ഒരു നോമ്പുകാലം കൂടെ സഭാമാതാവ് നമുക്കായി സമ്മാനിച്ചിരിക്കുന്നു. ഈ കാലം ഫലദായകമാക്കാന്‍ യത്‌നം തുടങ്ങേണ്ടതും ഈ കാലത്തിനു ശേഷം അത് തുടരേണ്ടതും എന്നിലാണ്. ഞാന്‍ അല്ലാതെ മറ്റാര്‍ക്കും എന്റെ നോമ്പുകാല താപസിക യത്‌നങ്ങളെ ഉപവാസത്തിന്റെ മധുരിമയിലേക്ക് നയിക്കാനാവില്ല.
നമുക്കറിയാവുന്നതുപോലെ ഉപവാസം ഉപവസിക്കലാണ്; അതായത് ദൈവത്തിന്റെ അടുത്തു വസിക്കല്‍. നോമ്പ് (പരിത്യാഗ പ്രവര്‍ത്തികള്‍) ദൈവത്തിലേക്കും, ദൈവത്തിന്റെ ഛായയായ മനുഷ്യനിലേക്കും നമ്മെ അടുപ്പിക്കുന്നില്ലെങ്കില്‍, ഹൃദയ പരിവര്‍ത്തനത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കില്‍ അത് തികച്ചും വ്യര്‍ത്ഥമാണ്. വിശുദ്ധഗ്രന്ഥവും (ഏശാ 58: 3-10) സഭാപിതാക്കന്മാരും ഈ യാഥാര്‍ത്ഥ്യം നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
സുറിയാനി പിതാവും പേര്‍ഷ്യന്‍ മുനി എന്ന അപരനാമത്തില്‍ വിഖ്യാതനുമായ അഫ്രഹാത്തിന്റെ ചില ചിന്തകള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ വിശദാംശങ്ങളിലേക്ക് നമ്മെ നയിക്കുന്നവയാണ്. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തില്‍ നോമ്പുകാലത്തെ സവിശേഷ ആചരണങ്ങളായി കരുതിയിരുന്നത് പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മവുമാണ്. ഇവയെക്കുറിച്ചുള്ള അഫ്രഹാത്തിന്റെ
ദര്‍ശനങ്ങളാണ് ഇവിടെ പങ്കുവയ്ക്കപ്പെടുന്നത്.
ശുദ്ധമായ ഉപവാസം ദൈവത്തിന്റെ മുമ്പാകെ നിധിയായി, സ്വര്‍ഗത്തിലെ നിക്ഷേപമായി പരിഗണിക്കപ്പെടുന്നു. ദുഷ്ടനെതിരെയുള്ള ആയുധവും ശത്രുവിന്റെ അമ്പുകളെ തടുക്കുവാനുള്ള പടച്ചട്ടയുമാണ് ഉപവാസം. എന്നാല്‍ എന്താണ് ഈ ഉപവാസം? അഫ്രഹാത്തിന്റെ അഭിപ്രായത്തില്‍ അപ്പവും വെള്ളവും ഉപേക്ഷിക്കലല്ല ഉപവാസം. മറിച്ച് ശാരീരികമായ ഉപവാസം മാനസികവും ആത്മീയവുമായ ഉപവാസത്തിന് സഹായകമാകണം. വിശക്കുന്നതുവരെയും ദാഹിക്കുന്നതുവരെയും അപ്പവും വെള്ളവും വേണ്ട എന്ന് വയ്ക്കുന്നവരുണ്ട്. എന്നാല്‍ ബ്രഹ്മചാരികളായി തുടരാന്‍ വിശന്നാലും ഭക്ഷിക്കാത്തവരും ദാഹിച്ചാലും പാനം ചെയ്യാത്തവരും ഉണ്ട്. പരിശുദ്ധിയില്‍ തുടരാനായി ലൈംഗികബന്ധങ്ങള്‍ വേണ്ടന്നുവയ്ക്കുന്നവരുണ്ട്. തന്റെ ദേഷ്യത്തിന് കടിഞ്ഞാണിടാനും പാഴ്വാക്കുകള്‍ ഉച്ചരിക്കാതിരിക്കാനുമായി അധരങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നവരുണ്ട്.
വെറുംകയ്യോടെ അധ്വാനിക്കാനായി സമ്പാദ്യങ്ങള്‍ ശേഖരിക്കാത്തവരുണ്ട്. പ്രാര്‍ത്ഥനയില്‍ ജാഗ്രത നിലനിര്‍ത്താന്‍ മെത്തകള്‍ ഉപേക്ഷിക്കുന്നവരുണ്ട്. ഇതെല്ലാം ഒരുമിപ്പിച്ച് തങ്ങളുടെ ഉപവാസത്തിന്റെ ശൈലിയാക്കുന്നവരുമുണ്ട്.
