പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Diat

ഭാഗം 3
സത്യത്തിന്റെ പതനം, ധാർമ്മിക അധഃപതനവും മോശം രാഷ്ട്രീയശീലങ്ങളും (The Fall of Truth, Moral Decadence and Bad Political Habits)
7. ലോകം എവിടേയ്ക്കു പോകുന്നു? (Where is the World Headed)
ആധുനിക മനുഷ്യൻ ഭൂതകാലത്തെ പുച്ഛിക്കുന്നു. തന്റെ സംസ്‌കാരമാണ് അതിനു
മുമ്പുണ്ടായിരുന്ന എല്ലാറ്റിനെയുംകാൾ മികച്ചത് എന്നാണ് അവന്റെ വിചാരം. പുതിയവയെ വിഗ്രഹമായിക്കണ്ട്, പഴയതിനെയെല്ലാം തകർക്കാൻ ആഗ്രഹിക്കത്തക്കവിധം ഒരു ‘മറവിരോഗം’ (amnesia) അവനു ബാധിച്ചിരിക്കുന്നു. പാരമ്പര്യത്തോട്, പൊതുവിൽ പൂർവ്വാർജിതമായവയോടെല്ലാം (heritage) തീവ്രമായ വിധത്തിലുള്ള ഒരു വിദ്വേഷം ആധുനിക മനുഷ്യനിൽ കാണുവാൻ സാധിക്കുന്നു. ഭൂതകാലത്തെ മുഴുവൻ തിരസ്കരിച്ച്, സ്ഥിരമായ മാറ്റങ്ങളിൽ ഭ്രമിച്ചു നീങ്ങുന്ന മനുഷ്യൻ, ദിശാസൂചിക നഷ്ടപ്പെട്ടവനെപ്പോലെ അലയേണ്ട സാഹചര്യമുണ്ടാകുമെന്ന് കർദ്ദിനാൾ മുന്നറിയിപ്പു നൽകുന്നു. ഓർമ്മയുടെ പ്രതിസന്ധി (crisis of memory) നമ്മെ അനിവാര്യമായ സാംസ്‌കാരിക പ്രതിസന്ധിയിൽ (crisis of culture) എത്തിക്കും. കഴിഞ്ഞകാലത്തിൽനിന്നും ആർജിച്ചവയുടെ കൈമാറ്റത്തിൽ പുരോഗതിയുടെ മുൻവ്യവസ്ഥ അടങ്ങിയിട്ടുണ്ട്. മനുഷ്യൻ ശാരീരികമായും (physically) സത്താപരമായും (ontologically) അവനു മുമ്പുള്ളവരുടെ ചരിത്രത്തോട് കടപ്പെട്ടവനാണ്. സ്വന്തം ഭൂതകാലത്തെ തള്ളിപ്പറയുന്ന ഒരു സമൂഹം അതിന്റെ ഭാവിയിൽനിന്നും സ്വയം വിച്ഛേദിക്കപ്പെടുന്നു. ഓർമ്മയില്ലാത്ത സമൂഹം മരിച്ച സമൂഹമാണ്. ഈ സമകാലിക പ്രവണത ക്രിസ്തീയത സംബന്ധിച്ചും ബാധകമാണ്. സഭ അതിന്റെ ദീർഘമായ ചരിത്രത്തിൽനിന്നും സ്വയം വിച്ഛേദിച്ചാൽ, പിന്നെ അധികകാലം അതിനുനിലനിൽക്കാൻ സാധ്യമല്ല. ഭൂതകാലത്തിൽ
നിന്നും വേർപെട്ടു പോകുവാനുള്ള ത്വരയാണ് പാശ്ചാത്യ സംസ്‌കാരത്തിന്റെയും ക്രിസ്തീയ സംസ്‌കാരത്തിന്റെയും സംയുക്ത നാശത്തിനു കാരണം. ലോകത്തെ പ്രബോധിപ്പിക്കുന്നതിനു പകരം ലോകവുമായി സന്ധിചെയ്താൽ, ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തോടു വിശ്വസ്തത പുലർത്തുന്നവരല്ല. ക്രിസ്തീയതയുടെ മന്ദോഷ്ണത അതിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കും. വേര് തുടക്കവും ജീവന്റെ ആഹാരവുമാണ്; വേരില്ലാത്ത ജീവിതം മരണത്തിലേക്ക് നയിക്കും. ആധുനിക മനുഷ്യൻ തന്റെ വേര് തനിക്കൊരു നുകമാകുമോ എന്നു ഭയപ്പെടുന്നു.
