സാർവ്വത്രിക സഭ സിനഡിലേക്ക്

0
177
ബിനു വെളിയനാടൻ

തുറന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സഭാസമൂഹത്തെ ഒറ്റ മനസ്സും ശരീരവുമാക്കി മാറ്റാനള്ള അജപാലന പദ്ധതികളിലേക്കു നയിക്കുന്ന സുപ്രധാനമായ സിനഡ് സമ്മേളനത്തിലേക്ക് സാർവ്വത്രികസഭ നടന്നടുക്കുകയാണ്. സിനഡാത്മക സഭ ലക്ഷ്യമാക്കി ആഗോള കത്തോലിക്കാസഭയ്ക്ക് പുത്തനുണർവേകുകയാണ് ഫ്രാൻസിസ് മാർപാപ്പ. പുതിയ സിനഡ് ഒരു ചരിത്രസംഭവവും ഒട്ടേറെ മാറ്റങ്ങൾക്ക് വഴി തെളിക്കുന്നതുമാകും എന്നതിൽ സംശയമില്ല. കാരണം, സഭാപിതാക്കന്മാരും വൈദികരും സന്ന്യസ്തരും അത്മായരുമടക്കം എല്ലാ ദൈവജനത്തിന്റെയും
കൂട്ടായ്മയും ഒരുമിച്ചുള്ള യാത്രയുമാകണം സിനഡാത്മക സിനഡെന്ന് പാപ്പാ ആഗ്രഹി
ക്കുന്നു.
സിനഡുകൾ മൂന്നുതരം
1965-ൽ അവസാനിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് വിവിധ
രാജ്യങ്ങളിലെ മെത്രാന്മാരുടെ സമിതികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സമ്മേളനമായി മാർപാപ്പ സിനഡ് വിളിച്ചുചേർക്കാൻ തുടങ്ങിയത്. സാധാരണ സിനഡ്, അസാധാരണ സിനഡ്, പ്രത്യേക സിനഡ് എന്നിങ്ങനെ മൂന്നുതരം സിനഡുകളുണ്ട്. ഇതുവരെ 15 സാധാരണ സിനഡുകളും 3 അസാധാരണ സിനഡുകളും 11 പ്രത്യേക സിനഡുകളും നടന്നു. ഇനി നടക്കാൻ പോകുന്നത് 16-ാമത് സാധാരണ സിനഡാണ്.
2023 സിനഡ്: മൂന്നു തലങ്ങളിൽ
2021 ഒക്‌ടോബർ മുതൽ 2023 ഒക്‌ടോബർ വരെ നീണ്ടുനിൽക്കുന്ന കാലയളവിൽ 3 തലങ്ങളിലായാണ് സിനഡൽ പ്രക്രിയ പൂർത്തിയാകുന്നത്. രൂപതാതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിവയാണ് 3 ഘട്ടങ്ങൾ. ഒക്‌ടോബർ 17ന് ആരംഭിച്ച രൂപതാതല സിനഡ് സമ്മേളനങ്ങൾ 2022 ഏപ്രിൽവരെ തുടരും. സൂക്ഷ്മമായ പഠനങ്ങൾക്കും വിചിന്തനത്തിനും സഹായകമായ മാർഗ്ഗരേഖകൾ തയ്യാറായിക്കഴിഞ്ഞു. രൂപതാതലത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രവർത്തന
മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിലാകും 2022 സെപ്തംബർ മുതൽ 2023 മാർച്ചുവരെ ഭൂഖണ്ഡ അടിസ്ഥാനത്തിലുള്ള സിനഡുകൾ സമ്മേളിക്കുക. ഈ രണ്ടു സിനഡു
സമ്മേളനങ്ങളുടെ വെളിച്ചത്തിലാണ് 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ ആഗോളതല സിനഡ് സമ്മേളനം നടക്കുന്നത്. 2021 ഒക്‌ടോബർ ഒൻപതിന് ഫ്രാൻസിസ് മാർപാപ്പായുടെ വിചിന്തനത്തോടെ സിനഡൽ
നടപടിക്രമങ്ങൾക്ക് തുടക്കമായി. ഒക്‌ടോബർ 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ച ദിവ്യബലിയോടെ സഭ ഔദ്യോഗികമായി സിനഡ് ദിനങ്ങളിലേക്ക് പ്രവേശിച്ചു.
