പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent)

ഭാഗം 2
നിസാരവത്കരിക്കപ്പെട്ട മനുഷ്യൻ (Man Belittled)
6. ജീവനെതിരായ വിദ്വേഷം (Hatred of Life) വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർ
പ്പാപ്പാ പറഞ്ഞിട്ടുള്ള ‘ജീവനെതിരായ സംഘം ചേരൽ’ (anti-life coalition) എന്ന അവസ്ഥ ഇന്നു പല രാജ്യങ്ങളിലുമുണ്ട് എന്നു കർദ്ദിനാൾ റോബർട്ട് സാറാ ചൂണ്ടിക്കാട്ടുന്നു. ഭ്രൂണഹത്യയ്ക്കു നിയമസാധുത നൽകൽ എല്ലാ തരത്തിലുമുള്ള അതിക്രമങ്ങളുടെയും ആരംഭമാണ്. ഈ ലോകത്തിൽ ജീവിക്കുവാനുള്ള മനുഷ്യന്റെ അവകാശത്തിന് അളവുകോൽ നിശ്ചയിക്കുന്നത് ആരാണ്? ‘ഡൗൺ സിൻഡ്രം’ (trisomy 21) ഉള്ള ഒരു കുട്ടി മനുഷ്യത്വത്തിൽ രണ്ടാം തരക്കാരനാണോ? ചില മൂർച്ചയുള്ള ചോദ്യങ്ങളാണ് കർദ്ദിനാൾ ചോദിക്കുന്നത്. ഗർഭച്ഛിദ്രം ഗർഭം അലസിപ്പിക്കൽ (Termination of Pregnancy) എന്ന പേരു നൽകി ആകർഷകമാക്കിയാലും ഭ്രൂണഹത്യയാണത്; കൊലപാതകമാണത്. കത്തോലിക്കാസഭ ഈ കൂട്ട കൊലപാതകത്തിന് തീർച്ചയായും എതിരാണ്. ഇത് മനുഷ്യരാശിക്കെതിരായ കുറ്റമാണ്. ദൈവകല്പന വളരെ വ്യക്തമാണ്: ”നീ കൊല്ലരത്”. കുടുംബങ്ങളുടെ കെട്ടുറപ്പിലും നിലനിൽപ്പിലുമാണ് രാജ്യങ്ങളുടെ ഭാവി എന്നു മനസ്സിലാക്കി അതിന് അനുയോജ്യമായ നയങ്ങൾ രൂപീകരിക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം. കൽക്കത്തായിലെ വിശുദ്ധ മദർ തെരേസയെ ഉദ്ധരിച്ചുകൊണ്ട് ‘പിറക്കുവാൻ കഴിയാതെപോയ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ നിലവിളിയാണ് ഇന്നു സമാധാനത്തിനെതിരായ ഏറ്റവും വലിയ വെല്ലുവിളിയെന്ന്’ പിതാവ് ചൂണ്ടിക്കാട്ടുന്നു. ”ഒരു അമ്മയ്ക്ക് തന്റെ ഗർഭപാത്രത്തിൽവച്ച് ഒരു കുഞ്ഞിനെ കൊല്ലാൻ കഴിയുമെങ്കിൽ എനിക്കും നിങ്ങൾക്കും പരസ്പരം കൊല്ലുന്നതിൽ എന്താണ് തടസ്സം?” ജീവന്റെ സംരക്ഷകയായിരുന്ന പാവങ്ങളുടെ അമ്മയുടെ ചോദ്യം പ്രതിധ്വനിക്കുന്നു. ‘മരണസംസ്കാരം’ എന്നു വിശുദ്ധ ജോൺ പോൾ മാർപ്പാപ്പാ വിശേഷിപ്പിച്ച സാഹചര്യം ഇന്നു കൂടുതൽ വ്യാപകമാകുന്നു. വിശുദ്ധവും അലംഘനീയവുമായ മൂല്യമാണെന്നു മനഃസാക്ഷി നിരന്തരം ഓർമ്മിപ്പിക്കുമ്പോഴും, ജീവന്റെ മൂല്യം ഒരു തരത്തിലുള്ള ‘ഗ്രഹണാവസ്ഥ’ യിലൂടെ (eclipse) കടന്നുപോകുന്നുവെന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഈ വിധത്തിലുള്ള മരണസംസ്‌കാരത്തെ പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നു. ഇപ്പോഴും സാമൂഹ്യജീവിതത്തിന്റെ മൂലാധാരം കുടുംബമായിരിക്കുന്ന ദരിദ്രരാജ്യങ്ങളാണ് അവരുടെ ഉപരിവർഗ്ഗവാദത്തിന്റെയും (eugenicist) ജനപ്പെരുപ്പവാദത്തിന്റെയും (ാമഹവtuശെമി) നയങ്ങളുടെ ഇരയാകുന്നത്. ജീവനെതിരായ വിദ്വേഷം സ്‌നേഹത്തിനെതിരായ വിദ്വേഷമാണ്; കാരണം സ്‌നേഹമാണ് ജീവൻ പുറപ്പെടുവിക്കുന്നത്. പ്രത്യക്ഷത്തിൽ ജീവിക്കുന്നവരെങ്കിലും മരിച്ച മനുഷ്യരുടെ പ്രതി സംസ്‌കാരത്തിന്റെ (counterculture) ഫലമാണ് മരണസംസ്‌കാരം. ഇവിടെ മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തെപ്പറ്റിയുള്ള തെറ്റായ ആശയത്തെയാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഒരു യാഥാർത്ഥ സംസ്‌കാരം ജീവനെന്ന ദാനത്തെ സംബന്ധിച്ച ആനന്ദത്തിൽ അധിഷ്ഠിതമാണ്.
മനുഷ്യജീവനെതിരായ വിദ്വേഷത്തിന്റെ മറ്റൊരു രൂപമാണ് ‘കാരുണ്യ’വധം (euthanasia). ഈ ശരീരത്തിൽ ഇനി ആനന്ദത്തിനുള്ള സാധ്യത അവശേഷിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനു ജീവിക്കണം എന്നാണ് കാരുണ്യവധത്തിന്റെ പ്രയോക്താക്കൾ ചോദിക്കുന്നത്. മാറാരോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ധാർമ്മികവും മനഃശാസ്ത്രപരവുമായ വൈഷമ്യം തങ്ങളുടെ കാഴ്ചപ്പാടുകൾ അടിച്ചൽപ്പിക്കാൻ അവർ ഉപയോഗിക്കുന്നു. അവരുടെ വ്യാജസഹതാപം, ജീവനിഷേധത്തിനായുള്ള കാപട്യമാണ്. ഈ ഭൂമിയിലെ യാത്രയുടെ അവസാനദിനങ്ങളിൽ, മരണാസന്നർക്ക് വേണ്ടത് മരവിച്ചതും മരണകാരണവുമായ ഒരു സിറിഞ്ചല്ല, മറിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു കരമാണെന്ന് കർദ്ദിനാൾ സ്‌നേഹപൂർവ്വം അനുസ്മരിപ്പിക്കുന്നു. മാന്യതയോടെ
മരിക്കുകയെന്നാൽ സ്‌നേഹിക്കപ്പെട്ടുകൊണ്ടു മരിക്കുകയെന്നാണ്. ഒരാൾ ‘കാരുണ്യവധത്തിനായി’ ആവശ്യപ്പെട്ടുവെന്നാൽ ആ അഭ്യർത്ഥന അദ്ദേഹം അനുഭവിക്കുന്ന ഏതോ തരത്തിലുള്ള വൈഷമ്യത്തെ മറയ്ക്കാനുള്ളതാണെന്നു വിവേകപൂർവ്വം നാം തിരിച്ചറിയണം. ‘കാരുണ്യവധ’ത്തെ ഒരു സാധ്യതയായി നിലനിർത്തി ഇന്നു പലരും ചിന്തിക്കുന്നതിന്റെ കാരണം, ആരോഗ്യമുള്ളവർക്ക് രോഗികളുടെയും പീഡിതരുടെയും സാന്നിധ്യം അസഹ്യമായിരിക്കുന്നു എന്ന
