കേരള വികസനത്തിൽ സഭയുടെ സംഭാവനകൾ

ജോൺ ജെ. പുതുച്ചിറ

രചന: ഡോ.കുര്യാസ് കുമ്പളക്കുഴി
വില 800 രൂപ, ചങ്ങനാശേരി അതിരൂപത ചരിത്ര കമ്മീഷൻ പ്രസിദ്ധികരണം

ക്രൈസ്തവ സമൂഹം കേരളചരിത്രത്തിൽ ഏറ്റവുമധികം അവഗണന നേരിടുന്ന ഒരു കാലഘട്ടമാണിത് . ചരിത്രത്തിൽ നിന്ന് ക്രൈസ്തവരുടെ വിലപ്പെട്ട സംഭാവനകളെ ഒഴിവാക്കുന്നതിനു ബോധപൂർവ്വമായ ഒരു ശ്രമം കഴിഞ്ഞ കുറെക്കാലമായി ഇവിടെ നടക്കുന്നു. വിദ്യാഭ്യാസ-ആരോഗ്യ-സാംസ്‌ക്കാരിക- മേഖലകളിൽ വിലപ്പെട്ട സേവനം ചെയ്തു വരുന്ന ക്രൈസ്തവ സമൂഹം ഇന്ന് പല രംഗങ്ങളിൽ നിന്നും ഒഴിവക്കപ്പെടുന്നത് ഒരു നിത്യകാഴ്ചയാണ്. ക്രൈസ്തവരെ അവഗണിക്കുന്നതിന്റെ ഭാഗമായി ചരിത്രം പോലും വികലമായി തിരുത്തി കുറിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ ചരിത്ര കമ്മീഷൻ ചങ്ങനാശ്ശേരി അതിരൂപത ഇന്നലെ ഇന്ന് എന്ന പരമ്പരയിൽവാല്യം-3 ഭാഗം-1 ആയി ‘കേരളവികസനത്തിൽ സഭയുടെ സംഭാവനകൾ’ സമാഹരിച്ചു പ്രസിദ്ധികരിക്കുന്നത്. കേരളചരിത്രത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കപ്പെട്ട വ്യക്തികളെയും സംഭവങ്ങളെയും ഉൾപ്പെടുത്തി രചിക്കപ്പെട്ട ബ്യഹത്തായ ഒരു റഫറൻസ് ഗ്രന്ഥമാണ് ഇത്.
ഭൗതികതലത്തിൽ പ്രധാനപ്പെട്ട ചില മേഖലകളിൽ കേരളം കൈവരിച്ച വികസന
ത്തിൽ സഭയുടെ സംഭാവനകൾ എന്ത് എന്നതാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. വിദ്യാഭ്യാസമേഖലയാണ് അതിൽ പ്രഥമ പരിഗണന അർഹിക്കുന്നത്. വിദേശ മിഷനറിമാരുടെയും ക്രൈസ്തവ സഭകളുടെയും രൂപതകളുടെയും സന്യാസ സമുഹങ്ങളുടെയും ആഭിമുഖ്യത്തിൽ രൂപം കൊണ്ട വൈവിധ്യമാർന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരള വികസനത്തിൽ ചെലുത്തിയ സ്വാധീനം എത്രവലുതാണെന്ന് തെളിയിക്കുന്നതാണ് ഇതിലെ വിവരണങ്ങൾ.
സാമൂഹികരംഗത്ത് ആർജിച്ച വികസനമാണ് ഈ ഗ്രന്ഥത്തിലെ മറ്റൊരു പ്രധാനപ്രമേയം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവും ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളുമെല്ലാം ആഴത്തിൽ വേരുപിടിച്ചിരുന്ന കേരള സമൂഹത്തിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നീതി ബോധത്തിന്റെയും ചിന്തകൾ ഉണർത്തിയത് സമഭാവനയോടെ ആരംഭിച്ച ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കൂടാതെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തികൊണ്ട് കേരള സമൂഹത്തെ വികസനത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിന് ചാലകശക്തിയാകാൻ ഇവിടുത്തെ ക്രൈസ്തവ സമൂഹങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
കലാസാഹിത്യാദിരംഗങ്ങളിൽ ഈടുറ്റ സംഭാവനകൾ നൽകിയ നിരവധി സംസ്‌ക്കാരിക നായകന്മാർക്ക് സഭ ജന്മം നൽകിയിട്ടുണ്ടെങ്കിലും കേരളചരിത്രത്തിന്റെ മുഖ്യധാരയിൽ അവരിൽ പലർക്കും ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അവരിൽ പ്രമുഖരായ വ്യക്തികളുടെ സംഭാവനകളെക്കുറിച്ച് ഈ
പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെ ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ആതുരശുശ്രൂഷാരംഗത്തെ എല്ലാ മേഖലകളിലും സഭ എതിരാളികളുടെ പോലും
പ്രശംസ പിടിച്ചു പറ്റത്തക്ക ത്യാഗോജ്ജ്വല സേവനമാണ് കാഴ്ചവച്ചു പോരുന്നത്. അതിന്റെ വസ്തുനിഷ്ഠമായ ചരിത്രവും വിശദമായി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് അതിസാഹസികമായി അടരാടി വിജയിച്ച ചരിത്ര
മാണ് ക്രൈസ്തവരിലെ കർഷക സമൂഹത്തിന് പറയാനുള്ളത്. കുടിയേറ്റങ്ങളിലും വിശ്വാസവും ജീവിത മൂല്യങ്ങളും കൈവിടാതെ സംരക്ഷിച്ച അവരുടെ വിജയഗാഥ ഈ പുസ്തകം തുറന്നുകാട്ടുന്നു. നാടിന്റെ സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്ക് തുണയായ പ്രവാസികളായ ക്രൈസ്തവരുടെ വിലപ്പെട്ട സേവനങ്ങളും ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു. ചുരുക്കത്തിൽ കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്മാകുന്നത് ഇവിടെയുള്ള വിപുലമായ ക്രൈസ്തവ സമൂഹത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. വിവിധ രംഗങ്ങളിൽ ക്രൈസ്തവർ നടത്തിയ മുന്നേറ്റമാണ് കേരള മോഡൽ വികസനത്തിന്റെ അടിസ്ഥാനം എന്ന് ഈ ഗ്രന്ഥം അടിവരയിടുന്നു. ക്രൈസ്തവരുടെ സംഭാവനകൾ പലഘട്ടങ്ങളിലും വിസ്മരിക്കപ്പെടുകയോ രേഖ
പ്പെടുത്താതെ പോവുകയോ ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇപ്രകാര
മൊരു പഠനഗ്രന്ഥം അനിവാര്യമാണ്. ക്രൈസ്തവ സമൂഹത്തിന്റെ സ്വത്വബോധത്തിന്
വളരെ ഊർജം പകരുന്നതാണ് ഈ കൃതി. ചരിത്രകമ്മീഷൻ കോ-ഓർഡിനേറ്റർ റവ. ഫാ. ജോസഫ് പനക്കേഴത്തിന്റെ നേതൃത്വത്തിലുള്ള പഠനസമിതിയാണ് ഈ പുസ്തകത്തിന്റെ വിവരശേഖരണം നടത്തിയിരിക്കുന്നത്. ചരിത്രാന്വേഷകർക്കും സഭാസ്‌നേഹികൾക്കും ഈ ഗ്രന്ഥം ഒരു മുതൽകൂട്ടാണ്. ഈ ഗ്രന്ഥം ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഓർഫനേജ് ബുക്സ്റ്റാൾ, മാർത്തോമാ വിദ്യാനികേതൻ ബുക്സ്റ്റാൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.