ഷെവലിയർ ഐ.സി. ചാക്കോ 2

ബിനു വെളിയനാടൻ

സാഹിത്യരംഗത്തും ഐ.സി, തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ഹേക്ത്വാ മൃതോ മേ ശ്വഃ’, ‘ക്രിസ്തുസ്തവ’ എന്നീ സംസ്കൃത കാവ്യങ്ങളും ‘പാണനീയപ്രദ്യോതം’ എന്ന
വ്യാകരണഭാഷ്യവും ഐ.സി യെ അനശ്വരനാക്കിത്തീർത്തു. പാണീയപ്രദ്യോതത്തിന്
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മാർ ളൂയീസ് പഴേപറമ്പിലിന്റെ ജീവചരിത്രവും ജീവചരിത്രശാഖയ്ക്ക് ഐ.സി. നൽകിയ വലിയ സംഭാവനയാണ്. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ‘വാൽമീകിയുടെ ലോകം’. കിരാതഭരണം നടത്തിയ ദിവാൻ സി.പി. മൂലം തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ അനുഭവിക്കേണ്ടിവന്ന രാഷ്ട്രീയവനവാസത്തിന്റെ കാർക്കശ്യം ഈ കൃതിയുടെ പിന്നിൽ കാണാം. പ്രകൃതിപാഠങ്ങൾ, കത്തോലിക്ക പരിശ്രമം, കൃഷിവിഷയങ്ങൾ, ജീവിതസ്മരണകൾ, വിതണ്ഡവാദധ്വംസനം എന്നിവയാണ് ഐ.സി. യുടെ
മറ്റു പ്രധാനകൃതികൾ. മാർപാപ്പയെ വിമർശിച്ചുകൊണ്ട് കെ. എൻ. ഡാനിയേൽ എഴു
തിയ പാപ്പാധിപത്യം എന്ന ഗ്രന്ഥത്തിന് എതിരെ ഐ.സി. രചിച്ച വിതണ്ഡവാദധ്വം
സനം എന്ന കൃതി വളരെ പ്രശസ്തിയാർജിച്ചതാണ്.
ഭാഷശാസ്ത്രജ്ഞനായ ഐ.സി. അനേകം സാങ്കേതിക പദങ്ങൾക്ക് രൂപം നൽകി
മലയാളഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. കണകം (Molecule) ലായിനി (Solution) സംപാതം (Compound) ഭൂതം (Element) ഭൗതികശരീരം (Mystical Body) അദ്ധ്യയന
മണ്ഡലം എന്നിവ അവയിൽ ചിലതു മാത്രമാണ്. ഐ.സി.യുടെ വിവിധങ്ങളായ സേവനങ്ങളെ മാനിച്ച് മാർപാപ്പ ഷെവലിയർ സ്ഥാനം നൽകിയാദരിച്ചു. ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന 12 ഭാഷകളിൽ ചൊല്ലിയതിനുശേഷമാണ് ഐ.സി. എന്നും ഉറങ്ങാൻ കിടന്നിരുന്നത്. പ്രമുഖ അഭിഭാഷകനായിരുന്ന സിറിയക്ക് നിധീരിയുടെ മകൾ മേരി ആയിരുന്നു ഐ.സി.യുടെ ഭാര്യ. മേരി ചാക്കോ
പ്രഭാഷകയും സാമൂഹ്യപരിഷ്‌കരണത്തിൽ ശ്രദ്ധേയയുമായിരുന്നു. 1966 മെയ് 27ന്  91 -ാമത്തെ വയസിൽ അദ്ദേഹം നിര്യാതനായി. അനന്യസാധാരണമായ മേധാശക്തിയും അതുല്യമായ പാണ്ഡിത്യവും ഐ.സി.യുടെ പ്രത്യേകതകളായിരുന്നു.
ഐ.സി. ചാക്കോയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു ദീപിക എഴുതിയ മുഖപ്രസംഗത്തിലെ ചില വാചകങ്ങൾ:
‘പണ്ഡിതന്മാരുടെ പണ്ഡിതനും നേതാക്കന്മാരുടെ നേതാവും സമുദായത്തിന്റെ
ബുദ്ധിനിക്ഷേപവുമായിരുന്ന ഷെവലിയർ ഐ.സി. ചാക്കോയെപ്പോലെ നാനാവിധ
സിദ്ധികളാൽ അനുഗൃഹീതരായ മഹാപുരുഷന്മാർ എതു സമുദായത്തിലും അപൂർവ്വ
മായേ ഉണ്ടാവാറൂള്ളു. ഈ നൂറ്റാണ്ടിൽ വിജ്ഞാനത്തിന്റെയും നേതൃത്വത്തിന്റെയും
യാതൊരു മണ്ഡലത്തിലും ഐ.സി. തന്റെ വ്യക്തിമുദ്ര പതിപ്പിക്കാതിരുന്നിട്ടില്ല. ബഹു ഭാഷാപണ്ഡിതൻ, സാഹിത്യനിരൂപകൻ, വൈയാകരണൻ, ചരിത്രകാരൻ, തത്ത്വജ്ഞാനി, ശാസ്ത്രജ്ഞൻ, സമുദായസ്‌നേഹി, ഉല്പതിഷ്ണു എന്നീ നിലകളിലെല്ലാം നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന വൈദഗ്ധ്യമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്…. തിരുവിതാംകൂറിലെ രാഷ്്രടീയവും സാംസ്‌കാരികവുമായ മിക്ക സംരംഭങ്ങളുടെയും സൂത്രധാരനായിരുന്നു. ഐ.സി. ഐ.സി.-ഡാനിയേൽ കേസിലും മറ്റും സഭയുടെ നിർഭയനായ കാവൽഭടനായി രംഗപ്രവേശനം ചെയ്ത ശ്രീ ഐ.സി.യുടെ അശനിപാതതുല്യമായ വാദശരങ്ങൾ എതിരാളികളെ നിലംപൊത്തിച്ചു… ഐ.സി.ക്കു തുല്യമായി ഐ.സി മാത്രമേ ഉണ്ടായിരുന്നുള്ളു.’
കേരളത്തിലെ വൈജ്ഞാനികമേഖലയ്ക്കും സാംസ്‌കാരികമണ്ഡലത്തിനും നിസ്തുല സംഭാവനകളർപ്പിച്ച മഹാപുരുഷനായ ഐ.സി ചാക്കോയുടെ സ്മരണ സജീവമായി നിലനിർത്തുവാൻ ചങ്ങനാശേരി അതിരൂപത ഐ.സി. ചാക്കോ സാഹിത്യ അവാർഡ്
ഏർപ്പെടുത്തിയിരിക്കുന്നു. ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അട
ങ്ങുന്നതാണ് അവാർഡ്.