വിശുദ്ധ കുർബാന: സഭ മിശിഹായോടൊത്ത് അർപ്പിക്കുന്ന ആരാധന

0
202
ബിനു വെളിയനാടൻ

സഭ അടിസ്ഥാനപരമായി ഒരു ആരാധനാ സമൂഹമാണ്. വി. കുർബാനയാണ് സഭാ സമൂഹത്തിന്റെ ഔദ്യോഗിക ആരാധന. സഭയുടെ സകല പ്രവർത്തനങ്ങളും അടിസ്ഥാനപരമായി ദൈവാരാധനയിലേക്കാണു തിരിഞ്ഞിരിക്കുന്നത്.
ദൈവപുത്രനായ ഈശോമിശിഹാ വഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന പരമോന്നത ആരാധനയാണ് വി.കുർബാന.
വാസ്തവത്തിൽ ഈശോയോടൊപ്പം നടത്തുന്ന സഭയുടെ തീർത്ഥാടനമാണിത്.            ഈശോ നമുക്കായി ഒരുക്കിയിരുക്കുന്ന സ്വർഗ്ഗീയ വിരുന്നാണ് വി.കുർബാന. ഉത്ഥിതനായ മിശിഹായുടെ തിരുശരീരവും തിരുരക്തവുമാണ് നാമിവിടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്.
വി. കുർബാന വഴിയായി ഈശോയുടെ തിരുഹൃദയം നമ്മോട് പ്രദർശിപ്പിച്ചിരിക്കുന്ന സ്‌നേഹം അനന്തവും അവർണ്ണനീയവുമാണ്. വി. മാക്‌സ്മില്യൺ കൊൾബെ
പറയുന്നു: ‘മാലാഖമാർക്കു മനുഷ്യരോട് അസൂയതോന്നുമെങ്കിൽ അതിനൊരു കാരണമേയുള്ളു, അതു വി.കുർബാന മാത്രമാണ്.’
രക്ഷകനായ മിശിഹായുടെ ജീവിതത്തിന്റെ
കൗദാശികമായ പുനരാവിഷ്‌കരണമാണല്ലൊ പരിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്. മിശിഹാ സംഭവങ്ങളെന്നറിയപ്പെടുന്ന                                രക്ഷാകര രഹസ്യങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും അനുഭവവേദ്യമാക്കാനുള്ള രക്ഷണീയ സന്ദർഭമാണ് ഓരോ
കുർബാനയർപ്പണസമയവും. പരിശുദ്ധ കുർബാനയർപ്പണത്തിലുള്ള ഭക്തിപൂർവ്വകവും ഫലപ്രദവും ആത്മാർത്ഥവുമായ പങ്കുചേരൽ
വഴിയായി ദേശകാല പരിമിതികൾക്കപ്പുറം
മിശിഹാസംഭവങ്ങളോട് ഇഴുകിച്ചേർന്ന് തീർത്ഥാടനം ചെയ്യാൻ ഓരോ ക്രൈസ്തവനും കഴിയും; കഴിയണം. ”ക്രിസ്തുവിനൊപ്പം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയ്ക്കാനുള്ള അഭിനിവേശവും ലഭിക്കുന്നത്
വി. കുർബാനയിൽ നിന്നാണ്” എന്ന് വി. ജോൺ
പോൾ രണ്ടാമൻ മാർപാപ്പയും ‘വിശുദ്ധ കുർബാനയിൽ നിന്ന് അകലും തോറും ആത്മാവ് ദുർബലമാകും’ എന്ന് വിശുദ്ധ ഡോൺ ബോസ്‌കോയും നമ്മെ പഠിപ്പിക്കുന്നു.’ ദൈവം മനുഷ്യരുടെ ഇടയിൽ വസിക്കുകയും മനുഷ്യൻ ദൈവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന അത്ഭുത സംഗമവേദിയാണ് പരിശുദ്ധ കുർബാന. ‘എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ’ എന്ന കർത്താവിന്റെ കല്പനയനുസരിച്ച് അനുഷ്ഠിക്കപ്പെടുന്ന സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രക്ഷാകര രഹസ്യമാണ് ഓരോ പരിശുദ്ധ കുർബാനയർപ്പണവും.
സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന… സ്വർഗ്ഗവാസികളും ഭൂവാസികളും ഒരുമിക്കുന്ന… അനുഗ്രഹീത നിമിഷങ്ങളാണ് നമ്മൾ അർപ്പിക്കുന്ന ഓരോ കുർബാനയും.