ആഗോള ഭീകരത-ആഭ്യന്തര വർഗ്ഗീയത; ക്രൈസ്തവ നിലനിൽപ് വെല്ലുവിളിയിൽ

ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ

മതേതരത്വത്തിന്റെ മഹത്വമുയർത്തി ലോകത്തിനു മുമ്പിൽ തലയുയർത്തിപ്പിടിച്ച ഇന്ത്യക്കിത് എന്തുപറ്റിയെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയരുന്നു. ഭരണഘടനയേയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളെയും കാറ്റിൽ
പറത്തി ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായ സംസ്ഥാനങ്ങൾ നിയമങ്ങൾ നിർമ്മിച്ചും അതിന്റെ മറവിൽ തീവ്രവാദപ്രസ്ഥാനങ്ങൾ അക്രമങ്ങൾ അഴിച്ചുവിട്ടും നടത്തുന്ന അഴിഞ്ഞാട്ടങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനെയും സമാധാന അന്തരീക്ഷത്തെയും വെല്ലുവിളിക്കുന്നു. അധികാരത്തിന്റെ മത്തുപിടിച്ച്
വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അതിന്റെ മറവിൽ ഭാരതമണ്ണിൽ ചോരപ്പുഴ ഒഴുക്കാനും ശ്രമിക്കുന്ന അണിയറ അജണ്ടകളെ മനഃസാക്ഷിയുള്ളവർ തിരിച്ചറിഞ്ഞ് എതിർത്തേ പറ്റൂ. ഇക്കൂട്ടർ പുത്തൻ നിയമനിർമ്മാണങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സമാധാന കാംക്ഷികളും നിസ്വാർത്ഥ സേവകരുമായ ക്രൈസ്തവരെക്കൂടിയാണെന്നുള്ളത് ഏറെ ഗൗരവമേറുന്നു. ഇന്ത്യയിലുടനീളം ക്രൈസ്തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആസൂത്രിത അക്രമങ്ങളും പീഡനങ്ങളും നിരന്തരം തുടരുന്നു. ഏറ്റവും
അവസാനം ലഭ്യമായ വിവരങ്ങളനുസരിച്ച് 2021 -ൽ മാത്രം ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 472 അക്രമങ്ങളാണ് ക്രൈസ്തവർക്കുനേരെ നടന്നതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവിധ സംസ്ഥാന പോലീസ് സംവിധാനങ്ങളും കണ്ണടച്ചുവിട്ടിരിക്കുന്ന കേസുകൾ വേറെയും. ഉത്തർപ്രദേശിൽ 999. ചത്തീസ്ഖഡിൽ 89, കർണ്ണാടക 58, ജാർഖണ്ഡ് 44, മദ്ധ്യപ്രദേശ് 38 എന്നിങ്ങനെ പോകുന്നു കണക്കുകൾ. 2014 -ൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കും നേരെ 127 അക്രമകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2021 -ൽ 472 ലേക്ക് കുതിച്ചുയർന്നത് വരാൻപോകുന്ന വെല്ലുവിളികളുടെ സൂചനകളാണ്. മതപരിവർത്തന നിരോധന ബില്ലിന്റെ മറവിൽ ക്രൈസ്തവ സ്ഥാപനങ്ങൾ കൈയേറി അക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകർക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകൾ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക എന്നിങ്ങനെ പോകുന്നു പീഡനമുറകൾ. 2021 ലെ ക്രിസ്മസ് ദിനത്തിൽ അക്രമങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു.
