
ജോൺ ജെ. പുതുച്ചിറ
പേരിനും പ്രശസ്തിക്കും ശ്രമിക്കാതെ സഹജീവികൾക്ക് പ്രതിഫലേച്ഛകൂടാതെ
തന്റെ ജീവിതം തന്നെ സമർപ്പിച്ച ഒരു മഹത്വ്യക്തിത്വമാണ് ഇക്കഴിഞ്ഞ മാർച്ച് 7 ന് ഇഹലോകം വെടിഞ്ഞത് – സിസ്റ്റർ തങ്കമ്മ കണ്ടങ്കരി.
പ്രവർത്തനരംഗത്ത് മദർ തെരേസയുടെ ഒരു കൊച്ചുപതിപ്പാണ് സിസ്റ്റർ തങ്കമ്മ. വസ്ത്രധാരണത്തിൽ പോലും ആ സാമ്യവും ലാളിത്യവുമുണ്ട്. സാരിധരിച്ചു സേവനപാതയിൽ വിഹരിക്കുന്ന ഈ കന്യാസ്ത്രീകളെ നാട്ടുകാർ സാരിമഠംകാർ എന്നും വിളിക്കുന്നത് അതുകൊണ്ടാണ്.
സിസ്റ്റർ തങ്കമ്മ സ്ഥാപിച്ച സന്യാസിനീസമൂഹമാണ് സേവനോദ്യാനം അഥവാ സെർ
വന്റ്‌സ് ഓഫ് ഔർ ഇമ്മാക്കുലേറ്റഡ് ലേഡി (SOIL). ജീവിതത്തിന്റെ താഴേക്കിടയിലുള്ളവരും സാധാരണക്കാരുമായ ഒട്ടേറെപേരുടെ
ഉന്നമനത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവരാണ് ഈ സന്യാസസഭയിലെ സിസ്റ്റർ തങ്കമ്മയും സഹപ്രവർത്തകരും. പാവനമായ പാതയിൽ സഞ്ചരിക്കുന്ന സേവനോത്സുകരായ കന്യാസ്ത്രീകൾ തങ്ങൾ ചെയ്യുന്ന സൽപ്രവൃത്തികൾ കൊട്ടിഘോഷിച്ച് പൊതുജനത്തെ അറിയിക്കാൻ താല്പര്യപ്പെടാത്തതുകൊണ്ടാവാം ഇവ പലതും പൊതുജനശ്രദ്ധയിൽ അധികം വന്നിട്ടില്ല. ഈ സന്യാസസഭയ്ക്കു
രൂപം കൊടുത്ത സിസ്റ്റർ തങ്കമ്മ, ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവകാംഗമായ കണ്ടങ്കരിയിൽ വർഗീസ്-മറിയം ദമ്പതികളുടെ എട്ടുമക്കളിൽ ഏഴാമത്തെ മകളായി 1929 ജനുവരി 21 ന് ജനിച്ചു. ഇതേ ദേവാലയത്തിൽ വച്ചു തന്നെ മാമ്മോദീസ എന്ന കൂദാശയിലൂടെ കൊച്ചുത്രേസ്യ എന്ന പേരു സ്വീകരിച്ചു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ, കോട്ടയം സി.എം.എസ് കോളേജ്, എറണാകുളം തെരേസാസ് എന്നിവിടങ്ങളായിട്ടാണ് തങ്കമ്മ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം മദ്രാസ് തിയോസഫിക്കൽ സൊസൈറ്റിയുടെ കീഴിൽ ഉള്ള മോണ്ടിസോറി ട്രെയിനിംഗ് സ്‌കൂളിൽ പഠിച്ച് നഴ്‌സറി ട്രെയിനിംഗ്
സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
1955-ൽ പിഞ്ചുകുട്ടികൾക്കുവേണ്ടി ഒരു നഴ്സറി സ്‌കൂൾ ആരംഭിച്ചു കൊണ്ടാണ് തങ്കമ്മ
തന്റെ ദീർഘമായ സേവനപാതയിലേക്കു കടക്കുന്നത്. തങ്കമ്മയുടെ സേവനപ്രവർത്തനങ്ങളിലും ആത്മീയചൈതന്യത്തിലും അന്നത്തെ അതിരൂപതാ ആർച്ചുബിഷപ്പായ അഭിവന്ദ്യ കാവുകാട്ട് പിതാവും വളരെ തല്പരനായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തങ്കമ്മ ജർമ്മനിയിൽ പോയി ഉപരിപഠനം നടത്തി.
