പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Diat

10. പാശ്ചാത്യലോകത്തിന്റെ തെറ്റ് (The Errors of the West)
നവോത്ഥാന ആശയങ്ങൾ ദൈവത്തെ പരമാവധി അകറ്റി നിറുത്താനാണ് ശ്രമിച്ചത്.
മാനവികത, തീർച്ചയായും മതരഹിതമായിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? നേരേമറിച്ച് മനുഷ്യസേവനത്തിനുള്ള ആഗ്രഹം പാശ്ചാത്യലോകത്തെ ദൈവത്തോട് അടുപ്പിക്കുകയായിരുന്നു വേണ്ടത്. നിരീശ്വര സംസ്‌കാരങ്ങൾക്ക് അതിഭൗതികബോധം (metaphysical sense) നഷ്ടമാകും. ആ സാഹചര്യത്തിൽ, മനുഷ്യൻ സ്വന്തം വിധിയുടെ വിധാതാവാകും; ധാർമ്മികനിയമങ്ങളെ ജനാധിപത്യ സംവിധാനങ്ങൾക്ക് അടിയറ വയ്ക്കും; സങ്കുചിതമായ ആഗ്രഹങ്ങൾ എല്ലാറ്റിന്റെയും അളവുകോലാകും. വ്യക്തിസ്വാതന്ത്ര്യം ഏക മാനദണ്ഡവും വ്യക്തിപരമായ സംതൃപ്തി ഏക ലക്ഷ്യവുമാകും; ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥ. ആസക്തികൾ തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിന്റെ ഒരു സംസ്‌കാരം. ഈ ലോകത്തിനപ്പുറം ഒരു പ്രത്യാശ ഇല്ലാത്തവിധം ദൈവത്തെ ഒഴിവാക്കി നിരാശയിൽ കുടുങ്ങിയ ജീവിതം. ഇതാണ് പാശ്ചാത്യലോകത്തിൽ പ്രകടമായിരിക്കുന്ന ജീവിതചിത്രം. ജീവവിരുദ്ധമായ ‘പുതിയ അവകാശങ്ങൾ’ (new rights) സ്ഥാപിച്ചെടുക്കാൻ മാധ്യമഭീമന്മാരും സാമ്പത്തികശക്തികളും അസംബന്ധ സഖ്യം ഉണ്ടാക്കിയിരിക്കുന്നു; തങ്ങളുടെ സ്ഥാപിതതാത് പര്യങ്ങൾക്ക് ഇണങ്ങിയ ‘പൊതുജനാഭിപ്രായം’ ഉണ്ടാക്കിയെടുക്കാൻ തക്കവിധമുള്ള സന്ദേശങ്ങൾ അവർ പ്രചരിപ്പിക്കുന്നു. ഇതിനെതിരെ സഭ ജാഗ്രത പുലർത്തണമെന്ന് കർദ്ദിനാൾ സാറാ അനുസ്മരിപ്പിക്കുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെ മേധാവിത്വം എവിടെയും നാം കാണുന്നു. ഇത്തരം സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിനായി പാശ്ചാത്യലോകം, അതിനെ രൂപപ്പെടുത്തിയ സംസ്‌കാരത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ പണയപ്പെടുത്തും. ഏകദേശം പതിനെട്ടാം നൂറ്റാണ്ടിൽ, യൂറോപ്പ് സ്വന്തമാക്കുമ്പോൾ സ്വാതന്ത്ര്യത്തിന് ഉണ്ടായിരുന്ന മനോഹാരിത ഇന്ന് അതിനില്ല; കാരണം ഇന്നു കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യം യഥാർത്ഥമല്ല. സ്വാതന്ത്ര്യം എന്ന വാക്ക് നിലനിൽക്കുന്നുണ്ടെങ്കിലും
അതിന്റെ ആഴമായ അർത്ഥം നിലവിൽ ഇല്ല. യഥാർത്ഥ സ്വാതന്ത്ര്യം ഒരു കീഴടക്കലാണ്; ശിക്ഷണത്തിലൂടെയും പരിശ്രമത്തിലൂടെയും ഒരാൾ തനിക്കുമേൽതന്നെ നേടുന്ന വിജയം അനിവാര്യമായിരിക്കുന്ന, ശരിയായ
പോരാട്ടമാണ്. ഇന്ന് സ്വാതന്ത്ര്യം ഒരു പരസ്യമുദ്രാവാക്യമായിരിക്കുന്നു. അങ്ങനെയുള്ള ഈ ലോകത്തിൽ വിമോചകനായ മിശിഹായെക്കുറിച്ച് സഭ സംസാരിക്കണം. സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയെന്തെന്ന് സഭ പഠിപ്പിക്കണം. പാപത്തിൽനിന്നുള്ള അകൽച്ചയിലൂടെയാണ് സ്വാതന്ത്ര്യം പ്രാപ്തമാകുന്നത്. ഒരു ഓർക്കസ്ട്രയിൽ പങ്കെടുക്കുന്ന എല്ലാ
സംഗീതജ്ഞരുടെയും ഏറ്റവും വലിയ ലക്ഷ്യം അവർ ഒരുമിച്ച് ഉളവാക്കുന്ന സിംഫണിയാണ്. ഇതുപോലെ, കുടുംബത്തിലും സമൂഹത്തിലും മനുഷ്യവ്യക്തികളുടെ ഏറ്റവും പ്രധാനപ്പെട്ടതും ആഴമായതുമായ
ലക്ഷ്യം പൊതുനന്മയാണ്. വ്യക്തിയെയും സമൂഹത്തെയും വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളുടെ പോർമുഖത്ത് മുഖാഭിമുഖം നിർത്തുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്ന് നാം കാണുന്നത്. സമൂഹം വ്യക്തികളെ ഇരകളാക്കാനോ വ്യക്തിതാല്പര്യം സമൂഹത്തെ ഹനിക്കാനോ അവസരം ഉണ്ടാക്കരുതെന്ന് കർദ്ദിനാൾ ഓർമ്മിപ്പിക്കുന്നു.
