പരിശുദ്ധ കുർബാനയിലെ വിശുദ്ധനാട് തീർത്ഥാടനം

ജോൺ ജെ. പുതുച്ചിറ

പരിശുദ്ധ കുർബാനയിലെ ആമുഖശുശ്രൂഷ മുതൽ സമാപനശുശ്രൂഷ വരെയുള്ള ഭാഗങ്ങൾക്ക് ചരിത്രപ്രാധാന്യമുള്ള വിശുദ്ധനാട്ടിലെ വിവിധ സ്ഥലങ്ങളുമായുള്ള ബന്ധം അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ‘പരിശുദ്ധ കുർബാനയിലെ വിശുദ്ധനാട് തീർത്ഥാടനം’. വിശുദ്ധ കുർബാനയർപ്പണം കൂടുതൽ അനുഭവവേ
ദ്യമാകുവാനും മിശിഹാരഹസ്യങ്ങളുടെ ഉള്ളറകളെ ആഴത്തിൽ ഗ്രഹിക്കുവാനും ഈ
ഗ്രന്ഥം പ്രയോജനപ്പെടുന്നു.
ആഴമായ ആത്മീയാനുഭവം പകർന്ന തന്റെ വിശുദ്ധനാട് തീർത്ഥാടനത്തിന്റെ പശ്ചാ
ത്തലത്തിൽ പരിശുദ്ധ കുർബാനയെ മനസ്സിലും ശരീരത്തിലും ധ്യാനിച്ച് അതുൾക്കൊള്ളുന്ന രക്ഷാകരരഹസ്യങ്ങളെ ഗ്രന്ഥകാരനായ പി. സി. അനിയൻകുഞ്ഞ് ഹൃദയസ്പർശിയായി വിശദീകരിക്കുന്നു.
പരിശുദ്ധ കുർബ്ബാനയെക്കുറിച്ച് വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്. നിരവധിഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വേറിട്ടൊരു അവതരണ ശൈലിയാണ് ഈ ഗ്രന്ഥരചനയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത.് പരിശുദ്ധ കുർബാനയിൽ അനുസ്മരിച്ചാഘോഷിക്കുന്ന രക്ഷാകര സംഭവങ്ങളെ അവ സംഭവിച്ച സ്ഥലങ്ങളിലൂടെ യാത്ര ചെയ്തത് ധ്യാനിക്കുമ്പോഴുണ്ടാകുന്നത് തീർച്ചയായും അഗാധമായ ഒരു ആദ്ധ്യാത്മികാനുഭൂതിയാണ്. അതായിരിക്കണം ഇത്തരം ഒരു ഗ്രന്ഥരചനയ്ക്ക് പ്രചോദനമായതും. വിശുദ്ധനാട് സന്ദർശിക്കുവാൻ സാധിക്കാത്തവർക്ക് ഈ ഗ്രന്ഥം വിശുദ്ധനാട്ടിലൂടെ നടത്തുന്ന ഒരു ആത്മീയ തീർത്ഥടനാനുഭവം നൽകും. ഈ പുസ്തകം വായിച്ചൊരുങ്ങി തീർത്ഥാടനത്തിനു പോകുന്നവർക്ക് അതു കൂടുതൽ ആസ്വാദ്യകരവും ഫലപ്രദവുമാകാൻ കഴിയും. അതുപോലെ തന്നെ കുർബാന അർപ്പണത്തിൽ കൂടുതൽ സജീവത്വവും ഏകാഗ്രതയും പുലർത്താൻ തീർച്ചയായും ഈ ഗ്രന്ഥത്തിലെ വിവരണങ്ങളും വിചിന്തനങ്ങളും സഹായിക്കും. ഈശോയുടെ പീഡാസഹനവും മരണവും സംസ്‌കാരവും ഉയിർപ്പുമാകുന്ന പെസഹാരഹസ്യമാണല്ലോ പരിശുദ്ധകുർബാന
യിലെ ആഘോഷവിഷയം. ഈ സംഭവങ്ങൾ ചരിത്രത്തിൽ എവിടെയാണോ അരങ്ങേറുന്നത് ആ സ്ഥലങ്ങളിലൂടെ അവ അനുസ്മരിച്ചുകൊണ്ട് നടത്തുന്ന തീർത്ഥാടനം അനന്യമായ ഒരു അനുഭവം തന്നെ. അനുഭവവിവരണം കേൾക്കുന്നതും വായിക്കുന്നതും വിശ്വാസികൾക്ക് ആത്മീയ ഉണർവ്വ് നല്കാതിരിക്കില്ല. അതാണ് ഈ ഗ്രന്ഥം പ്രദാനം ചെയ്യുന്നത്. ബൈബിൾ വിജ്ഞാനീയവും ദൈവശാസ്ത്രവും ഈ ഗ്രന്ഥത്തിൽ ഒരു പോലെ സമന്വയിച്ചിരിക്കുന്നു. വിശുദ്ധ കുർബാനയർപ്പണം കൂടുതൽ അനുഭവവേദ്യമാകുവാനും മിശിഹാ രഹസ്യങ്ങളുടെ ഉള്ളറകളെ ആഴത്തിൽ ഗ്രഹിക്കുവാനും വായനക്കാർക്ക് ഈ ഗ്രന്ഥം ഉപകരിക്കും.