കോവിഡുകാലവും സാങ്കല്പിക സുഖലോകത്തിലെ ചതിക്കുഴികളും

ഏതാനും മാസങ്ങൾക്ക് മുമ്പ് ‘THE WEEK’ എന്ന ഇംഗ്ലീഷ് മാഗസിനിൽ കോവിഡ് കാലത്ത് ‘സാങ്കല്പിക സുഖം’ എന്ന തലക്കെട്ടിൽ പോണോഗ്രഫിയെക്കുറിച്ച് ഏതാനും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് ആളുകൾ എങ്ങനെ അവരുടെ ആകുലതകളും ആശങ്കകളും മറികടക്കുന്നു എന്ന് അന്വേഷിച്ചപ്പോഴാണ് ധാരാളം പേർ പോണോഗ്രഫിയിലാണ് അഭയം തേടുന്നത് എന്ന് സന്യവിരാനി തിരിച്ചറിഞ്ഞത്. അതിനെ തുടർന്നാണ് അമേരിക്കയിൽ പഠനം നടത്തുന്ന സന്യവിരാനിയും കുട്ടരും ഈ വിഷയത്തെ കുറിച്ച് കൂടുതൽ പഠനം നടത്തിയതും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതും. പല രാജ്യങ്ങളിലേയും ലോക്ക്ഡൗൺ സമയത്ത് ഇന്റർനെറ്റ് പോണോഗ്രഫിയുടെ ഉപയോഗത്തിന്റെ കണക്കെടുത്തപ്പോൾ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പോണോഗ്രഫിയുടെ ഉപയോഗം കൂടിയ രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്ത് ഇന്ത്യയുണ്ട്. മറ്റൊന്നും ചെയ്യാനില്ലാതെ
വീട്ടിൽ വെറുതേ ഇരിക്കേണ്ടി വരുന്ന സ്വകാര്യസമയങ്ങളിൽ പോണോഗ്രഫി മാത്രം
ശരണം എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 2020 ആഗസ്റ്റ് 28 ന് online meeting ന്റെജഹമളേീൃാ ആയ Zoom ഏതാനും മണിക്കൂർ സാങ്കേതികതകരാർ മൂലം പ്രവർത്തിക്കാതായപ്പോൾ ലോകം മുഴുവൻ ആ സമയത്ത് 6.8 ശതമാനം പോണോഗ്രഫി ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റാരും കാണുകയില്ലാത്ത, അത്യാവശ്യമായി ഒന്നും ചെയ്യാനില്ലാത്ത, അവസരത്തിൽ ഫോണും കമ്പ്യുട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ പോണോഗ്രഫി ഉറപ്പാണെന്ന സാഹചര്യമാണ് ഇതു സൂചിപ്പിക്കുന്നത്. കോവിഡുകാലത്തെ സാമൂഹികമായ ഒറ്റപ്പെടലും അതുമൂലമുണ്ടായ വിഷാദവും ആകുലതയുമൊക്കെയാണ് ഇന്ത്യയിലും പോണോഗ്രഫിയുടെ അമിത ഉപയോഗത്തിന് കാരണം. ലോകത്തിലെ ഏറ്റവും ജനപ്രിയ അശ്ലീലസൈറ്റായ പോൺഹബ്ബിന്റെ ഡയറക്ടർ ജാക്സൺ പറയുന്നത്, 2020 മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഏതാണ്ട് 90 ശതമാനം വർദ്ധനവാണ് ഇന്ത്യയിൽ പോണോഗ്രഫി ഉപയോഗത്തിൽ ഉണ്ടായതെന്നാണ്. ഉപയോഗത്തിൽ വർദ്ധനവുണ്ടാകുന്നതിന്റെ അർത്ഥം പോൺ സൈറ്റുകളുടെയും വീഡിയോകളുടെയും നിർമ്മാണത്തിലും വർദ്ധനവ് ഉണ്ടാകുന്നു എന്നതാണ്. പോണോഗ്രഫിയുടെ നിർമ്മാണത്തിലും ഉപയോഗത്തിലും വർദ്ധനവ്
ഉണ്ടായാൽ സ്വാഭാവികമായും അതു കാണുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും വർദ്ധിക്കും എന്ന് ഉറപ്പാണ്.
