
ഫാ. ഡോ. തോമസ് കറുകക്കളം
ദൈവത്തിന്റെ ആത്മാവ് (Ruah YHWH) റൂഹ് എന്ന ഹീബ്രു വാക്കിനർത്ഥം,
ശ്വാസം, ആത്മാവ് (Spirit) എന്നൊക്കെയാണ്. ഇത് ദൈവത്തിന്റെ മഹത്തായ ശക്തിയെ സൂചിപ്പിക്കുന്നു (ഉൽ 8:2). കൂടാതെ ഉൽപത്തിപുസ്തകത്തിൽ Ruah
ദൈവത്തിൽ നിന്നു പുറപ്പെടുന്ന ജീവന്റെ ശ്വാസത്തേയും സൂചിപ്പിക്കുന്നു, ഈ ജീവശ്വാസമാണ് ദൈവം ആദിമാതാപിതാക്കളുടെ നാസാരന്ധ്രങ്ങളിലേക്ക്
നിശ്വസിച്ചത് (ഉൽ 2:7). അതായത് ഈ ശ്വാസമാണ് മനുഷ്യനെ ജീവനുള്ള ചലിക്കുന്ന വ്യക്തിയാക്കിത്തീർത്തത്. ദൈവത്തിന്റെ ഈ റൂഹ്, കാറ്റ്, സൃഷ്ടികർമ്മത്തിലും സന്നിഹിതമായിരുന്നു (ഉൽ 1:2). ദൈവത്തിന്റെ ഈ ശ്വാസം ആത്മാവാണ് (Spirit) സൃഷ്ടവസ്തുക്കൾക്ക് ജീവൻ നൽകുന്നത് (സങ്കി 104:29-30).
ഇത് മനുഷ്യനെ ശക്തിപ്പെടുത്തുകയും, പ്രവാചകന്മാരെ ദൈവവചനം പ്രസംഗിക്കാൻ പ്രാപ്തരാക്കുകയും ദൈവത്തിന്റെ മനസ്സ് അറിയാൻ കഴിവുനൽകുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനവും (Word) ദൈവത്തിന്റെ ജ്ഞാനവും (Wisdom) പോലെ ദൈവത്തിന്റെ ആത്മാവ് (Spirit, Ruah) ഒരു വ്യക്തിയായി ദൈവത്തിന്റെ പ്രതിരൂപമായി ബൈബിൾ അവതരിപ്പിക്കുന്നു. ദൈവം തന്റെ വാക്ക് (Word) ലൂടെയും (Ruah) ആത്മാവിലൂടെയും പ്രവർത്തിക്കുന്നു.
വാക്കിലൂടെയും (Word) ആത്മാവിലൂടെയും (Spirit) സന്നിഹിതമായ ദൈവത്തെ നാം കണ്ടു. ഇനി ദൈവത്തിന്റെ പിതൃത്വം എങ്ങനെ വെളിപ്പെടുത്തി എന്നു കാണാം. ദൈവം ഇസ്രായേലിന് തന്നെത്തന്നെ വെളിപ്പെടുത്തിയത് പിതാവായിട്ടായിരുന്നു. ഇത് രക്തബന്ധത്തിലൂടെ ഉണ്ടായ പിതൃത്വം അല്ല. ഒരു ജനത എന്ന നിലയിലാണ് അവർ ദൈവത്തെ പിതാവായി അനുഭവിച്ചത്. ഒരു പിതാവെന്നപോലെ സംരക്ഷിക്കുകയും
പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവമായി YHWH യെ ഇസ്രായേൽ ജനത അനുഭവിച്ചു. ഈ പിതൃത്വം ആവർത്തിച്ചു പറയുന്ന ദൈവത്തെ പഴയനിയമത്തിൽ ധാരാളം നമുക്കു കാണാൻ കഴിയും (പുറ 4:22).
