ഏതാനും അന്ധൻമാർ ആനയെ കാണാൻ പോയി. ഒരുവൻ പറഞ്ഞു ആന തൂണുപോലെയാണ്, മറ്റൊരുവൻ പറഞ്ഞു ആന മുറം പോലെയാണ്, വേറൊരുവൻ പറഞ്ഞു ആന ചൂലുപോലെയാണ്, നാലാമൻ പറഞ്ഞു ആന വളയുന്ന കുഴൽ പോലെയാണ്. ഓരോരുത്തരും താന്താങ്ങളുടെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്നു തർക്കിച്ചു കൊണ്ടേയിരുന്നു. ഈ കഥയിലെ അന്ധരെപ്പോലെയാണ് പലരും ഇന്ന് വിശുദ്ധ ഗ്രന്ഥത്തെ നോക്കിക്കാണുന്നത്. സങ്കീർണ്ണമായ ഒരു ഗ്രന്ഥത്തെ സമീപിക്കേണ്ട ശാസ്ത്രീയ രീതികളെക്കുറിച്ച് തെല്ലും അവബോധമില്ലാത്ത തരത്തിലാണ് അഭിനവ യുക്തിചിന്തയുടെ പ്രചാരകർ എന്ന് അവകാശപ്പെടുന്ന പലരും ഇന്ന് വിശുദ്ധഗ്രന്ഥത്തെ സമീപിക്കുന്നത് എന്നത് ഒരു വൈരുദ്ധ്യാത്മകതയാണ്. ദൈവശാസ്ത്രത്തെ ഒരു ശാസ്ത്രമായി കണ്ടിരുന്നെങ്കിൽ അതിലെ ശാസ്ത്രീയ രീതികളെപ്പറ്റി അറിവില്ലാത്ത രീതിയിൽ ഇവർ പ്രവർത്തിക്കില്ലായിരുന്നു. ശാസ്ത്രം പ്രചരിപ്പിക്കുകയാണ് തങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നതെന്ന് കരുതിയിരിക്കുന്ന ഇവർ തത്വശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ പരിഗണനയിൽ പെടുത്തുമൊയെന്നത് അതിനാൽ സംശയകരവുമാണ്. ശാസ്ത്രത്തിന്റെ നിർവ്വചനത്തിൽ പോലും അടിപതറിനിൽക്കുന്നവർ ശാസ്ത്രം പ്രചരിപ്പിക്കുന്നത് മറ്റൊരു വൈരുദ്ധ്യമാണ്. വിശുദ്ധഗ്രന്ഥം ശാസ്ത്രീയരീതികളിലൂടെ വ്യാഖ്യാനിക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാൻ ശ്രമിക്കുന്നതാണ് ഈ ലേഖനം.
എന്താണ് വിശുദ്ധഗ്രന്ഥം?
