
സി. ഡോ. തെരേസ നടുപ്പടവിൽ SABS
ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയുടെ ജന്മ ശതോത്തര സുവർണജൂബിലിവത്സരത്തിന് 2022 ജനുവരി 14-നു സമാരംഭം കുറിച്ചിരിക്കുകയാണ്. 1911-ൽ മൂന്നാമത്തെ വികാരി അപ്പസ്‌തോലിക്ക ആയി ചങ്ങനാശ്ശേരി വികാരിയാത്തിന്റെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം, സീറോ
മലബാർ ഹയരാർക്കി സ്ഥാപിതമായപ്പോൾ (1923 ഡിസംബർ 21), ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായി അവരോധിക്കപ്പെട്ടു. അതിന്റെ ശതാബ്ദിയാരംഭവും ഈ വർഷമാണ് എന്നത് ഒരു നവ സാമൂഹ്യ നിർമിതിക്ക് അദ്ദേഹം നൽകിയ
സഭാശുശ്രൂഷയെക്കുറിച്ച് ഒരു വിചിന്തനത്തിന് അവസരമേകുകയാണ്. പരിശുദ്ധ
കുർബാനയുടെ ആരാധകനും പ്രേഷിതനുമെന്ന് അറിയപ്പെടുന്ന ധന്യനായ മാർ തോമസ് കുര്യാളശ്ശേരി, സമകാലലോകത്തിന്റെ അടയാളങ്ങളെ കൃത്യമായി വായിച്ചുകൊണ്ട് ‘മിശിഹായിൽ എല്ലാം നവീകരിക്കു’വാൻ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പരിവർത്തനത്തിന്റെയും വികസനത്തിന്റെയും ശംഖൊലി മുഴക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും, സുവിശേഷവത്ക്കരണത്തിന്റെ സാർവത്രികതയും സാകല്യതയും വെളിപ്പെടുത്തിക്കൊണ്ട് സർവജനത്തോടുമുള്ള പ്രതിബദ്ധതയിൽ അടിയുറച്ചതായിരുന്നു. റോമിൽ പരിശീലനം നേടി വൈദികനായി തിരിച്ചെത്തിയ അദ്ദേഹം സെന്റ് ബെർക്കുമാൻസ് സ്‌കൂൾ ബോർഡിംഗിന്റെ വൈസ് റെക്ടർ
ആയും ഇടവകയിൽ അജപാലകനായും ശുശ്രൂഷചെയ്തപ്പോൾ ജനങ്ങളുടെ ആത്മീയവും ലൗകികവുമായ ഉന്നമനത്തിനു വിദ്യാഭ്യാസത്തെപ്പോലെ ഉപകരിക്കുന്ന ഉപാധികൾ വേറെ ഇല്ലെന്നു മനസ്സിലാക്കി. 1911-ൽ, തന്റെ 38-ാമത്തെ വയസ്സിൽ ചങ്ങനാശ്ശേരിയുടെ മൂന്നാമത്തെ വികാരി അപ്പസ്‌തോലിക്കയായി സ്ഥാനമേൽക്കുമ്പോൾ അന്നത്തെ വിദ്യാഭ്യാസത്തിന്റെ ശോച്യാവസ്ഥ തിരിച്ച
റിഞ്ഞ്, സാമൂഹികമാറ്റങ്ങളെയും സമുദായമുന്നേറ്റങ്ങളെയും യഥാവിധി ഉൾക്കൊള്ളുകയും ചെയ്ത് ഈ രംഗത്ത് പൂർവ്വാധികം പ്രവർത്തനോന്മുഖനാകുകയായിരുന്നു. ഗവൺമെന്റ് അംഗീകാരമുള്ള പ്രൈമറി
വിദ്യാലയങ്ങൾപോലും തീർത്തും കുറവായിരുന്ന അക്കാലത്ത് ഇടവകകൾ തോറും മലയാളം, ഇംഗ്ലീഷ് സ്‌കൂളുകൾക്കായി യത്‌നിച്ച പിതാവ്, ഇടവകവൈദികരുടെയും വിശ്വാസികളുടെയും സഹകരണത്തോടെ, കുറഞ്ഞൊരു കാലം കൊണ്ട് ധാരാളം പ്രൈമറി സ്‌കൂളുകൾ സ്ഥാപിച്ചു. കന്യകാമഠങ്ങളോടനുബന്ധിച്ച് പെൺകുട്ടികൾക്കായി സ്‌കൂളുകളും ബോർഡിംഗുകളും സ്ഥാപിച്ചുകൊണ്ട് അക്കാലഘട്ടത്തിൽ വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന സ്ത്രീവിദ്യാഭ്യാസപ്രവർത്തനത്തിനു പിതാവു നേതൃത്വം നൽകി. എന്നാൽ, പിതാവിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മകുടമായി ശോഭിക്കുന്നത് ചങ്ങനാശ്ശേരിയിലെ സെന്റ് ബെർക്കുമാൻസ് കോളജാണ്. 1911-ൽ കാൻഡിയിൽ
വച്ച് മെത്രാഭിഷിക്തനായി തിരിച്ചെത്തിയ പിതാവിന് എസ്. ബി. ഹൈസ്‌കൂളിൽ വച്ച്
നൽകപ്പെട്ട വമ്പിച്ച സ്വീകരണവേളയിൽ, ചങ്ങനാശ്ശേരിയിൽ ഒരു കോളജ് സ്ഥാപിക്കുമെന്ന തന്റെ ദൃഢനിശ്ചയം പ്രഖ്യാപനം ചെയ്തു. കേവലം അടിസ്ഥാനവിദ്യാഭ്യാസം മാത്രമല്ല, ഉന്നതവിദ്യാഭ്യാസം നേടുന്ന കേരളസമൂഹത്തെ സ്വപ്നം കണ്ടു കൊണ്ട് ഒരുപാടു ക്ലേശങ്ങളേറ്റെടുത്തു പിതാവു സ്ഥാപിച്ച ബെർക്കുമാൻസ് കോളജ് ഈ ശതാബ്ദി വർഷത്തിൽ, അത് ഉളവാക്കിയ സൽഫലങ്ങളുടെ വ്യാപ്തി, ഒരുപക്ഷേ, സ്ഥാപകസ്വപ്നത്തെയും അതിശയിക്കുന്നുവോ എന്നു സംശയിച്ചാൽ തെറ്റില്ല. അങ്ങനെ, അന്നത്തെ മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസപുരോഗതിയിൽ ഏറ്റവുമധികം സംഭാവന നൽകിയത്
കുര്യാളശ്ശേരിപ്പിതാവിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി വികാരിയാത്ത് ആയിരുന്നു എന്നത് ഈയവസരത്തിൽ കൃതജ്ഞതയോടെ സ്മരിക്കേണ്ടതാണ്.
