ഏകദൈവവിശ്വാസവും പരി. ത്രിത്വവും പഴയനിയമ പശ്ചാത്തലത്തിൽ

ഫാ. ഡോ. തോമസ് കറുകക്കളം

ദൈവശാസ്ത്രം എന്നത് ദൈവിക വെളിപ്പാടിനെക്കുറിച്ചുള്ള ചർച്ചയാണ്. ദൈവം
നമുക്ക് വെളിപ്പെടുത്തിയത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായിട്ടാണ്. അതിനാൽ വിവിധ ശാഖകൾ ദൈവശാസ്ത്രത്തിൽ ഉണ്ടെങ്കിലും ഏതൊരു ദൈവശാസ്ത്ര ചർച്ചയുടേയും ആരംഭം പരി. ത്രിത്വത്തിൽ നിന്നാകണം. അതുകൊണ്ട് പരി. ത്രിത്വത്തെക്കുറിച്ചുള്ള പഠനം പ്രാരംഭമായി ഇവിടെ ചർച്ചചെയ്യുന്നു.                                                                                ത്രിത്വവിശ്വാസത്തിന്റെ പ്രാധാന്യം                                                                    നമ്മുടെ വിശ്വാസത്തിന്റെയും അതിന്റെ വിശദീകരണമായ ദൈവശാസ്ത്രത്തിന്റെയും പരമപ്രധാനമായ അടിസ്ഥാനമാണ് പരി. ത്രിത്വത്തിലുള്ള വിശ്വാസം . ത്രിത്വം എന്ന വാക്കുകൊണ്ട് ദൈവശാസ്ത്രത്തിൽ അർത്ഥമാക്കുന്നത് ദൈവികരഹസ്യത്തെ തന്നെയാണ്. ഈ ദൈവിക രഹസ്യം ഇന്ന് നാം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് സഭയുടെ ആരാധനക്രമത്തിലും ആരാധനയിലും ആണ്. ക്രിസ്തുമതത്തെ മറ്റ് മത വിശ്വാസങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത് ത്രിത്വത്തിലുള്ള വിശ്വാസമാണ്. അതു കൊണ്ടുതന്നെ ദൈവശാസ്ത്രത്തിന്റെ പ്രധാന ഉത്തരവാദിത്വം ഈ ത്രിത്വവിശ്വാസം വിശദീകരിക്കുക എന്നതുതന്നെയാണ്. പുതിയനിയമത്തിന്റെ സാരാംശം (സത്ത) തന്നെ ദൈവിക രഹസ്യമായ പരി. ത്രിത്വമാണ്. ചുരുക്കത്തിൽ പരി.ത്രിത്വം എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ ഹ്യദയമാണ്. (ccc 234) വിശ്വാസ രഹസ്യങ്ങളുടെ ഉറവിടവും അവയെ പ്രകാശിപ്പിക്കുന്നതുമാണ് പരി.ത്രിത്വം. രക്ഷാകരചരിത്രം എന്നത് ഒരേ ഒരു സത്യദൈവമായ പിതാവും പുത്രനും പരിശുദ്ധാത്മാവും മനുഷ്യർക്ക് സ്വയം വെളിപ്പെടുത്തിയതിന്റെ ചരിത്രമാണ്.
ത്രിത്വം രഹസ്യമാണോ?
പരി. ത്രിത്വത്തെ അംഗീകരിക്കാത്തവർ സാധാരണ പറയുന്ന ഒന്നാണ് ”ദൈവത്തിൽ
ത്രിത്വം ആരോപിക്കുന്നവർക്ക് അത് വ്യക്തമായി മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനാൽ അവർ പറയുന്നു.
ഇതൊരു രഹസ്യമാണെന്ന്.”
