ഇടവകക്കാരനുവേണ്ടി മുറിക്കപ്പെട്ട് ഒരു വൈദികൻ കൂടി.

0
334
ആൻറണി ആറിൽചിറ

തന്റെ അറുപതാം പിറന്നാൾ അവിസ്മരണീയമാക്കി ചമ്പക്കുളം കൊണ്ടാക്കൽ ഇടവക വികാരി ഫാ: ഫ്രാൻസിസ് വടക്കേയറ്റം. തന്റെ വൃക്കകളിലൊന്ന് ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ഇടവകയിലെ ഒരു യുവാവിന് നല്കി അദ്ദേഹം ജന്മം തന്നെ അവിസ്മരണീയമാക്കി. മുറിക്കപ്പെട്ടവന്റെ തിരുശരീരം കൈകളിലേന്തുമ്പോൾ അതുപോലെ തന്നേയും മുറിച്ചിടേണേ എന്ന് അനുദിനം പ്രാർത്ഥിച്ചിരുന്ന ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം ഫൊറോനയിൽ ഉൾപ്പെട്ട കൊണ്ടാക്കൽ സെന്റ് ജോസഫ് ഇടവക വികാരി റവ.ഫാ. ഫ്രാൻസിസ് വടക്കേയറ്റം ആണ് തന്റെ ഇടവകയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ വെളുത്തേടത്തുപറമ്പിൽ ജോസഫ് തോമസ് (അപ്പു) എന്ന 30കാരന് തന്റെ വൃക്കകളിൽ ഒന്ന് പകുത്ത് നല്കി വിശുദ്ധ കുർബാനയോട് ഒന്നു ചേർന്നത്.
കഴിഞ്ഞ 10 വർഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അപ്പുവിന് ഒരു വർഷമായി ഡയാലിസിസ് നടത്തിവരുന്നു. വൃക്ക മാറ്റിവയ്ക്കൽ മാത്രമായിരുന്നു ആകെയുള്ള മാർഗം. 2019 ൽ
കൊണ്ടാക്കൽ ഇടവകയിൽ ശുശ്രൂഷക്ക് എത്തിയ ഫാ. ഫ്രാൻസിസ് വടക്കേയറ്റം, ദൈവനിശ്ചയം നിറവേറ്റാനുള്ള സമയം ഇതാണ് എന്ന് ബോധ്യപ്പെട്ട് വൃക്ക പകർന്ന്
നല്കാമെന്ന് ഉറപ്പ് നല്കി. അതേ തുടർന്ന് ഡിസംബർ മാസം 13 -ാം തീയതി എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ദാതാവും സ്വീകർത്താവും ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ ഡിസംബർ 18 ന് 60 വയസ്സ് പൂർത്തിയാകുന്ന, പൗരോഹിത്യത്തിന്റെ 34 -ാം വർഷത്തിൽ ഫ്രാൻസിസ് അച്ചൻ തന്റെ നേർ പകുതി മാത്രം പ്രായമുള്ള ഒരു യുവാവിന്റെ ജീവൻ നില നിർത്തുവാൻ തന്റെ ഒരു ഭാഗം തന്നെ മുറിച്ച് നല്കി. തന്റെ വൈദികജീവിതത്തിൽ നിന്ന് ലഭിച്ച ശക്തിയും, വിശുദ്ധ കുർബാനയുമാണ് ഇങ്ങനെ ഒരു പങ്കുവയ്ക്കലിന് തന്നെ
ഒരുക്കിയത് എന്നാണ് അച്ചന്റെ വിശ്വാസം. എടത്വാ സെന്റ് ജോർജ് ഇടവകയിലെ ചങ്ങങ്കരി വടക്കേയറ്റം കുടുംബത്തിൽ മാത്യു-ലില്ലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫ്രാൻസിസിന്റെ ഒരു സഹോദരൻ കൂടി വൈദികവൃത്തി സ്വീകരിച്ചിട്ടുണ്ട്. ഏഴ് മക്കളുള്ള കുടുംബത്തിലെ പങ്കുവയ്ക്കലിന്റെ അനുഭവം തന്റെ ജീവിതത്തെ ഒത്തിരി ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് അച്ചന്റെ ബോധ്യം. വിവിധ ഇടവക പ്രവർത്തനങ്ങളോടൊപ്പം നിരവധി ആളുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസസഹായം, ഭവനനിർമ്മാണ സഹായം എന്നിവ അർഹരായവരിലേയ്ക്ക് എത്തിച്ച് നല്കുന്നു. തന്റെ മാതാപിതാക്കളും, സഭയും തനിക്ക് നല്കിയതുമായി തട്ടിച്ച് നോക്കുമ്പോൾ തന്റെ പ്രവൃത്തികൾ മറ്റുള്ളവർക്ക് മുന്നിൽ എടുത്ത്
കാട്ടാൻ തക്കതായി ഒന്നുമില്ല എന്ന് അദ്ദേഹം കരുതുന്നു.
സ്‌നേഹം മാത്രം പ്രഘോഷിക്കുന്ന സഭയിലെ ഒരു വൈദികനാകാൻ സാധിച്ചതാണ് ഈ വൃക്ക ദാനത്തിന് തന്നെ പ്രാപ്തനാക്കിയത് എന്നാണ് അച്ചന്റെ പക്ഷം. പ്രാർത്ഥനയും, പ്രസംഗവും പ്രവൃത്തിയും ഒന്നിച്ച് കൊണ്ടു പോകുന്നതാണ് സഭയുടെ മുഖമുദ്ര എന്ന് വെളിപ്പെടുത്തുന്ന ഈ പ്രവൃത്തിയിലൂടെ അറുപതുകാരനിൽ നിന്ന് ഒരു മുപ്പതുകാരനിലേയ്ക്ക് ദൈവത്തിന്റെ കരുണയും കരുതലും ഒഴുകി ഇറങ്ങിയതിന് നന്ദി പറയാം. ഇനിയുള്ള ദിവസങ്ങൾ ഇവരുടെ രണ്ടു പേരുടേയും ആരോഗ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം. പങ്കുവയ്ക്കലിന്റെ സുവിശേഷം ജീവിച്ചുകാണിച്ച അച്ചൻ സമൂഹത്തിന് നല്കിയിരിക്കുന്നത് വലിയ ഒരു മാതൃക ആണ്.