ദൈവത്തിന്റെ പിതൃത്വത്തെ കുറിച്ചുള്ള ചിന്ത ഹോസിയ പ്രവാചകന്റെ പുസ്തകത്തിൽ ശക്തമായി കാണാൻ സാധിക്കും. ‘ഇസ്രായേൽ ശിശുവായിരുന്നപ്പോൾ ഞാൻ അവനെ സ്‌നേഹിച്ചു. ഈജിപ്തിൽനിന്നും ഞാൻ എന്റെ മകനെ വിളിച്ചു’ (ഹോസിയ 11:1) കൂടാതെ നിയമാവർത്തനം വ്യക്തമായി പറയുന്നു. ‘അവിടുത്തെ മുൻപിൽ അവർ മ്ലേച്ഛത പ്രവർത്തിച്ച് മക്കൾ അല്ലാതായി’
(നിയമ 32:5). മറ്റു പഴയനിയമ പ്രവചനഗ്രന്ഥങ്ങളിലും ദൈവത്തിന്റെ പിതൃത്വം അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നത് നമുക്ക് കാണാം. (ഏശ 63: 16; 64:8, മലാ. 2:10). ഇതിൽ നിന്നും നമുക്ക് മനസ്സിലാകും തന്റെ
സ്വന്തം ജനമായ ഇസ്രായേലിനോടുള്ള ദൈവത്തിന്റെ YHWH പിതൃത്വം കേവലം ആലങ്കാരികമായ ഒന്നല്ല മറിച്ച് യഥാർത്ഥത്തിലുള്ള ഒന്നായിരുന്നു. പഴയനിയമത്തിൽ ‘പിതാവ്’ എന്ന വിശേഷണം ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ദൈവത്തിന് മാത്രം നൽകിയ ഒന്നായിരുന്നു. എന്നാൽ പഴയനിയമത്തിൽ ദൈവത്തിന്റെ ഈ പിതൃത്വം ഭാഗികമായി മാത്രമായിരുന്നു വെളിവാക്കപ്പെട്ടത്. അതിന്റെ പൂർണ്ണതയിൽ വെളിപ്പെട്ടതാകട്ടെ പുതിയനിയമത്തിൽ തന്റെ പ്രിയപുത്രനിലൂടെ ആയിരുന്നു.
മുകളിൽ നാം കണ്ട ദൈവത്തിന്റെ വചനം (Word) ദൈവത്തിന്റെ ജ്ഞാനം (Wisdom) ദൈവത്തിന്റെ ആത്മാവ് (Ruah) എല്ലാം പിന്നീട് വെളിവാക്കപ്പെടാനിരുന്ന ത്രീത്വത്തിന്റെ പ്രതിരൂപങ്ങൾ ആയിരുന്നു എന്ന് വ്യക്തമാണ്. പഴയനിയമ ദൈവത്തെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയ ശേഷമേ നമുക്ക് പഴയനിയമത്തിൽ കാണുന്ന പരി. ത്രിത്വത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കു.
ദൈവം തന്നെക്കുറിച്ച് തന്നെ മനുഷ്യന് എത്രമാത്രം വെളിപ്പെടുത്താൻ മനസ്സ് ആകുന്നുവോ അത്രമാത്രമേ മനുഷ്യന് ദൈവത്തെ ഗ്രഹിക്കാൻ സാധിക്കൂ എന്നും ചരിത്രത്തിലൂടെ ക്രമേണയാണ് ദൈവം ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും നാം ആരംഭത്തിൽ കണ്ടുകഴിഞ്ഞു. കൂടാതെ ഒരു പ്രത്യേക കാലഘട്ടത്തിൽ ദൈവം നടത്തിയ വെളിപ്പെടുത്തലുകൾ ആ കാലഘട്ടത്തിലെ ജനതയ്ക്ക് പൂർണമായി മനസ്സിലാക്കാൻ സാധിച്ചുവെന്നും വരികയില്ല. ഉദാഹരണത്തിന് ഈശോ തന്റെ
പരസ്യജീവിതകാലത്ത് പ്രിയപ്പെട്ട ശിഷ്യന്മാരോട് പറഞ്ഞ പല കാര്യങ്ങളും അന്ന് അവർക്ക് മനസ്സിലായിരുന്നില്ല. എന്നാൽ പിന്നീട് അവ പൂർണമായി മനസ്സിലായത് അവന്റെ ഉത്ഥാനത്തിനുശേഷവും ആദിമസഭയിലും ആയിരുന്നു. നാം ഒരു സിനിമയോ നാടകമോ കാണുമ്പോൾ ആരംഭത്തിൽ കാണുകയും കേൾക്കുകയും ചെയ്ത സംഭവങ്ങളും, സംഭാഷണങ്ങളും അവയുടെ അർത്ഥവും സിനിമയുടെയോ നാടകത്തിന്റെയോ അവസാനഭാഗത്ത് മാത്രമാണ് കൂടുതൽ വ്യക്തമാവുക.
