
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ PDM
നോമ്പുകാലം ഉപവാസത്തിന്റെയും അനുതാപത്തിന്റെയും മാനസാന്തരത്തി ന്റെയും അവസരമാണ്. നോമ്പുകാലത്ത് ക്രൈസ്തവസമൂഹം ഉപവസിക്കാറുണ്ട്.
പണ്ടുകാലത്ത് 50 നോമ്പില്‍ ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും ദൈവജനം
ഉപവസിക്കുമായിരുന്നു. എന്നാല്‍, പിന്നീട് വെള്ളിയാഴ്ചകളില്‍ മാത്രമായി അത് ചുരുക്കി. നമ്മുടെ തലമുറയിലേക്ക് എത്തിയപ്പോള്‍ വലിയനോമ്പ് ആരംഭത്തിലും, ദുഃഖവെള്ളിയാഴ്ചയും മാത്രമെ ഉപവാസം നിര്‍ബന്ധമാക്കിയിട്ടുള്ളൂ. ഈ വെട്ടിച്ചുരുക്കല്‍ സഭയില്‍ ഉപവാസത്തിന് പ്രാധാന്യമോ, ആവശ്യകതയോ ഇല്ലാത്തതിനാലല്ല; മറിച്ച് ആരുടെയും നിര്‍ബന്ധത്തിന്റെ പേരിലാകാതെ; ഓരോ വ്യക്തിയും സ്വന്തമായി അനുഷ്ഠിക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദ്ദേശം. ‘ഉപവസിക്കുക എന്നാല്‍ മാലാഖമാരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സാത്താനെതിരെ സമരത്തിനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഉപവാസം’ (അത്തനേഷ്യസ്). ‘ഈശോ നാല്പതു ദിനരാത്രങ്ങള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ച് ആത്മാവില്‍ ശക്തിപ്പെട്ടു’ (ലൂക്കാ 4:1-14). അവിടുത്തെ ജീവിതം നമ്മുക്ക് വലിയ മാതൃകയും പ്രചോദനവുമാണ്. പാപം ചെയ്ത ഇസ്രായേല്‍ ജനത്തിനുവേണ്ടി മോശ 40 രാവും 40 പകലും ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട് (നിയ 9:18). യോനാ പ്രവാചകന്റെ ജീവിതത്തിലും ഇതുതന്നെ നമുക്ക് കാണാന്‍ സാധിക്കും. വിജാതീയരായ നിനവേക്കാര്‍ യോനാ പ്രവാചകന്റെ പ്രസംഗം കേട്ടു. പ്രവാചകന്‍ വിളിച്ചു പറഞ്ഞു: ‘നിനവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാര്‍ത്ത നിനവേ രാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് രാജകീയ വസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു’ (യോനാ 3:5-7).
വിജാതീയരായ നിനവേക്കാര്‍ യോനായുടെ വാക്കുകേട്ട് അനുതപിച്ചു – ഉപവസിച്ചു.
അവര്‍ മനസ്സുതിരിഞ്ഞ് ദൈവത്തിലേക്ക് വന്നപ്പോള്‍ അവിടുന്ന് അവരോട് കരുണ കാണിച്ചു. ‘തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി: അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല’ (യോനാ.3:9 10).
മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കണം.
ഉപവാസത്തിലൂടെ മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി നാം
മാറണമെന്ന് ഏശയ്യാ പ്രവാചകന്‍ പറയുന്നു: ഉപവാസം എന്നത് ഭക്ഷണം കഴിക്കാതിരിക്കുക മാത്രമല്ല; മറിച്ച് കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നതും കൂടിയാകണം. കാരുണ്യ പ്രവൃത്തികള്‍ പതിനാല് – എന്ന് തിരുസഭ നമ്മെ പഠിപ്പിക്കുന്നു. അതില്‍ ആദ്ധ്യാത്മികം ഏഴ്. ശാരീരികം ഏഴ്. ഈ നോമ്പുകാലത്ത് ശാരീരികം ഏഴ് നാം പ്രത്യേകം ഓര്‍ക്കുന്നത് നന്നായിരിക്കും.
വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടു
ക്കുന്നത്, വസ്ത്രം ഇല്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നത്, പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നത്, രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്, അവശരെ സഹായിക്കുന്നത്, മരിച്ചവരെ അടക്കുന്നത്.
ദാനധര്‍മ്മം
”ഉപവാസത്തിന്റെ കൂടെ ദാനധര്‍മ്മം വേണം” (മഹാനായ ലിയോ). ”ദാനധര്‍മ്മം
അനുധാവനം ചെയ്യുന്നില്ലെങ്കില്‍ ഉപവാസം സ്വര്‍ഗ്ഗത്തിലേക്ക് ഉയരില്ല” (വി. ജോണ്‍ ക്രിസോസ്‌തോം). ”സഹോദരരെ, നമ്മുടെ ഉപവാസം പാവപ്പെട്ടവര്‍ക്ക് സന്തോഷമായിരിക്കട്ടെ. അങ്ങനെ നമ്മുടെ ഉപവാസം നമുക്ക് നിത്യമായ സന്തോഷം പ്രദാനം ചെയ്യട്ടെ. യഥാര്‍ത്ഥമായ ഉപവാസം പൂര്‍ണ്ണതയിലെത്തുന്നത് ദാനധര്‍മ്മം വിഭാവനം ചെയ്യുമ്പോഴാണ് (പത്രോസ് ക്രിസോലോഗസ് (450).
ഹൃദയത്തെ വിശുദ്ധീകരിക്കുക
ഉപവാസം അനുഷ്ഠിക്കുന്ന നാം നമ്മുടെ ഹൃദയത്തെ വഞ്ചനയില്‍നിന്നും അനീതിയില്‍നിന്നും ഏഷണിയില്‍നിന്നും പിന്തിരിപ്പിക്കണം. സുഖപ്രദമായ വഴിയില്‍ക്കൂടി മാത്രം ജീവിക്കുന്നവര്‍ തങ്ങളുടെ ആത്മാവിനെ
അപകടപ്പെടുത്തുമെന്ന് ഈശോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാകുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേല്‍ വന്നുവീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുവിന്‍. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും ഈശോ പറഞ്ഞുതന്നിട്ടുണ്ട്. ”എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍” (ലൂക്കാ 21:34-36). ഭക്ഷണം ഉപേക്ഷിക്കുന്നതുപോലെ മനസ്സിലും ഹൃദയത്തിലും നിന്ന് തിന്മയെ ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം.
ക്ഷമിക്കുക, കരുണ കാണിക്കുക
”ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്റെ
വേരുവളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും
അശുദ്ധരായി തീരുന്നു” (ഹെബ്രാ 12:15). ”നാം ക്ഷമിക്കേണ്ടവര്‍ നമ്മുടെ ഭവനത്തില്‍ത്തന്നെ ഉണ്ടായിരിക്കാം. ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവം ഉണ്ടായാല്‍ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കണം” (കൊളോ 3:13). ”അയല്‍ക്കാരനോട് പകവെച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍നിന്ന് കരുണ പ്രതീക്ഷിക്കാമോ? തന്നെ
പ്പോലെയുള്ളവനോട് കരുണകാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?” (പ്രഭാ 28:3-4). സഹോദരങ്ങളോട് ക്ഷമിക്കുവാനും, അവരോട് രമ്യതയിലാകുവാനും നമുക്ക് കഴിയണം. ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം സഹോദര സ്‌നേഹം പ്രായോഗിക ജീവിതത്തിലാക്കണം.
പരിഹാരം അനുഷ്ഠിക്കണം
സഭാപിതാവായ വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം ഉപദേശിക്കുന്നു: ”ഒരുവന്‍ മാനസാന്തരപ്പെട്ട് തിന്മ ഉപേക്ഷിച്ചാല്‍ മാത്രം പോര വേദനയുളവാക്കുന്ന തപശ്ചര്യകളും എളിമപ്പെടലും അനുതപിക്കുന്ന ഹൃദയത്തിന്റെ ബലിയര്‍പ്പണവും ദാനധര്‍മ്മവും കൊണ്ട് അവന്‍ ദൈവത്തിലേക്ക് തിരിയണം”.
