ഇടയനും കുഞ്ഞാടുകളും

ജോൺ ജെ. പുതുച്ചിറ

‘ഏതു വിഷയവും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ് അതിനെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നത്. വിഷയം എത്ര അടിസ്ഥാനപരമായിട്ടുള്ളതാണെങ്കിലും അതിന്റെ സ്വീകാര്യത അവതരണരീതിയെ ആശ്രയിച്ചിരിക്കും. ഉള്ളിലുള്ള ആശയത്തെ സരസമായും ഫലപ്രദമായും സംവേദനം ചെയ്യുകയെന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. സാഹിത്യ വാസനയും നർമ്മഗുണവും സമഞ്ജസമായി സമ്മേളിക്കുന്ന തൂലികയിൽ നിന്നേ അനുവാചകരെ ചിന്തിപ്പിക്കുന്ന സാമൂഹ്യ വിമർശനങ്ങൾ പുറപ്പെടൂ. തന്റെ അവതരണശൈലിയിലെ
തനിമ കൊണ്ടും പ്രമേയങ്ങളിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയനായ ജോൺ ജെ. പുതുച്ചിറയുടെ ‘ഇടയനും കുഞ്ഞാടും’ എന്ന ആക്ഷേപഹാസ്യഗ്രന്ഥം ഏറ്റം ശ്രദ്ധേയമാണ്…..’ ഈ ഗ്രന്ഥത്തിന്റെ അവതാരികയിൽ ബിഷപ്പ് മാർ തോമസ്
തറയിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിവ. കത്തോലിക്കാസഭയിലെ അഭിവാജ്യ ഘടകങ്ങളാണല്ലോ ഇടവകകളും കുടുംബങ്ങളും. വൈദികരും ഇടവകാംഗങ്ങളുമെല്ലാം ഉൾപ്പെടുന്ന ആ സമൂഹത്തെ നാം ഇടയനും കുഞ്ഞാടുകളും എന്ന ഓമനപ്പേരിൽ വിളിക്കുന്നു. അവരുടെ അനുദിന ജീവിതത്തിനിടയിൽ ഒട്ടേറെ
നർമ്മനിമിഷങ്ങളും സംഭവിക്കാറുണ്ട്. ഓർത്തോർത്തു ചിരിക്കാനും ചിന്തിക്കാനും ഉപകരിക്കുന്ന അത്തരം ചില നർമ്മ നിമിഷങ്ങളെ അനിതരസാധാരണമായ ആഖ്യാനപാടവത്തോടെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.