ഈ പറഞ്ഞ കാര്യം അർദ്ധ സത്യവും തെറ്റുമാണ്. ഒന്നാമതായി ഈ പ്രസ്താവനയിലെ അർദ്ധസത്യത്തെക്കുറിച്ച് പറയാം. ഇത് പൂർണമായി വിശദീകരിക്കാനോ മനുഷ്യബുദ്ധിക്ക് പൂർണമായി മനസ്സിലാക്കാനോ സാധ്യമല്ല. അപരിമേയനായ ദൈവത്തെ മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട് പൂർണ്ണമായി മനസ്സിലാക്കാനും ഗ്രഹിക്കാനും സാധിക്കുന്ന ഒരു യാഥാർത്ഥ്യമാണെങ്കിൽ പിന്നെ ആ യാഥാർത്ഥ്യത്തെ എങ്ങനെ ദൈവം എന്നോ, അപരിമേയൻ എന്നോ വിളിക്കാനാവും. അതുകൊണ്ടാണല്ലോ ദൈവത്തിന്റെ വിശ്വസ്തനായ ജോബ് പറയുന്നത് ‘ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങൾ ഗ്രഹിക്കാൻ നിനക്ക് കഴിയുമോ? സർവ്വശക്തന്റെ സീമ നിർണയിക്കാൻ നിനക്ക് സാധിക്കുമോ? അത്
ആകാശത്തേക്കാൾ ഉന്നതമാണ്. നിനക്ക് എന്ത് ചെയ്യാൻ കഴിയും. അത് പാതാളത്തേക്കാൾ അഗാധമാണ്. നിനക്ക് എന്ത് മനസ്സിലാക്കാൻ സാധിക്കും’ (ജോബ് 11:7-8). ഈ ആധുനികയുഗത്തിൽ പോലും പ്രപഞ്ചരഹസ്യങ്ങളോ മനുഷ്യശരീരത്തിലെ സങ്കീർണതകളോ ഗ്രഹിക്കാൻ കഴിയാത്ത മനുഷ്യ
ബുദ്ധിക്ക് എങ്ങനെ ദൈവത്തെ പൂർണമായി മനസ്സിലാക്കാനോ വിശദീകരിക്കാനോ സാധിക്കും. അതുകൊണ്ട് പൗരസ്ത്യ ദൈവശാസ്ത്രം പറയുന്നു ”മനുഷ്യന് അപരിമേയനായ ദൈവത്തിന്റെ മുൻപിൽ ധ്യാനാത്മകമായി നിൽക്കുവാനും ദൈവം വെളിപ്പെടുത്തുന്നത്ര മനസ്സിലാക്കുവാനും മാത്രമേ സാധിക്കൂ” ‘Faith Adrons Mysterium’. രണ്ടാമതായി ഈ പ്രസ്താവനയുടെ ഒരുഭാഗം തെറ്റാണ്. കാരണം ദൈവത്തിൽ ത്രിത്വം ആരും ആരോപിക്കുന്നതല്ല മറിച്ച് ഇത് രക്ഷാകരചരിത്രത്തിൽ, മനുഷ്യസൃഷ്ടിയുടെ ആരംഭം മുതൽ മനുഷ്യനോടുള്ള ബന്ധത്തിലൂടെ ദൈവം തന്നെ മനുഷ്യന് വെളിപ്പെടുത്തിയ സത്യമാണ്. ത്രിത്വത്തെക്കുറിച്ച് പറയുന്നത് ‘ത്രിത്വരഹസ്യം’ എന്നാണ്. രഹസ്യം എന്ന വാക്ക് ഉത്ഭവിക്കുന്നത് ‘മിസ്‌തേരിയോൺ’ (Mystorion മറഞ്ഞിരിക്കുന്ന, രഹസ്യമായ) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ്. ദൈവ
ശാസ്ത്രത്തിൽ ‘രഹസ്യം’ എന്ന പദത്തിന് ഒരിക്കലും ആർക്കും ഗ്രഹിക്കാൻ സാധിക്കാത്ത യാഥാർത്ഥ്യമെന്ന് അർത്ഥമില്ല. മറിച്ച് മറഞ്ഞിരിക്കുന്നത് എന്ന അർത്ഥമാണുള്ളത്. അതായത് ദൈവികരഹസ്യം, ത്രിത്വരഹസ്യം എന്നാൽ, ഇപ്പോൾ മറഞ്ഞിരിക്കുന്നതും ദൈവം വെളിപ്പെടുത്തിയാൽ മനുഷ്യന് ഗ്രഹിക്കാവുന്നതും എന്നാണ് അർത്ഥം. ദൈവം വെളിപ്പെടുത്തുന്ന ദൈവിക വെളിപാടിനെ
നാം വിളിക്കുന്നത് Revelation എന്നാണല്ലോ. ഈ പദം ഉത്ഭവിക്കുന്നത്, Revelare എന്ന
ലത്തീൻ പദത്തിൽ നിന്നാണ് Re to Reverse, Velare to Cover or Veil. മൂടി വയ്ക്കപ്പെട്ട
ഒന്നിന്റെ മറ ക്രമേണ മാറുന്നതിനെയാണ് Revelation, വെളിപാട്, വെളിപ്പെടുത്തുക എന്ന് പറയുന്നത്. ദൈവം തന്നെത്തന്നെ ചരിത്രത്തിലൂടെ ക്രമാനുഗതമായി വെളിപ്പെടുത്തുന്നു. കാരണം ദൈവത്തെ പൂർണമായി മനസ്സിലാക്കാൻ ഒരു മനുഷ്യനോ ഒരു കാലഘട്ടത്തിലെ ജനത്തിനോ സാധ്യമല്ല. അനേകം
നൂറ്റാണ്ടിലൂടെ ക്രമേണ ദൈവം വെളിപ്പെടുത്തുന്നവ മാത്രമേ നമുക്ക് ഗ്രഹിക്കാനാവൂ.