2023 സിനഡിന്റെ ലക്ഷ്യം
‘ഒരേ വഴിയിൽ ഒരുമിച്ചു നടക്കുക’ എന്നതാണ് 2023-ലെ സിനഡിന്റെ ആത്യന്തിക ലക്ഷ്യമായി ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തത്. നമ്മുടെ ‘ഒരുമിച്ചുള്ള സഞ്ചാരം’
ആണ് യഥാർത്ഥത്തിൽ സഭ ഒരു തീർത്ഥാടക സമൂഹവും കർത്താവിന്റെ പ്രേഷിതജനവുമാണെന്നുള്ള സഭയുടെ ലക്ഷണം ഫലപ്രദമാംവിധം വെളിപ്പെടുത്തിയത്. ‘ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം,
പ്രേഷിതദൗത്യം’ എന്നതാണ് ഈ സിനഡിന്റെ വിഷയമായി സ്വീകരിച്ചിരിക്കുന്നത്.
1. കൂട്ടായ്മ
തന്റെ ജനത്തിനു നൽകുന്ന ഉടമ്പടിയിലൂടെ, ഒരേ വിശ്വാസമുള്ള വ്യത്യസ്ത ജനത
കളായ നമ്മെ തന്റെ കൃപാപൂർണമായ ആഗ്രഹത്താൽ ദൈവം ഒരുമിച്ചു കൂട്ടുന്നു. നമ്മൾ പങ്കുപറ്റുന്ന കൂട്ടായ്മ, അതിന്റെ വേരുകൾ കണ്ടെത്തുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ സ്‌നേഹത്തിലും കൂട്ടായ്മയിലുമാണ്.
2. പങ്കാളിത്തം
തീവ്രമായും ബഹുമാനപൂർവ്വവും മറ്റുള്ളവരെ ശ്രവിക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടാൻ അത്മായർ, സന്യസ്തർ, വൈദികർ എന്നിവർക്കുള്ള പരിശ്രമമാണിത്. പരി
ശുദ്ധാത്മാവിൽനിന്നു സ്വീകരിച്ച ദാനങ്ങളിലൂടെ പരസ്പരം ശുശ്രൂഷിക്കാൻ എല്ലാ വിശ്വാസികളും യോഗ്യരാക്കപ്പെടുകയും വിളിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നതിലാണ് പങ്കാളിത്തം അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
3. പ്രേഷിതദൗത്യം
സുവിശേഷവത്കരണത്തിനു വേണ്ടിയാണ് സഭ നിലകൊള്ളുന്നത്. മനുഷ്യകുടുംബത്തിന്റെ മുഴുവൻ മധ്യത്തിൽ ദൈവത്തിന്റെ സ്‌നേഹത്തിനു സാക്ഷ്യം വഹിക്കുകയെന്നതാണ് നമ്മുടെ പ്രേഷിതദൗത്യം.
എന്താണ് സിനഡാത്മകത?
സിനഡാത്മകത സഭയുടെ സ്വഭാവത്തിന്റെ അവശ്യഭാവമാണ്. എക്യൂമെനിക്കൽ
കൗൺസിൽ, മെത്രാന്മാരുടെ സിനഡുകൾ, രൂപതാ സിനഡുകൾ, രൂപതാ പാസ്റ്ററൽ കൗൺസിലുകൾ എന്നിവയിലൂടെയാണ് സഭയുടെ സിനഡാത്മക സ്വഭാവം പ്രകടിപ്പിക്കുന്നത്. സിനഡാത്മകത എന്നത്, ഒരു സംഭവമോ ഒരു മുദ്രാവാക്യമോ അല്ല; അതൊരു ശൈലിയും അവസ്ഥയുമാണ്. സിനഡാത്മകത വഴിയാണ് സഭ അതിന്റെ പ്രേഷിതദൗത്യം ലോകത്തിൽ നിർവ്വഹിക്കുന്നത്.
