
ജോൺ ജെ. പുതുച്ചിറ
ഏദൻതോട്ടം
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു മനസ്സിലാക്കിയ ദൈവം അവന് ഒരു ഇണയെ സൃഷ്ടിക്കുവാൻ തിരുമാനിച്ചു. ഗാഢനിദ്രയിലായിരുന്ന ആദിമനുഷ്യനിൽ
നിന്ന് ഒരു വാരിയെല്ല് എടുത്ത് അതുകൊണ്ട് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. ആദിമനുഷ്യൻ ആദം എന്നും സ്ത്രീ ഹവ്വാ എന്നും വിളിക്കപ്പെട്ടു.
ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി. കാഴ്ചയിൽ കൗതുകവും ഭക്ഷിക്കാൻ സ്വാദുള്ളതുമായ പഴങ്ങൾ കായ്ക്കുന്ന മരങ്ങൾ ഏദൻതോട്ടത്തിൽ സമൃദ്ധമായിരുന്നു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ആ തോട്ടത്തിന്റെ നടുവിൽ അവിടുന്നു വളർത്തി.
ആദത്തെയും ഹവ്വായേയും ദൈവം ഏദൻ തോട്ടത്തിൽ പാർപ്പിച്ചു. ദൈവം അവനോട് ഇപ്രകാരം കല്പിച്ചു: ”തോട്ടത്തിലെ എല്ലാ വ്യക്ഷങ്ങളിലെയും ഫലം ഭക്ഷിച്ചു കൊള്ളുക. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും”.
ആദവും ഹവ്വയും ഏദൻതോട്ടത്തിൽ ഉല്ലാസകരമായ ജീവിതം നയിച്ചു. സുഖമായി
ജീവിക്കുവാൻ വേണ്ടതെല്ലാം ദൈവം അവർക്ക് ഏദൻതോട്ടത്തിൽ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.അതിനാൽ അവർ ആനന്ദത്തിൽ ആറാടി ജീവിച്ചു. എന്നാൽ സാത്താൻ ഒരുനാൾ സൂത്രശാലിയായ സർപ്പത്തിന്റെ രൂപത്തിൽ സമീപിച്ചു. ദൈവം വിലക്കിയിരുന്ന വ്യക്ഷത്തിലെ കനികൾ തിന്നുവാൻ അത് സ്ത്രീയെ പ്രലോഭിപ്പിച്ചു. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ
ആകുമെന്നും സർപ്പം പറഞ്ഞപ്പോൾ ഹവ്വ അതു വിശ്വസിച്ചു. ദൈവം വിലക്കിയിരുന്നിട്ടും ആകർഷവും ആസ്വാദ്യകരമായ ആ കനി
അവൾ ഭക്ഷിച്ചു. അതിൽ ഒരു ഭാഗം ആദത്തിനു നൽകി. അവനും അതു ഭക്ഷിച്ചു.
പെട്ടെന്ന് അവരിൽ പല മാറ്റങ്ങളും സംഭവിച്ചു. അവർക്ക് ആദ്യമായി നഗ്നത അനുഭവപ്പെട്ടു. അത്തിയിലകൾ കുട്ടിത്തുന്നി അവർ തങ്ങളുടെ നാണം മറച്ചു.
ദൈവം ആഗതനായി. അവിടുത്തെ സാന്നിദ്ധ്യം അറിഞ്ഞ അവർ കുറ്റബോധത്താൽ തോട്ടത്തിലെ മരച്ചില്ലകൾക്കിടയിൽ ഒളിച്ചു. ദൈവം പുരുഷനെ വിളിച്ചു ചോദിച്ചു:
‘ആദം എവിടെയാണ് നീ?’
”തോട്ടത്തിൽ. അവിടുത്തെ ശബ്ദം ഞാൻ കേട്ടു ഞാൻ നഗ്നനായതുകൊണ്ട്
ഭയന്ന് ഒളിച്ചതാണ്.” ആദം പറഞ്ഞു.
അപ്പോൾ ദൈവം ചോദിച്ചു:
”നീ നഗ്നനാണെന്ന് ആരു പറഞ്ഞു?
ഞാൻ തിന്നരുന്നതെന്നു പറഞ്ഞ വൃക്ഷത്തിലെ കനി നീ തിന്നുവോ?”
ദൈവം തനിക്കു കൂട്ടിനു തന്ന സ്ത്രീ ആ വിലക്കപ്പെട്ട കനി തിന്നുവാൻ പ്രേരിപ്പിച്ചതായി അവൻ ദൈവത്തോടു പറഞ്ഞു. സർപ്പം തന്നെ വഞ്ചിച്ചതായി സ്ത്രീയും പറഞ്ഞു. അപ്പോൾ ദൈവം സർപ്പത്തോടു പറഞ്ഞു: ”ഇതു ചെയ്തതു കൊണ്ട് ജീവികളിൽ ഏറ്റവും ശപിക്കപ്പെട്ടവനായിരിക്കും. നീ മണ്ണിൽ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവൻ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും അവരുടെ സന്തതിപരമ്പരകൾ തമ്മിലും ഞാൻ ശത്രുത ഉളവാക്കും. മനുഷ്യൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും.”
വിലക്കപ്പെട്ട കനി തിന്നതോടെ സ്ത്രീയിൽ മാറ്റങ്ങൾ ഉണ്ടായി. ജീവിതകാലം
മുഴുവൻ കഠിനാധ്വാനം ചെയ്തു നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷിക്കുവാൻ പുരുഷനും ബാദ്ധ്യസ്ഥനായി. തെറ്റു ചെയ്ത ആദത്തേയും ഹവ്വയേയും ദൈവം ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി.