
ഫാ. ഡോ. ജോസഫ് പാറയ്ക്കല്‍
1. മനുഷ്യമഹത്വം ആദരിക്കാത്ത
മാധ്യമപ്രവർത്തനം
മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയാണ്. ആയതിനാൽ മനുഷ്യജീവൻ വിൽപനച്ചരക്കാക്കാൻ പാടില്ല. ധാർമ്മികതയുടെ അടിസ്ഥാനംതന്നെ ഈ ബോധ്യമാണ്. സമൂഹമാധ്യമങ്ങൾക്ക്, പ്രത്യേകിച്ച് ന്യൂജനറേഷൻ മാധ്യമങ്ങൾക്ക് കൈമോശം വന്നിരിക്കുന്നത് ഈ ബോധ്യമാണ്.
മനുഷ്യന്റെ സ്വകാര്യതയെ മാനിക്കാത്ത മാധ്യമപ്രവർത്തനമാണിന്നുള്ളത്. ഒരുവന് തന്റെ വ്യക്തിപരമായ വിവരങ്ങൾ, കുടുംബം, ശരീരം, മറ്റുള്ളവരുമായി പങ്കുവയ്ക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശത്തെയാണ് സ്വകാര്യത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ തങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ രാഷ്ട്രീയപാർട്ടികൾക്കും പരസ്യകമ്പനികൾക്കും വിൽക്കുന്നതിനെ ചൊല്ലിയുള്ള വിവാദം ഈയിടെ രൂക്ഷമാകുകയുണ്ടായി.
വ്യക്തികളെ വിൽപനച്ചരക്കായി ചിത്രീകരിക്കുമ്പോഴും സ്ത്രീകളെ ലൈംഗിക
വസ്തുക്കളായി കരുതുമ്പോഴും മാധ്യമങ്ങൾ മനുഷ്യമഹത്വത്തിന് വില കൽപിക്കുന്നില്ല.
2. നുണയുടെ പ്രവാചകർ
നുണകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സത്യാനന്തര കാലത്തിലാണ് നാമിപ്പോൾ. ലൈംഗികാരോപണങ്ങളും അഴിമതി കേസുകളും കിംവദന്തികളും പൊങ്ങച്ചവും അതിശയോക്തിയും കലർന്ന വാർത്തകളാണ് പൊതുസമൂഹത്തിന് താല്പര്യം. മനുഷ്യന്റെ ഈ താല്പര്യത്തെ പരമാവധി ചൂഷണം
ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. പീഡനങ്ങളെയും കൊലപാതകങ്ങളെയും ആഘോഷമാക്കി മാറ്റുകയാണ് ഇവർ. നുണപ്രചരണത്തിന്റെയും അസഭ്യവർഷത്തിന്റെയും കൊലവിളിയുടെയുമെല്ലാം വേദികളായി
മാറിയിരിക്കുന്നു വാർത്തായാമങ്ങൾ. ചൂടുസംവാദങ്ങൾ നടത്താനും ആരോപണങ്ങളുന്നയിക്കാനും ആക്രമിക്കാനും സംഹരിക്കാനുമുള്ള ഇരയെയാണ് ചാനലുകൾ അന്വേഷിക്കുന്നത്. അതിനുപറ്റിയ സംഭവവികാസങ്ങൾ
നടന്നില്ലെങ്കിൽ അവർതന്നെ വാർത്തകൾ മെനയുകയായി.