കുമ്പസാരമെന്ന കൂദാശയിലൂടെ നമുക്ക് പാപമോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കൂടുതലായ സ്വയം വിശുദ്ധീകരണത്തിനും, ഉത്തിരിപ്പു കടത്തില്‍നിന്നുള്ള മോചനത്തിനും വേണ്ടി നാം പരിഹാരകൃത്യങ്ങള്‍ ചെയ്യണം.
”ഒരു മനുഷ്യന്‍ എത്രകണ്ട് വിശുദ്ധനായാലും ശരി, കുറച്ചുപോരായ്മകള്‍ എപ്പോഴും
ബാക്കി ഉണ്ടാകും. ദൈവത്തിന്റെ നന്മ എത്രയോ വലുതാണെന്നു മനസ്സിലാക്കുവാന്‍
അതു സഹായിക്കുന്നു. പുണ്യാത്മാക്കളെപ്പോലെ അവയെക്കുറിച്ച് അനുതപിക്കാനും;
പരിഹാരം അനുഷ്ഠിക്കാനും കഴിഞ്ഞാല്‍ നാമും അനുഗ്രഹീതരാകും” (വി.ഫ്രാന്‍
സിസ് സാലസ്). നോമ്പുകാലത്ത് പരിഹാരവും പരിത്യാഗവും സഭ നിര്‍ദ്ദേശിക്കുന്നു. കുരിശിന്റെ വഴി, ജാഗരണപ്രാര്‍ത്ഥന, ത്യാഗത്തോടെയുള്ള പ്രാര്‍ത്ഥന, ലളിതജീവിതം ഇവയെല്ലാം ജീവിതത്തോട് ചേര്‍ത്തുവച്ച് വിശുദ്ധിയില്‍ വളരാന്‍ നാം പരിശ്രമിക്കണം. നാം ത്യാഗാരൂപിയില്‍ ജീവിക്കുകയും, നമ്മുടെ കുട്ടികളെക്കൂടി അത് ശീലിപ്പിക്കുകയും ചെയ്യണം. അവര്‍ക്കു ചെയ്യാന്‍പറ്റുന്ന പരിത്യാഗങ്ങള്‍ പറഞ്ഞുകൊടുക്കണം. വെറുതേ ചെയ്താല്‍പോരാ, അവയെല്ലാം നല്ല നിയോഗത്തോടെ ചെയ്യണം. ഉദാ. സ്വയം വിശുദ്ധീകരണത്തിനായുള്ള പ്രാര്‍ത്ഥന,
സുകൃതജപം – കുര്‍ബാനയും കുമ്പസാരവും ഇല്ലാത്തവരുടെ മാനസാന്തരം – രോഗികളുടെ സൗഖ്യം – ശുദ്ധീകരണാത്മാക്കളുടെ മോചനം, എന്നിങ്ങനെയുള്ള നിയോഗങ്ങള്‍ വച്ച് അവ ചെയ്യാന്‍ പഠിപ്പിക്കണം. വിശുദ്ധ കുര്‍ബാന അനുദിന ജീവിതത്തിന്റെ ശക്തികേന്ദ്രമാകണം. ”നമ്മുടെ ദര്‍ശനം വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ഉരുത്തിരിയണം. വിശുദ്ധ കുര്‍ബാന നമ്മുടെ ജീവിത ദര്‍ശനത്തെ ശക്തിപ്പെടുത്തും (ഇരണേവൂസ്). സാധിക്കുന്ന എല്ലാദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരണം. അങ്ങനെ യഥാര്‍ത്ഥമായ പ്രാര്‍ത്ഥനാ ചൈതന്യവും സഹോദര സ്‌നേഹവും, ആത്മപരിത്യാഗവും പുലര്‍ത്തിക്കൊണ്ട് ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമുക്കു പരിശ്രമിക്കാം. വിശുദ്ധ കുരിശിനാല്‍ ലോകത്തെ വീണ്ടെടുത്ത ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.