പകല്‍അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Diat

ഭാഗം 3
സത്യത്തിന്റെ പതനം, ധാര്‍മ്മിക അധഃപതനവും മോശം രാഷ്ട്രീയശീലങ്ങളും (The Fall of Truth, Moral Decadence and Bad Political Habits)
8. വിദ്വേഷം, പരിഹാസം, നിഷേധാത്മകത (Hatred, Ridicule and Cynicism)
സമകാലികലോകം അനുഭവിക്കുന്ന വിവിധതരത്തിലുള്ള സമഗ്രാധിപത്യത്തിന്റെ അധിനിവേശത്തെ വ്യക്തമായി ചൂണ്ടിക്കാട്ടുകയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറാ. ഭീകരമായ രാഷ്ട്രീയഭരണത്തിനും ആശയസംഹിതകള്‍ക്കും സാക്ഷ്യം വഹിച്ച നൂറ്റാണ്ടാണ് കഴിഞ്ഞുപോയത്. കമ്മ്യൂണിസവും നാസിസവുമെല്ലാം ലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞു. സര്‍വ്വാധിപത്യം (totalitarianism) മനുഷ്യനെ നശിപ്പിക്കുകയും വിശ്വാസത്തെയും സാംസ്‌കാരികമൂല്യങ്ങളെയും തച്ചുടയ്ക്കുകയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ശ്രേഷ്ഠതയെയും ചവിട്ടിമെതിക്കുകയും ചെയ്തു. മനുഷ്യനെ നവീകരിക്കുകയെന്നതായിരുന്നു
ഇവയുടെ ലക്ഷ്യമെന്നതാണ് വൈരുദ്ധ്യം. ഈ നൂറ്റാണ്ടില്‍ സമഗ്രാധിപത്യം പൂര്‍ണ്ണവും
നിരുപാധികവുമായ സ്വാതന്ത്ര്യ ത്വരയാണ് (total and absolute freedom). ഏറ്റവും തീവ്രമായ അവസ്ഥയില്‍, ഇത് ലിംഗാധിഷ്ഠിതവാദത്തിന്റെയും (gender ideology) മനുഷ്യാനന്തരവാദത്തിന്റെയും (transhumanism) രൂപത്തില്‍ കാണപ്പെടുന്നു. ഈ വിധത്തില്‍ നോക്കിയാല്‍ നാസിസം, ഫാസിസം, കമ്മ്യൂണിസം എന്നിവയ്ക്ക് ഏറ്റവും ഭീകരമായ പിന്തുടര്‍ച്ചയാണ് പുതിയ ആശയഗതികളിലൂടെ ഈ കാലഘട്ടത്തില്‍ സംഭവിച്ചിരിക്കുന്നത്. മനുഷ്യമഹത്ത്വം നിഷേധിക്കുകയും ഭ്രൂണഹത്യ, ‘കാരുണ്യ’വധം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രത്യയ
ശാസ്ത്രങ്ങളെ മാത്രമല്ല, ഭീകരതയുടെ ആധിപത്യം നടപ്പിലാക്കാന്‍ കൊല്ലുവാന്‍ മടിക്കാത്ത ഇസ്ലാമികഭീകരതയെയും ഈ നിരയിലാണ് കര്‍ദ്ദിനാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ നിരീശ്വരപ്രത്യയശാസ്ത്ര
ങ്ങള്‍ മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍, പുതിയ ആശയഗതികള്‍ മനുഷ്യപ്രകൃതിയെത്തന്നെ നിയന്ത്രിക്കുവാനോ വികലമാക്കുവാനോ ആണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യനെ ശാസ്ത്രത്തിന് അടിമയാക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ജനിതകശാസ്ത്രത്തെ (genetics) ദൈവസ്ഥാനത്തു പ്രതിഷ്ഠിച്ച് ഒരു ഉപരിവത്കൃത മനുഷ്യനെ
(augmented man) പരീക്ഷണശാലയില്‍ സൃഷ്ടിക്കുവാന്‍ ശ്രമം നടക്കുന്നു. മനുഷ്യനെ