3. മാധ്യമ വിചാരണ
കോടതിവിചാരണയെ വെല്ലുന്ന മാധ്യമവിചാരണയുടെ കാലമാണിത്. ന്യൂസ് റൂമുകൾ കോടതികളാകുന്നു. ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകൻ ജഡ്ജിയായും ചാനലിന്റെ തിരഞ്ഞെടുക്കപ്പെട്ട പട്ടികയിലുള്ള രാഷ്ട്രീയനിരീക്ഷകർ, സാംസ്‌കാരിക നേതാ
ക്കന്മാർ, സാമൂഹിക പ്രവർത്തകർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവർ വക്കീലന്മാരായും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന തിരക്കഥ പ്രകാരം തകർത്തഭിനയിക്കുന്നു. ചാനൽ തന്നെയാണ് വാദിയേയും പ്രതിയേയും
നിശ്ചയിക്കുന്നത്. വിധി നേരത്തെതന്നെ തയ്യാറാക്കി വച്ചിട്ടുണ്ടാകും. പല ചാനലുകളുടെയും സ്ഥാപിതതാൽപര്യങ്ങളുടെ പ്രകാശനമാണിത്. രാഷ്ട്രീയപാർട്ടികളുടെയും സർക്കാരിന്റെയും പരോക്ഷമായ പിന്തുണയോടെയാണ് പലപ്പോഴും മാധ്യമങ്ങൾ ഈ നാടകം കളിക്കുന്നത്. ഇതുവഴി സമൂഹത്തെ
തെറ്റിദ്ധരിപ്പിക്കാനും നിഷ്‌കളങ്കരായ വ്യക്തികൾക്കുപോലുമെതിരായി പൊതുജനാഭിപ്രായം രൂപീകരിക്കാനും സാധിക്കുന്നു. ഇത്തരത്തിലുള്ള നിരന്തരമായ മാധ്യമവിചാരണകൾ പോലീസ് സംവിധാനത്തെയും കേസ് അന്വേഷണത്തെയും എന്തിന് നീതിന്യായ വ്യവസ്ഥയെപ്പോലും പരോക്ഷമായി സ്വാധീനിക്കാറുണ്ട്.
4. പ്രതിബദ്ധത ചോർന്ന മാധ്യമപ്രവർത്തനം
പൊതുനന്മയ്ക്കുവേണ്ടി നിലകൊള്ളേണ്ട മാധ്യമങ്ങൾ പലപ്പോഴും സ്ഥാപിത
താൽപര്യങ്ങൾക്കുവേണ്ടിയും സ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടിയുമാണ് പ്രവർത്തി
ക്കുന്നത്. ഒരു പ്രധാന വാർത്താചാനലിലെ സത്യസന്ധയും ധീരയുമായ മാധ്യമപ്രവർത്തകയുടെ ‘ന്യൂസ് അവർ’ ഈയിടെ ഏറെ ശ്രദ്ധേയമായി. അടിസ്ഥാനപ്രശ്‌നങ്ങളായ ദാരിദ്ര്യം,പട്ടിണി, മരണം, പരിസ്ഥിതിമലിനീകരണം, ആഗോളതാപനം, ശുദ്ധജലക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയെ പാടെ അവഗണിച്ചുകൊണ്ട് വർഗ്ഗീയതയുടെയും സ്പർധയുടെയും വിഷവിത്തുകൾ ജനമനസ്സുകളിൽ പാകുകയാണ് പല മുഖ്യധാരാമാധ്യമങ്ങളും ചെയ്യുന്നതെന്ന് അവർ തുറന്നു പറഞ്ഞു. മാധ്യമങ്ങൾ ഇന്ന് സാമൂഹിക വിപത്തുകൾക്കെതിരെ പോരാടാനുള്ള ആർജ്ജവം നഷ്ടപ്പെടുത്തി രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി വർത്തിക്കുന്നു.
5. മീഡിയ അഡിക്ഷൻ
ഇരുപത്തിനാല്മണിക്കൂറും സ്മാർട്ട് ഫോണിൽ കുമ്പിട്ടുകിടക്കുന്ന യുവതലമുറയാണ് നമുക്കിന്നുള്ളത്. ഇന്ത്യയിലെ 75% യുവാക്കൾക്കും സോഷ്യൽ മീഡിയ അഡിക്ഷൻ മൂലമുള്ള മാനസികവൈകല്യങ്ങൾ ഉണ്ടെന്ന് ബെംഗലൂരുവിലെ ‘നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് സയൻസ്’ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നു. മീഡിയ അഡിക്ഷൻ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്നുണ്ട്. ഇതിലേറ്റവും അപകടം കൗമാരക്കാരിൽ കണ്ടുവരുന്ന വിഷാദരോഗമാണ്.