ക്രിസ്മസിനോട് അനുബന്ധിച്ച് അരങ്ങേറിയത്
ഉത്തർപ്രദേശിലെ ആഗ്രയിൽ സാന്റാ ക്ലോസിന്റെ കോലം കത്തിച്ചു. സമ്മാനം കൊടുക്കലല്ല, ഹിന്ദുക്കളെ മതപരിവർത്തനം നടത്തുകയാണ് ക്രൈസ്തവരുടെ ലക്ഷ്യമെന്നാണ് സമരക്കാരുടെ ആക്ഷേപം. വാരണാസിയിലെ
മത്രിധാം ആശ്രമത്തിനു മുന്നിൽ പള്ളികൾ ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധങ്ങൾ നടന്നു. ഹരിയാനയിൽ ക്രൈസ്തവ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിൽ പ്രതിഷേധം നടന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ വേദിയിൽക്കയറി ആഘോഷങ്ങൾ അലങ്കോലപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽ ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പള്ളി അടിച്ചുതകർത്തു. അസമിലെ സിൽച്ചറിൽ പള്ളിയിലേക്ക് അക്രമികൾ ഇരച്ചു
കയറി. കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി രാത്രി പതിനൊന്നോടെ പള്ളി പൂട്ടുകയും ചെയ്തു. കർണ്ണാടകയിലെ മാണ്ഡ്യയിലുള്ള നിർമ്മല സ്‌കൂളിൽ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ്
ജോസഫ്‌സ് സ്‌കൂളിനു നേരെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടും നടപടികളില്ല. മതംമാറ്റനിരോധനത്തിന്റെ മറവിൽ കർണ്ണാടകത്തിലെ വിവിധ കോണുകളിൽ ക്രൈസ്തവർക്കുനേരെ
അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും, ബീഹാറിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസ നിയമങ്ങൾ അടിച്ചേൽപ്പിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രാജ്യാന്തര തലങ്ങളിൽ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ മതഭീകര പ്രസ്ഥാനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോൾ ഇന്ത്യയിലും മറ്റൊരു രൂപത്തിൽ ഇതാവർത്തിക്കുന്നത്
ദുഃഖകരവും മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ള ഭരണനേതൃത്വങ്ങൾ ഒളിച്ചോട്ടം നടത്തരുത്.
ക്രൈസ്തവർക്ക് മതപരിവർത്തന കേന്ദ്രങ്ങളില്ല
ക്രൈസ്തവ സ്ഥാപനങ്ങൾ മത പരിവർത്തന കേന്ദ്രങ്ങളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വാതന്ത്ര്യ പ്രാപ്തി സമയത്തും ഇപ്പോൾ ഏഴുപതിറ്റാണ്ടുകൾക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനം ആയി തുടരുകയായിരുന്നു. ഇതിനിടയിൽ 2.1 ശതമാനത്തിലേക്ക് ജനസംഖ്യ കുറയുകയും ചെയ്തു. ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേർപ്പെടുന്നവരെയും ക്രൈസ്തവ മിഷനറിമാർ മതപരിവർത്തനം ചെയ്തിരുന്നെങ്കിൽ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകൾക്കു മുമ്പേ മാറുമായിരുന്നു. മത പരിവർത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടെയും മനുഷ്യനിൽ പരിവർത്തനവും മാനസിക വളർച്ചയും സാമൂഹ്യ ഉയർച്ചയും സൃഷ്ടിക്കുന്ന നിസ്വാർത്ഥ സേവനമാണ് ക്രൈസ്തവരുടേത്. പക്ഷേ മതപരിവർത്തന നിരോധന നിയമം സൃഷ്ടിച്ച് ക്രൈസ്തവർക്കു നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്
ഭരണഘടന ഉറപ്പു നൽകുന്ന മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്നറിഞ്ഞിട്ടും കേന്ദ്രസർക്കാർ മൗനം ഭജിക്കുന്നു.
ഇതിനോടകം ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം പല രൂപത്തിൽ പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരെ അക്രമിക്കാനുള്ള ആയുധമാക്കി, നിയമ വ്യവസ്ഥകളെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിൽ ചില തീവ്രവാദ സംഘടനകൾ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് എതിർക്കാതെ നിവൃത്തിയില്ല.
മതപരിവർത്തന നിരോധന ബില്ലിൽ എന്ത്?
നിർബന്ധിത മതപരിവർത്തനം നടത്തിയതായി കണ്ടെത്തുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണു കർണാടക മതസ്വാതന്ത്ര്യ അവകാശസംരക്ഷണ ബിൽ എന്ന നിർദിഷ്ട നിയമം. കുറ്റക്കാർക്കു മൂന്നുമുതൽ അഞ്ചുവരെ വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാം. സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്കെതിരെയാണ് കുറ്റമെങ്കിൽ മൂന്നുമുതൽ പത്തുവരെ വർഷം തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കുറ്റക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. കൂട്ടത്തോടെ മതപരിവർത്തനം നടത്തിയാൽ 3-10 വർഷം തടവും ഒരുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ഒരാൾക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കിൽ രണ്ടുമാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. മറ്റൊരു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യപ്പെട്ടാൽ, ആദ്യമതത്തിൽ അയാൾക്കു ലഭിച്ചിരുന്ന സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റദ്ദാക്കപ്പെടും. എന്നാൽ മാറുന്ന മതത്തിലെ ആനുകൂല്യങ്ങൾ ലഭിക്കും. നിയമവിരുദ്ധ മതംമാറ്റങ്ങൾ വഴിയുള്ള വിവാഹങ്ങൾ അസാധുവാക്കും. മതം മാറിയ വ്യക്തി വീണ്ടും പഴയമതം സ്വീകരിച്ചാൽ മതപരിവർത്തനമായി കണക്കാക്കില്ലെന്നും വ്യവസ്ഥയുണ്ട്.

ക്രൈസ്തവരെ സമ്മർദ്ദത്തിലാക്കണ്ട
ക്രൈസ്തവ സഭയെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ ലക്ഷ്യമെങ്കിൽ സഭ നിർബന്ധിത മതപരിവർത്തനം നടത്താറില്ല എന്നതാണ് അതി
നുള്ള മറുപടി. ഓടി വരുന്ന ഒരാൾക്ക് ചേക്കേറാനുള്ള ഇടമല്ല ക്രൈസ്തവ സഭ. ക്രൈസ്തവവിശ്വാസം സ്വീകരിച്ചു മനഃപരിവർത്തനത്തിനു വിധേയരാകുന്നവരെ മാത്രമാണ് സഭ സ്വീകരിക്കാറുള്ളത്. നിർബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങൾ നൽകിയോ ആരെയും സഭയിൽ ചേർക്കാറില്ല. ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ക്രൈസ്തവ സമൂഹത്തിന് അതിന്റെ ആവശ്യവുമില്ല. വസ്തുത ഇതായിരിക്കെ കർണാടക സർക്കാരിന്റെ നിയമനിർമ്മാണം തികച്ചും ദുരുപദിഷ്ടമാണ്. രാജ്യത്തെ പൗരന്മാർക്ക് ഏതു മതത്തിൽ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാൻ ഇരുപതോളം നിയമവകുപ്പുകൾ രാജ്യത്തുണ്ടെന്നുള്ളത് മറക്കരുത്.
കടന്നാക്രമിക്കുന്നവർ കാണാതെ പോകരുത്
ജനങ്ങളെ ആക്രമിച്ചും കഴുത്തറുത്തും ജീവനോടെ കുഴിച്ചുമൂടിയും തോക്കിൻകുഴലിനിരയാക്കിയും മതംവളർത്തുന്നവരല്ല ക്രൈസ്തവർ. ഇതു സ്‌നേഹത്തിന്റെ മതമാണ്. സമാധാനത്തിന്റെ പങ്കുവെയ്ക്കലാണ്
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. നിസ്വാർത്ഥസേവനവും ഇതിലുൾപ്പെടുന്നു. ആരോരുമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ആലംബഹീനർക്ക് അഭയകേന്ദ്രങ്ങളൊരുക്കിയതാണോ
ക്രൈസ്തവർ ചെയ്ത തെറ്റ്? വിശപ്പിന്റെ വിളിയിൽ ജീവനുവേണ്ടി കൊതിച്ച പട്ടിണിപ്പാവങ്ങളെ സ്‌നഹത്തോടെ വാരിപ്പുണർന്ന് അന്നം നൽകിയതും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിന്റെ ഹൃദയത്തിനുള്ളിലേക്ക് അറിവിന്റെ അക്ഷരങ്ങൾ കുറിച്ചുകൊടുത്തതും ആരാണെന്ന് ആരും ബോധപൂർവ്വം മറക്കരുത്. ഈ സമൂഹത്തിന്റെ ത്യാഗത്തിന്റെ ഗുണഫലമനുഭവിച്ചവരിപ്പോൾ നിയമം നിർമ്മിച്ച് പീഡിപ്പിക്കുവാൻ ശ്രമിക്കുന്നതിനുമുമ്പ് ഇന്ത്യയിലെ ക്രൈസ്തവ ചരിത്രവും സംഭാവനകളും സേവനവും പഠിക്കുവാൻ ശ്രമിക്കണം.