ഒരു വസ്തുവാക്കുന്ന മനുഷ്യത്വത്തിന്റെ വാണിജ്യവത്കരണം നടക്കുമെന്ന ദുരന്തമാണ് ഇതിന്റെ പരിണിതി. ഉറവിടത്തില്‍ നിന്നും വിച്ഛേദിക്കപ്പെടുന്ന നദിയുടെ ദുരവസ്ഥയാണ് ഈ സാഹചര്യത്തിന് ഉദാഹരണം;
കുറെ സമയംകൂടി ഒഴുകും. ഒടുവില്‍ വറ്റി വരളും. യഥാര്‍ത്ഥ മാനവികതയെ സംരക്ഷിക്കുന്ന ഏകസ്വരം സഭയുടേതാണ്. മനുഷ്യന് അവന്റെ സൃഷ്ടാവിനോടുള്ള ബന്ധം സഭയ്ക്ക് അറിയാം. അതിമാനുഷികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാര്‍, സാത്താന്‍ ഗൂഢലക്ഷ്യത്തോടെ ആദത്തിലും
ഹവ്വയിലും നിക്ഷേപിച്ച, മനുഷ്യരാശിയുടെ ഏറ്റവും പഴയ സ്വപ്‌നം സാക്ഷാത്കരിക്കുവാനാണ് പരിശ്രമിക്കുന്നത് (cf. ഉല്പ 3:4-5). ഉപരിവത്കൃത മനുഷ്യനുവേണ്ടിയുള്ള പരീക്ഷണശാലകളിലെ ശ്രമങ്ങള്‍ തിന്മയുടെ ശക്തിയുടെ നിഗൂഢനീക്കമാണ് എന്നാണ് കര്‍ദ്ദിനാള്‍ സ്ഥാപിക്കുന്നത്. ഉത്തരാധുനിക
ലോകത്തില്‍ (postmodern world) നിത്യത ഒരു വാണിജ്യ വിഷയമായിരിക്കുന്നു. ശാസ്ത്ര വഴികളിലൂടെ മനുഷ്യന്‍ നിത്യത തിരയുന്നു; എന്നാല്‍ ദൈവം മാത്രമാണ് അതു നമുക്കു നല്‍കുക. അതിമാനുഷികത്വത്തിന്റെ അതിപ്രസരത്തിനെതിരെ യാതൊരു നിര്‍ദ്ദേശവും സഭയ്ക്കില്ലെങ്കില്‍, സഭ മിശിഹായെ ഒറ്റുക്കൊടുക്കുകയായിരിക്കും. ഈ കാലത്തിന്റെ ചൈതന്യത്തോട് അനുരൂപപ്പെട്ടു നീങ്ങുവാനാണ് സഭയുടെ ശ്രമമെങ്കില്‍, സഭ ദൈവത്തില്‍നിന്നും അകലുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
9. യൂറോപ്പിന്റെ പ്രതിസന്ധി (Europe’s Crisis)
യൂറോപ്പിനെ അന്ധവും അസന്തുലിതവും അഹന്തനിറഞ്ഞതും മതരഹിതവും
നിരീശ്വരവുമാക്കിത്തീര്‍ത്തത് ശാസ്ത്ര- സാങ്കേതിക വളര്‍ച്ചയും ഭൗതികവസ്തുക്കളുടെ സമൃദ്ധിയും യഥാര്‍ത്ഥ സ്വത്വബോധത്തില്‍ സംഭവിച്ച തകര്‍ച്ചയുമാണെന്ന് കര്‍ദ്ദിനാള്‍ സാറാ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികവും സൈനികവുമായ ഒരു ഭാവിയെക്കുറിച്ചു മാത്രമാണ് ഇന്ന് യൂറോപ്പ് വിഭാവനം
ചെയ്യുന്നത്. അതിന്റെ യഹൂദ-ക്രിസ്ത്യന്‍ വേരുകള്‍ വിസ്മൃതമായിരിക്കുന്നു. സ്വയം വെറുത്ത് ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന ഒരു അവസ്ഥയിലാണ് ഇന്നു യൂറോപ്പ്. ലോകത്തിലെ എല്ലാ സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും വാതില്‍ തുറന്നു
കൊടുത്ത യൂറോപ്പ്, സ്വന്തമായവയെ ഇന്നു സ്‌നേഹിക്കുന്നില്ല. യൂറോപ്പിന് അതിന്റേതായ കുലീനത്വമുണ്ട്, എന്നാല്‍ ഇന്ന് സമൂഹത്തിന്റെ
എല്ലാ തലങ്ങളിലും വൈരൂപ്യം പടര്‍ന്നിരിക്കുന്നു.
