ആശാഭവൻ: ഭിന്നശേഷിക്കാർക്ക് ആശയും അഭയവുമേകിയ അമ്പതു വർഷങ്ങൾ

ജോൺ ജെ. പുതുച്ചിറ

സമൂഹത്തിൽ അവഗണിക്കപ്പെട്ടു കഴിഞ്ഞ ഒരുപറ്റം കുട്ടികളെ കരുണയും കരുതലുമായി കൂടെക്കൂട്ടി അവരുടെ കുരുന്നു മനസ്സുകളിൽ പ്രത്യാശയുടെ നറുവെളിച്ചം പകർന്നു നൽകിക്കൊണ്ട് കഴിഞ്ഞ അമ്പതു വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന ഇത്തിത്താനത്തെ ആശാഭവൻ സുവർണ്ണ ജൂബിലിയിലേക്ക് പ്രവേശച്ചിരിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ എന്നും അവരുടെ മാതാപിതാക്കളുടെ മനസ്സിൽ നീറുന്ന വേദനയാണ്. സമൂഹവും പലപ്പോഴും
അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കുട്ടികളെ മാതൃനിർവ്വിശേഷമായ സ്‌നേഹവാത്സല്യങ്ങളോടെ ചേർത്തുനിർത്തി അവർക്കുവേണ്ട പരിഗണനയും പ്രോത്സാഹനവും നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർ ആന്റണി പടിയറ പിതാവിന്റെ അതിരൂപതാഭരണകാലത്ത് ഇത്തിത്താനത്ത് ആശാഭവൻ സ്ഥാപിക്കപ്പെടുന്നത്.
സാമൂഹ്യപ്രവർത്തകനായ ഫാ. ഫെലിക്‌സ് സി എം ഐ ആണ് ഭിന്നശേഷി നിമിത്തം മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയ ഇത്തരം കുട്ടികളുടെ കാര്യം ആർച്ചുബിഷപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഭിന്നശേഷി സംഭവിച്ച കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് മനഃശാസ്ത്രപരമായും മറ്റും പ്രത്യേക പരിശീലനം നേടിയ അധ്യാപകർ അന്നില്ലായിരുന്നതിനാൽ ക്ലാരിസ്റ്റ്, സേക്രട്ട്ഹാർട്ട്, കാർമ്മലൈറ്റ് എന്നീ സന്യാസിനീസഭകളിൽ നിന്ന് ഒരാളെ വീതം തുടക്കത്തിൽ പരിശീലനത്തിനയച്ചു. തുടർന്ന് തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 19-ാം ശതാബ്ദി സ്മാരകമായി 1972 നവംബർ 25 ന് മാർ ജോസഫ് പൗവത്തിൽ ആശാഭവന് തറക്കല്ലിട്ടു.
കെട്ടിടം പണി പൂർത്തിയാക്കുന്നതിനു മുമ്പു തന്നെ ഹോളിക്വീൻസ് പ്രൊവിൻഷ്യൽ ഹൗസിന്റെ പാർലറിൽ മൂന്നു കുട്ടികളുമായി സി. എലൈറ്റിന്റെ നേതൃത്വത്തിൽ ആദ്യ ബാച്ച് ക്ലാസ് ആരംഭിച്ചു. കുട്ടികൾ കൂടിയതോടെ പാറേൽപള്ളിക്കു സമീപം ഒരു വീട് വാടകയ്ക്കെടുത്തും ക്ലാസുകൾ നടത്തി. 1975 സെപ്റ്റംബർ 8 ആശാഭവന്റെ ചരിത്രത്തിലെ ഏറ്റവും സ്മരണീയമായ സുദിനമായിരുന്നു. കെട്ടിടം പണി പൂർത്തിയായില്ലെന്നിരുന്നാലും ഇത്തിത്താനം ആശാഭവനിലേയ്ക്ക് കുട്ടികളെ മാറ്റുകയും അവിടെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. (ഫാ. തോമസ് കണ്ണമ്പള്ളിക്കായിരുന്നു കെട്ടിട നിർമ്മാണത്തിന്റെ ചുമതല).