ഭീകരവാദികളെ തിരിച്ചറിയുക
ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ പതിപ്പുകൾ ഇന്ത്യയിലുടനീളം പല രൂപത്തിൽ പ്രവർത്തനസജീവമാണിന്ന്. കേരളത്തിൽ ഇവരുടെ സ്ലീപ്പർ സെല്ലുകളുമുണ്ടെന്ന് വിവിധ രാജ്യാന്തര ഏജൻസികൾ രേഖകൾ സഹിതം പുറത്തുവിട്ടിട്ടുണ്ട്. ലോകമെമ്പാടും ക്രൈസ്തവരെ കൊന്നൊടുക്കി കുഴിച്ചുമൂടുന്ന ഇക്കൂട്ടർ നിരന്തരം ഇന്ത്യയിലും അഴിച്ചുവിടുന്ന അരാജകത്വം ക്രൈസ്തവരും കാണാതെപോകരുത്. മാംഗ്ലൂരിൽ ചില കന്യാസ്ത്രീകളെയും വൈദികരെയും സർക്കാരിനെതിരെ ഇവർ സമർത്ഥമായി ഉപയോഗിച്ചു. ഇത്തരം അബദ്ധങ്ങളിൽ ക്രൈസ്തവർ അറിയാതെ ചാടിവീഴരുത്. ആഭ്യന്തര തീവ്രവാദത്തെ നേരിടുവാൻ ക്രൈസ്തവർക്ക് കെണിയൊരുക്കി ആഗോളഭീകരവാദികൾ ശ്രമിക്കുമ്പോൾ അബദ്ധത്തിൽപോലും ക്രൈസ്തവർ തലവെച്ചുകൊടുക്കരുത്.
വർഗ്ഗീയ ചേരിതിരിവ് പാടില്ല
ആർഷ ഭാരത സംസ്‌കാരം പുകൾപെറ്റതാണ്. ഹൈന്ദവ ദർശനങ്ങളാണ് അതിന്റെ അടിസ്ഥാനം. മഹർഷീശ്വരന്മാരിലൂടെ പങ്കുവെച്ച സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും അഹിംസയുടെയും സംസ്‌കാരമാണിത്. പുല്ലിനെപ്പോലും നോവിക്കാത്ത ഹൈന്ദവ പാരമ്പര്യത്തിനെയും ആർഷഭാരത സംസ്‌കാരത്തെയും വെല്ലുവിളിക്കാൻ പ്രബുദ്ധരായ ഹൈന്ദവ പുരോഹിതരും ശ്രേഷ്ഠരും വിശ്വാസികളും ആരെയും അനുവദിക്കരുത്. സമാധാനത്തിന്റെ സന്ദേശമാണ് നമുക്ക് കൈമാറേണ്ടത്. അധികാരത്തിന്റെ മറവിൽ അക്രമങ്ങൾ അഴിച്ചുവിട്ട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങൾ തെരുവിൽ തമ്മിലടിച്ച് രക്തംചിന്തി മരിക്കുവാൻ ഒരിക്കലും വിട്ടുകൊടുക്കരുത്. നൂറ്റാണ്ടുകൾക്കു മുമ്പ് പങ്കുവെച്ച ‘മാനിഷാദ’യുടെ മഹത്തായ സന്ദേശം ഭാരതസമൂഹത്തിന് പ്രചോദനമാകട്ടെ.