വത്തിക്കാൻ കൗൺസിലിന്റെ പ്രധാന ഫലങ്ങളിലൊന്ന് മെത്രാന്മാരുടെ സിനഡ് സ്ഥാപിക്കാൻ കഴിഞ്ഞുവെന്നതാണ്. മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലുള്ള മെത്രാന്മാരുടെ മാത്രം ഒത്തുചേരലായിരുന്നു സിനഡ്. എന്നാൽ സിനഡാത്മകത എന്നത് ദൈവജനം മുഴുവന്റെയും വഴിയാണെന്ന് സഭ മനസ്സിലാക്കുന്നു. അതിനാൽ സിനഡാത്മക പ്രക്രിയയെന്നത് മെത്രാന്മാരുടെ മാത്രം സമ്മേളനമല്ല മറിച്ച്, വിശ്വാസ സമൂഹത്തിന്റെ മുഴുവനും ഒരുമിച്ചുള്ള സഞ്ചാരമാണ്.
സിനഡാത്മക സഭ
മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് തീർച്ചയായും
സിനഡാത്മകതയുടെ പാതയാണ്. കർത്താവ് നമ്മോട് ആവശ്യപ്പെടുന്ന കാര്യം യഥാർത്ഥത്തിൽ ‘സിനഡ്’ എന്ന വാക്കിൽത്തന്നെയുണ്ട്.
‘സുൻ’ (Sun = Together), ‘ഹോഡോസ്’ (Hodos= Way) എന്നീ രണ്ടു ഗ്രീക്കുവാക്കുകൾ ചേർന്നാണ് സിനഡ് എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. ‘ഒരുമിച്ചുള്ള യാത്ര’ എന്നാണ് ഈ വാക്കുകൾ സംയോജിപ്പിക്കുമ്പോൾ കിട്ടുന്ന അർത്ഥം.
തമസ്‌കരിക്കാനാകാത്തവിധം സമൂഹത്തിൽ നടക്കുന്ന ഐതിഹാസികമായ മാറ്റങ്ങളുടെയും സഭയുടെ ജീവിതത്തിൽ തന്നെയുള്ള നിർണായകമായ സ്ഥിതിഭേദത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സിനഡാത്മക സഞ്ചാരം ഉരുത്തിരിയുന്നത്.
സിനഡ് ലോഗോ
സിനഡൽ ലോഗോയിൽ രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്. ഒന്ന് ജീവവൃക്ഷവും
മറ്റൊന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദൈവജനവുമാണ്. ജ്ഞാനവും പ്രകാശവും നിറഞ്ഞ ഒരു വലിയ ഗാംഭീര്യമുള്ള വൃക്ഷം ആകാശത്തേയ്ക്ക് എത്തുന്നു. അത് ആഴത്തിലുള്ള ചൈതന്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ മിശിഹായുടെ കുരിശിനെ പ്രതിനിധീകരിക്കുന്നു. കൈകളോ ചിറകുകളോ പോലെ തുറന്നിരിക്കുന്ന വൃക്ഷത്തിന്റെ തിരശ്ചീന ശാഖകൾ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. അത് സൂര്യനെപ്പോലെ പ്രകാശിക്കുന്ന വിശുദ്ധ കുർബാനയെ വഹിക്കുന്നു. 15 സിലൗട്ടുകൾ, സഞ്ചരിക്കുന്ന തീർത്ഥാടകസഭയെ ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ യുവാക്കൾ, വൃദ്ധർ, പുരുഷന്മാർ, സ്ത്രീകൾ, ദമ്പതികൾ, അവിവാഹിതർ, കുട്ടികൾ, കൗമാരക്കാർ, സാധാരണക്കാർ, വിശ്വാസികൾ, വികലാംഗർ, കന്യാസ്ത്രീകൾ, പുരോഹിതർ, മെത്രാന്മാർ തുടങ്ങിയെല്ലാവരും ഒരേ ശ്രേണിയിലാണ് സഞ്ചരിക്കുന്നത്. മെത്രാൻ
നടക്കുന്നതാകട്ടെ, അവരുടെ മുന്നിലോ പിന്നിലോ അല്ല അവർക്കിടയിൽ അവരോടൊപ്പമാണ്.
