മാതൃസഭയ്ക്കുവേണ്ടി ഒരു ജീവിതം

റവ. ഫാ. ജോസഫ് പനക്കേഴം

ആമുഖം
മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് വര്‍ഷങ്ങള്‍ക്കു
മുമ്പ് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന് എഡിറ്റര്‍ നല്കിയ തലക്കെട്ട് ‘ജീവിതം മാതൃ
സഭയോടൊത്ത്’ എന്നായിരുന്നു. ഇപ്പോള്‍, പിതാവിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി നിറവില്‍, പതിറ്റാണ്ടുകള്‍ പിന്നിട്ട ധന്യമായ സഭാശുശ്രൂഷയെയും പിതാവിന്റെ പ്രബോധനങ്ങളെയും ജീവിതത്തെത്തന്നെയും സംഗ്രഹിച്ചവതരിപ്പിക്കാന്‍ ഇതിലും മെച്ചപ്പെട്ട മറ്റു വാക്കുകളൊന്നുമില്ലെന്ന്
തോന്നുന്നു. പിതാവിന്റെ ജീവിതം സഭയില്‍, സഭയോടൊത്ത്, സഭയ്ക്കുവേണ്ടി സമര്‍പ്പിച്ച ഒന്നായിരുന്നുവെന്ന് ആരും സമ്മതിക്കും. താന്‍ എന്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചുവോ ആ സഭയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ശുശ്രൂഷാമണ്ഡലങ്ങളെ പശ്ചാത്തലമാക്കി നോക്കിക്കാണുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
നവപുരോഹിതനും പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന പുത്തന്‍
ചുവടുവയ്പുകളും
ദൈവം തന്റെ പദ്ധതിയുടെ ഭാഗമായി കാലാകാലങ്ങളില്‍ ദൗത്യ
വാഹകരായി പലരേയും വിളിക്കുന്നതായി നാം കാണുന്നു.
മോശയും ജോഷ്വായും ശ്ലീഹന്മാരുമൊക്കെ ഇപ്രകാരം വിളിക്കപ്പെട്ട
വരാണ്. 16 -ാം നൂറ്റാണ്ടില്‍ പാശ്ചാത്യ ആധിപത്യത്തില്‍ വ്യക്തിത്വം
നഷ്ടപ്പെട്ട മാര്‍ത്തോമ്മാനസ്രാണി സഭയുടെ വിമോചനത്തിനും
വീണ്ടെടുപ്പിനും വേണ്ടി ദൈവം അനേകരെ നിയോഗിച്ചു. അവരില്‍
ശ്രദ്ധേയരായിരുന്നു പറമ്പില്‍ ചാണ്ടി മെത്രാനും ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും
നിധീരിക്കല്‍ മാണിക്കത്തനാരുമൊക്കെ. പുത്തന്‍ കാലഘട്ടത്തില്‍ നസ്രാണി സഭാവ്യക്തിത്വത്തിന്റെ പ്രവാചകനായിരുന്നു ഫാ. പ്ലാസിഡ് ജെ. പൊടി
പാറ. പ്ലാസിഡച്ചനില്‍നിന്നും നസ്രാണി സഭാവ്യക്തിത്വത്തിന്റെ വീണ്ടെടു
പ്പിന്റെ മഹാദൗത്യം ഏറ്റുവാങ്ങിയ മഹാനായ വ്യക്തിയാണ് 1962 ല്‍
പുരോഹിതാഭിഷിക്തനായ ഫാ. ജോസഫ് പവ്വത്തില്‍.
മാതൃസഭയുടെയും ആഗോള സഭയുടെയും ചരിത്രത്തില്‍ ശുഭ സൂചനകള്‍ ഉയര്‍ന്ന കാലഘട്ടത്തിലാണ് പവ്വത്തിലച്ചന്‍ രംഗ പ്രവേശനം ചെയ്യുന്നത്. ഉദിച്ചുയരുന്ന ഒരു പ്രഭാതം പോലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചത് പവ്വത്തിലച്ചന്‍ തിരുപ്പട്ടം സ്വീകരിച്ച് എട്ടു ദിവസങ്ങള്‍ക്കുശേഷം 1962 ഒക്‌ടോബര്‍ 11 നാണ്.