ഇങ്ങനെ ഭക്ഷണം ഉപേക്ഷിക്കാതെ യഥാര്‍ത്ഥ ഉപവാസകരായവരുടെ നീണ്ട നിര
വിശുദ്ധഗ്രന്ഥത്തില്‍ നിന്ന് അഫ്രഹാത്ത് എടുത്തുകാണിക്കുന്നുണ്ട്. തന്റെ സമര്‍പ്പണത്തിന്റെ പരിശുദ്ധിവഴി ഉപവസിച്ച ഹാബേലും ദൈവത്തിന്റെ സംപ്രീതിനേടി ഉപവസിച്ചഹേനോക്കും വഴിപിഴച്ച തലമുറയില്‍ നിഷ്‌കളങ്കനായി തുടര്‍ന്ന നോഹയും ഉറപ്പുള്ള വിശ്വാസത്താല്‍ ഉപവസിച്ച അബ്രഹാമും ഉടമ്പടി വിശ്വസ്ഥത പുലര്‍ത്തി ഉപവസിച്ച ഇസഹാക്കും യാക്കോബും, കാര്യസ്ഥത
കരുണയോടെ നിര്‍വഹിച്ച പൂര്‍വയൗസേപ്പും, ദൈവകല്പന ഏറ്റുവാങ്ങാനായി 40 ദിവസം ഉപവസിച്ച് സീനായ്മല കയറിയ മൂശെയും, ഉപവസിച്ച് ശക്തിനേടി ജസബല്‍ രാജ്ഞിയില്‍ നിന്ന് രക്ഷ തേടി ഹോറെബിലേക്ക് ഓടിയ ഏലിയാ പ്രവാചകനും,
യൗനാന്റെ പ്രസംഗം കേട്ട് ചാക്ക് ധരിച്ച് ഉപവസിച്ച നിനിവേ നിവാസികളും രാജാവും, തന്റെ ജനത്തിനായി 3 ആഴ്ച ഉപവസിച്ച ദാനിയേലും അഫ്രഹാത്ത് എടുത്തുകാട്ടുന്ന മാതൃകകളാണ്. മനുഷ്യാവതാരം ചെയ്ത ഈശോ
മിശിഹായും തന്റെ ശരീരത്തില്‍ സഹിക്കുകയും പ്രലോഭനങ്ങള്‍ നേരിടുകയും ഉപവസിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു.
യഥാര്‍ത്ഥപ്രാര്‍ത്ഥനയെക്കുറിച്ചും അഫ്രഹാത്തിന് വ്യക്തമായ ദര്‍ശനങ്ങളുണ്ട്. അദ്ദേ
ഹത്തിന്റെ അഭിപ്രായത്തില്‍ പരിശുദ്ധമാക്കപ്പെട്ട ഹൃദയമാണ് സ്വീകാര്യമായ പ്രാര്‍ത്ഥന. ശുദ്ധഹൃദയത്തോടെ പ്രാര്‍ത്ഥിച്ചവര്‍ പ്രളയം ഇല്ലാതെയാക്കി; വന്ധ്യത്വം അകറ്റി; സൈന്യങ്ങളെ പരാജിതരാക്കി; സമുദ്രങ്ങള്‍ വറ്റിച്ചു. പ്രാര്‍ത്ഥന ആന്തരിക
ബലിയാണ് എന്ന ആശയവും അഫ്രഹാത്ത് സുന്ദരമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. ഓറെശ്ലെം ദൈവാലയം തകര്‍ക്കപ്പെട്ടതോടെ ബലിയര്‍പ്പിക്കാനിടമില്ലാതായ യഹൂദര്‍ പ്രാര്‍ത്ഥന ബലിയായി കരുതുവാന്‍ തുടങ്ങി. ഈ ആശയം പല സുറിയാനി പിതാക്കന്മാരുടെയും ഇഷ്ടവിഷയമായിരുന്നു. ‘മുറിക്കുള്ളില്‍ കടന്ന് കതകടച്ച് പ്രാര്‍ത്ഥിക്കുക’ (മത്താ 6:6) എന്ന കര്‍ത്തൃനിര്‍ദ്ദേശം ഹൃദയത്തിലെ
പ്രാര്‍ത്ഥനയെ കുറിക്കുന്നതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. അദ്ദേഹം ചോദിക്കുന്നു:
ഇതിന്റെ അര്‍ത്ഥം നിന്റെ ഹൃദയത്തിനുള്ളില്‍ കടന്ന് വായടക്കുക എന്നതല്ലാതെ
മറ്റെന്താണ്? അല്ലാത്തപക്ഷം നീ മലയുടെ മുകളിലോ, മരുഭൂമിയിലോ ആണെങ്കില്‍
നിനക്ക് എങ്ങനെ പ്രാര്‍ത്ഥിക്കാനാകും? മറ്റുള്ളവരോടു ക്ഷമിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് ഒരു മുന്‍ ഉപാധിയായി അദ്ദേഹം കണക്കാക്കുന്നു. പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ വിശ്രമം കൂടെയുണ്ട്. അത് സത്പ്രവൃത്തികളില്‍ അടങ്ങിയിരിക്കുന്നു. അതായത് ഉത്തമപ്രാര്‍ത്ഥനകളെ സത്പ്രവൃത്തികള്‍ അനുധാവനം ചെയ്യണമെന്ന് സാരം. ചുരുക്കത്തില്‍ വ്യക്തിയില്‍ പരിവര്‍ത്തനം വരുത്താത്ത നോമ്പും, പ്രാര്‍ത്ഥനയും, പരിത്യാഗപ്രവൃത്തികളും വ്യര്‍ത്ഥം തന്നെ. ഈ പേര്‍ഷ്യന്‍ മുനിയുടെ
പ്രബോധനങ്ങള്‍ ചൈതന്യവത്തായ നോമ്പാചരണത്തിന് നമ്മെ സഹായിക്കുന്ന ചൂണ്ടൂപലകകളാകട്ടെ.