ഇരകളാക്കപ്പെടുന്നവർ
പോണോഗ്രഫിയുടെ ഏറ്റവും പ്രധാനപ്പെട്ട ഇരകൾ സ്ത്രീകൾ തന്നെയാണ്. പോൺ
ചിത്രങ്ങൾ നിർമ്മിക്കപ്പെടുമ്പോഴും ആസ്വദിക്കുമ്പോഴും സ്ത്രീയുടെ വ്യക്തിത്വവും ശരീരവുമാണ് ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നത്. പോണോഗ്രഫിയുടെ നിർമ്മാണത്തിലും ഉപയോഗത്തിലും ലാഭക്കൊതിയുടെയും സ്വാർത്ഥസുഖത്തിന്റെയും കഴുകൻ കണ്ണുകളാണ് ദർശിക്കാനാവുന്നത്. മനുഷ്യശരീരത്തെയും ലൈംഗികതയെയും സുഖം കിട്ടാനും സുഖം നല്കാനുമുള്ള വെറും ഉപകരണങ്ങളായി ചുരുക്കുകയാണ് ഇവിടെ ചെയ്യുന്നത്. മറ്റുള്ളവർക്ക് എന്തു സംഭവിക്കുന്നു എന്ന ചിന്തയില്ലാതെ എനിക്ക് എന്ത് കിട്ടുന്നു എന്നു മാത്രം ചിന്തിക്കുന്ന വ്യക്തികേന്ദ്രീകൃതവാദവും ഏതു മാർഗ്ഗത്തിലൂടെയും എനിക്ക് സുഖവും സന്തോഷവും കിട്ടണം എന്ന സുഖഭോഗവാദവും എല്ലാം
എനിക്കു പ്രയോജനത്തിനും ഉപയോഗിക്കാനുമാവണം എന്ന പ്രയോജനവാദവും
പോണോഗ്രഫിയുടെ അമിത ഉപയോഗത്തിലേക്ക് നയിക്കുന്ന ഈ കാലഘട്ടത്തിലെ ചിന്താരീതികളാണ്. പോണോഗ്രഫിയുടെ മറ്റൊരു പ്രധാനപ്പെട്ട ഇരകൾ കുട്ടികളാണ്. കോവിഡുകാലത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന വീഡിയോകളുടെ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ദുരുപയോഗിക്കുന്ന ചിത്രങ്ങൾ കോവിഡ് കാലത്ത് ഇന്റർനെറ്റിൽ (dark web ൽ) 150 ശതമാനവും സാമൂഹ്യമാധ്യമങ്ങളിൽ 300 ശതമാനവും വർധിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 സെപ്റ്റംബറിനും 2020 ജനുവരിക്കും ഇടയ്ക്ക് 25,000 ത്തിലധികം കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. കുട്ടികൾ ഉൾപ്പെടുന്ന അശ്ലീലചിത്രങ്ങൾ ആസ്വദിക്കുന്നവരുടെ എണ്ണത്തിൽ കോവിഡുകാലത്ത് 50 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു ഞെട്ടിക്കുന്ന കണക്ക് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നവരിൽ 55 മുതൽ 85 ശതമാനം
ആളുകളും കുട്ടികളെ പല രീതിയിൽ ഇതിനോടകം ദുരൂപയോഗിച്ചിട്ടുണ്ടെന്നതാണ്.
ഇങ്ങനെ ദുരുപയോഗിക്കപ്പെടുന്ന കുട്ടികളിൽ 80 ശതമാനത്തിലധികവും മുൻപരിചയമുള്ളവരാലും ബന്ധുക്കളാലും മുമ്പ് ദുരുപയോഗിക്കപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. പോക്‌സോ നിയമം നിലവിൽ വന്നതിനുശേഷം ഓരോ വർഷം കഴിയുന്തോറും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ
എണ്ണം കൂടുന്നു. അഞ്ചുവർഷത്തിനിടെ പതിനായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ ഭാവിയെക്കരുതിയും മാനഹാനി ഭയന്നും രജിസ്റ്റർ ചെയ്യുന്ന പീഡന സംഭവങ്ങൾ ഇതിന്റെ പതിന്മടങ്ങു വരുമെന്നാണ് പോലീസ് അധികാരികൾ തന്നെ പറയുന്നത്. മുതിർന്നവരും മധ്യവയസ്‌ക്കരും എന്നതിനേക്കാൾ യുവാക്കളും ചെറുപ്പക്കാരും കുട്ടികളെ ദുരുപയോഗിക്കുന്നവരായി മാറുന്നു എന്നത് ഈ കാലഘട്ടത്തിൽ പോണോഗ്രഫിയുടെ ശക്തമായ സ്വാധീനം തന്നെയാണ് സൂചിപ്പിക്കുന്നത്.
