ജോൺ കച്ചിറമറ്റം

0
159
ബിനു വെളിയനാടൻ

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിരന്തരമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായകർ മ്മപുരുഷനാണു ജോൺ കച്ചിറമറ്റം. പാലാ രാമപുരത്ത് കച്ചിറമറ്റം കുടുംബത്തിൽ അവിരാ അന്നമ്മ ദമ്പതികളുടെ മകനായി 1938 ൽ ജനിച്ചു. പത്താമത്തെ വയസ്സിൽ ഭക്തസംഘടനകളിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം നൽകിയ ജോൺ കച്ചിറമറ്റം സാർ, പാലാ രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പൊതുപ്രവർത്തനവും അധ്യാപകവൃത്തിയും ഒരുമിച്ചുകൊണ്ടുപോകുക ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ, 1993 ൽ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്നും വിരമിക്കുകയും സാഹസികമായിത്തന്നെ സാമൂഹിക സേവനത്തിനു സ്വയം സമർപ്പിക്കുകയാണു ചെയ്തത്. അഖില കേരള കത്തോലിക്കാ കോൺഗ്രസിന്റെ പ്രവർത്തകനായി തുടക്കം കുറിച്ച സാമൂഹികപ്രവർത്തനം, പിന്നീട് കേരളകർഷകരുടെ അവകാശ പ്രക്ഷോഭങ്ങളിലേക്കു പടർന്നു കയറി പ്രവർത്തിക്കുകയായിരുന്നു. കേരള ക്രിസ്ത്യൻ ലീഡേഴ്‌സ് ആക്ഷൻ കൗൺസിൽ, കേരള കാത്തലിക്ക് യൂണിയൻ എന്നീ സംഘടനകളുടെ സാരഥിയെന്ന നിലയിൽ മഹാസമ്മേളനങ്ങളും പ്രകടനങ്ങളും നടത്തി സമുദായത്തിന്റെ വികാരവിചാരങ്ങൾക്ക് രൂപഭാവം നൽകിയ സമുദായ സ്‌നേഹിയാണ് കച്ചിറമറ്റം ജോൺസാർ. 1975 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിച്ചു. ഷിമോഗ, ഗൂഡല്ലൂർ, ഉത്തരമലബാറിലെ കൊട്ടിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിയിറക്കു നീക്കങ്ങൾക്കെതിരെയും അദ്ദേഹം ശക്ത മായി പോരാടി. കേരള സഭാരത്‌നങ്ങൾ എന്ന ഗ്രന്ഥത്തിലൂടെ മരണമടഞ്ഞ 661 പ്രമുഖ വ്യക്തികളെയും കേരള സഭാപ്രതിഭകളിലൂടെ ഇപ്പോഴും കർമ്മനിരതരായിരിക്കുന്ന 412 പ്രതിഭാശാലികളെയും ജോൺ കച്ചിറമറ്റം പരിചയപ്പെടുത്തുന്നു. പാപ്പായുടെ നാട്ടിൽ, കേരള ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, സാമൂഹ്യപരിഷ്‌കരണശ്രമങ്ങളും ക്രൈസ്തവ നവേത്ഥാനനായകരും, വിമോചനസമരം ഒരു ആമുഖം എന്നിവയാണ് പ്രധാന
കൃതികൾ. 1988 ൽ ആളൂർ ബെറ്റർ ലൈഫ് സെന്ററിന്റെ കേരളസഭാതാരം അവാർഡിനും 1998 ൽ കേരള സാഹിത്യകലാസമിതിയുടെ പ്രതിഭാപ്രകാശം അവാർഡിനും അർഹനായി. വടവാതൂർ സെമിനാരിയുടെ ഫാ. ആറാഞ്ചേരി അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാഡമിയുടെ ബഞ്ചമിൻ ബയ്‌ലി അവാർഡ്, 2001 ൽ കേരള ക്രിസ്ത്യൻ ഫൗണ്ടേഷന്റെ മാർത്തോമ്മാ അവാർഡ്, 2006 ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ കനകജൂബിലി അവാർഡ്, തിരുവല്ല അതിരൂപതയുടെ പ്രത്യേകപുരസ്‌കാരം, കെസിവൈഎം-ന്റെ അത്മായരത്‌നം
അവാർഡ്, കേരള കാത്തലിക് ഫെഡറേഷന്റെ കേരളസഭാരത്‌നം അവാർഡ്, 2021 ൽ ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിന്റെ ഐ.സി. ചാക്കോ പുരസ്‌കാരം എന്നിവ കരസ്ഥമാക്കി. തിടനാട് കണിയാംപടിക്കൽ മേരിയാണ് ഭാര്യ. ആൻസമ്മ, സന്തോഷ് എന്നിവർ മക്കളാണ്.