ഇതുപോലെ പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയെങ്കിലും പുതിയനിയമ കാലഘട്ടത്തിലും പുതിയ നിയമ പശ്ചാത്തലത്തിലും അവയെ നോക്കുമ്പോഴാണ് നമുക്ക് കൂടുതൽ വ്യക്തമാവുക.
ചുരുക്കത്തിൽ പഴയനിയമ വെളിപാടുകൾ പുതിയനിയമത്തിന്റെ വെളിച്ചത്തിലും പുതിയ നിയമത്തിൽ മിശിഹായിലൂടെ പൂർത്തീകരിക്കപ്പെട്ട വെളിപാടുകൾ പഴയനിയമ പശ്ചാത്തലത്തിലും മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ .
വിജാതീയരുടെ ബഹുദൈവ വിശ്വാസത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തുകയും ഏകദൈവ വിശ്വാസത്തെ എന്നും മുറുകെപ്പിടിക്കുകയും ചെയ്തവരായിരുന്നു യഹൂദർ. എങ്കിലും യഹൂദർ ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചത്, ‘എലോഹിം’ എന്ന ഹീബ്രു പദമായിരുന്നു. ഇത് ഒരു ബഹുവചന നാമമാണ്. കൂടാതെ ദൈവം തന്നോടു തന്നെ സംഭാഷണത്തിലേർപ്പെടുന്ന ഭാഗങ്ങളിൽ ‘നമുക്ക്’ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം
എന്ന് പറയുന്നു. (ഉൽ 1:26) ഇത് മാലാഖമാരെ ഉദ്ദേശിച്ചല്ല. കാരണം മാലാഖമാർ സൃഷ്ടികർമ്മത്തിൽ പങ്കെടുത്തവരല്ല. നമുക്ക് ഇറങ്ങിചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്ത വിധം ഭിന്നിപ്പിക്കാം (ഉൽ 11:7) ബഹു
വചനരൂപമാണ് ഇവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വി.ഗ്രന്ഥത്തിൽ ‘നമുക്ക്’ എന്ന് ബഹുവചനത്തിൽ പലപ്രാവശ്യം ദൈവം തന്നോടു
തന്നെ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത് കാണാൻ കഴിയും. ആദവും ഹവ്വയും പാപം ചെയ്തശേഷം ദൈവം പറഞ്ഞു: ‘മനുഷ്യനിതാ നന്മയും തിന്മയും തിരിച്ചറിഞ്ഞ്
‘നമ്മിൽ’ ഒരുവനെപ്പോലെ ആയിരിക്കുന്നു’. (ഉൽ 3:22) എശയ്യായ്ക്കുണ്ടായ ദർശനം
‘ആരെയാണ് ഞാൻ അയയ്ക്കുക ആരാണ് ‘നമുക്ക് വേണ്ടി പോവുക’ ( ഏശ 6:8;54:5)
വളരെ വ്യക്തമായി പരി. ത്രിത്വത്തിന്റെ സൂചന കാണുന്ന ഒരു പഴയനിയമ ഭാഗമാണ്. (ഏശ 48,16-17). ഇവിടെ ദൈവത്തിന്റെ വചനത്തെക്കുറിച്ചും അവിടുത്തെ ആത്മാവിനെക്കുറിച്ചും പറയുന്നു. 16-ാം വാക്യത്തിൽ പുത്രനായ ദൈവം സംസാരിക്കുന്നു. ഇപ്പോൾ ദൈവമായ കർത്താവ് (പിതാവ്) എന്നെയും
അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. 17-ാം വാക്യത്തിൽ പുത്രനെ കർത്താവ് എന്ന് വ്യക്തമായി അഭിസംബോധന ചെയ്യുന്നു. ചുരുക്കത്തിൽ ഈ രണ്ടു വാക്യങ്ങൾ 16-17 ഒരേയൊരു ദൈവമേയുള്ളൂ എന്ന വസ്തുത നിഷേധിക്കാതെ തന്നെ 3 വ്യത്യസ്ത വ്യക്തികളെക്കുറിച്ചാണ് പറയുന്നത്.