ദൈവത്തെ അറിയാനുള്ള മനുഷ്യബുദ്ധിയുടെ പരിമിതി അറിയുന്ന ദൈവം മനുഷ്യർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ ലിഖിത രൂപമാണ് വിശുദ്ധ ഗ്രന്ഥം. മൂവായിരത്തിൽ പരം വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ ഗ്രന്ഥം
ആയിരത്തിലധികം വർഷങ്ങൾ എടുത്ത് രചിക്കപ്പെട്ടതാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം വിശുദ്ധഗ്രന്ഥത്തിന് ശരിയായ വ്യാഖ്യാനം ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്തങ്ങളായ ഭാഷ സംസാരിച്ചിരുന്നവരും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും, എന്തിനു പറയുന്നു, വ്യത്യസ്ത മതാത്മകതയിൽ നിന്നുള്ളവർ പോലും വിശുദ്ധഗ്രന്ഥത്തിലെ രചയീതാക്കളായിട്ടുണ്ട്. അനേകം സാഹിത്യരൂപങ്ങളും ബിംബങ്ങളും ചേർന്നതാണ് ബൈബിളിലെ രചനകൾ. കഥകൾ, നോവലുകൾ, കവിതകൾ, ആരാധനാഗീതങ്ങൾ, ചരിത്രരചനകൾ, ചരിത്രാഖ്യായികകൾ,
നിയമസംഹിതകൾ, വിജ്ഞാനസൂക്തങ്ങൾ, പ്രവചനങ്ങൾ, പ്രബോധനങ്ങൾ, ലേഖന
ങ്ങൾ, വ്യക്തിപരമായ എഴുത്തുകൾ, യാത്രാവിവരണങ്ങൾ, വെളിപാട് സാഹിത്യം, ജീവചരിത്രം, നാൾവഴികൾ, അതിസ്വഭാവിക വിവരണങ്ങൾ തുടങ്ങിയവ ഇതിലെ സാഹിത്യരൂപങ്ങളുടെ ചില ഉദാഹരണങ്ങളാണ്. ദൈവാവിഷ്‌കരണത്തെ അങ്ങനെ പരിമിതമായ മനുഷ്യഭാഷയിലും സംസ്‌കാരത്തിലും സാഹിത്യങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നതാണ് വിശുദ്ധ ഗ്രന്ഥം. രേഖപ്പെടുത്താത്ത ദൈവാവിഷ്‌കരണം ആണ് വിശുദ്ധ പാരമ്പര്യമായി കണക്കാക്കുന്നത്. ‘വി. ഗ്രന്ഥം മനസ്സിലാകണമെങ്കിൽ വിശുദ്ധ പാരമ്പര്യം കൂടിയേ തീരു. കാരണം, വി.ലിഖിതങ്ങളുടെ അർത്ഥവും വ്യാപ്തിയും പാരമ്പര്യത്തിൽ നിന്നാണ് ലഭിക്കുക. പോരെങ്കിൽ, നിരന്തരമായ വ്യാഖ്യാനവും വിശദീകരണങ്ങളും വി.ലിഖിതങ്ങൾക്കാവശ്യമാണ്. ഇക്കാരണങ്ങളാൽ വി. ലിഖിതങ്ങളും പാരമ്പര്യവും തിരുസ്സഭയുടെ പ്രബോധനാധികാരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്’ (ദൈവാവിഷ്‌കരണം (Dei verbum), ആമുഖം). ഇതിലെ ദൈവാവിഷ്‌കരണത്തെ ശരിയായി മനസ്സിലാക്കണമെങ്കിൽ ഇതിനെ ശാസ്ത്രീയമായി തന്നെ സമീപിക്കേണ്ടിയിരിക്കുന്നു.
ഐതിഹ്യഭാഷാ സങ്കേതങ്ങൾ
ചരിത്രം അവതരിപ്പിക്കുന്ന സാഹിത്യരൂപങ്ങൾ ഐതിഹ്യ ഭാഷാ സങ്കേതങ്ങൾ നിറഞ്ഞതാണ്. സർവ്വതും ചരിത്രമോ സർവ്വതും ഐതിഹ്യമോ എന്നു പറയാൻ ആകാത്തവിധം സങ്കീർണമായ ഭാഷാശൈലി തന്നെ ഒരു ശാസ്ത്രീയ വ്യാഖ്യാനം അനിവാര്യമാകുന്നുണ്ട്. ബൈബിളും ഇതിൽനിന്ന് വ്യത്യസ്തമല്ല. തങ്ങൾ ഇടകലർന്ന് ജീവിച്ച വ്യത്യസ്തങ്ങളായ ജനസമൂഹങ്ങളുടെ ജീവിത ദർശനങ്ങളും ദൈവസങ്കല്പങ്ങളും ഇസ്രായേൽക്കാരുടെ ആരാധനാക്രമത്തെയും ദൈവസങ്കൽപ്പത്തെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ദൈവം തന്റെ വിശുദ്ധ മലയായ സീയോനിൽ വസിക്കുന്നു (സങ്കീ 46:48); കടലിലെ ഭീകരജീവികളെ യുദ്ധത്തിൽ വധിക്കുന്ന ദൈവം (സങ്കീ 74:89); സ്വർഗ്ഗ സൈന്യാധിപനായ ദൈവം ഭൂമിയിലെ മനുഷ്യർക്ക് വേണ്ടി സ്വർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നു (സങ്കീ 94); ദേവന്മാരുടെ എല്ലാം അധിപനായി ദൈവം സ്വർഗ്ഗത്തിൽ വാഴുന്നു (സങ്കീ 82:1), ഇതെല്ലാം ഇതര മത ദൈവ സങ്കൽപ്പങ്ങൾ നിന്ന് കടമെടുത്തിട്ടുള്ളതാണ്. ബൈബിളിലെ ഇത്തരം ഐതിഹ്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കണമെങ്കിൽ ബൈബിൾ ശാസ്ത്രീയമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്.
