സെമിത്തേരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സുറിയാനി ക്രിസ്ത്യാനി

കഴിഞ്ഞ ക്രിസ്മസ്, ലോകം മുഴുവന്‍ ആഘോഷത്തിമിര്‍പ്പിന്റേതായിരുന്നു. ലോകത്തില്‍ രണ്ടുവര്‍ഷത്തോളമായി ആഘോഷങ്ങള്‍ പരിമിതമായിരുന്നതിനാല്‍ കോവിഡ് മഹാമാരിക്ക് ഒരു ശമനംവന്നു എന്നു തോന്നിയ സാഹചര്യത്തില്‍ കടന്നു
വന്ന 2021 ലെ ക്രിസ്മസ് എല്ലാ ജനവിഭാഗങ്ങളും അത്യാഘോഷമാക്കി മാറ്റി. എന്നാല്‍ ലോകം മുഴുവന്‍ ആഘോഷങ്ങളുടെ കൊടുമുടികളില്‍ അഭിരമിച്ചപ്പോഴും സെമിത്തേരിയില്‍ ക്രിസ്മസ് ആഘോഷിച്ച ഒരു മനുഷ്യനുണ്ട്. അല്ലെങ്കില്‍ ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയുണ്ട്. അദ്ദേഹത്തിന്റെ പേര് മൈക്കിള്‍ ബുട്രോസ് അല്‍ജസ്‌റി എന്നാണ്. മൈക്കിള്‍, ‘ഇദ്‌ലിബ്’ എന്ന സിറിയന്‍ നഗരത്തിലെ അവസാന ക്രിസ്ത്യാനികളില്‍ ഒരാളാണ്. 90 വയസ് പ്രായമുള്ള, കാഴ്ചയും കേള്‍വിയും മങ്ങിയ അദ്ദേഹം സമീപകാലം വരെ സജീവവും ഊര്‍ജസ്വലവുമായിരുന്ന സിറിയന്‍ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന തിരുശേഷിപ്പുകളിലൊന്നാണ്. അദ്ദേഹത്തിന് പള്ളിയില്‍ പോയി ക്രിസ്മസ് ആഘോഷിക്കാന്‍ സാധിച്ചില്ല. കാരണം ഇസ്ലാമിക തീവ്രവാദികള്‍ ആ പ്രദേശം മുഴുവന്‍ പിടിച്ചെടുത്ത് ക്രിസ്ത്യന്‍ പള്ളികളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനി തന്റെ സഹക്രിസ്ത്യാനികളുമായി ഏതെങ്കിലും മരച്ചുവട്ടില്‍ ഒരുമിച്ചുകൂടി ക്രിസ്മസ് ആഘോഷിക്കാം എന്നു വിചാരിച്ചാലും നടക്കില്ല. കാരണം പത്തുവര്‍ഷത്തോളം നീണ്ട സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍
അവരെല്ലാവരും തന്നെ കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു.

2011 വരെ സിറിയയിലെ ക്രൈസ്തവരുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന ഈ
നഗരത്തില്‍ ഇപ്പോള്‍ മൈക്കിള്‍ ഉള്‍പ്പെടെ വെറും 5 പേരാണ് അവശേഷിക്കുന്നത്. അവരെല്ലാവരും തന്നെ വൃദ്ധരും രോഗികളുമാണ്. ജന്‍മനാടിനോടും മാതൃസഭയോടു
മുള്ള അഗാധസ്‌നേഹം മൂലം അവര്‍ അവിടെ തുടരുന്നു. അനാരോഗ്യം കാരണം പലര്‍ക്കും വീടിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സാധിക്കുന്നില്ല. രക്ഷപെട്ട് യൂറോപ്പിലോ അമേരിക്കയിലോ എത്തിയആരെങ്കിലുമൊക്കെ നല്‍കുന്ന ചെറിയ സഹായങ്ങള്‍ക്കൊണ്ട് അവര്‍ ജീവിച്ചുപോകുന്നു.