മാധ്യമങ്ങളുടെ തെറ്റായ സ്വാധീനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കർദ്ദിനാൾ
സാറാ നൽകുന്നുണ്ട്. വ്യക്തികളെയും സമൂഹത്തെയും പ്രലോഭിപ്പിക്കാനും സ്വാധീനിക്കാനും അവയുടെമേൽ മനഃശാസ്ത്രപരമായ സമ്മർദ്ദം ചെലുത്തുവാനും മാധ്യമങ്ങൾക്കു സാധിക്കും. ചെറുപ്പക്കാരാണ് അവയുടെ സ്വാധീനത്തിൽ വേഗത്തിൽ വീഴുന്നത്. മാധ്യമങ്ങൾ തങ്ങൾക്കുമുന്നിൽ ഒരുക്കുന്ന മായികമായ ഒരു വലയത്തിൽ അവർ അറിയാതെ വീണുപോകുന്നു. ജീവിതത്തെ സംബന്ധിച്ചുള്ള അതിപ്രധാനമായ ചോദ്യങ്ങൾ ചോദിക്കുവാൻ അവർക്കു കഴിയാത്തവിധം മാധ്യമങ്ങൾ പുതുതലമുറയെ തടവറയിലാക്കുന്നു. സഭയുടെ അതിപ്രധാന
രംഗങ്ങളെയും പ്രാർത്ഥനാശൈലികളെയും മാധ്യമങ്ങൾ വരുതിയിലാക്കുന്ന അവസ്ഥ
രൂപപ്പെടുന്നു. നേരിട്ടും ആഴമുള്ളതുമായ ദൈവ-മനുഷ്യ ബന്ധത്തിനും മാനുഷിക
ബന്ധങ്ങൾക്കും വിഘാതമാകുന്ന വിധത്തിൽ മാധ്യമങ്ങൾ ഒരുവിധത്തിൽ ഒരു മധ്യവർത്തി സ്ഥാനം സ്വയം ആർജ്ജിച്ചിരിക്കുന്നു. സഭയുടെ അതിപ്രധാന ശുശ്രൂഷകളെയും പരി. കുർബാനയെപ്പോലും ‘ദൃശ്യോത്സവങ്ങൾ’ പോലെ പരിഗണിക്കുന്ന മാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽനിന്നും വത്തിക്കാൻപോലും മുക്തമല്ലെന്ന് ആത്മവിമർശനത്തോടെ കർദ്ദിനാൾ ചൂണ്ടിക്കാണിക്കുന്നു. ദൈവാരാധന ഒരു ദൃശ്യവിരുന്നായി സ്വീകരിച്ചല്ല മറിച്ച്
ആന്തരികാനുഭവമായി ഉൾക്കൊണ്ടുവേണം പുതിയ തലമുറ ആരാധനക്രമത്തിൽ ആഴപ്പെടുവാൻ. ‘നിശബ്ദത’യുടെ പ്രധാന എതിരാളികളാണ് മാധ്യമങ്ങൾ. നോമ്പു
കാലത്ത് അനുവർത്തിക്കേണ്ട ഒരു പുണ്യമായി ‘മാധ്യമനോമ്പ്’ ആരംഭിക്കേണ്ട സമയമായിരിക്കുന്നു. മാധ്യമങ്ങൾ പരക്കെ ഉപയോഗിക്കപ്പെടുന്നെങ്കിലും
സുവിശേഷവത്കരണത്തിന്റെ തലം ഈ കാലഘട്ടത്തിൽ വളരെ ബലഹീനമായിരി
ക്കുന്നതിനു കാരണം സുവിശേഷവത്കരണമെന്നത് ഒരു ആശയവിനിമയരൂപമല്ല
മറിച്ച് സാക്ഷ്യമാണെന്നതാണ്. പാശ്ചാത്യലോകം ഒരു മയക്കത്തിലാണ്.
ഭൗതികവസ്തുക്കളോടുള്ള അമിതമായ താത്പര്യങ്ങളിലാണ് അതിനു കമ്പം. മനുഷ്യൻ
ഭൂമിയിൽ സന്തോഷമായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു; ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടേണ്ടത് ഒരു ആവശ്യമാണ്. എന്നാൽ ആധുനിക മനുഷ്യൻ ശരീരത്തെ പരിഗണിക്കുകയും തന്റെ ആത്മാവിനെ അവഗണിക്കുകയും ചെയ്യുന്നു. ഭൗതികവസ്തുക്കളുടെ ‘സമാഹരണത്തെ’യാണ് സന്തോഷം
എന്ന് ആധുനികൻ വിലയിരുത്തുന്നത്. ഉപഭോഗത്വരയും സുഖാന്വേഷണവും സഭയിൽ എത്തുമ്പോൾ അത് മിശിഹായോട് ചെയ്ത വാഗ്ദാനങ്ങളുടെ ലംഘനത്തിനു പ്രേരകമാകുന്നു. (തുടരും)