പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വര്‍ഷം 5 മാതാവിനോടും വിശുദ്ധരോടുമുള്ള വണക്കം

1. മാതാവിനോടുള്ള വണക്കം

       പെന്തക്കോസ്തു വിഭാഗങ്ങള്‍ പൊതുവേമരിയവണക്ക വിരുദ്ധരാണ്. സുവിശേഷങ്ങളില്‍ത്തന്നെയുള്ള കൃപനിറഞ്ഞ മറിയമേ സ്വസ്തി – സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളേ, എന്നതും നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും അവര്‍ക്ക് ചതുര്‍ത്ഥിയാണ്. ഈശോയുടെ അമ്മയായ മറിയം മുട്ടത്തോടു
പോലെയാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു; ഈ മറിയവിരുദ്ധത അഥവാ മാതൃവിരോധം വഴി മറിയത്തെക്കുറിച്ചുള്ള സവിശേഷമായ ദൈവവചനങ്ങള്‍ ദുര്‍വ്യാഖ്യാനിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു മാലാഖാ ഇറങ്ങിവന്ന്, കൃപനിറഞ്ഞവളേ, എന്ന് അഭിവാദനം ചെയ്യുന്ന മറിയം എത്രയോ
ശ്രേഷ്ഠതയുള്ളവളാണ് (ലൂക്കാ1:28). ”ഇതാ കര്‍ത്താവിന്റെ ദാസി,” എന്നു പറഞ്ഞ് ദൈവവചനത്തിന് കീഴ്‌വഴങ്ങിയ മറിയം (ലൂക്കാ 1:38) മഹനീയ മാതൃകയാണ്. സ്ത്രീകളില്‍ അനുഗൃഹീതയായ (1:42) അവളെ അവര്‍ അംഗീകരിക്കാത്തത് വിശ്വാസതിമിരം ബാധിച്ചതുകൊണ്ടാണ്. മറിയം ഇല്ലെങ്കില്‍ ഈശോ
ഇല്ല; പുതിയനിയമമില്ല; സഭയുമില്ല എന്ന് അവര്‍ അറിയുന്നില്ല.

ഈശോയെ പെറ്റുവളര്‍ത്തിയ, ശത്രുക്കളില്‍നിന്നും രക്ഷിച്ച, വളര്‍ത്തി ഉയര്‍ത്തിയ-
കുരിശിന്‍ചുവടുവരെ അവനെ അനുഗമിച്ച മറിയത്തെ തള്ളിപ്പറയുന്നവര്‍ എത്ര സത്യവിരുദ്ധരാണ്; ഹൃദയശൂന്യരാണ്? മറിയത്തെ കത്തോലിക്കര്‍ ആരാധിക്കുന്നു എന്നുള്ളത് പെന്തക്കോസ്തുകാരുടെ വ്യാജാരോപണമാണ്. മറിയത്തിനു കൊടുക്കുന്നത് അതീവവണക്കമാണ് (ഹൈപ്പര്‍ ഡൂലിയ) വിശുദ്ധര്‍ക്കാകട്ടെ വണക്കവും (ഡൂലിയ). എന്നാല്‍ ദൈവത്തിനുമാത്രമാണ് ആരാധന (ലാത്രെയ). സവിശേഷവണക്കത്തിനു യോഗ്യയായതിനാല്‍ മറിയത്തെ പരിശുദ്ധ മറിയം, പനേജിയ അഥവാ നിത്യവിശുദ്ധ എന്നൊക്കെയാണ് സഭ വിശേഷിപ്പിക്കുന്നത്.

മറിയം കന്യകയല്ലെന്ന ദുര്‍വ്യാഖ്യാനം
പരിശുദ്ധ മറിയത്തിന്റെ കന്യാത്വമാണ് പെന്തക്കോസ്തുകാര്‍ ചോദ്യം ചെയ്യുന്ന
മറ്റൊരു വസ്തുത. മറിയത്തിനു ഈശോയെക്കൂടാതെ വേറെയും മക്കളുണ്ടായിരുന്നു
എന്നതാണ് അവരുടെ ആരോപണം. അതിനുവേണ്ടി പുത്രനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല (മത്താ. 1:24-25) എന്ന സുവിശേഷഭാഗം അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ബൈബിളിലെ ‘അതുവരെ’ എന്ന പ്രയോഗം അതിനുശേഷം അവളെ അറിഞ്ഞു എന്ന് വ്യാഖ്യാനിക്കുന്നില്ല. ”സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെ സന്താനരഹിതയായിരുന്നു” (2 സാമു. 6:23). ഇതിനര്‍ത്ഥം എന്നാല്‍ മരണത്തിനുശേഷം അവള്‍ക്കു സന്താനങ്ങളുണ്ടായി എന്നല്ലല്ലോ! ശിമയോന്‍, യൂദാസ് (മത്താ. 13:55-56) എന്നിവരുടെ അമ്മ മറ്റൊരു മറിയം ആയിരുന്നു എന്ന് മര്‍ക്കോസ് സുവിശേഷകന്‍ നല്‍കുന്ന കുരിശിന്‍ചുവട്ടിലെ സ്ത്രീകളുടെ പട്ടികയില്‍നിന്നും മനസ്സിലാക്കാം (15:40). മറിയത്തിനു വേറെ മക്കളുണ്ടായിരുന്നെങ്കില്‍ കുരിശില്‍ കിടന്നുകൊണ്ട് ഈശോ ‘ഇതാ നിന്റെ അമ്മ’ എന്നുപറഞ്ഞ് പ്രിയമാതാവിനെ യോഹന്നാന് ഏല്പിച്ചുകൊടുക്കേണ്ടിയിരുന്നില്ലല്ലോ (19:26).
എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും (ലൂക്കാ 1:48) എന്ന മരിയന്‍ വചനങ്ങള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് മറിയത്തെ സര്‍വോല്‍കൃഷ്ടമാതൃകയും സര്‍വാദരണീയമധ്യസ്ഥയുമായി കത്തോലിക്കാസഭ വണങ്ങിവരുന്നു. കന്യകാമറിയം കന്യാത്വത്തിന്റെയും മാതൃത്വത്തിന്റെയും അത്യുല്‍കൃഷ്ടവും അതിവിശിഷ്ടവുമായ മാതൃക സഭയുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് സഭയുടെ മുന്നോടിയായി വര്‍ത്തിച്ചു (തിരുസഭ 63). അവര്‍ സകല സുകൃതങ്ങളുടെയും മാതൃകയാണ് (തിരുസഭ 65). കൂടാതെ
മരിയവണക്കം മനുഷ്യാവതാരംചെയ്ത വചനത്തിനും പിതാവിനും പരിശുദ്ധാത്മാവിനും നല്‍കുന്ന ആരാധനയ്ക്കും സഹായകമാണ് എന്നും കൗണ്‍സില്‍ പറഞ്ഞുവയ്ക്കുന്നു (തിരുസഭ 66).