വപ്രകാശം,
വെളിച്ചത്തിന്റെ മകൾ എന്നിവയാണ് പ്രധാനകൃതികൾ. വർത്തമാനപ്പുസ്തകത്തിന്റെ
ആധുനിക ഭാഷാന്തരവും അദ്ദേഹം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഗദ്യത്തിലും പദ്യത്തിലും മലയാള സാഹിത്യത്തിലും ക്രൈസ്തവസഭാ ചരിത്രത്തിലും ഒരുപോലെ തിളങ്ങിനിന്ന ഉലകംതറ, ഗദ്യസാഹിത്യത്തിൽ സ്വന്തം വഴി തുറന്നിട്ട സാഹിത്യ
പ്രതിഭയാണ്.
അംഗീകാരങ്ങൾ
ഉള്ളൂർ അവാർഡ്, കെ.വി. സൈമൺ അവാർഡ്, മഹാകവി കട്ടക്കയം സ്വർണമെഡൽ, കെസിബിസി, കത്തോലിക്കാ കോൺഗ്രസ്, കെ.സി.വൈ.എം, കുടുംബദീപം എന്നിവയുടെ സാഹിത്യ അവാർഡുകൾ, വാണിശേരി അവാർഡ്, എൽ.ആർ.സി പുരസ്‌കാരം, സിസ്റ്റർ മേരി ബനീഞ്ഞാ അവാർഡ് തുടങ്ങി
ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ
ഐ.സി. ചാക്കോ അവാർഡ് നൽകി ചങ്ങനാശേരി അതിരൂപത അദ്ദേഹത്തെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയംഗം, സമസ്തകേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശക സമിതിയംഗം,
സർവകലാശാല ഫാക്കൽറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സഭാതാരം
സീറോമലബാർ സഭയിലെ പരമോന്നത അൽമായ ബഹുമതിയായ സഭാതാരം നൽകി
അദ്ദേഹത്തെ ആദരിച്ചിരുന്നു. ആധുനിക സാംസ്‌കാരിക രംഗത്ത് അധമകലയുടെയും സാഹിത്യത്തിന്റെയും കിരാതബന്ധങ്ങളിൽ അകപ്പെടുന്നവരെ മോചിപ്പിക്കാനുള്ള ദൗത്യം ക്രിസ്തീയ എഴുത്തിനുണ്ടെന്നു തിരിച്ചറിഞ്ഞ സാഹിത്യകാരനായിരുന്നു അദ്ദേഹം. ദൈവനിന്ദയും സഭാനിന്ദനവു
മല്ല സാഹിത്യമെന്നും അത് സത്യസൗന്ദര്യങ്ങളുടെ ഉപാസനയും സ്‌നേഹത്തിന്റെ
താരാനാദവുമാണെന്ന് അദ്ദേഹം തെളിയിച്ചു. മൂർച്ചയേറിയ തൂലിക കൊണ്ടായിരുന്നു അദ്ദേഹം വരികൾക്കിടയിലൂടെ പടർന്നുകയറിയത്. നിരീശ്വരത്വത്തിന്റെ ഇരുൾക്കോട്ടകൾ തകർത്തെറിഞ്ഞ് അദ്ദേഹം ജനഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രഭാകിരണങ്ങൾ തെളിയിച്ചു. കോട്ടയം ചുങ്കത്തുള്ള വീട്ടിൽ
വിശ്രമജീവിതം നയിച്ചുവരുന്നതിനിടയിലും സാഹിത്യ ലോകത്ത് സജീവമായിരുന്നു. അവസാന കാലത്ത് പ്രാർത്ഥനകളെല്ലാം കവിതയിലാണ് ചൊല്ലിക്കൊണ്ടിരുന്നത്.
സകല വിശുദ്ധരുടെയും ലുത്തിനിയയും സ്വർഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ജപമാല രഹസ്യങ്ങളുമെല്ലാം കാവ്യാമൃതമാക്കി മാറ്റി. വാഗ്മി എന്ന നിലയിലുള്ള വിജയരഹസ്യം ചോദിച്ചാൽ അദ്ദേഹം പറയുമായിരുന്നു… ‘മൂന്നു നന്മനിറഞ്ഞ മറിയം’ എന്ന്. ഒരു വർഷം മുമ്പ് ശതാഭിഷിക്തനായപ്പോൾ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ മഹാകവിയെ ആദരിക്കാനെത്തിയിരുന്നു.