
ജോൺ ജെ. പുതുച്ചിറ
ആദാമിന്റെ സന്തതികൾ
ആദത്തിനും ഹവ്വയ്ക്കും രണ്ടു മക്കൾ പിറന്നു. കായേനും ആബേലും. ഭൂമിയിലെ
ആദ്യസഹോദരങ്ങൾ. കാലക്രമേണ കായേൻ ഒരു ക്യഷിക്കാരനും ആബേൽ ഒരു ആട്ടിടയനുമായി മാറി. ഒരേ മാതാപിതാക്കളുടെ മക്കളാണെങ്കിലും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു അവർ. കായേൻ തന്റെ ക്യഷിസ്ഥലത്തു നിന്ന് ലഭിച്ചതിൽ മോശമായ കായ്കനികൾ ദൈവത്തിന് കാഴ്ച സമർപ്പിച്ചു. അതേ സമയം ആബേൽ തന്റെ ആട്ടിൻപറ്റങ്ങളിൽ നിന്ന് ഏറ്റവും മികച്ചതിനെ ദൈവത്തിന് കാഴ്ചവച്ചു.
സ്വാഭാവികമായും ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചു.
അതേസമയം കായേനിലോ അവന്റെ കാഴ്ചവസ്തുക്കളിലോ അവിടുന്ന് പ്രസാദിച്ചില്ല.
ദൈവത്തിന്റെ പ്രസാദം ഉണ്ടാവാത്തത് കായേനെ കോപിഷ്ഠനാക്കി. ആബേലിൽ അവിടുന്ന് പ്രസാദിച്ചത് അവനെ അസൂയാലുവുമാക്കി. ഉചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ നീയും സ്വീകാര്യനാകുമായിരുന്നല്ലോയെന്ന് ദൈവം അവനോടു പറഞ്ഞു. സഹോദരനോടുള്ള കായേന്റെ അസൂയ അനുദിനം ഇരട്ടിച്ചു വന്നു. ഒരു ദിവസം കായേൻ സഹോദരനെ തന്റെ വയലിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവച്ചു അവൻ ആബേലിനോട് കലഹിക്കുകയും അവനെ കൊലപ്പെടുത്തുകയും ചെയ്തു. ഭൂമിയിൽ ആദ്യമായി ഒരു കൊലപാതകത്തിന്റെ രക്തം വീണു. ‘നിന്റെ സഹോദരൻ എവിടെ?’ എന്ന് കർത്താവ് കായേനോടു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്നും സഹോദരന്റെ കാവൽക്കാരനാണോ താനെന്നുമായിരുന്നു കായേനിന്റെ മറുപടി. എന്നാൽ എല്ലാം അറിയുന്നവനായ
ദൈവം ഇങ്ങനെ പ്രതിവചിച്ചു: ‘കായേൻ, നീ എന്താണു ചെയ്തത്, നിന്റെ സഹോദരന്റെ രക്തം മണ്ണിൽ നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കയ്യിൽ നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കുവാൻ വായ് പിളർന്ന ഭൂമിയിൽ
നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യു മ്പോൾ മണ്ണു നിനക്കു ഫലം തരികയില്ല. നീ ഭൂമിയിൽ അലഞ്ഞു തിരിയുന്നവനായിരിക്കും.’
തുടർന്ന് കായേൻ കർത്താവിന്റെ സന്നിധിവിട്ട് ഏദന് കിഴക്ക് നോദുദേശത്ത് താമസമായി. കായേൻ ഒരു നഗരം പണിയുകയും അവന്റെ സന്തതിപരമ്പരകൾ അവിടെ ജീവിക്കുകയും ചെയ്തു. ആദാമിനും ഹവ്വയ്ക്കും പിന്നീട് സേത്ത്
എന്ന പുത്രൻ കൂടി ജനിച്ചു. കായേൻ കൊലപ്പെടുത്തിയ ആബേലിനു പകരം ലഭിച്ച മകനെപോലെ അവർ അവനെ കരുതി. ഭൂമിയിൽ സേത്തിന്റെ സന്തതിപരമ്പരകൾ ഉണ്ടായി. അവരിൽ ഒരാളായ ലാമെക്കിന് ഒരു പുത്രനുണ്ടായി. കർത്താവു ശപിച്ച
ഈ ഭൂമിയിലെ ക്ലേശങ്ങളിൽ അവൻ നമുക്ക് ആശ്വാസം നേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു പേർ വിളിച്ചു. അങ്ങനെ മനുഷ്യർ ഭൂമിയിൽ പെരുകാൻ തുടങ്ങി. അതോടൊപ്പം തന്നെ ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടതകളും പെരുകി. അത് സ്യഷ്ടാവിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതിൽ അവിടുന്ന് ആദ്യമായി പരിതപിച്ചു. അവിടുന്ന് അനിവാര്യമായ ഒരു തീരുമാനമെടുത്തു- എന്റെ സ്യഷ്ടിയായ മനുഷ്യനെ ഞാൻ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും
ആകാശത്തിലെ പറവകളെയും ഞാൻ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതിൽ ഞാൻ ദുഃഖിക്കുന്നു. എന്നാൽ നോഹ മാത്രം ദൈവത്തിന്റെ പ്രീതിക്കു പാത്രമായി.