ബൈബിളിലെ മതാത്മക ഭാഷ
ഭാഷ സ്വാഭാവികമായി ഭൗതികതയെ ആണ് പ്രദാനം ചെയ്യുന്നത്. സാഹിത്യേതരവും അതിഭൗതികവും ചരിത്രാതീതവുമായ യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കാൻ ഭാഷയ്ക്ക് സ്വാഭാവികമായി കഴിവില്ലാത്തതിനാൽ അതിഭൗതികത ഉൾക്കൊള്ളുന്ന പ്രതീകങ്ങളെ ഭാഷ ഉപയോഗിക്കാറുണ്ട്. സമാധാനത്തിന്റെ രാജാവ്, ജീവജലം, സ്വർഗീയമന്നാ, ആദിയും അന്ത്യവും, ദൈവത്തിന്റെ കുഞ്ഞാട് തുടങ്ങിയ
സംജ്ഞകളിലൂടെ പുതിയനിയമം സംസാരിക്കുമ്പോൾ മിശിഹായെ മതാത്മക ഭാഷയിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. സൂര്യൻ ഇരുണ്ടുപോകും ചന്ദ്രൻ അന്ധകാരമാകും, നക്ഷത്രങ്ങൾ ഭൂമിയിലേക്ക് പതിക്കും എന്ന് യുഗാന്ത്യത്തെപ്പറ്റി വിവരിക്കുമ്പോഴും മതാത്മക ഭാഷയാണ് ഉപയോഗിക്കുന്നത്. ഒരു ചരിത്രഗ്രന്ഥമായോ അല്ലെങ്കിൽ കേവലം ഒരു സാഹിത്യ ഗ്രന്ഥമായോ മാത്രം ബൈബിളിനെ കാണുമ്പോൾ ഇതിലെ മതാത്മക ഭാഷ ഗ്രഹിക്കാതെ വരും. ഇത്തരം മതാത്മക ഭാഷയിലൂടെ പ്രകടമാകുന്ന ദൈവികസത്യങ്ങളെ മനസ്സിലാക്കണമെങ്കിൽ വിശുദ്ധ ഗ്രന്ഥം ശാസ്ത്രീയമായി വ്യാഖ്യാനിക്കപ്പെടേണ്ടത് തന്നെയുണ്ട്.
വിശുദ്ധഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങൾ
ബൈബിളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നത് പലരെയും ആശയക്കുഴപ്പത്തിൽ ആക്കുന്നതാണ്. ഈ വൈരുദ്ധ്യങ്ങൾ മാത്രം കണ്ടുകൊണ്ട് ബൈബിളിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാനും ചില ഉദാഹരണങ്ങൾ നോക്കാം. ഉൽപ്പത്തി പുസ്തകത്തിലെ പുരോഹിത പാരമ്പര്യത്തിന്റെ സൃഷ്ടി വിവരണത്തിലും യാഹവിസ്റ്റ് പാരമ്പര്യത്തിന്റെ സൃഷ്ടിവിവരണത്തിലും വൈരുദ്ധ്യങ്ങളുണ്ട്. ജല
പ്രളയ കഥയിലും വൈരുധ്യങ്ങൾ കാണാം. ശുദ്ധമൃഗങ്ങളുടെ ഏഴ് ജോടിയും അശുദ്ധ
മൃഗങ്ങളുടെ ഒരു ജോടിയും കയറ്റാൻ ഒരിടത്തും (ഉൽപ 7:17) മറ്റൊരിടത്ത് എല്ലാ മൃഗങ്ങളുടെയും ഒരു ജോടി (ഉൽപ 7:89,15) കയറ്റുവാനും പറയുന്നു. ജലപ്രളയം 40 ദിവസം (ഉൽപ 7:12;8:6) നീണ്ടുനിന്നുവെന്ന് ഒരിടത്ത് പറയുമ്പോൾ മറ്റൊരിടത്ത് 150 (ഉൽപ 8:3) ദിവസം നീണ്ടുനിന്നു എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇതിലെ വൈരുദ്ധ്യങ്ങൾ ഗ്രഹിക്കണമെങ്കിൽ അവ വ്യത്യസ്ത പാരമ്പര്യങ്ങളുടെ സംയോജനത്തിലൂടെ രൂപം കൊണ്ടതാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കണം.
പൂർവ്വപിതാവായ ജോസഫിനെ സഹോദരന്മാർ ഇസ്മായേല്യർക്ക് വിറ്റതായി ഒരിടത്ത് (ഉൽപ 37:28) സാക്ഷ്യപ്പെടുത്തുമ്പോൾ മറ്റൊരിടത്ത് വിറ്റത് മിദിയാൻകാർക്കാണെന്ന് രേഖപ്പെടുത്തുന്നുണ്ട് (ഉൽപ 37:26). പഞ്ചഗ്രന്ഥിയിൽ തന്നെ പത്ത് പ്രമാണങ്ങളുടെ രണ്ട് വ്യത്യസ്ത വിവരണങ്ങളുണ്ട് (പുറ 20:1-17; നിയ 5:6-22). കാനാൻദേശം ഇസ്രായേൽജനം വളരെ പെട്ടെന്ന് കൈവശപ്പെടുത്തിയെന്ന് ജോഷ്വായുടെ പുസ്തകം പറയുമ്പോൾ ഇസ്രയേൽക്കാർ ദീർഘകാലം കഠിനാദ്ധ്വാനം ചെയ്തു കാത്തിരുന്നതായി ന്യായാധിപന്മാരുടെ പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. പുതിയനിയമത്തിലും ഇത്തരം വൈരുദ്ധ്യങ്ങളുണ്ട്. ഈശോ പറഞ്ഞ വചനങ്ങൾ, ഉപമകൾ തുടങ്ങിയവ വ്യത്യസ്ത സുവിശേഷകന്മാർ വ്യത്യസ്ത സാഹചര്യത്തിലും രീതിയിലുമാണ് അവതരിപ്പിക്കുന്നത്. ഈശോയുടെ വംശാവലിയിലും ഇത്തരം വൈരുധ്യങ്ങൾ കാണാം. ഈശോയുടെ പരസ്യജീവിതത്തിന്റെ കാലഗണനയിൽ വി. യോഹന്നാനും സമാന്തര സുവിശേഷകരും വ്യത്യസ്തത കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, ദേവാലയശുദ്ധീകരണം പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ആണെന്ന് വി.യോഹന്നാൻ സാക്ഷ്യപ്പെടുത്തുമ്പോൾ (യോഹ 2:13-22) സമാന്തര
സുവിശേഷങ്ങളിൽ ദേവാലയ ശുദ്ധീകരണം പരസ്യജീവിതത്തിനു സമാപനം കുറിക്കുന്ന സംഭവമാണ്. ശാസ്ത്രീയമായ വ്യാഖ്യാനം കൂടാതെ വിശുദ്ധഗ്രന്ഥത്തിലെ ഈ വൈരുദ്ധ്യങ്ങൾ മനസ്സിലാക്കുക എന്നത് അപ്രാപ്യമാണ്. വ്യാഖ്യാനത്തിന്റെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള അജ്ഞതമൂലമാണ് പലരും വിശുദ്ധഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളെ പുച്ഛഭാവത്തോടെ മാത്രം കണ്ട് ബൈബിളിലെ വിശ്വാസ്യതയെ തമസ്‌കരിക്കുന്നത്.