ഇന്റർനെറ്റ് ബന്ധം നഷ്ടപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കടക്കാൻ കഴിയാതെ വരുമ്പോൾ അസ്വസ്ഥത, ദേഷ്യം, അടിക്കടി ഫോൺ എടുത്തുനോക്കൽ, ഫോൺ റിംഗ് ചെയ്യുന്നില്ലെങ്കിലും ഉണ്ടെന്നു തോന്നൽ, ഉത്കണ്ഠ, നുണപറച്ചിൽ, ഏകാന്തത, കമ്പ്യൂട്ടറും ഫോണും മാറ്റിവയ്ക്കാൻ പറ്റാത്ത അവസ്ഥ, സമയത്തെക്കുറിച്ചുള്ള ബോധ്യം തന്നെ നഷ്ടപ്പെടുന്നത് തുടങ്ങിയ ലക്ഷണങ്ങൾ സോഷ്യൽ മീഡിയ
അഡിക്ഷന്റേതാണ്. ക്ഷീണം, ശരീരവേദന, ഉറക്കക്കുറവ്, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, പൊണ്ണത്തടി തുടങ്ങി ഒട്ടേറെ ശാരീരികപ്രശ്‌നങ്ങൾക്കും മീഡിയ അഡിക്ഷൻ കാരണമാകുന്നു. ദീർഘനേരം ഫോണിൽ ടൈപ്പു ചെയ്യുന്നവരെ
കാത്തിരിക്കുന്ന രോഗമാണ് കാർപൽ ടണൽ സിൻഡ്രോം. (Carpal Tunnel Syndrome). മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽനിന്നും കമ്പ്യൂട്ടറിന്റെ മോണിട്ടറിൽ നിന്നും പുറപ്പെടുന്ന നീലവെളിച്ചം നമ്മുടെ കണ്ണുകളെ ദോഷമായി ബാധിക്കും.
6. പെരുകുന്ന കുറ്റകൃത്യങ്ങൾ
സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. പതിനായിരത്തിൽപരം അക്രമങ്ങളാണ് ഒരു കുട്ടി പ്രതിവർഷം മാധ്യമങ്ങളിലൂടെ കാണുന്നത്. ഇതുവഴി ചിലർ അക്രമങ്ങളോട് നിസ്സംഗമായി പ്രതികരിക്കും. ചിലരാകട്ടെ അക്രമങ്ങളെ അമിതമായി ഭയക്കാനാരംഭിക്കും (ഫോബിയ). മറ്റുചിലരാകട്ടെ തങ്ങൾ കാണുന്ന വീഡിയോയിലെ നായകന്മാരെപ്പോലെ
അക്രമികളായിത്തീരുന്നു. സിനിമയിലെ രംഗങ്ങൾ അനുകരിച്ച് കവർച്ച നടത്തുന്നവരെയും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും കുറിച്ചുള്ള വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ.
7. ലൈംഗിക വൈകൃതങ്ങൾ
അശ്ലീലചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളിൽ സുലഭമാണ്. ലോകത്ത് 26 കോടിയിലധികം പോർണോഗ്രാഫിക് വെബ്സൈറ്റുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. അശ്ലീലസൈറ്റുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയിൽ ഏറ്റവുമധികം അശ്ലീലവീഡിയോകൾ നിർമ്മിക്കപ്പെടുന്നത് കേരളത്തിലാണ്. നവമാധ്യമങ്ങളുപയോഗിക്കുന്ന യുവതലമുറയിൽ ഒരു വിഭാഗം
വെർച്വൽ സെക്‌സിനടിമകളാണ്. അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും സന്ദേശങ്ങളും വിവരണങ്ങളും ഫോണിലൂടെയോ, കമ്പ്യൂട്ടറിലൂടെയോ കൈമാറുന്നതിനെയാണ് വെർച്വൽ സെക്‌സ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ആസക്തി നമ്മുടെ കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും സാരമായി ബാധിക്കുന്നു.
