
ഫാ. ഡോ. തോമസ് കറുകക്കളം
ഇസ്രായേൽക്കാരുടെ ഏകദൈവവിശ്വാസം
ഇസ്രായേൽ ജനത്തിന്റെ ഏകദൈവവിശ്വാസത്തിന്റെ അടിസ്ഥാനവും ഉത്ഭവവും
അവർക്ക് അബ്രാഹത്തിന്റെ ദൈവവുമായുള്ള അനുഭവം (Experience With Yahweh)
ആയിരുന്നു. ഇത് ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ബൗദ്ധികമായ കാഴ്ചപ്പാടായിരുന്നില്ല, മറിച്ച് ചരിത്രത്തിൽ ഇടപെട്ട ദൈവത്തെക്കുറിച്ചുള്ള അനുഭവമായിരുന്നു. ഇസ്രായേലിന്റെ ഈ ഏകദൈവവിശ്വാസം
‘ഇസ്രായേലേ കേട്ടാലും…’ (Shama Israel. Deut.6,4) എന്ന പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്നു. ഏകദൈവവിശ്വാസം പ്രഖ്യാപിക്കുന്ന ഈ പ്രാർത്ഥന നൂറ്റാണ്ടുകളിലൂടെ വളർന്നു വികസിച്ച വിശ്വാസത്തിന്റെ പ്രതീകമായിരുന്നു. ഇസ്രായേൽ ഉറക്കെ പ്രഖ്യാപിച്ചത് യാഹ്‌വെ അല്ലാതെ ആരാധനയ്ക്ക് യോഗ്യനായ മറ്റൊരുവൻ ഇല്ല എന്ന നൂറ്റാണ്ടുകളുടെ വിശ്വാസമായിരുന്നു. ഇതുതന്നെയായി
രുന്നു യഹൂദ വിശ്വാസത്തിന്റെ അനന്യതയും, ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്’ (പുറ 24:14) ഈ ഏകദൈവ വിശ്വാസം ആഴത്തിൽ അവരുടെ ബോധമണ്ഡലത്തിലേക്ക് ഇറങ്ങിയത് പുറപ്പാട് കാലയളവോടു കൂടിയാണ്.
ഇസ്രായേലിന് മരുഭൂമി ജീവിതത്തിൽ മറ്റ് ദേവന്മാരുടെ പിന്നാലെ പോകാനുള്ള ശക്തമായ പ്രലോഭനം ഉണ്ടായിരുന്നു. എന്നാൽ ദൈവം പ്രവാചകൻമാരുടെ ഇടപെടലിലൂടെ അവരുടെ വിശ്വാസത്തെ നവീകരിച്ചുകൊണ്ടിരുന്നു. ക്രമേണ ഇസ്രായേൽ, ഏകദൈവവിശ്വാസത്തിന്റെ പ്രേഷിതരായിത്തീർന്നു. അതുകൊണ്ടാണ് ഏശയ്യ. 40-50 അദ്ധ്യായങ്ങളിൽ വിവരിക്കുന്നത് യാഹ്‌വെ അല്ലാതെ വേറെ ദൈവമില്ല അവനാണ് ആധിപത്യവും മഹത്വവും എന്ന്.
ഏകദൈവമായ യാഹ്‌വെയുടെ സാന്നിധ്യം
ഈ ദൈവം ഇസ്രായേലിനൊപ്പം പാർത്തു. വാഗ്ദാനപേടകം അവിടുത്തെ സാന്നിധ്യം നൽകുന്ന സിംഹാസനമായിത്തീർന്നു. ഈ പേടകം ഇസ്രായേലിനോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. അഗ്നിയും മേഘവും അവിടുത്തെ നിരന്തര സാന്നിധ്യത്തിന്റെ മറ്റ് രണ്ട് പ്രതീകങ്ങളായിരുന്നു. (പുറ 14:19-29). ഈ പ്രതീകങ്ങളിലൂടെ അവിടുത്തെ നിരന്തര സാന്നിധ്യവും മഹത്വവും
ഇസ്രായേലിനൊപ്പവും ഇസ്രായേലിലും നിറയുകയും ചെയ്തു. ഈ ദൈവസാന്നി
ധ്യത്തിന്റെ വാഗ്ദാനപേടകമാണ് ദാവീദ് ജറുസലേമിൽ സ്വീകരിക്കുകയും, സോളമൻ ദേവാലയം നിർമ്മിച്ച് അതിപരിശുദ്ധ സ്ഥലത്ത് സ്ഥാപിച്ച് സർവ്വശക്തനും ഏകനുമായ ദൈവത്തിന്റെ സാന്നിധ്യം ഇസ്രായേലിന്റെ ഇടയിൽ എന്നന്നേക്കുമായി സ്ഥാപിക്കുകയും ചെയ്തത്. ദൈവം അരുൾചെയ്തു ‘എന്റെ നാമം അവിടെ ഉണ്ടായിരിക്കും’ (1 രാജ 8:29) അങ്ങനെ ജറുസലേം ദേവാലയം ദൈവത്തെ
കണ്ടുമുട്ടുന്ന സ്ഥലമായിത്തീർന്നു. എന്നു മാത്രമല്ല ഇസ്രായേലിന്റെ ജീവിതത്തിന്റെ
ഹൃദയവുമായിത്തീർന്നു. എപ്പോഴൊക്കെ ഇസ്രായേൽ അവിശ്വസ്തത കാട്ടിയോ അപ്പോഴെല്ലാം ദൈവം ദൈവാലയം വിട്ടുപോയി. (എസക്കിയേൽ 8:7-18) എന്നാൽ ഇറങ്ങിപ്പോയ കർത്താവ് വീണ്ടും ഇസ്രായേലിലേക്ക് തിരിച്ചു വരുന്നതും നമുക്ക് കാണാൻ സാധിക്കും. (എസക്കിയേൽ 43)
യാഹ്‌വെയുടെ സാന്നിധ്യത്തിന്റെ