മനുഷ്യന്റെ ഉന്നതമായ മഹത്വത്തെമാനിക്കാതെ, മനുഷ്യത്വത്തിന്റെമേല്‍ അധിനിവേശം നടത്തുകയും അതിനെ വാണിജ്യവത്കരിക്കുകയും കളിപ്പാട്ടമാക്കുകയും ചെയ്ത റോമന്‍ സാമ്രാജ്യം തുടങ്ങിയുള്ള
എല്ലാ സംസ്‌കാരങ്ങളും അപ്രത്യക്ഷമായി. യൂറോപ്പ് ഇന്ന് അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പലവിധത്തിലുള്ള ജീവനിഷേധങ്ങള്‍, കുടുംബത്തിന്റെയും ധാര്‍മ്മിക-ആത്മീയമൂല്യങ്ങളുടെയും തച്ചുടയ്ക്കല്‍ ഇവയെല്ലാം ഒരു ജനസമൂഹം മുഴുവന്റെയും ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്ന ആദ്യപ്രവൃത്തിയാണ്. എന്നാല്‍ ഈ കാലയളവില്‍ വിശ്വാസം ജീവിക്കുന്ന കുടുംബങ്ങള്‍ യൂറോപ്പിലുണ്ട്. വിട്ടുവീഴ്ച ചെയ്യാതെ, വിശ്വസ്തതയോടെ മിശിഹായില്‍നിന്നും ലഭിച്ച വിശ്വാസം ജീവിക്കുകയെന്നതാണ് അവരുടെ ദൗത്യമെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു. സുവിശേഷം ജീവിക്കുകയെന്നതാണ്
പ്രധാനകാര്യം. യൂറോപ്പിലേക്കുള്ള കുടിയേറ്റം അതിന്റെ ജനസംഖ്യാഘടന, സംസ്‌കാരം, മതാത്മകത എന്നിവയില്‍ നിര്‍ണ്ണായകമായ സ്വാധീനം
ചെലുത്തുന്നുണ്ട്. വിദേശിയരുടെ കടന്നുവരവ് യൂറോപ്പിന്റെ ചരിത്രപരവും ക്രിസ്തീയവുമായ സമ്പത്ത് ഇല്ലാതാക്കുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. സാമ്പത്തിക
താല്പര്യം മാത്രം മുന്‍നിര്‍ത്തി കുടിയേറ്റം പ്രോത്സാഹിപ്പിക്കുമ്പോള്‍, തനിമയും സംസ്
കാരവും വിശ്വാസവുമെല്ലാം ഒത്തുതീര്‍പ്പിന്റെ ഇരകളാകുന്നു. ഈ കാലയളവില്‍
നടക്കുന്ന കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ ചില ചോദ്യങ്ങള്‍ കര്‍ദ്ദി
നാള്‍ ഉന്നയിക്കുന്നു. സാര്‍വ്വത്രികമായ ഔദാര്യത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട ആദര്‍
ശത്തെ യൂറോപ്പിലെ സങ്കരസാംസ്‌കാരിക മുന്നേറ്റങ്ങള്‍ ചൂഷണം ചെയ്യുന്നുണ്ടോ
എന്ന സംശയമാണ് അതില്‍ പ്രധാനം. ഔദാര്യത്തിന്റെ പേരില്‍ നടക്കുന്നത് ആത്മനിഷേധമാണോ? മതരാഹിത്യവും അപരിഷ്‌കൃതമായ
ഉപഭോഗത്വരയുമല്ലാതെ, യൂറോപ്പിന്റെ സ്വന്തമായ തനിമയും ക്രിസ്തീയതയില്‍ വേരുറച്ച സംസ്‌കാരവും പുതുതായി കടന്നുവന്ന മുസ്ലീം അഭയാര്‍ത്ഥികള്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇക്കൂട്ടര്‍ ഇസ്ലാമിക മൗലികവാദത്തില്‍ അഭയം പ്രാപിക്കുന്നതില്‍ ആര്‍ക്കാണ് ആശ്ചര്യം തോന്നുക? ഇസ്ലാമിക മൗലികവാദത്തിന്റെ അപകടം തിരിച്ചറിഞ്ഞ്, യൂറോപ്പിന്റെ ജീവിതവും സംസ്‌കാരവും പങ്കുവയ്ക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. യൂറോപ്പില്‍