സീറോമലബാര്‍ സഭാചരിത്രത്തിലെ രജതരേഖകളായ പുനരുദ്ധരിക്കപ്പെട്ട
കുര്‍ബാനക്രമം നടപ്പിലാക്കപ്പെട്ടതും സീറോമലബാര്‍ സഭയ്ക്കുവേണ്ടി വടവാതൂര്‍ സെമിനാരി പ്രവര്‍ത്തനം ആരംഭിച്ചതും 1962 ജൂലൈ 3 നായിരുന്നു. സീറോമലബാര്‍ സഭയ്ക്കും സാര്‍വ്വത്രിക സഭയ്ക്കും ശുഭസൂചനകളായിരുന്നു ഇതെല്ലാം.
പിന്നാക്കം പോകുന്ന മലബാര്‍സഭ
മുകളില്‍ പറഞ്ഞ ശുഭസൂചകങ്ങള്‍ക്കൊപ്പം പിന്നാക്കം പൊയ്‌ക്കൊണ്ടിരുന്ന മാതൃസഭയെയാണ് പവ്വത്തിലച്ചന് കാണാന്‍ കഴിഞ്ഞത്. പുനരുദ്ധാരണ ചരിത്രത്തിലെ
ഒരു നാഴികക്കല്ലായിരുന്നു 1962 ലെ കുര്‍ബാന ടെക്‌സ്റ്റെങ്കില്‍ 1968 ല്‍ നടപ്പിലാക്കിയ ടെക്സ്റ്റിലൂടെ സഭ വീണ്ടും പിന്നാക്കം പോകാന്‍ തുടങ്ങി.
പരീക്ഷണാര്‍ത്ഥം അനുവദിച്ച 1968 ലെ ടെക്സ്റ്റ് 18 കൊല്ലം ഇവിടെ നിലവിലിരുന്നു എന്നത് സീറോമലബാര്‍ സഭയുടെ തളര്‍ച്ചയുടെ തെളിവായി ചൂണ്ടിക്കാട്ടാന്‍ സാധിക്കും. വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചം സഭാമണ്ഡലങ്ങളെ പ്രകാശിപ്പിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ നമ്മുടെ സഭയിലെ സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. ലത്തീന്‍ ക്രമങ്ങളോട് താല്പര്യം പുലര്‍ത്തുന്ന മെത്രാന്മാരും വൈദികരും ലത്തീനേത് സുറിയാനിയേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ദൈവജനവും ദേശീയ തലത്തില്‍ ഏക റീത്തുവാദവും നമ്മുടെ സഭയില്‍ ഭാരതീയപൂജാഭ്രമവും സഭാമണ്ഡലത്തെ കാര്‍മേഘമുഖരിതമാക്കി.
വൈദികനായിരിക്കെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി (CLC) അംഗമെന്ന നിലയിലും
1972 ല്‍ മെത്രാനായതു മുതല്‍ സീറോമലബാര്‍ മെത്രാന്‍ സംഘാംഗ (SMBC) മെന്ന നിലയിലും സീറോമലബാര്‍ സഭയിലെ മെത്രാന്മാരും ലിറ്റര്‍ജി കമ്മിറ്റിയംഗങ്ങളും
സഭയേയും ദൈവാരാധനയേയും സംബന്ധിച്ച് ഏതു ദിശയില്‍ ചിന്തിക്കുന്നുവെന്ന് മാര്‍ പവ്വത്തില്‍ തിരിച്ചറിഞ്ഞു. ആശാവഹമായിരുന്നില്ല ഈ തിരിച്ചറിവ്. സ്വന്തം സഭയുടെ വ്യക്തിത്വവും ആരാധനക്രമ സഭാത്മകപാരമ്പര്യങ്ങളും വീണ്ടെടുക്കുവാന്‍ ഒഴുക്കിനെതിരെ നീങ്ങേണ്ട ആവശ്യകത പിതാവ്
അങ്ങനെ മനസ്സിലാക്കി.