1961 സെപ്റ്റംബർ 8 ന് കാവുകാട്ടു പിതാവിന്റെ ആഗ്രഹപ്രകാരവും അദ്ദേഹത്തിന്റെ ആശീർവാദത്തോടെയും തങ്കമ്മയുടെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളിയിൽവച്ച് ഒരു സേവനസന്നദ്ധത സംഘടനാസമൂഹത്തിന് രൂപം നൽകി. നഴ്‌സറി കുട്ടികൾക്കുള്ള ക്ലാസ്സുകൾ, സാധുജനസഹായം, ലഘുനിക്ഷേപ പദ്ധതി, ഭവനസന്ദർശനം, രോഗീസന്ദർശനം എന്നിവയൊക്കെയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.
1963-ൽ കത്തീഡ്രൽ പള്ളിക്കു സമീപം അന്നത്തെ വികാരി ഫാ. ആന്റണി കായിത്തറയുടെ അനുവാദത്തോടെ ചങ്ങനാശ്ശേരിയിൽ ആദ്യത്തെ മോണ്ടിസോറി സ്‌കൂൾ ആരംഭിച്ചു. ആദ്യബാച്ചിൽത്തന്നെ 40 കുട്ടികൾ ഏറെ ഉണ്ടായിരുന്നു. സിസ്റ്റർ തങ്കമ്മയുടെ നേതൃത്വത്തിൽ അവർക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസവും ശിക്ഷണവും ലഭിച്ചു. തങ്കമ്മയുടെ സേവനസന്നദ്ധതയും പ്രവർത്തനനൈപുണ്യവും കണക്കിലെടുത്ത് ചങ്ങനാശ്ശേരി അതിരൂപതയുടെ ആസ്ഥാനത്തുനിന്ന് കൂടുതൽ ഉത്തരവാദിത്വങ്ങൾ ആ മഹതിയെ ഏൽപ്പിച്ചുതുടങ്ങി. എസ്ബി കോളേജിനു സമീപം കോളേജ് വിദ്യാർത്ഥിനികൾക്കുവേണ്ടി ആരംഭിച്ച ലേഡീസ് ഹോസ്റ്റലാണ് അതിൽ മുഖ്യം. ജർമ്മൻ ഭാഷാ പഠനം, മേണ്ടിസോറി സ്‌കൂൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ,
ചെത്തിപ്പുഴ ഹോസ്റ്റലിലെ കാന്റീൻ നടത്തിപ്പ് രോഗികൾക്കുള്ള ആത്മീയ ശുശ്രൂഷകൾ തുടങ്ങിയവയും സിസ്റ്റർ തങ്കമ്മയുടെ നേതൃത്വത്തിലുള്ള സേവനസംഘം സ്തുത്യർഹമായി നിർവഹിച്ചു പോന്നു. 1972 -ൽ മാർ ആന്റണി പടിയറപിതാവ് ഈ പ്രാർത്ഥനാ സേവന സമൂഹത്തെ പയസ് യൂണിയനായി അംഗീകരിച്ചു. 1974 സെപ്റ്റംബർ 8-ന് ഈ സമൂഹത്തിന് സ്വന്തമായ ഭവനം
റൂബി നഗറിൽ ഉണ്ടാക്കി. 2008 ജനുവരി 3 ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഈ സമൂഹത്തെ സെക്കുലർ ഇൻസ്റ്റിറ്റൂട്ടായി ഔദ്യോഗികമായി അംഗീകരിച്ചു.
കന്യാസ്ത്രീയാകുന്നതിനു മുമ്പ് തന്നെ തങ്കമ്മ സിസ്റ്റർ വിശുദ്ധമായ ഒരു ജീവിതമാണ് നയിച്ചുവന്നത് 2008 ജനുവരി 31 ന് ആദ്യവ്രതവും 2015 മെയ് 12-ന് നിത്യവ്രതവും
സ്വീകരിച്ച് അവർ തന്റെ സന്യാസജീവിതം സുദൃഢമാക്കി.
പ്രാർത്ഥനയും വിശ്രമജീവിതവുമായി കഴിയുമ്പോഴും സേവനോദ്യാനം സന്യാസി
നീസമൂഹാംഗങ്ങൾക്ക് അവർ മാർഗനിർദേശം നല്കിപ്പോന്നു. വിദ്യാഭ്യാസമേഖലയിൽ അസാധാരണമായ മികവ് തെളിയിക്കുകയും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ അത്യന്തം ഉദാരസമീപനം സ്വീകരിക്കുകയും ചെയ്ത ഒരു പുണ്യജന്മമായിരുന്നു
സിസ്റ്റർ തങ്കമ്മയുടേത്. 2022 മാർച്ച് 7-ന് 93-ാം വയസ്സിൽ അവർ കർത്താവിൽ നിദ്രപ്രാപിച്ചു.