എത്തിച്ചേരുന്ന കുടിയേറ്റക്കാര്‍ അതിനെ വെറുക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കില്‍, അതില്‍ വിശുദ്ധമായതൊന്നും കണ്ടെത്താന്‍
അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. സമകാലിക സമൂഹം ചര്‍ച്ച
ചെയ്യേണ്ട ഗുരുതരമായ ഒരു വിഷയമാണ് കര്‍ദ്ദിനാള്‍ ഉന്നയിക്കുന്നത്. ദൈവത്തോട് നിസംഗത പുലര്‍ത്തുന്ന മനുഷ്യന്‍ തന്നെത്തന്നെ വിഗ്രഹമായിക്കണ്ട്, സ്വയം കൊണ്ടാ
ടാന്‍ തുടങ്ങുന്ന ദുരവസ്ഥയിലാണ് ഇന്ന് യൂറോപ്പ്. ദൈവവും ധാര്‍മ്മികതയും ഇല്ലാത്ത
ഒരു ലോകം ചാപിള്ള പോലെയാണ്. സാങ്കേതിക മുന്നേറ്റം നിത്യമായ ഒരു ഉറക്കത്തിലേക്ക് മനുഷ്യനെ മയക്കിക്കിടത്തുന്നു. ദൈവത്തെക്കൂടാതെ നേടിയതില്‍ സംതൃപ്തി പ്രകടിപ്പിക്കുന്ന മനുഷ്യനെ സാവകാശം യന്ത്രങ്ങളും അതിമാനുഷരും തുടച്ചുമാറ്റും. ദൈവത്തെ മനുഷ്യനില്‍നിന്നും വേര്‍പ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ലോകം. നമ്മുടെ ഉറവിടങ്ങളില്‍നിന്നും വേര്‍പെട്ട നിലയില്‍ നമ്മുടെ മനുഷ്യത്വം പൂര്‍ണ്ണമായി ജീവിക്കാന്‍ നമുക്കു സാധിക്കുകയില്ല. വിവേചനരഹിതമായ ഉപഭോഗത്തില്‍നിന്നും വ്യവസ്ഥകളില്ലാത്ത സ്വാതന്ത്ര്യത്തില്‍നിന്നുമാണ്
ആനന്ദം ലഭ്യമാകുന്നതെന്നാണ് ലോകത്തിന്റെചിന്ത. ആഗ്രഹങ്ങളും ആനന്ദങ്ങളും ജന്മവാസനകളും മാത്രം നയിക്കുന്ന ഒരു ലോകവ്യവസ്ഥ പരിതാപകരമാണ്.
ആപേക്ഷിക സ്വാതന്ത്ര്യവാദവും (Relativist Liberalism) ഇസ്ലാമിക മൗലികവാദവും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നു. ഇവയെ പ്രതിരോധിക്കാന്‍ തക്ക
ആന്തരികശേഷി ഇന്ന് യൂറോപ്യന്‍ സംസ്കാരത്തിന് ഇല്ലെന്നു പറയാം. ഭൗതിക അസംസ്‌കൃതിയും ഇസ്ലാമിക അപരിഷ്‌കൃതത്വവും തമ്മില്‍ ഏറ്റുമുട്ടുന്ന ഈ കാലയളവില്‍ രണ്ടാമത്തേതിന്റെ മേല്‍ക്കൈയും വിജയവും അധീശത്വവുമാണ് കര്‍ദ്ദിനാള്‍ മുന്‍കൂട്ടി കാണുന്നത്. ക്രിസ്ത്യന്‍ യൂറോപ്പിന്റെ ഉന്മൂലനം ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഉളവാക്കുന്ന പ്രത്യാഘാതത്തെപ്പറ്റി അദ്ദേഹം ആകുലനാണ്. (തുടരും)