വത്തിക്കാന്‍ കൗണ്‍സിലും
വിമോചനവഴിയും
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സന്ദേശം ദൈവജനത്തെ പഠിപ്പിക്കുവാന്‍ അഭിവന്ദ്യ കാവുകാട്ടു പിതാവ് നിയോഗിച്ചവരില്‍ പ്രമുഖന്‍ ഫാ. പവ്വത്തിലായിരുന്നു.
പവ്വത്തിലച്ചന്‍ ഏറെ വായിച്ചതും പഠിച്ചതും കൗണ്‍സില്‍ വിഷയങ്ങളായിരുന്നു. കൗണ്‍സിലിന്റെ സഭാവിജ്ഞാനീയം അതിന്റെ സമഗ്രതയില്‍ സ്വാംശീകരിച്ച ആളായിരുന്നു പിതാവ്. ഇത് പിതാവിന്റെ പില്‍ക്കാല രചനകളും പ്രഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ട്. മാതൃസഭയുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അദ്ദേഹം കണ്ടെത്തിയത് കൗണ്‍സില്‍ പ്രമാണരേഖകളിലാണ്.
സീറോമലബാര്‍ സഭയുടെ ന്യായമായ അവകാശങ്ങള്‍
സഭ, സഭകളുടെ കൂട്ടായ്മ എന്ന കൗണ്‍സില്‍ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സീറോ
മലബാര്‍സഭ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കേണ്ടിയിരുന്നു. ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം,
ശിക്ഷണക്രമം എന്നിങ്ങനെ ഒരു സഭയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന എല്ലാ ഘടകങ്ങളിലും കലര്‍പ്പില്ലാത്ത തനത് വ്യക്തിത്വം നേടുക നമ്മുടെ അവകാശമായിരുന്നു. ഒരു വൈദികനെന്ന നിലയിലും മെത്രാനെന്ന നിലയിലും വിവിധ സഭാവേദികളില്‍ അദ്ദേഹം ഇതിനുവേണ്ടി ശക്തമായ നിലപാടുകള്‍
സ്വീകരിച്ചു. തന്റെ സഭയുടെ ആവശ്യങ്ങളും അവകാശങ്ങളും സഭാമണ്ഡലങ്ങളില്‍ അദ്ദേഹം തുടരെ തുടരെ അറിയിച്ചുകൊണ്ടിരുന്നു. സ്വന്തം സഭയ്ക്കുള്ളില്‍നിന്നും പുറത്തുനിന്നും എതിര്‍പ്പുകളുണ്ടായി. ആദ്യഘട്ടങ്ങളിലൊക്കെ പിതാവിന്റെ നിലപാടുകളുടെ ന്യായവും യുക്തിയും പലര്‍ക്കും തിരിച്ചറി
യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പില്ക്കാലത്ത് പിതാവിന്റെ നിലപാടുകളെ അവരൊക്കെ ശരിവച്ചു. സീറോമലബാര്‍ സഭ ഒരു പേട്രിയാര്‍ക്കല്‍ സഭയാകണം, ഭാരതം മുഴുവന്‍ സഭയ്ക്ക് അജപാലനാധികാരം ലഭിക്കണം, കുടിയേറ്റക്കാരായ സഭാമക്കള്‍ക്കുവേണ്ടി ഭാരതത്തിലും വിദേശങ്ങളിലും രൂപതകള്‍ ഉണ്ടാകണം, സീറോമലബാര്‍ സഭയുടെ നവീകരണത്തിന്റെ ആദ്യപടിയായി ആരാധനക്രമ പുനരുദ്ധാരണം പൂര്‍ണ്ണമായി നടക്കണം, മതബോധനവും വൈദികപരിശീലനവും മാതൃസഭയുടെ ചൈതന്യത്തിലാകണം എന്നിങ്ങനെ സ്വന്തം സഭയുടെ അവകാശങ്ങളും ആവശ്യങ്ങളും എണ്ണിയെണ്ണിപ്പറയാനും ആ ദിശയില്‍
സഭാപ്രവര്‍ത്തനങ്ങള്‍ നടത്താനും പിതാവെന്നും ബദ്ധശ്രദ്ധനായിരുന്നു. മെത്രാനായ കാലം മുതല്‍ സ്വന്തം സഭയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ദേശീയ സെമിനാറുകളിലും സി. ബി. സി. ഐ സമ്മേളനങ്ങളിലും റോമന്‍ സിനഡുകളിലും പിതാവ് ശക്തമായി വാദിച്ചു. പിതാവ് ഉയര്‍ത്തിയ വിഷയങ്ങള്‍ മാര്‍പാപ്പമാര്‍ ശ്രദ്ധിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്തു.