താണ്. സാമ്പത്തികയുക്തിയാണ് ‘കാരുണ്യവധത്തിന്റെ’ യഥാർത്ഥ അടിസ്ഥാനം; മരണം വരെയുള്ള സ്‌നേഹമാണ് അതിനെതിരേയുള്ള പ്രതികരണം. ഭീഷണവും ആത്മഹത്യാപരവുമായ ഈ പുതിയ ലോക നൈതികതയ്‌ക്കെതിരെയുള്ള ഒടുവിലത്തെ പ്രതിരോധക്കോട്ടയാണ് സഭ. സഭയാകുന്ന സൂര്യൻ മറഞ്ഞിരുന്നാൽ മനുഷ്യനിലെ സ്വാഭാവിക നീതിബോധം തണുത്തുറഞ്ഞുപോകുമെന്ന്
പിതാവ് മുന്നറിയിപ്പു നൽകുന്നു. ധാർമ്മികമായ അയഞ്ഞ സമീപനം, ജീവന്റെയും സമൂഹത്തിന്റെയും ഏറ്റവും ലോലമായ (sensitive) തലത്തെയാണ് പ്രധാനമായും ദോഷകരമായി ബാധിക്കുക. ഈ അവസരത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ‘ജീവന്റെ സുവിശേഷം’ (Evangelium Vitae) എന്ന പ്രവാചകപരമായ ചാക്രികലേഖനത്തിനുള്ള സമകാലിക പ്രസക്തി ഊന്നിപ്പറയുവാൻ കർദ്ദിനാൾ റോബർട്ട് സാറാ ശ്രദ്ധിക്കുന്നുണ്ട്. കൊലപാതകികൾക്കുള്ള മരണശിക്ഷ ഒഴിവാക്കണമെന്ന് വാദിക്കുന്ന ആളുകൾ, ഗർഭസ്ഥശിശു മുതൽ വൃദ്ധരോ രോഗാതുരരോ ആയ നിഷ്‌കളങ്കരും ദുർബലരുമായ ആളുകൾക്ക് മരണം വിധിക്കുന്നതിലെ വൈരുദ്ധ്യം പിതാവ് തുറന്നുകാട്ടുന്നു. ‘ജീവന്റെ മരുപ്പച്ചകൾ’ (oases of life) ഒരുക്കിക്കൊണ്ട് സഭ ഈ നിലപാടുകൾക്കെതിരെ പ്രതികരിക്കേണ്ട സമയം ആസന്നമായിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവനെതിരെ മാനവചരിത്രത്തിൽ ഉണ്ടായിട്ടുള്ള കൂട്ടക്കൊലകളെയും അടിമവ്യവസ്ഥയെയും പിതാവ് അപലപിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ ഒരു ഭീകരസത്വമാകാൻ കഴിയുന്ന, സ്‌നേഹരഹിതമായ ഒരു നീതിവ്യവസ്ഥ നമ്മുടെ മാനുഷികബന്ധങ്ങളിൽ നാം കണ്ടുപിടിച്ചിരിക്കുന്നു.
സത്യത്തോടും കളവിനോടും നാം ഒരുപോലെ നിസ്സംഗരായിരിക്കുന്നു. യഥാർത്ഥ
ദൈവസ്‌നേഹമെന്തെന്ന് അറിയായ്കയാൽ എങ്ങനെ സ്‌നേഹിക്കണമെന്ന് നമുക്ക് അറിയില്ല. ദൈവത്തിനു പുറംതിരിയുമ്പോൾ സ്‌നേഹമാണ് ഇരുട്ടിലാകുന്നത്. നമ്മിലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം മനുഷ്യന്റെ മഹത്ത്വത്തെ
നിഷേധിക്കുവാൻ നമ്മെ അനുവദിക്കുകയില്ല. (തുടരും)