ആദ്യ നഗരപിതാവ് വൈദികൻ നൂറ് തികഞ്ഞ് ചങ്ങനാശേരി നഗരസഭ

0
155
ആൻറണി ആറിൽചിറ

35-ാം വയസ്സിൽ കേരളചരിത്രത്തിലും, ഭാരതചരിത്രത്തിലും ആദ്യമായി, ഒരു നഗരസഭയുടെ പിതാവായി അതും ഒരു വൈദികൻ തെരഞ്ഞെടുക്കപ്പെടുക ആശ്ചര്യകരമല്ലേ? അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട വൈദികനായിരുന്നു
യശഃ ഡൊമിനിക് തോട്ടാശേരിയച്ചൻ. 1921-ൽ രൂപംകൊണ്ട ചങ്ങനാശേരി നഗര
സഭയുടെ ആദ്യത്തെ ചെയർമാൻ ഒരു കത്തോലിക്കാ വൈദികനായിരുന്നു എന്നത് ചരിത്രം ചർച്ച ചെയ്യാത്ത ഒരു യാഥാർത്ഥ്യം മാത്രം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം സമൂഹങ്ങൾ സമഭാവനയോടെ കഴിഞ്ഞിരുന്ന ചങ്ങനാശേരിയോട് അന്നത്തെ നഗരസ്വഭാവമുണ്ടായിരുന്ന സമീപപ്രദേശങ്ങളായ ഫാത്തിമാപുരം, പുഴവാത്, വാഴപ്പള്ളി, പെരുന്ന എന്നിവകൂടി കൂട്ടി ചേർത്താണ് ചങ്ങനാശേരി നഗരസഭ രൂപീകരിച്ചത്. ഭാരതകേസരി മന്നത്ത് പത്മനാഭനെപ്പോലെയുള്ള പ്രമുഖർ ഉൾപ്പെട്ട ഒരു മുനിസിപ്പൽ കൗൺസിൽ ആയിരുന്നു 1921 -ൽ രൂപീകരിക്കപ്പെട്ട ആദ്യ നഗരസഭാ കൗൺസിൽ. ചങ്ങനാശേരിയിലെ വന്ദ്യ മെത്രാനച്ചന്റെ അനുവാദത്തോടെ നഗരസഭാ കൗൺസിലറായ തോട്ടാശേരിയച്ചൻ 1921 ഡിസംബർ 12 -നാണ് പ്രഥമ നഗരസഭാ അദ്ധ്യക്ഷനായി സ്ഥാനം ഏറ്റത്. രാജരാജവർമ്മ കോയിത്തമ്പുരാൻ, നീലകണ്ഠപ്പിള്ള വക്കീൽ എന്നിവരായിരുന്നു പ്രഥമചെയർമാൻ സ്ഥാനത്തേയ്ക്കുള്ള മറ്റു സ്ഥാനാർത്ഥികൾ എന്ന് അറിയുമ്പോഴാണ് തോട്ടാശേരിയച്ചന്റെ നേതൃപാടവവും, സാമൂഹ്യ സേവനരീതിയും ചങ്ങനാശേരി എത്രമാത്രം അംഗീകരിച്ചിരുന്നു എന്ന് മനസിലാവുന്നത്. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി എക്‌സിക്യുട്ടീവ് അധികാരവും അന്ന് ചെയർമാനിൽ നിക്ഷിപ്തമായിരുന്നു.ഇന്നത്തെ ചങ്ങനാശേരി നഗരത്തിന്റെ നൂറ് വർഷം മുൻപുള്ള വികസന കുതിപ്പിന് അടിത്തറ പാകിയത് തോട്ടാശേരി അച്ചന്റെ നേതൃത്വത്തിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ തന്നെ ചങ്ങനാശേരി പട്ടണത്തിൽ കരമാർഗവും, ജലമാർഗവും ഉള്ളകച്ചവട സാധ്യതകൾ മുൻകൂട്ടി കാണാനും അതിന് അനുസരിച്ച് പദ്ധതികൾ വിഭാവനം ചെയ്യാനും അച്ചന് സാധിച്ചു. നാട്ടുകാർക്കും കച്ചവടത്തിന് എത്തുന്നവർക്കും ഗുണകരമാകുന്ന തരത്തിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ് ചന്തക്കടവിലേയും, വട്ടപ്പള്ളിയിലേയും, സസ്യമാർക്കറ്റിലേയും വറ്റാത്ത കിണറുകൾ.
തികഞ്ഞ പ്രകൃതിസ്‌നേഹി കൂടി ആയിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർ
ത്തുന്നതായിരുന്നു ചങ്ങനാശേരി ചിത്രകുളത്തിന്റെ കരയിലെ പടർപ്പൻ താന്നിമരവും, ഭരണങ്ങാനം പള്ളിമുറ്റത്തെ പടുകൂറ്റൻ തേൻമാവുകളും.
1886 മാർച്ച് മാസം 21 ന് ചങ്ങനാശേരി തോട്ടാശേരി കുടുംബത്തിൽ ജോസഫ്ചാച്ചിയമ്മ ദമ്പതികളുടെ ഏഴാമത്തെ കുട്ടിയായി ജനിച്ച ഡൊമിനിക് വൈദികപഠന
ശേഷം 1913 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ ആദ്യകാല എം.എ ബിരുദധാരിയായ വൈദികനായിരുന്നു അദ്ദേഹം. സാമൂഹ്യസേവനം പൗരോഹിത്യ ശുശ്രൂഷയിലെ പ്രധാന ദൗത്യമാണ് എന്ന് അദ്ദേഹം കരുതിയിരുന്നു. 1941 ഡിസംബർ 5ന് നിര്യാതനായ തോട്ടാശേരി യച്ചൻ ഈ കാലയളവിനുള്ളിൽ പൗരോഹിത്യ, സാമൂഹ്യ ശുശ്രൂഷാ രംഗങ്ങളിൽ തന്റേതായ ഒരു കൈയ്യൊപ്പ് ചാർത്തി. ചങ്ങനാശേരിയുടേയും സമീപപ്രദേശങ്ങളുടേയും പിതാവ് തന്നെ ആയിരുന്നു യശഃ തോട്ടാശേരിയച്ചൻ. ചങ്ങനാശേരി നഗരസഭ
നൂറാം വർഷത്തിലൂടെ കടന്നുപോകുമ്പോൾ നൂറ് വർഷങ്ങൾക്ക് അപ്പുറത്ത് ഹിന്ദു,
ക്രിസ്ത്യൻ, മുസ്ലിം സൗഹാർദ്ദം ചാലിച്ചെടുത്ത് അടിത്തറ പാകിയ ചങ്ങനാശേരി നഗരം മതസൗഹാർദ്ദത്തിനും, സഹിഷ്ണുതയ്ക്കും കോട്ടം തട്ടാതെ മുന്നോട്ട് പോകുന്നു എന്നത് അഭിമാനകരമാണ്. ചങ്ങനാശേരിക്കാർ തന്റെ നല്ല പിൻമുറക്കാരാണ് എന്ന് സന്തോഷിച്ച് ചങ്ങനാശേരി നഗരസഭാ ഹാളിലെ ചുവരിൽ പ്രഥമ ചങ്ങനാശേരി നഗരപിതാവ് എന്ന പേരിൽ വലിയ ഫ്രെയിമിലിരുന്ന് പുഞ്ചിരിക്കയാണ് ഈ ശതാബ്ദി
വർഷത്തിൽ യശഃ തോട്ടാശേരിയച്ചൻ.