ഈ തലമുറയെ എന്തിനോടാണു ഞാൻ ഉപമിക്കേണ്ടത്?
ചന്തസ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങൾ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികൾക്കു സമാനമാണ് ഈ തലമുറ. (മത്താ 11:16-17)
തത്പരകക്ഷികൾ വളരെ നന്നായി പാകം ചെയ്ത് മാധ്യമങ്ങൾ വാരിക്കോരി വിളമ്പി കേരളത്തിലെ പൊതുജനം ആവോളം ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന സദ്യയായിരുന്നു ബിഷപ്പ് ഫ്രാങ്കോ കേസ്. എന്നാൽ കോടതി അതിൽ കൊണ്ടുവന്നു പാറ്റയിട്ടത് വല്യ കഷ്ടം തന്നെയായിപ്പോയി. അതിന്റെ സങ്കടങ്ങളും പതം പറച്ചിലുകളും ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുന്നില്ല.
കോടതി തങ്ങൾ പറയുന്നത് ചെയ്യണമെന്ന നിലപാടാണ് ഇവിടുത്തെ മാധ്യമ
ങ്ങൾക്കും മറ്റു തൽപരകക്ഷികൾക്കും. മറ്റൊരു കേസിലും ഉണ്ടാകാത്ത വിധം അന്വേഷണ ഉദ്യോഗസ്ഥനും വാദിഭാഗവും മറ്റും കോടതിയെ വിമർശിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് കോടതിവിധിയെ അട്ടിമറിച്ചു എന്ന കടുത്ത ആരോപണം വരെയുണ്ടായി. പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതേ നിലപാടുമായി രംഗത്തെത്തി. ഒരു പ്രത്യേക സമുദായത്തിനാണെങ്കിൽ ദു:ഖം സഹിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
കേസ് തോറ്റതിന്റെ വിഷമം തീർക്കാൻ, ഇപ്പോൾ കോടതി വിധിയിൽ ഒരിടത്തും പരാമർശിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ അതിലുണ്ട് എന്ന പ്രചാരണമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നു കണ്ടെ
ത്തിയതിനാലാണ് കോടതി ബിഷപ്പിനെ വെറുതെ വിട്ടത് എന്ന തെറ്റുധാരണയാണ് ഇക്കൂട്ടർ ഇപ്പോൾ പരത്തുന്നത്. കത്തോലിക്കാസഭയിൽ ബ്രഹ്മചര്യവ്രതം സ്വീകരിച്ച ഒരു വൈദിക മേലദ്ധ്യക്ഷന്റെ ഭാഗത്തുനിന്ന് ഇപ്രകാരം സംഭവിച്ചു എന്ന വാർത്ത വിശ്വസികളെ ആകുലപ്പെടുത്തുമെന്ന് ഈ പുതിയ തന്ത്രം മെനഞ്ഞവർക്ക് നന്നായി അറിയാം. അപ്പോൾ അദ്ദേഹം തിരുക്കർമ്മങ്ങൾ പരികർമ്മം ചെയ്യുന്നത് വിശ്വാസികൾക്ക് താൽപര്യപ്പെടാതെ വരുമെന്നും അവർക്കറിയാം. എന്നാൽ കോടതി ഇപ്രകാരമൊരു പരാമർശം നടത്തിയിട്ടില്ല എന്നു മാത്രമല്ല ഇത്തരം യാതൊരു ബന്ധവും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്.
ഞങ്ങൾ കഥകൾ മെനയും അതിനെ ആരോപണശരങ്ങളാക്കി മാറ്റി ഞങ്ങൾ നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരെ തൊടുത്തുവിടും, നിങ്ങൾ പോലീസ് അറസ്റ്റ് ചെയ്‌തോണം, കോടതി ശിക്ഷിച്ചോണം എന്ന നിലപാട് എത്രമാത്രം ആരോ
ഗ്യകരമാണ്. മാധ്യമങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന വാർത്താ തരംഗങ്ങൾക്ക് അനുസൃതമായിട്ടാണ് ഇവിടെ പൊതുബോധം രൂപപ്പെടുന്നതെങ്കിൽ, അതിന്റെ ബലത്തിൽ ജനങ്ങളെ തുള്ളിക്കാൻ കഴിയുന്നുണ്ടെങ്കിൽ, ഇവിടെ സത്യത്തിനും നീതിക്കും എന്ത് വിലയാണുള്ളത്. ഇവിടുത്തെ ജനാധിപത്യത്തിന് എന്തു മൂല്യമാണുള്ളത്?