മുകളില്‍പറഞ്ഞ കാരണങ്ങളാല്‍ മൈക്കിള്‍, ക്രിസ്മസ് ആഘോഷിക്കാനായി
സെമിത്തേരിയിലേയ്ക്കു പോയി. എല്ലാ കല്ലറകളും വൃത്തിയാക്കി, പൂക്കള്‍വച്ചു, മെഴുകുതിരി കത്തിച്ചു. തന്റെ കയ്യിലുള്ള ചെറിയ കേക്ക് പൊടിച്ച് ഓരോ കുഴിമാടത്തിലുംവച്ച് മുട്ടുകുത്തി കുനിഞ്ഞു കിടന്ന് ‘ഹാപ്പി ക്രിസ്മസ്’ ആശംസിച്ചു. ”എന്റെ ബന്ധുക്കളും മിത്രങ്ങളും മുഴുവന്‍ ഇവിടെ ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ ഞാന്‍ മറ്റെവിടെപോയാണ് ക്രിസ്മസ് ആഘോഷിക്കേണ്ടത്?” അദ്ദേഹം
കണ്ണീരോടെ ചോദിക്കുന്നു.

ക്രിസ്തീയതയുടെ അടിവേരുകള്‍ രൂപപ്പെട്ട, ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായിരുന്ന മധ്യപൂര്‍വേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ക്രൈസ്തവ
സമൂഹം യുദ്ധങ്ങള്‍കൊണ്ടും പട്ടിണി കൊണ്ടും പീഡനങ്ങള്‍ക്കൊണ്ടും ദുരിതമനുഭവിക്കുകയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ 2019 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടങ്ങളിലെ ജനസംഖ്യയുടെ 20% ഉണ്ടായിരുന്ന ക്രിസ്ത്യാനി
കള്‍ ഇപ്പോള്‍ 4% ആയി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദശകങ്ങളില്‍ വളരെ ക്രൂരവും മനുഷ്യത്വരഹിതവുമായ അക്രമണങ്ങളും പ്രക്ഷോഭങ്ങളും ഇവിടെ അരങ്ങേറി. ഇറാക്കും സിറിയയും സമീപപ്രദേശങ്ങളും ഇസ്ലാമിക തീവ്രവാദികള്‍ കയ്യടക്കി. ക്രിസ്ത്യാനികള്‍ അവരുടെ നിഷ്ഠൂര പീഡനങ്ങള്‍ക്കിരയായി.
പള്ളികള്‍ തകര്‍ക്കപ്പെട്ടു. വി.കുര്‍ബാനയും ആരാധനയും നിരോധിക്കപ്പെട്ടു. ക്രൈസ്തവരുടെ സ്വത്തുവകകള്‍ കയ്യേറപ്പെട്ടു. കുടുംബങ്ങളില്‍ നിന്നും മാതാപിതാക്കളും മക്കളും ഭാര്യാഭര്‍ത്താക്കന്‍മാരുമെല്ലാം പരസ്പരം കണ്ടുമുട്ടാനാവാത്തവിധം ചിതറിക്കപ്പെട്ടു. അനേകര്‍ ക്രൂരനരഹത്യകള്‍ക്ക് ഇരയാക്കപ്പെട്ടു. 2022 ഫെബ്രുവരി 03 ന് ഐ എസ് ഭീകരരുടെ
തലവന്‍ അബു ഇബ്രാഹിം അല്‍ ഹഷിമി അല്‍ഖുറേഷി, അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇതേ ഇദ്‌ലിബ് നഗരത്തിലാണ്.