പ്രതിരോധവും ജാഗ്രതയുമാണ്
ആവശ്യം
ഇന്റർനെറ്റ് മനുഷ്യന്റെ അറിവിന്റെയും, ആശയവിനിമയത്തിന്റെയും, വിനോദത്തിന്റെയും, തൊഴിലിന്റെയും അവസരങ്ങളുടെയും എല്ലാ പരിമിതികളും മാറ്റി വലിയ സാധ്യതകളാണ് തുറന്നു വച്ചിരിക്കുന്നത്. ലോകം മുഴുവനും മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യവും ആശയവിനിമയവും ഇന്റർനെറ്റിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഈ സാധ്യതകളെല്ലാം ദുരുപയോഗിക്കുന്നവർക്കും മറ്റു ക്രിമിനലുകൾക്കും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർക്കും അതിനുള്ള ധാരാളം അവസരങ്ങളാണ് സാങ്കല്പിക ലോകം തുറന്നുവച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും അന്തസ്സിനെ തകർക്കുന്ന പോണോഗ്രഫി എന്ന ഈ സാങ്കല്പിക സുഖലോകത്തിലൂടെ ഉണ്ടാകുന്ന വിപത്തിനെതിരെ ശരിയായ അറിവും ജാഗ്രതയും അതിനെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണവും ഏറ്റവും അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളും കുട്ടികളെ ദുരുപയോഗിക്കലും എല്ലാം ഇന്നൊരു വാർത്തയല്ലാതായിരിക്കുന്നു. ഇതെല്ലാം നടന്നതിനു ശേഷം കുറ്റവാളികളെ കണ്ടെത്താനും ശിക്ഷിക്കാനും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടെങ്കിലും കുറ്റകൃത്യം നടക്കാതിരിക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കില്ല. അതിന് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതിന് കാരണമാകുന്ന അതിന് മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന പ്രധാന വില്ലൻ പോണോഗ്രഫി തന്നെയാണ്. അതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാത്തിടത്തോളം കാലം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കും. നമ്മുടെ പ്രിയപ്പെട്ട സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെട്ടുകൊണ്ടുമിരിക്കും.
ഒരു തവളയെ ചൂടുവെള്ളത്തിലേക്കിട്ടാൽ അത് ചാടി തെറിക്കും, എന്നാൽ തണുത്ത വെള്ളത്തിലിട്ട് പതിയെ ചൂടാക്കിയാൽ ഒന്നും പ്രതികരിക്കാതെ ചൂട് കൂടുന്നതറിയാതെ അതിനകത്തു കിടന്ന് അത് ചാകും. അതുപോലെ കോവിഡുകാലത്ത് പോണോഗ്രഫിയുടെ ചൂടുകൂടി പതിയെപതിയെ നമ്മുടെ
ധാർമ്മികതയും ആത്മീയതയും ശുദ്ധതയും നിഷ്‌കളങ്കതയും മരിക്കുന്നത് നമ്മൾ അറിയുന്നില്ല. പ്രതികരിക്കാൻ പോലും അറിയാതെ അതിന്റെ അപകടം തിരിച്ചറിയാതെപോണോഗ്രഫിയുടെ ചൂട് കൂടുന്നതറിയാതെ ചെറുസുഖത്തിൽ നാം രമിച്ചിരിക്കുമ്പോൾ വരാനിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല. നമ്മുടെ അന്തസ്സും ബന്ധങ്ങളും പ്രിയപ്പെട്ടവരുടെ ജീവിതങ്ങളും പോണോഗ്രഫിയുടെ അമിതമായ ചൂടിൽ വെന്ത് നശിക്കാതിരിക്കാൻ അപകടം തിരിച്ചറിഞ്ഞ് അതിൽ നിന്ന്
ചാടി പുറത്തുവരാൻ ഇടയാകട്ടെ. ബോധവത്ക്കരണവും തിരിച്ചറിവുകളും ഉണ്ടാകട്ടെ.