പ്രതീകമായ ‘വാക്ക്’ (Dabar)
ദൈവത്തിന്റെ വചനം എന്നത് ദൈവം ഉച്ചരിച്ച വാക്ക് എന്നതിനേക്കാൾ ആഴമായ അർത്ഥമാണുള്ളത്. അത് ദൈവത്തിന്റെ തന്നെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ കാണുന്നതിനേക്കാൾ അവിടുത്തെ കേൾക്കുന്നതിനാണ് പഴയനിയമം പ്രാധാന്യം കൊടുക്കുന്നത്. ദൈവത്തിന്റെ വചനം എന്നത് ദൈവത്തിന്റെ നിയമം എന്താണെന്ന് വ്യക്തമാക്കുകയും ചരിത്രത്തിൽ ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലിന്റെ അർത്ഥം വെളിവാക്കുകയും ചെയ്യുന്നു (പുറ 20:1-17). ദൈവം തന്റെ വാക്കിലൂടെ പ്രവർത്തിക്കുന്നവനും സൃഷ്ടിക്കുന്നവനുമാണ്. അതുകൊണ്ടാണ് നിയമാവർത്തനത്തിൽ പറയുന്നത് ഒരു പ്രവാചകൻ കർത്താവിന്റെ നാമത്തിൽ സംസാരിച്ചിട്ട് അത് സംഭവിക്കാതിരുന്നാൽ ആ വാക്ക് കർത്താവിന്റേതല്ല. (നിയമ 18:22) ദൈവം രക്ഷാകരചരിത്രത്തിൽ ഇടപെടുന്നത് പിതാക്കന്മാരോട് നൽകിയവാഗ്ദാനം- വാക്ക്- നിലനിർത്താൻ വേണ്ടി
യായിരുന്നു. കാരണം അത് എന്നേക്കും നിലനിൽക്കുന്ന വാക്കാണ്. ദൈവത്തിന്റെ വാക്കിന്റെ ഈ ചലനാത്മകതയും കാര്യക്ഷമമായ സ്വഭാവവും കൊണ്ട് ആ വാക്കിനെ ഒരു വ്യക്തിയായി മനസ്സിലാക്കാൻ തുടങ്ങി. ‘Personification of Word’ അതുകൊണ്ടാണ് ‘കർത്താവ് തന്റെ വചനം അയച്ചിരിക്കുന്നു’ ഒരു വ്യക്തിയെ എന്നെപോലെ അയച്ചിരിക്കുന്നു എന്ന് പറയുന്നത് (ഏശയ്യ 9:8) ചുരുക്കത്തിൽ ദൈവത്തിന്റെ വചനത്തിലൂടെ (Dabar) ഇസ്രായേൽ അനുഭവിച്ചത് അവരുടെ ഇടയിലുള്ള ദൈവത്തിന്റെ സജീവസാന്നിധ്യത്തെ തന്നെയായിരുന്നു. ഇത് പിൽ
ക്കാലത്ത് വചനമായ മിശിഹായിൽ പൂർത്തീകരിക്കപ്പെട്ടു.
ദൈവത്തിന്റെ ജ്ഞാനം
(Chokma YHWH)
ജ്ഞാനത്തിന്റെ ഉറവിടം ദൈവമാണ്. ജ്ഞാനം ദൈവത്തിന്റെ ദാനമാണ് (സുഭാ.8) അത് ദൈവത്തിന്റെ പ്രവൃത്തിയോട് ചേർന്നിരിക്കുന്ന യാഥാർത്ഥ്യമാണ്. ജ്ഞാനം സൃഷ്ടികർമ്മത്തിൽ ദൈവത്തിന് അരികെ ഉണ്ടായിരുന്നു. (സുഭാ 8:27-28) ജ്ഞാനത്തെ ഒരു വ്യക്തിയായിട്ടാണ് ബൈബിൾ അവതരിപ്പിക്കുന്നത്. തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ വഴിയാത്രക്കാരെ ക്ഷണിക്കാൻ കാത്തുനിൽക്കുന്ന വ്യക്തിയാണ് ജ്ഞാനം (സുഭാ 9). ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹം തന്റെ
മക്കൾക്ക് നൽകുന്ന അമ്മയെപ്പോലെയാണ് (പ്രഭാഷ 4:11-15). ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെട്ട് ഇസ്രായേലിന്റെ ഇടയിൽ ദൈവസാന്നിധ്യവുമായി വസിക്കുന്നതാണ് ജ്ഞാനം (പ്രഭാഷ 24:3-11). ജ്ഞാനം ദൈവത്തെപ്പോലെ ശക്തനാണ്. ജ്ഞാനം ദൈവത്തോടൊപ്പം മനുഷ്യന് രൂപം നൽകി സൃഷ്ടികളുടെ മേൽ ആധിപത്യം വഹിച്ചു, ലോകത്തെ വിശുദ്ധിയിലും നീതിയിലും ഭരിക്കുന്നു. ഹൃദയ
പരമാർത്ഥതയോടെ വിധി പ്രസ്താവിക്കുകയും ചെയ്യുന്നു. (ജ്ഞാനം 9:4) ചുരുക്കത്തിൽ ജ്ഞാനം (Wisdom) ഒരു വ്യക്തിയായി ദൈവത്തിന്റെ സ്വയം പ്രകാശനമായാണ് പഴയനിയമം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഇത് പൂർത്തീകരിക്കപ്പെട്ടത് മിശിഹായിലാണെന്ന് പുതിയനിയമത്തിൽ നാം കാണുന്നു.
(തുടരും)