1. പഴയനിയമത്തിൽ പരി. ത്രിത്വത്തിലെ ഓരോ വ്യക്തികളെയും പ്രത്യേകമായി
പരാമർശിക്കുന്ന ഭാഗങ്ങൾ നമുക്ക് കാണാൻ സാധിക്കും. പിതാവിനെകുറിച്ച് പറയുന്നു ‘അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും അങ്ങാണ് ഞങ്ങളുടെ പിതാവ് അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്.’ (എശ 63:16) മലാക്കി പറയുന്നു. ‘നമുക്ക് എല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവം തന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്’. (മലാ 2:10)
2. പുത്രനെ കുറിച്ച് സങ്കീ 45 ൽ നാം കാണുന്നു.
‘നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനില്ക്കുന്നു. നിന്റെ ചെങ്കോൽ
നീതിയുടെ ചെങ്കോലാണ്. നീ നീതിയെ സ്‌നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു. ആകയാൽ ദൈവം നിന്റെ ദൈവം നിന്നെ മറ്റുള്ളവരിൽനിന്ന്
ഉയർത്തി ആനന്ദത്തിന്റെ തൈലം കൊണ്ട് അഭിഷേകം ചെയ്തു’ (സങ്കീ 45: 6-7) ഇത്
ഒരു മെസയാനിക സങ്കീർത്തനമാണ്. ദൈവം ദാവീദിനോട് വാഗ്ദാനം ചെയ്ത
ശാശ്വതമായ സിംഹാസനം (2 സാമു 7:13; 7:16, സങ്കീ 21:3-4; 72:5) തന്റെ പുത്ര
നായ മിശിഹായിലാണ് പൂർത്തീകരിച്ചത.്
ഇതാണ് ഈ സങ്കീർത്തനത്തിൽ നാം വായിക്കുന്നത്. വീണ്ടും പുത്രനെക്കുറിച്ച് സങ്കീ 2:6 -7 പറയുന്നു. ‘നീ എന്റെ പുത്രനാണ്. ഇന്ന് നിനക്ക് ഞാൻ ജന്മം നൽകി’ പ്രവാചകന്മാർ മിശിഹായ്ക്ക് ഉപയോഗിക്കുന്ന ദൈവിക നാമമാണിത് ‘കർത്താവാണ് നിങ്ങളുടെ നീതി’ എന്ന പേരിലായിരിക്കും അവൻ അറിയപ്പെടുക’. (ജറ 23:5-6) ‘ശക്തനായ ദൈവം, നിത്യനായ പിതാവ് സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും’ (ഏശ 9:6) മരുഭൂമിയിൽ ഇസ്രായേലിനെ നയിക്കാൻ ഇസ്രായേലിന്റെ മുൻപേ അയക്കപ്പെടുന്ന ദൈവത്തിന്റെ ദൂതനെക്കുറിച്ച് പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ഈ ദൂതൻ ദൈവത്തിന്റെ നാമം വഹിക്കുന്നവനാണ്. ഈ ദൂതൻ ലോക
രക്ഷകനായ വചനത്തെയാണ് സൂചിപ്പിക്കുന്നത്. (തുടരും)