മൈക്കിള്‍ 1931 ല്‍ ജനിച്ചയാളാണ്. അദ്ദേഹത്തിന്റെ മനസ്സുനിറയെ നീറുന്ന ഓര്‍മ്മകളാണ്. ഒലിവുമരങ്ങളും മുന്തിരിത്തോട്ടങ്ങളും ഗോതമ്പുവയലുകളും നിറഞ്ഞ സമ്പദ് സമൃദ്ധമായ ഒരു ഇദ്‌ലിബില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. മറ്റൊരു സിറിയന്‍ നഗരമായ ആലപ്പോയിലെ ക്രൈസ്തവ
സമൂഹത്തെക്കാളും എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സജീവമായ സഭാസമൂഹങ്ങളാണ് ഇദ്‌ലിബില്‍ ഉണ്ടായിരുന്നത്. കാല്‍ഡിയന്‍, അസീറിയന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ്, ഗ്രീക് ഓര്‍ത്തഡോക്‌സ് സഭകളാണ്
ഇവിടെ ഉണ്ടായിരുന്നത്. ഈ പള്ളികള്‍ക്കെല്ലാം ആകര്‍ഷകമായ മുഖവാരങ്ങളും
ഉയര്‍ന്ന മണിമാളികകളും വര്‍ണ്ണശബളമായ ഐക്കണ്‍ ചിത്രീകരണങ്ങളും മനോഹരമായ അള്‍ത്താരകളും ഉണ്ടായിരുന്നു. ഇവിടുത്തെ ക്രൈസ്തവര്‍ സമ്പന്നരായ കര്‍ഷകരും ഉന്നത ഉദ്യോഗസ്ഥരും കച്ചവട പ്രമാണിമാരുമായിരുന്നു. രത്‌ന-സ്വര്‍ണ്ണ
വ്യാപാരികള്‍, ഭിഷഗ്വരന്‍മാര്‍, അഭിഭാഷകര്‍, വര്‍ത്തകപ്രഭുക്കള്‍ തുടങ്ങിയവര്‍ ഈ ക്രൈസ്തവ സമൂഹത്തില്‍ ധാരാളമുണ്ടായിരുന്നു. ഇസ്ലാമിക മൗലികവാദികളെ വെല്ലുവിളിച്ചുകൊണ്ട് മദ്യക്കച്ചവടം നടത്താന്‍പോലും അവര്‍ ശക്തരായിരുന്നു. ക്രിസ്മസിനും ഈസ്റ്ററിനും അവിടെ വലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. പള്ളികളില്‍ എല്ലാവര്‍ക്കും സദ്യകള്‍ നല്‍കിയിരുന്നു. വലിയ ക്രിസ്മസ് ട്രീകള്‍ ഒരുക്കിയിരുന്നു. ക്രിസ്ത്യന്‍കുട്ടികള്‍ മാത്രമല്ല മുസ്ലിംകുട്ടികളും
മുതിര്‍ന്നവരും ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ സ്വീകരിക്കാനും
എത്തിയിരുന്നു.

അല്‍-ആസാദ് കുടുംബമായിരുന്നു അമ്പതു വര്‍ഷത്തിലേറെയായി സിറിയ
ഭരിച്ചു കൊണ്ടിരുന്നത്. ഹഫീസും മകന്‍ബാഷറും പ്രസിഡണ്ടുമാരായിരുന്ന കാല
ഘട്ടത്തില്‍ അവിടെ സമാധാനം നിലനിന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് 2011 ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ്. 2015 ല്‍ ഇദ് ലിബ് നഗരം ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തു. പള്ളികളെക്കാള്‍ കൂടുതല്‍ അവര്‍ ക്രിസ്ത്യന്‍ ലൈബ്രറികളും പുരാവസ്തു ശേഖരങ്ങളും മ്യൂസിയങ്ങളുമാണ് തകര്‍ത്തത്. പള്ളികള്‍ അടച്ചുപൂട്ടി ആരാധനകള്‍ നിരോധിക്കുകയും ക്രൈസ്തവരുടെ ഭവനങ്ങളും കച്ചവടകേന്ദ്രങ്ങളും കയ്യേറുകയും ചെയ്തു. ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയോ ചിതറിക്കപ്പെട്ട് പലായനം ചെയ്യുകയോ ചെയ്തു. 2011 ല്‍ സിറിയന്‍ ജനസംഖ്യയുടെ 10% അഥവാ രണ്ടു കോടി പത്തുലക്ഷം ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഇന്ന് വെറും ഏഴുലക്ഷത്തില്‍ താഴെയാണ്. ഇറാക്കില്‍ 2003 ല്‍ പതിനഞ്ചുലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്നു. ഇന്ന് അത് അമ്പതിനായിരത്തില്‍ താഴെമാത്രമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ നമ്മള്‍ വിവരിക്കുന്ന ഇദ്‌ലിബ് നഗരത്തില്‍ 2011 ല്‍ പന്തീരായിരം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് വെറും 5 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളത്. തീവ്രവാദികള്‍ നഗരം കയ്യേറിയതിനുശേഷം ഇവര്‍ക്കാര്‍ക്കും പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. പള്ളിമണികള്‍ക്കായി കൊതിക്കുന്ന ഇവരുടെ കര്‍ണപുടങ്ങള്‍ സദാസമയവും മുഴങ്ങുന്ന ബാങ്കുവിളികള്‍ കേട്ട് തഴമ്പിച്ചുപോയിരിക്കുന്നു. എങ്കിലും മൈക്കിളും മറ്റ് നാലുപേരും ഇദ്‌ലിബ് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ജന്മനാട്ടില്‍ തന്നെ ശിഷ്ടകാലം ജീവിച്ചുമരിച്ച് തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊപ്പം അവിടുത്തെ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷേ അവരെ ആരെങ്കിലും അവിടെ സംസ്‌കരിക്കുമോ എന്ന് ഉറപ്പില്ല. ഇവരോടുകൂടി ഇദ്‌ലിബിലെ ക്രൈസ്തവ പാരമ്പര്യത്തിന് അന്ത്യമാകും. അവിടുത്തെ പള്ളികള്‍ അനാഥമാകും. അവയൊക്കെയും മറ്റോരോ ഹഗിയാസോഫിയകളായി മാറും. ദൈവപുത്രന്റെ ശരീരം വിഭജിക്കപ്പെട്ട അള്‍ത്താരകളില്‍ നിന്ന് ബാങ്കുവിളികള്‍ ഉയരും.

സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ‘Now, There’s No One: A Syrian Christian’s Shrinking World’ എന്ന ലേഖനത്തില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് എഴുതിയ ലേഖനമാണ് ഇത്. ഖുറാനിലെ മിക്ക ആയത്തുകളുടെയും അവസാനം പറയുന്ന വാചകമാണ് ‘ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്’ എന്നത്. രണ്ടായിരം വര്‍ഷത്തെ മഹനീയ പാരമ്പര്യം പേറിവന്നതും വിശ്വാസതീഷ്ണതയിലും ഭൗതിക
സമ്പന്നതയിലും പ്രശോഭിച്ചു നിന്നിരുന്നതുമായ സഭാസമൂഹങ്ങളുടെ വേരറക്കാന്‍
2011 നു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍പോലും വേണ്ടിവന്നില്ല. കേരളത്തിനും ഇതേ സമാനതകളാണ് ഉള്ളത്. ഇവിടുത്തെ സഭ തോമാശ്ലീഹായുടെ ശ്ലൈഹികപാരമ്പര്യം പുലര്‍ത്തുന്നതും രണ്ടായിരം വര്‍ഷമായി വിശ്വാസ പൈതൃകം സജീവമായി സംരക്ഷിച്ചുപോരുന്നതുമാണ്. ഈ സഭയ്‌ക്കെതിരെ ജിഹാദിശക്തികള്‍ ഇന്ന് കഠിനമായി പ്രവര്‍ത്തിക്കുന്നു. സഭയുടെ ആഭ്യന്തരവിഷയങ്ങളില്‍ അവര്‍ ഇടപെടുന്നു. പക്ഷം പിടിക്കുന്നു. മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും മറ്റും സഭയെ പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളെ ലവ്ജിഹാദില്‍ പെടുത്തുകയും ആണ്‍കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെ ചോദ്യം
ചെയ്യുന്നു. ഇങ്ങനെ നാനാവിധത്തില്‍ കേരളത്തിലെ ക്രൈസ്തവസഭയുടെ നാരായവേരറക്കുവാന്‍ നാരകീയ ശക്തികള്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. സിറിയയിലേതുപോലെ നേരിട്ട് ആക്രമിക്കാന്‍ പറ്റിയ സാഹചര്യം നിലവില്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് അവര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്.
ബോധപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഒരുമയോടെ നിലയുറപ്പിക്കുകയും ചെയ്താല്‍ നമുക്ക് നമ്മെയും നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങളെയും സംരക്ഷിക്കാം. അല്ലാത്തപക്ഷം സിറിയയിലെ ക്രൈസ്തവ സമൂഹത്തെപ്പോലെ വിലപിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ നമുക്കും വന്നുചേരാം.