1983 ആയപ്പോഴേക്കും ഈ സ്ഥാപനത്തിൽ 68 കുട്ടികളും 13 സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരുന്നു. 1987 മുതൽ മുതിർന്ന കുട്ടികൾക്കായി ലിവിംഗ് ഹോം ആരംഭിക്കുക
യും അവിടെ ഹോം മാനേജ്‌മെന്റ്, പ്രീ വൊക്കേഷണൽ ട്രെയിനിംഗ് തുടങ്ങിയവയ്ക്ക് പരിശീലനം നൽകുകയും ചെയ്തു. കുട്ടികളുടെ
എണ്ണം വർധിച്ചതോടെ അതിരൂപതയുടെ ചുമതലയിൽ കെട്ടിടം വിപുലീകരിച്ചു
നൽകി. 1980 മുതൽ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി TDHNL
എന്ന നെതർലാന്റ് ആസ്ഥാനമായ സംഘടനയിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. 1991-ൽ സി. എലൈറ്റ് ഉപരിപഠനത്തിനായി അമേരിക്കയി
ലേയ്ക്കു പോയപ്പോൾ സി. റോസ് വിജയ പ്രിൻസിപ്പലായി ചാർജെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അഡ്മിഷൻ വർദ്ധിച്ചുവന്നതിനാൽ ആശാഭവനിൽ
കുട്ടികളുടെ എണ്ണം കൂടി. ആയതിനാൽ കൂടുതൽ സ്‌കൂളുകൾ തുടങ്ങണമെന്നും,
ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരേണ്ടത് ഒരു ധാർമ്മിക ചുമ
തലയാണെന്നും മനസ്സിലാക്കി 1992- ൽ മുഹമ്മയിൽ ‘ദീപ്തിഭവൻ’ എന്ന പേരിൽ ഹോളിക്വീൻസ് പ്രൊവിൻസിന്റെതായി ഒരു സ്‌കൂൾ ആരംഭിച്ചു. തുടർന്ന് ഹോളീക്വീൻസ് പ്രൊവിൻസിന്റെ കീഴിൽ ആശാഭവനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കോട്ടയ്ക്കപുറം, അയിരൂർ, നിരണം എന്നീ സ്ഥലങ്ങളിലും സ്‌പെഷ്യൽ സ്‌കൂളുകൾ ആരംഭിച്ചു. 1997 -ൽ സി. അഞ്ജലി ആശാഭവന്റെ പ്രിൻസിപ്പളായി ചുമതലയേറ്റു. അതേ വർഷം തന്നെ ആശാഭവന്റെ രജത ജൂബിലിയും സാഘോഷം കൊണ്ടാടി. തദവസരത്തിൽ ജൂബിലി മെമ്മോറിയൽ ഹാളിന് തറക്കല്ലിടുകയും അടുത്തവർഷം ഇതിന്റെ ഉദ്ഘാടനം TDHNL- റീജിനൽ ഡയറക്ടർ ലീ ബ്രൂൺസ് നിർവ്വഹിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാൻ ആശാഭവൻ എന്നും മുൻപന്തിയിലായിരുന്നു. ഒരു ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ അഭിരുചിയുള്ളവർക്ക് ബാന്റ് പരിശീലനം നൽകി. ഇവരുടെ ബാന്റ് സെറ്റിന് ഒട്ടേറെ ദേവാലയങ്ങളിലും മറ്റു പൊതുവേദികളിലും ബാന്റ് മേളം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് . കൂടാതെ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ
തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ തുടങ്ങിയവരെ നിയമിച്ചും കുട്ടികൾക്കും മാതാപിതാക്കൾക്കും ആവശ്യമായ പരിശീലനം നൽകി വരുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കലാകായിക മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 1990-ൽ മദ്രാസിലും 94-ൽ ഹൈദരാബാദിലും 98-ൽ ഛണ്ഡിഗഡിലും 2002-ൽ ഡൽഹിയിലും നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് നാഷണൽ മീറ്റിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് സ്വർണ്ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 1992- ൽ ജില്ലാതലത്തിൽ നടന്ന സ്‌പെഷ്യൽ കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . 2002 ൽ പ്രാദേശിക തലത്തിൽ സംഘടിപ്പിച്ച കലാമേളയ്ക്ക് വേദിയൊരുക്കിയത് ആശാഭവനാണ്. കൂടാതെ ദേശീയ-പ്രാദേശിക തലത്തിൽ സ്‌പെഷ്യൽ സ്‌കുൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തപ്പെടുന്ന സെമിനാറുകൾ, കോഴ്‌സുകൾ വർക്‌ഷോപ്പുകൾ എന്നിവയിലും ആശാഭവനിലെ അന്തേവാസികൾ പങ്കെടുക്കുന്നു. ക്രിസ്മസ്‌കാർഡുകൾ, ഫ്‌ളവർ വെയ്‌സ്, മഫ്‌ളർ, ഹെയർബാന്റ്, മെഴുകുതിരികൾ തുടങ്ങിയവയുടെ നിർമ്മാണവും ഇവിടുത്തെ ഭിന്നശേഷിക്കാരായ കുട്ടികൾ ഏറ്റെടുത്തു നടത്തുന്നു. കൂടാതെ സ്‌കുൾ പരിസരത്തെ പച്ചക്കറി കൃഷിയും പക്ഷിമൃഗാദികളുടെ ചുമതലയും ഈ കുട്ടികൾ നിർവ്വഹിക്കുന്നു. ചുരുക്കത്തിൽ ആശാഭവനിലേയ്ക്ക് നിരാശയോടെ കടന്നുവരുന്ന കുട്ടികളും മാതാപിതാക്കളും, ഇന്ന് സന്തോഷത്തോടും പ്രത്യാശയോടും കൂടി അവിടെ കഴിയുകയും മടങ്ങിപ്പോവുകയും ചെയ്യുന്നു. എന്നതിൽ ഈ സ്ഥാപനത്തിന്റെ പിന്നണിയിൽ ത്യാഗസുരഭിലമായ സേവനം നടത്തുന്ന ഏവരും സന്തുഷ്ടരാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു നിരവധി അവാർഡുകളും ആശാഭവൻ കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ചീരഞ്ചിറ ജിമ്മിപടനിലം സെന്ററുമായി കഴിഞ്ഞവർഷം മുതൽ ആശാഭവൻ സഹകരിച്ചു പ്രവർത്തിക്കുന്നു. അതിരൂപതാ പ്രൊക്കുറേറ്റർ വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ആണ് ഡയറക്ടർ. റവ. സിസ്റ്റർ പ്രശാന്തിയാണ് ആശാഭവന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ. ഒരു വർഷം നീളുന്ന ആശാഭവന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് തിരികൊളുത്തി ആരംഭം കുറിച്ചു. ജൂബിലി പ്രമാണിച്ച് ഒരു വർഷത്തേക്കുള്ള നിരവധി പരിപാടികൾ ഇതിന്റെ അണിയറ ശിൽപികൾ തയ്യാറാക്കി വരുന്നു.