ദനഹാത്തിരുനാളും പിണ്ടികുത്തിത്തിരുനാളും

സീറോമലബാർ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട തിരുനാളാണ് ദനഹാത്തിരുന്നാൾ. ജോർദ്ദാനിലെ ഈശോയുടെ മാമ്മോദീസായോടുകൂടെ ഈശോ ആരാണെന്ന് വെളിപ്പെടുകയുണ്ടായി. അവിടുന്ന് ദൈവത്തിന്റെ പുത്രനാണ് (മത്താ 3:17); അവിടുന്ന് ലോകത്തിന്റെ പ്രകാശമാണ് (യോഹ 8:12). അതുകൊണ്ടാണ് പരി. കുർബാനവേളയിൽ, ഈശോയുടെ മാമ്മോദീസാ അനുസ്മരിക്കുന്ന ‘സർവ്വാധിപനാം കർത്താവേ’ എന്ന ഗീതത്തിന്റെ സമയത്ത് മദ്ബഹ ദീപങ്ങളാൽ അലംകൃതമാക്കിയിരിക്കുന്നതും. മാമ്മോദീസാ വേളയിൽ അർത്ഥിക്കു കത്തിച്ച തിരി നൽകുന്നതും. ഇത് ഈശോയാകുന്ന പ്രകാശത്തെ സൂചിപ്പിക്കുവാനാണ്. നാമും ലോകത്തിന്റെ പ്രകാശമാകാൻ വിളിക്കപ്പെട്ടവരാണ് (മത്താ 5:14). ലോകത്തിന്റെ പ്രകാശമായ ഈശോയെ അനുസ്മരിക്കുവാൻ മാർത്തോമ്മാ നസ്രാണികൾ ദനഹാത്തിരുനാളിന്റെ തലേന്ന് സായാഹ്നത്തിൽ ഒരു പ്രത്യേക ആഘോഷം നടത്തിയിരുന്നു. വീടിന്റെയോ ദൈവാലയത്തിന്റെയോ മുറ്റത്ത് ഒരു പിണ്ടികുത്തി അത് ദീപങ്ങളാൽ അലങ്കരിച്ച് അതിനുചുറ്റും ഏല്പയ്യാ, ഏല്പയ്യാ എന്ന് ഉച്ചത്തിൽ ചൊല്ലിക്കൊണ്ട് പ്രദക്ഷിണമായി നടക്കുന്നു. ഈ ആഘോഷത്തെയാണ് പിണ്ടികുത്തിതിരുനാൾ എന്ന് പറയുന്നത്. ദൈവം പ്രതാപവാനാകുന്നു എന്നതാണ് ഏല്പയ്യാ എന്ന വാക്കിന്റെ അർത്ഥം. പ്രതാപവാനായ പ്രകാശമായ ഈശോയെ ഏറ്റുപറയുകയാണ് നാം ഈ ആഘോഷത്തിലൂടെ ചെയ്യുന്നത്. ഈശോയാകുന്ന പ്രകാശം സ്വീകരിച്ച് നാം ലോകത്തിന്റെ പ്രകാശമായിത്തീരണമെന്നും, അങ്ങനെ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തണമെന്നും ദനഹാത്തിരുനാളിൽ ആഘോഷിക്കുന്ന ഈ കർമ്മം നമ്മെ അനുസ്മരിപ്പിക്കുന്നു.