വിശുദ്ധഗ്രന്ഥം ഇത് സാക്ഷ്യപ്പെടുത്തുന്നു. ‘പൂർവ്വ കാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചി ട്ടുണ്ട്’. (ഹെബ്ര 1:1-2). അതിനാൽ ഈ പരി. ത്രിത്വരഹസ്യം എപ്രകാരമാണ് ചരിത്രത്തിലൂടെ ദൈവം മനുഷ്യന് വെളി പ്പെടുത്തിയത് എന്ന് പരിശോധിക്കാം.
ദൈവത്തെക്കുറിച്ചുള്ള പഴയനിയമ
കാഴ്ചപ്പാട്
ചരിത്രത്തിലൂടെയുള്ള ദൈവികവെളി മനസിലാക്കണമെങ്കിൽ പഴയ നിയമ ജനത
യുടെ ദൈവത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട്, എപ്രകാരമാണ് അവർ ദൈവത്തെ
മനസിലാക്കിയത് എന്നിവ നാം ആദ്യം അറിയണം. ഇസ്രായേലിന്റെ ദൈവാനുഭവം ആരംഭിക്കുന്നത് ദൈവം അബ്രാഹത്തിന് സ്വയം വെളിപ്പെടുത്തി അബ്രാഹത്തെ വിളിക്കുന്നതിലൂടെയാണ്. ഇസ്രായേൽ, ദൈവം ആരാണെന്ന് അനുഭവിച്ചത്, ദൈവം അവരെ രക്ഷിക്കാൻ ചരിത്രത്തിൽ ഇടപെട്ടപ്പോഴാണ്. ചുരുക്കത്തിൽ ദൈവം അവർക്ക് മാറി നിൽക്കുന്ന ഒന്നായിരുന്നില്ല മറിച്ച് ജീവിക്കുന്ന, ചരിത്രത്തിൽ ഇടപെടുന്ന ദൈവമായിരുന്നു. എപ്രകാരമാണ് അബ്രാഹം മുതൽ ഇസ്രായേലിന്റെ ചരിത്രത്തിൽ ഈ ഏകസത്യദൈവത്തെ അനുഭവിച്ചത് എന്ന് പരിശോധിക്കാം.
അബ്രാഹത്തിന്റെ ദൈവം                                                                    അബ്രാഹത്തിന്റെ പൂർവ്വപിതാക്കന്മാർ ബഹുദൈവവിശ്വാസികളായിരുന്നു. എന്നാൽ അബ്രാഹം ഏകദൈവ വിശ്വാസത്തിലേയ്ക്കുവെന്നത് ദൈവവുമായുള്ള തന്റെ വ്യക്തിപരമായ കണ്ടുമുട്ടലിലൂടെയും (Person to person encounter) അനുഭവത്തിലൂടെയുമായിരുന്നു. അബ്രാഹം കണ്ടുമുട്ടിയ, അനുഭവിച്ച, ഈ ദൈവം സർവ്വശക്തനും El Shadai (ഉൽപ 17:1) അത്യുന്നതനും El – Elyon (ഉൽപ 14:20) എന്നെ കാണുന്നവനും El Roi (ഉൽപ 16:13) നിത്യദൈവവും E l Olam (ഉൽപ 21:33) ആയിരുന്നു. ഈ ദൈവമാണ് തന്റെ ദൈവികപദ്ധതി ആരംഭിക്കാൻ അബ്രാഹത്തെ വിളിച്ചത്. അതായത് രക്ഷാകര ചരിത്രം ആരംഭിക്കുന്നത് ‘അയയ്ക്കാൻ’ വേണ്ടിയുള്ള ഒരു ദൈവിക തെരഞ്ഞെടുപ്പിലൂടെയായിരുന്നു (ഉൽപ 12:1). ഈ തെരഞ്ഞെടുപ്പാണ് ദൈവവും ഇസ്രായേൽ ജനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേയ്ക്ക്
നയിച്ചത് – ‘ദൈവം പറഞ്ഞു നിങ്ങളുടെ ദൈവമായ കർത്താവിന്റെ മക്കളാണ് നിങ്ങൾ’ (നിയമ 14:1) ഈ തെരഞ്ഞെടുപ്പ് ദൈവവും ഇസ്രായേലും തമ്മിലുള്ള സ്‌നേഹത്തിന്റെ ഉടമ്പടിയായിരുന്നു (ഉൽപ 15).
(തുടരും)