വ്യക്തിത്വം വീണ്ടെടുക്കാനുള്ള തനതു പരിശ്രമങ്ങള്‍
സഹായമെത്രാന്‍, രൂപതാദ്ധ്യക്ഷന്‍, അതിരൂപതാദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പവ്വത്തില്‍ പിതാവ് നേതൃത്വം നല്‍കി നടപ്പിലാക്കിയ എല്ലാ അജപാലനപദ്ധതികളിലും ആത്യന്തിക ലക്ഷ്യമായി പിതാവു കണ്ടത് മാത്യസഭയുടെ വ്യക്തിത്വവീണ്ടെടുപ്പാണ്. ഇതില്‍ ബോധവത്കരണ പരിശ്രമങ്ങള്‍ക്ക് പിതാവെന്നും മുന്‍തൂക്കം നല്കിയിരുന്നു. വൈദികരും സമര്‍പ്പിതരും അല്മായരും
സഭയെ അടുത്തറിയണമെന്നും അമ്മയെപ്പോലെ അവളെ സ്‌നേഹിക്കണമെന്നും പിതാവാഗ്രഹിച്ചു. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും പിതാവു തുടക്കം കുറിച്ച പരിശീലന പരിപാടികളും പരിശീലന കേന്ദ്രങ്ങളുമൊക്കെ
ഈ ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഇന്നും അവയെല്ലാം ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടരുന്നു. ഇതിന്റെ സദ്ഫലങ്ങള്‍ ഈ രൂപതകളില്‍ വ്യക്തമായും പ്രകടമാണെന്ന് ആരും സമ്മതിക്കും. സന്ന്യാസാര്‍ത്ഥിനികള്‍ക്കുവേണ്ടി കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച നിര്‍മ്മല, ചങ്ങനാശേരിയില്‍ ആരംഭിച്ച
അമല എന്നീ ദൈവശാസ്ത്ര പഠന കേന്ദ്രങ്ങളും ചങ്ങനാശേരിയില്‍ 1962 ല്‍ ആരംഭിച്ച മിഷനറി ഓറിയന്റേഷന്‍ സെന്ററും (MOC) മാതൃ
സഭയുടെ വ്യക്തിത്വം, ചരിത്രം, ദൈവശാസ്ത്രം എന്നിവയില്‍ കേന്ദ്രീകൃതമായ പഠനപരിപാടികളാണ് നടത്തിപോരുന്നത് . 1958 ല്‍ സ്ഥാപിതമായ അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയവും 1990 -ല്‍ പ്രവര്‍ത്തനം ആരംഭിച്ച അത്മായര്‍ക്കുവേണ്ടിയുള്ള ദൈവശാസ്ത്രപഠനകേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതനും സഭാവബോധമുള്ള ആയിരക്കണക്കിന് അത്മായരെയാണ് വാര്‍ത്തെടുത്തത്. ഈ സ്ഥാപനങ്ങളുടെയൊക്കെ ആരംഭത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സഭാത്മകമായ ലക്ഷ്യബോധം പ്രകടമായിരുന്നു.
സഭയേയും ദൈവാരാധനയേയും സംബന്ധിച്ച ബോധവത്കരണ ക്ലാസ്സുകള്‍ ഇടവകകള്‍ തോറും നടത്തപ്പെട്ടു. രൂപതാതലത്തില്‍ പഠന സെമിനാറുകള്‍ സംഘടിപ്പിക്കപ്പെട്ടു. വൈദികര്‍ക്കും വൈദികവിദ്യാര്‍ത്ഥികള്‍ക്കും
സന്ന്യസ്തര്‍ക്കും ബോധവത്കരണ പരിപാടികള്‍ നടന്നു. കതിരൊളി, ദുക്‌റാനാ സത്യദര്‍ശനം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഈ ദിശയിലുള്ള ബോധവത്കരണത്തിന് ശക്തിപകര്‍ന്നു. മതബോധനത്തിനുവേണ്ടിയുള്ള
സിനഡല്‍ കമ്മീഷന്‍ രൂപം കൊള്ളുന്നതിന് മുന്‍പു തന്നെ പവ്വത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ സഭാത്മക പരിശീലനത്തിന് സഹായകമായ പാഠാവലികള്‍ നടപ്പിലാക്കി. ആരാധനക്രമവും സഭാചരിത്രവും മുതിര്‍ന്ന ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പഠിപ്പിച്ചുപോന്നു. യുവജനങ്ങളെ സഭാവബോധവും സഭാസ്‌നേഹവുമുള്ള ഒരു തലമുറയായി രൂപപ്പെടുത്തുന്നതിനുവേണ്ടി പിതാവ് യുവദീപ്തിഎന്ന സംഘടന സഥാപിച്ചു (1972). ആശ്രമജീവിതത്തിലൂടെ മാതൃസഭയുടെ ആന്തര ചൈതന്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
മാര്‍ത്തോമ്മാ സഹോദരികള്‍ (SST) എന്ന ആശ്രമപ്രസ്ഥാനത്തിനു പിതാവു രൂപം നല്കി. ലത്തീന്‍ സ്വാധീനത്തിന്റെ ഫലമായി ദൈവാരാധനയെക്കാള്‍ ഭക്ത്യാനുഷ്ഠാനങ്ങളിലേക്ക് ദൈവജനം ആഭിമുഖ്യം പുലര്‍ത്തിയ സാഹചര്യത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ രൂപതകളില്‍ യാമപ്രാര്‍ത്ഥന പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അല്മായര്‍ പ്രഭാതനമസ്‌കാരം (സപ്രാ) മാത്രമല്ല സായാഹ്ന നമസ്‌കാരവും (റംശാ) ചൊല്ലുന്ന രീതി ഇവിടെ വ്യാപകമായി. ഭക്ത്യാനുഷ്ഠാനങ്ങള്‍ ദൈവാരാധനയുടെ ചൈതന്യത്തിനനുസരിച്ച് പുനഃക്രമീകരിക്കണമെന്ന ബോധ്യവും ദൈവജനത്തിന് നല്കി. ദൈവാലയനിര്‍മ്മാണത്തില്‍ സഭാപാരമ്പര്യമനുസരിച്ച് ദൈവാരാധനയുടെ അര്‍ത്ഥപൂര്‍ണ്ണമായ പരികര്‍മ്മത്തിന് അനുയോജ്യമായ ക്രമീകരണങ്ങള്‍
നടപ്പിലാക്കി. ദൈവാരാധനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവിധത്തില്‍ ഗാനങ്ങള്‍ ആലപിക്കുവാന്‍ ഗായകസംഘങ്ങള്‍ക്ക് പരിശീലനം നല്കി.
പവ്വത്തില്‍ പിതാവിന്റെ കാലത്തോടുകൂടി വൈദികപരിശീലന പദ്ധതിയില്‍ ഗുണപരമായ ഏറെ മാറ്റങ്ങളുണ്ടായി. വൈദികവിദ്യാര്‍ത്ഥികള്‍ അതിരൂപതാധ്യക്ഷനോട് അടുത്ത ബന്ധം പുലര്‍ത്താനും രൂപതയിലെ
എല്ലാ അജപാലനസംവിധാനങ്ങളുമായി കൂടുതല്‍ പരിചയിക്കാനും ഇടവന്നു. വൈദികരുടെയും ഒപ്പം വൈദികവിദ്യാര്‍ത്ഥികളുടെയും ഇടയില്‍ കൂട്ടായ്മ പരിപോഷിപ്പിക്കാന്‍ ഉതകുന്ന ഒത്തുചേരലുകള്‍ ഉണ്ടാകണമെന്ന്
പിതാവു നിഷ്‌കര്‍ഷിച്ചു. വൈദികപരിശീലനത്തില്‍ രൂപതാ സംവിധാനം കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. ഇതിന്റെയെല്ലാം ഫലമായി സഭാ സ്‌നേഹമുള്ളവരും രൂപതാധ്യക്ഷനോടും സഭാധികാരികളോടും കൂടുതല്‍ വിധേയത്വമുള്ളവരുമായ ഒരു വൈദികസമൂഹം ഇവിടെ രൂപപ്പെട്ടുവന്നു. സ്വന്തം താല്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും ഉപരി സഭയുടെ പൊതു തീരുമാനങ്ങളോട് എന്നും വിധേയത്വം പുലര്‍ത്താന്‍ ഇവിടുത്തെ വൈദികര്‍ക്ക് എന്നും സാധിച്ചിരുന്നു.
സഭയില്‍ നിലവിലിരുന്ന വിഭജനം സഭാസ്‌നേഹിയായ പിതാവിനെ വൃണിതഹൃദയനാക്കി. പ്രത്യേകിച്ച് പൗരസ്ത്യപാരമ്പര്യത്തില്‍പ്പെട്ട ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുടെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യം പിതാവിന്റെ ഒരു വലിയ സ്വപ്‌നമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സഭൈക്യ പരിശ്രമങ്ങളില്‍
വൈദികനായ കാലം മുതല്‍ പിതാവേറെ താല്‍പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.
തിരിഞ്ഞു നോക്കുമ്പോള്‍
പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വര്‍ഷവും മെത്രാഭിഷേകത്തിന്റെ അന്‍പതാം വര്‍ഷവും പിന്നിടുന്ന പവ്വത്തില്‍ പിതാവ് തിരിഞ്ഞുനോക്കുമ്പോള്‍ മാതൃ
സഭയെ സംബന്ധിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്കൃതമായെന്നും ഈ
വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിക്കാന്‍ ദൈവം തന്നെ അനുവദിച്ചെന്നും തിരിച്ചറിയുന്നു. സീറോമലബാര്‍ സഭ ഒരു സ്വയാധികാര സഭയായി വളര്‍ന്നിരിക്കുന്നു. ഭാരതം മുഴുവന്‍ സഭയ്ക്ക് അജപാലനാധികാരം
കൈവന്നിരിക്കുന്നു. കുടിയേറ്റക്കാര്‍ക്കുവേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും
വിദേശങ്ങളിലും രൂപതകള്‍ സ്ഥാപിതമായിരിക്കുന്നു. ആരാധനക്രമപുനരുദ്ധാരണ നീക്കങ്ങള്‍ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. വിശ്വാസപരിശീലനവും വൈദിക
പരിശീലനവും സഭയുടെ അന്തസത്തയ്ക്ക് ചേര്‍ന്നവിധം നല്കാന്‍ ഏറെക്കുറെ സാധ്യമായിരിക്കുന്നു. സര്‍വോപരി സഭയെ അറിയുകയും സ്‌നേഹിക്കുകയും സഭയോടൊത്ത് ചിന്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ ഉദയം ചെയ്തിരിക്കുന്നു. സാക്ഷാത്കാരം പൂര്‍ണ്ണമായിട്ടില്ല. സഭയെ
സംബന്ധിച്ചിടത്തോളം ഇനിയേറെ കൈവരിക്കാനുണ്ട്, മുന്നേറാനുണ്ട്. എന്നാല്‍ വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ഒരു പുരുഷായുസ്സിനു നേടാന്‍ കഴിയുന്നതിലേറെ നേട്ടങ്ങള്‍ സഭയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്നത് പവ്വത്തില്‍ പിതാവിനല്ലാതെ സീറോമലബാര്‍
സഭയിലെ മറ്റൊരു മേലദ്ധ്യക്ഷനും അവകാശപ്പെടാന്‍ കഴിയാത്ത കാര്യമാണ്. ചരിത്രം ഇതിനു സാക്ഷിയാണ്.