പിതാവിന്റെ പ്രവർത്തനമേഖലകളുടെ വ്യാപ്തി ഇനിയുമെത്രയോ ഏറെയാണ്!
വിവിധ കാരണങ്ങളാൽ ശീശ്മയിലും പാഷണ്ഡതകളിലും പെട്ടുപോയ ക്രൈസ്തവ
സഹോദരങ്ങളുടെ ഐക്യത്തിനുവേണ്ടിയും, വേദപ്രചരണത്തിനുവേണ്ടിയും ഉള്ള പ്രവർത്തനങ്ങൾ, വിശ്വാസപരിശീലനശ്രമങ്ങൾ, ഇവയുെടയെല്ലാം വിജയത്തിനുവേണ്ടി സംഘടിതപ്രവർത്തനം ഉദ്ദേശിച്ചുകൊണ്ട്,
മാർത്തോമ്മാ ദാസസംഘം, കെ.സി.എസ്.എൽ., പരി. കുർബാനയുടെ ആരാധനാസന്യാസിനീസഭ എന്നിവയുടെ സ്ഥാപനം, ദിവ്യകാരുണ്യ മിഷനറി സഭാ സ്ഥാപനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രവർത്തനങ്ങൾ എന്നിവയും, ജാതിവ്യവസ്ഥയുടെ ദൂഷ്യങ്ങളെയും സമൂഹത്തിന്റെ അസാന്മാർഗികതയെയും ദൂരീകരിക്കുന്നതിനുവേണ്ടിയുള്ള പ്രബോധനങ്ങൾ, പാവപ്പെട്ടവരോടുള്ള
പ്രത്യേക കരുതൽ എന്നിവയും ”ആത്മാക്കളുടെ രക്ഷയെ പ്രഥമലാക്കാക്കിയും ദിവ്യ
രക്ഷകന്റെ തിരുരക്തത്താൽ വീണ്ടുകൊള്ളപ്പെട്ട യാതൊരു ആത്മാവും നശിച്ചുപോകുന്നതിന് ഇടയാകാതെയുമിരിപ്പാൻ” (ഇടയലേഖനം 1) അതീവശുഷ്‌കാന്തിയോടെ മിശിഹായോടുള്ള സ്‌നേഹത്താൽ പ്രവർത്തിച്ച ഒരു ഇടയശ്രേഷ്ഠനെ നമുക്കു കാണിച്ചുതരുന്നു. റോമിന്റെ ചരിത്രവും സ്മാരകങ്ങളും, കത്തോലിക്കാസഭയുടെ വിശ്വാസവും, വിശ്വാസസമർഥനവും (Apologetics) ഉൾക്കൊള്ളിച്ചുകൊണ്ട് യാത്രാവിവരണമായി തയ്യാറാക്കിയ റോമായാത്ര എന്ന ഗ്രന്ഥം യൗവനാരംഭത്തിലെത്തിയ ഒരു വൈദികവിദ്യാർഥിയുടെ തൂലികയിൽ നിന്നോ എന്നു നമ്മെ അതിശയിപ്പിക്കുന്നു. അദ്ദേഹം വൈദികർക്കെഴുതിയ കത്തുകളും, 113 ഇടയലേഖനങ്ങളും സമുദായത്തിന്റെയും സമൂഹത്തിന്റെയും ആത്മീയ, ഭൗതിക മേഖലകളിലെ നവനിർമിതിയെ ലക്ഷ്യംവച്ച ഒരു പ്രണേതാവിനെ അവതരിപ്പിക്കുന്നു. ലോകത്തിന്റെ ആധ്യാത്മികവും സാമൂഹികവുമായ പുരോഗതിയിൽ കത്തോലിക്കാസഭ നൽകിയിട്ടുള്ള പാരമ്പര്യത്തോടും പൈതൃകത്തോടും ചേർന്നു നിൽക്കുന്ന, കേരളസഭയുടെ അജപാലനപ്രവർത്തനത്തിനു മാതൃകയും പ്രചോദനവുമേകി ആനുകാലിക പ്രസക്തിയോടെ നിൽക്കുന്ന ധന്യനായ കുര്യാളശ്ശേരിപ്പിതാവിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അദ്ദേഹത്തിന്റെ ജന്മശതോത്തര സുവർണജൂബിലിയാചരണവേളയിൽ നമുക്കു നന്ദിയോടെ ഓർക്കാം.