ഒരുക്കരേഖയും കൈപ്പുസ്തകവും
ഈ മഹാസമ്മേളനത്തിന് ഒരുക്കമായി ഒരു ഒരുക്കരേഖയും (Preparatory Document)
കൈപ്പുസ്തകവും (Vademecum-Hand book) ലോകമെമ്പാടുമുള്ള സഭാതനയർക്കായി വത്തിക്കാൻ കാര്യാലയത്തിൽനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മെത്രാൻമാരുടെ സമ്മേളനത്തിൽ മാത്രം നടക്കുന്ന ഒന്നായി സിനഡാത്മക സഭയ്ക്കുവേണ്ടിയുള്ളചർച്ച അവസാനിക്കാതിരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇവ തയ്യാറാക്കാൻ പ്രേരണയായത്. ഈ രണ്ടു രേഖകളും പരസ്പരപൂരകങ്ങളും ഒരുമിച്ച് വായിക്കപ്പെടേണ്ടവയുമാണ്.
ആഗോളവ്യാപകമായ മഹാമാരി, പ്രാദേശികവും രാജ്യാന്തരവുമായ കലഹങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ, കുടിയേറ്റം, പല തരത്തിലുള്ള നീതിനിഷേധങ്ങൾ, വംശീയ വിദ്വേഷം, അക്രമങ്ങൾ, മതമർദ്ദനം, മനുഷ്യസമൂഹത്തിലെ വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളുടെ ഇടയിലാണ് ഈ സിനഡ് നടക്കുന്നതെന്ന് ഒരുക്കരേഖ നമ്മെ ഓർമ്മപ്പെടുത്തുന്നു.
കൈപ്പുസ്തകമാകട്ടെ, സിനഡിലേക്കെത്താനുള്ള ഓരോ പ്രാദേശിക സഭയുടെയും പരിശ്രമങ്ങൾക്കുള്ള മാർഗ്ഗദർശിയാണ്. സാർവ്വത്രിക സിനഡിനോടു യോജിച്ചുകൊണ്ട് സൃഷ്ടിപരമായി സഹകരിക്കാൻ Vademecum എന്ന കൈപ്പുസ്തകം പ്രാദേശിക സിനഡുകളെ ക്ഷണിക്കുന്നു. കൂടുതൽ രേഖകൾ ഹാജരാക്കുക എന്നതല്ല ഈ സിനഡിന്റെ ലക്ഷ്യം. മറിച്ച് നാം വിളിക്കപ്പെട്ടിരിക്കുന്ന സഭയെക്കുറിച്ച് സ്വപ്നം കാണാനും വിശ്വാസത്തെ ഉത്തേജിപ്പിക്കാനും മുറിവുകൾ വച്ചുകെട്ടാനും നവീനവും ആഴമേറിയതുമായ ബന്ധങ്ങൾ നെയ്യാനും പരസ്പരം പഠിക്കാനും പാലങ്ങൾ പണിയാ
നുമാണത്. സിനഡാത്മക സിനഡ് ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു സഭ സൃഷ്ടിക്കുകയല്ല. മറിച്ച്, വ്യത്യസ്തമായൊരു സഭയ്ക്കുവേണ്ടിയും ദൈവജനം ഒന്നാകെയുള്ള യാത്ര
യ്ക്കു വേണ്ടിയുമാണ് മാർപാപ്പ ആഗോള കത്തോലിക്കാ സഭയുടെ വാതിലുകൾ തുറന്നിരിക്കുന്നത്..