ദുർഗ്രഹമായ വചനഭാഗങ്ങൾ
വചനഭാഗങ്ങൾ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാൽ മാത്രം പോര അവ ആധികാരികതയോടെ വ്യാഖ്യാനിക്കുകയും വേണം. ഇവിടെയാണ് വിശുദ്ധ ഗ്രന്ഥത്തെ വിശുദ്ധ പാരമ്പര്യത്തോടും സഭയുടെ പ്രബോധന അധികാരത്തോടും ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതിന്റെ ആവശ്യകത വ്യക്തമാകുന്നത്. വിശുദ്ധ
ഗ്രന്ഥത്തിലെ പ്രവചനങ്ങൾ ആരും തന്നിഷ്ടം പോലെ വ്യാഖ്യാനിക്കരുതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് (2 പത്രോ 1:20-21). പൗലോസിന്റെ ലേഖനങ്ങളിലെ ദുർഗ്രഹമായ വചനഭാഗങ്ങൾ തന്നിഷ്ടം പോലെ ചിലർ വ്യാഖ്യാനിക്കുന്ന
തിനെ വിശുദ്ധഗ്രന്ഥം തന്നെ വിമർശിക്കുകയും ചെയ്യുന്നുണ്ട് (2 പത്രോ 3:16). ജറമിയായുടെ പ്രവചനങ്ങളുടെ അർത്ഥം ഗ്രഹിക്കാൻ ദീർഘനാൾ ദാനിയേൽ ധ്യാനിച്ചിരുന്നു (ദാനി 4:2). ഏശയ്യായുടെ പുസ്തകം വായിച്ചിട്ടും അർത്ഥമറിയാതെ കുഴഞ്ഞ എത്യോപ്യക്കാരന്റെ കഥ അപ്പസ്‌തോലിക ഗ്രന്ഥത്തിൽ കാണുന്നുണ്ട് (അപ്പ 8:26-35). ദൈവവചനത്തിന് വ്യാഖ്യാനം വേണമെന്ന് മാത്രമല്ല അതിന്റെ ആധികാരികതയും അതിനാൽ അനിവാര്യമാണ്.
ഉപസംഹാരം.
വിശുദ്ധ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ വാച്യാർത്ഥവും വ്യംഗ്യാർ
ത്ഥവും പരസ്പരാശ്രിതവും പരസ്പരബന്ധിതമാണ്. പ്രത്യക്ഷത്തിൽ വാച്യാർത്ഥമാണു അർത്ഥമാക്കുന്നതെന്ന് തോന്നിക്കാമെങ്കിലും വ്യാഖ്യാനത്തിൽ ദൈവശാസ്ത്രപരമായ അർത്ഥത്തിനാണ് പ്രാധാന്യം. ഇങ്ങനെ ശാസ്ത്രീയ
മായി വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കപ്പെടുന്നത് എഴുതപ്പെട്ട വചനത്തെ വിശുദ്ധ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ സഭയുടെ പ്രബോധനാധികാരം ഉപയോഗിച്ച് വ്യാഖ്യാനിക്കുമ്പോഴാണ്. ഇതിലെ ശാസ്ത്രീയതയെ പറ്റിതെല്ലും ബോധവാന്മാരല്ലാത്തവർ, ദൈവശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവർ ‘വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്’
എന്ന രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് നടക്കുന്നത് ശരിയായ പ്രവണതയല്ല.