8. മദ്യമയക്കുമരുന്നുപയോഗ വർധന
മദ്യപാനത്തെയും പുകവലിയേയും വീരകൃത്യങ്ങളായി അവതരിപ്പിക്കുന്ന ധാരാളം പരസ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്. മദ്യത്തെയും ലഹരി പദാർത്ഥങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക്
കൂട്ടായ്മകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ പിന്താങ്ങുന്ന ചില മ്യൂസിക് ആൽബങ്ങളും മ്യൂസിക് ബാന്റുകളും പരസ്യമായും രഹസ്യമായും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവരാണ്.
9. പ്രഹസനമാകുന്ന സൗഹൃദങ്ങൾ
ഉപരിപ്ലവമായ സുഹൃദ്ബന്ധങ്ങളാണ് സോഷ്യൽ മീഡിയയിലുള്ളത്. 16% ഫേക്ക്
ഐഡികളാണ് ഫേസ്ബുക്കിലുള്ളത്. ഓൺലൈൻബന്ധങ്ങൾ ഒരിക്കലും മാനുഷിക ബന്ധങ്ങൾക്ക് പകരമാവില്ല. ഫേസ്ബുക്കിൽ 5000 സുഹൃത്തുക്കൾ വരെയുള്ളവരുണ്ട്. നമ്മെ അറിയാത്ത, സഹായിക്കാത്ത അവരേക്കാളും നമുക്കാവശ്യം നമ്മെ മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന, കൂടെ നിൽക്കുന്ന, ആത്മാർത്ഥതയുള്ള ഒന്നോ രണ്ടോ യഥാർത്ഥ സുഹൃത്തുക്കളെയാണ്. പലപ്പോഴും നവമാധ്യമങ്ങൾ വഴിവിട്ട ബന്ധങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അത് പിന്നീട് കുടുംബതകർച്ചയിലേക്കും.
10. അനാരോഗ്യകരമായ
സൗന്ദര്യആരോഗ്യ സങ്കല്പങ്ങൾ
ഉപഭോഗസംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ പരസ്യങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ സോഷ്യൽ മീഡിയായെയാണ് ആശ്രയിക്കുന്നത്. ഏതു മാരകരോഗത്തിനും മരുന്നു നിർദ്ദേശിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് സാധിക്കുമെന്നുള്ളതാണ്. മാധ്യമങ്ങളിലെ പരസ്യങ്ങളുടെ പിന്നാലെപോയി
സിക്‌സ് പാക്കാവാനും സീറോ വെയിസ്റ്റാകാനും ശ്രമിച്ച് ആരോഗ്യം നശിപ്പിക്കുന്ന യുവതീയുവാക്കൾ അനവധിയാണ്.
11. വില്ലന്മാരാകുന്ന ഓൺലൈൻ
ഗെയിമുകൾ
മാധ്യമങ്ങൾ യുവാക്കളേയും കുട്ടികളെയും ഓൺലൈൻ ഗെയിമുകളിലേക്കും ചൂതാട്ടത്തിലേക്കും നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഓൺലൈൻ ചൂതാട്ടംവഴി പണം നഷ്ടപ്പെടുന്നവർ നിരവധിയാണ്. ബ്ലൂവെയിൽ പോലെയുള്ള നിരവധി കൊലയാളി ഗെയിമുകൾ അരങ്ങുവാഴുന്ന കാലത്തിലാണ് നാം. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാറുണ്ട്. മൊബൈലിൽ വളരെ വേഗത്തിൽ ടൈപ്പ് ചെയ്യുന്ന പലരും എന്തെങ്കിലുമൊരു വിഷയത്തെക്കുറിച്ച് 5 മിനിറ്റ് സംസാരിക്കാൻ പറഞ്ഞാൽ
തപ്പിത്തടയും. ചെറിയ ടെക്സ്റ്റു മെസേജുകളിലൂടെയും കോഡുഭാഷകളിലൂടെയും
ആശയവിനിമയം നടത്തുമ്പോൾ ഭാഷയുടെ വിപുലമായ ഉപയോഗം ഉണ്ടാകുകയില്ല. അക്ഷരത്തെറ്റുകളും വ്യാകരണവും ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം തെറ്റുകൂടാതെ ഭാഷ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ ഇല്ലാതാക്കുകയാണ്.