പാശ്ചാത്യ സമൂഹത്തിൽ, ‘പുരോഗതി’ വളരെ ശക്തമായ ഒരു വിഗ്രഹമാണ്. പുരോഗതിക്കുവേണ്ടി മൂല്യങ്ങളിൽ എന്തു വിട്ടുവീഴ്ച ചെയ്യുവാനും ഏതു ധാർമ്മികഭ്രംശവുമായും സമരസപ്പെടുവാനും മനുഷ്യൻ സജ്ജനായിരിക്കുന്നു. ഈശോ ഭരമേൽപ്പിച്ചവയിൽ നിലനിന്നുകൊണ്ടും അതു പ്രഘോഷിച്ചുകൊണ്ടും മനുഷ്യനു ഉപകാരപ്രദമായ ശാസ്ത്രീയ പുരോഗതികളെയെല്ലാം സഭ പിന്തുണയ്ക്കണം. മനുഷ്യത്വത്തിലെ സ്വാഭാവിക ദൈവൈക്യ വാഞ്ചയെ നിഷേധിച്ച്, അവനെ വെറും സാങ്കേതികതയുടെ നിർവ്വചനങ്ങൾക്കുള്ളിൽ കുരുക്കി യാന്ത്രികനാക്കുന്ന ആധുനിക പ്രവണതക്കെതിരെ സഭ നിലകൊള്ളണം. ഹിരോഷിമായിൽ അണുബോംബ് വർഷിച്ച Enola Gay എന്ന
ബോംബർ വിമാനത്തിന്റെ പൈലറ്റ് Paul Tibbets നെ,യന്ത്രസംസ്‌കാരത്തിലെ ‘അനുസരണയുള്ള’ ഉത്തരവാദിത്തരഹിതനായ മനുഷ്യന്റെ പ്രതിനിധിയായി കർദ്ദിനാൾ അവതരിപ്പിക്കുന്നു. അതിമാനുഷികത്വം എന്നത് ഒരു നുണയാണ്. സ്രഷ്ടാവിന്റെമേലുള്ള അധീശത്വമാണ് അതിന്റെ സ്വപ്നം. ആദത്തിന്റെ സ്വപ്നവും മറ്റൊന്നായിരുന്നില്ല. ദൈവത്തെ എതിർക്കുക എന്ന പാപത്തിൽ ആദവും ഇന്നത്തെ മനുഷ്യനും തമ്മിൽ അന്തരമില്ല. ജൈവസാങ്കേതികവിദ്യ (biotechnology)യുടെ ഗുരുതരമായ അപായസാധ്യത നിലനിൽക്കെ, രാഷ്ട്രീയനേതാക്കളെയും അധികാരികളെയും നമുക്കു ചോദ്യം ചെയ്യാതിരിക്കാനാവില്ല. ‘യൂജെനിക്‌സ്’ (Eugenics = ഉദ്ദേശിക്കുന്ന ഗുണങ്ങൾ നേടാൻ വേണ്ടിയുള്ള നിയന്ത്രിതമായ സന്തോനോത്പാദനവിദ്യ) ജനിതകമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കാനാകില്ല. മനുഷ്യ ക്ലോണിംഗിനെതിരെയുള്ള ‘യൂറോപ്യൻ കൗൺസിൽ’ പ്രഖ്യാപനത്തെ വ്യക്തവും ധീരവുമായ വാക്കുകൾ എന്നാണ്
കർദ്ദിനാൾ വിശേഷിപ്പിക്കുന്നത്. പൈതൃകത്തെ കൈവിട്ട് ശൂന്യതയെ മാനദണ്ഡമാക്കുന്നതിന്റെ അപകടമാണ് മനുഷ്യനെ ഉപകരണമാക്കുന്ന സാങ്കേതിക പരീക്ഷണങ്ങളിൽ പ്രകടമാകുന്നത്. ഭൂതകാലവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്നവയെയെല്ലാം തകർത്ത് ചരിത്രവും വേരുകളും നാഴികക്കല്ലുകളും ഇല്ലാത്തതും സാങ്കേതികതയുടെ ഉല്പന്നവുമായ ഒരു ‘അപരിചിതനായ’ മനുഷ്യനെ സൃഷ്ടിക്കുവാനുള്ള വ്യഗ്രതയാണ് ഈ കാലഘട്ടത്തിൽ പ്രകടമാകുന്നത്. മനുഷ്യത്വത്തിന്റെ തുടർച്ചയിൽനിന്നുള്ള ഒരു വിള്ളൽ (rupture) ആണ് ഉത്തരാധുനിക ത്വര. ഈ പ്രവണത സഭയിലുണ്ടായാലുള്ള അപകടത്തെ സംബന്ധിച്ചും കർദ്ദിനാൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ജ്ഞാനിയായ മനുഷ്യൻ താൻ ഒരു പിന്തുടർച്ചക്കാരനായിരിക്കുന്നതിനെ സംബന്ധിച്ച് ബോധവാനായിരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യും. ‘നിത്യതയെ’ നിരാകരിച്ച് ‘ഇന്നിൽ’ ചുറ്റിത്തിരിയുന്നവരായി നാം മാറിയിരിക്കുന്നു. ഈ കാലയളവിലെ ‘മൊബൈൽ ഫോൺ’ ദുരുപയോഗം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന അപകടത്തെക്കുറിച്ചും കർദ്ദിനാൾ ഓർമ്മിപ്പിക്കുന്നു. ‘ആന്തരികജീവിതം’ (interior life) എന്നത് മനുഷ്യനു നഷ്ടമാക്കിയതിൽ മൊബൈൽ ഫോണിനു പങ്കുണ്ട്. ആന്തരികജീവിതത്തെ മാത്രമല്ല, നിശബ്ദതയെ മോഷ്ടിക്കുകയും ഏകാന്തതയുടെ സമ്പന്നത തച്ചുടയ്ക്കുകയും ആത്മബന്ധങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ട് ചിലപ്പോൾ മൊബൈൽ ഫോൺ ഒരു വില്ലനായി മാറുന്നു. ‘ഇന്ന്, ഇപ്പോൾ’ എന്നതുമാത്രം പരിഗണനാവിഷയമാകുന്ന ജീവിതക്രമത്തിൽ നിന്നും മനുഷ്യൻ താൻ ഒരു തുടർച്ചയാണെന്ന ബോധ്യത്തിലേക്ക് വളരണം. തന്റെ വ്യക്തിഗതമായ ജീവിതകാലയളവ് മാത്രം മാനദണ്ഡമാക്കിയുള്ള ജീവിതശൈലിവിട്ട് കടപ്പാടും കടമകളുമുള്ള ഉത്തരവാദിത്തമുള്ള ഒരു സൃഷ്ടിയായി, സ്വയം തിരിച്ചറിഞ്ഞു മനുഷ്യൻ ജീവിക്കണം. (തുടരും)