ക്രൈസ്തവർക്ക് വേണ്ടത് ഒരുമയും സ്വരുമയും
ആഗോള കത്തോലിക്കാസഭയുടെ ഏറ്റവും വലിയ കരുത്ത് സഭയുടെ കെട്ടുറപ്പു
തന്നെ. മാർപാപ്പ മുതൽ കുടുംബങ്ങൾ വരെയുള്ള സഭയുടെ ശുശ്രൂഷാ ശൃംഖലയുടെ ശക്തി ആരെയും അതിശയിപ്പിക്കുന്നതാണ്. 24 സഭാവിഭാഗങ്ങൾ ചേർന്നുള്ള കത്തോലിക്കാസഭയും ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ചുചേരുമ്പോൾ ലോകത്തിലെ മൂന്നിലൊന്നിലേറെ ജനസമൂഹമായി. കത്തോലിക്കാസഭയുടെ വിവിധ രാജ്യങ്ങളിലെ വളർച്ചയും ഫ്രാൻസിസ് മാർപാപ്പായുടെ ഊർജസ്വലതയും ജനഹൃദയങ്ങളിലെ സ്വാധീനവും സ്വീകാര്യതയും പ്രവർത്തനതലങ്ങളും
നിസ്വാർത്ഥസേവനവും ഏറെ വിലപ്പെട്ടതും ലോകം മുഴുവൻ അംഗീകരിച്ചതുമാണ്.
വിവിധ ക്രൈസ്തവ സമൂഹങ്ങൾ തമ്മിൽ ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും വേണ്ടത്ര യോജിപ്പോ ഐക്യമോ രൂപപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ടോയെന്ന് നേതൃത്വങ്ങൾ ആത്മശോധന നടത്തണം. കഴിഞ്ഞ നാളുകളിൽ ക്രൈസ്തവ കത്തോലിക്കാ സമൂഹങ്ങൾക്കിടയിൽ അതിരൂക്ഷമായ അനൈക്യത്തിന്റെ അടിസ്ഥാന കാരണം വിശ്വാസികളെല്ലന്നുള്ളത് പകൽപോലെ വ്യക്തമാണ്. വൈദിക അഭിഷേക പ്രതിജ്ഞകൾ പോലും പുച്ഛിച്ചുതള്ളി, ചിലർ സഭാനിയമങ്ങളെയും അധികാരികളെയും നിഷ്‌കരുണം അവഗണിച്ച്, വിശ്വാസികളിൽ ഭിന്നത സൃഷ്ടിക്കുന്നു. ഇവരെ സംവിധാനങ്ങളിൽ നിന്നു പുറന്തള്ളുവാൻ സഭാനേതൃത്വങ്ങൾക്കാകുന്നില്ലെങ്കിൽ നസ്രാണിയുടെ നടുവൊടിയും.
വിശ്വാസിസമൂഹത്തിൽ ഭിന്നതകൾ രൂപപ്പെടും. നിലനിൽപുപോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിലെ വിവിധ ക്രൈസ്തവ നേതൃത്വങ്ങൾ തമ്മിൽ കൂടുതൽ ഐക്യവും അനുരഞ്ജനവും ഊട്ടിയുറപ്പിക്കണം. ക്രൈസ്തവ സഭകൾക്കുള്ളിലെ ഭിന്നതകൾ മുതലെടുത്ത് ഭീകരപ്രസ്ഥാനങ്ങളുൾപ്പെടെയുള്ള ബാഹ്യശക്തികൾ സഭയ്ക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറി ബലഹീനമാക്കുക മാത്രമല്ല, കുടുംബങ്ങൾ തന്നെ ശിഥിലമാക്കി സംഘടിത അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളേറെയാണ്. സഭയുടെ കെട്ടുറപ്പ് സുദൃഢമാക്കാൻ നേതൃത്വങ്ങൾ പരാജയപ്പെടുന്ന ദുർവിധി വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തു
മെന്ന് തിരിച്ചറിഞ്ഞുള്ള ഉറച്ച നിലപാടുകളും അനുരഞ്ജനവും ഐക്യവും ഭാരതസഭയിലിന്ന് അനിവാര്യമാണ്. ക്രൈസ്തവ സമൂഹത്തിൽ ഒരുമയും സ്വരുമയും രൂപപ്പെടുന്നില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരും.