പരിഷ്‌കരിച്ച കുർബാനക്രമം

ആമുഖം
സീറോമലബാർ സഭയുടെ റാസക്രമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് 2021 നവംബർ
28-ാം തീയതി പുതിയ ആരാധനാവത്സര ആരംഭത്തോടുകൂടി നടപ്പിൽവരുമ്പോൾ നമ്മുടെ ആരാധനക്രമചരിത്രത്തിലെതന്നെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നാം കാലെടുത്തുവയ്ക്കുകയാണ്. ഭാരതത്തിലെ മാർത്തോമ്മാനസ്രാണികൾ ചരിത്രത്തിന്റെ നോക്കെത്തുന്ന കാലം മുതൽ അർപ്പിച്ചിരുന്നത് പൗരസ്ത്യസുറി
യാനി ആരാധനക്രമമായിരുന്നല്ലോ. ഈശോ പരിശുദ്ധ കുർബാന സ്ഥാപിച്ച അതേ ഭാഷയിലുള്ള നമ്മുടെ കുർബാനക്രമം മാർത്തോമ്മാശ്ലീഹായിൽനിന്നും ലഭിച്ചതാണെന്നതിൽ നമ്മുടെ പൂർവികർ അഭിമാനിച്ചിരുന്നു. വൈദേശികാധിപത്യത്തിൻ കീഴിൽ പിളർപ്പിനെ നേരിട്ട സഭയുടെ ഐക്യത്തിനുവേണ്ടി നടത്തിയ ഐതിഹാസികമായ റോമാ-ലിസ്ബൺ
യാത്രാവിവരണമായ വർത്തമാനപുസ്തകത്തിൽ (1790) പാറേമ്മാക്കൽ തോമ്മാ കത്തനാർ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. 1599-ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് മുതൽ ഉണ്ടായ വ്യതിചലനങ്ങളുടെ നീണ്ട ഇരുണ്ട ചരിത്രത്തിന്റെ മറയിൽനിന്നും പുറത്തുവരുന്നതിന്റെ ഒരു നാഴികക്കല്ലായി ഈ കുർബാന പരിഷ്‌കര
ണത്തെ നമുക്കു കാണാനാവും.
1. അല്പം ചരിത്രപശ്ചാത്തലം
ഉദയംപേരൂർ സൂനഹദോസ് ഗോവാ മെത്രാപ്പോലിത്തായായ ഡോ. മെനേസിന്റെ നേതൃത്വത്തിൽ നാല്പതോളം മാറ്റങ്ങൾ നമ്മുടെ കുർബാനയിൽ കൊണ്ടുവന്നു. ആയിരത്തിലേറെ വർഷങ്ങളായി നമ്മുടെ സഭയിൽ നിലവിലിരുന്ന മാർ തെയഡോറിന്റെയും മാർ നെസ്‌തോറിയസിന്റെയും കൂദാശക്രമങ്ങൾ (അനാഫൊറ) നിർത്തലാക്കി. തുടർന്ന് സുറിയാനിക്കാരെ ഭരിച്ച ആദ്യ ലത്തീൻ മെത്രാനായ ഫ്രാൻസിസ് റോസ് കുർബാനയിൽ വീണ്ടും പല മാറ്റങ്ങളും വരുത്തി. 1774 ൽ റോമിൽ അച്ചടിച്ച സീറോമലബാർ ടെക്‌സ്റ്റിൽ ത്രിത്വസ്തുതിയോടെ കുർബാന ആരം
ഭിക്കുന്നതുമുതൽ കുർബാന സ്വീകരണമുൾപ്പടെയുള്ള ഭാഗങ്ങൾ ലത്തീൻക്രമത്തിലേതുപോലെയാക്കി. പിന്നീട് കുർബാന ടെക്സ്റ്റിൽ മാത്രമല്ല ദൈവാലയത്തിന്റെ ആന്തരികസംവിധാനം, തിരുവസ്ത്രങ്ങൾ എന്നിവയെല്ലാം
പാശ്ചാത്യമയമായി. സ്വപൈതൃകത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട അവസ്ഥയിലായി, നൂറ്റാണ്ടുകൾ വൈദേശിക ഭരണത്തിൻകീഴിലിരുന്ന നമ്മുടെ സഭ.
2. പരിശുദ്ധ സിംഹാസനം ആരംഭം കുറിച്ച
ആരാധനക്രമപ്രസ്ഥാനം
എന്നാൽ ഈ സാഹചര്യങ്ങൾക്ക് മാറ്റം കുറിച്ചത് പരിശുദ്ധ സിംഹാസനത്തിന്റെ തന്നെ ധീരമായ ചില ഇടപെടലുകളാണ്. കൂടുതൽ ലത്തീൻവത്കരണത്തിനുവേണ്ടി നാട്ടുമെത്രാന്മാർ മുറവിളി കൂട്ടിയപ്പോൾ അതിനു വിരാമമിട്ടുകൊണ്ട് പതിനൊന്നാം പിയൂസ് മാർപാപ്പ പ്രഖ്യാപിച്ചു: ”പരിശുദ്ധ സിംഹാസനം ലത്തീൻ
വല്കരണമല്ല, കത്തോലിക്കാവല്കരണമാണ് ആഗ്രഹിക്കുന്നത്” (ഡിസം. 1, 1934). പാശ്ചാത്യ സഭയിൽ ആശ്രമങ്ങളും സർവകലാശാലകളും കേന്ദ്രീകരിച്ചു നടന്നതാണ് ആരാധന ക്രമപ്രസ്ഥാനമെങ്കിൽ നമ്മുടെ സഭയിൽ പരിശുദ്ധ സിംഹാസനംതന്നെ നേരിട്ട് നമ്മൾ കുർബാനക്രമ പുനരുദ്ധാരണത്തിനും നവീകരണത്തിനും നേതൃത്വം കൊടുത്തു എന്നതാണ് വസ്തുത. കുർബാന പരിഷ്‌കരണത്തിനുവേണ്ടി പതിനൊന്നാം പിയൂസ് പാപ്പാ ഒരു കമ്മീഷനെ നിയോഗിച്ചെങ്കിലും രണ്ടാം ലോക
മഹായുദ്ധത്തിന്റെ സാഹചര്യത്തിൽ അതു അധികം മുന്നോട്ടുപോയില്ല.
തുടർന്ന് 1954 മാർച്ച് 10-ാം തീയതി ഭാഗ്യസ്മരണാർഹനായ പന്ത്രണ്ടാം പിയൂസ് പാപ്പാ
നിയോഗിച്ച വിദഗ്ധസമിതി തയ്യാറാക്കിയ മൂന്ന് അനാഫൊറകളും ചേർന്ന കുർബാനക്രമത്തിന് 1957 ജൂൺ 20 ന് അംഗീകാരം ലഭിക്കുകയും
ചെയ്തു. 1959-60 കളിൽ കുർബാനയുടെ കർമ്മക്രമങ്ങൾ (ഓർദോ) കലണ്ടർ, പൊന്തിഫിക്കൽ ക്രമങ്ങളുടെ (ഓർദോ), പ്രോപ്രിയ എന്നിവയും
തയ്യാറാക്കി നല്കി. എന്നാൽ നമ്മുടെ സഭയിൽ അനുകൂലമായ ആരാധനക്രമ അവബോധം സൃഷ്ടിക്കപ്പെടാതിരുന്ന ആ കാലഘട്ടത്തിൽ സമ്പൂർണ്ണമായി പുനരുദ്ധരിച്ച 1957-ലെ ക്രമം നടപ്പിലായില്ല: 1960 ൽ ഒരു അനാഫൊറ
മാത്രമുള്ള സുറിയാനിയിലുള്ള ടെക്സ്റ്റും 1962 ജൂലൈ 3 ന് സുറിയാനിയിലും മലയാള
ത്തിലുമുള്ള ക്രമവും പ്രാബല്യത്തിൽവന്നു. എന്നാൽ കുറെക്കൂടി ഹ്രസ്വരൂപത്തിലുള്ള ഒരു ടെക്സ്റ്റിന് 1968 ആഗസ്റ്റ് 7 ന് റോമിൽ നിന്നും
പരീക്ഷണാർത്ഥം അംഗീകാരം ലഭിച്ചു. തുടർന്ന് പരിശുദ്ധ സിംഹാസനം നല്കിയ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ റാസക്രമത്തിന് 1985 ഡിസംബർ 19 ന് അംഗീകാരം ലഭിക്കുകയും 1986 ഫെബ്രുവരി
8 ന് പരിശുദ്ധ പിതാവ് വി. ജോൺ പോൾ രണ്ടാമൻ അതു കോട്ടയത്തുവച്ച് അർപ്പിച്ച്
ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. 1989 ഏപ്രിൽ 3 ന് ആഘോഷപൂർവകവും സാധാരണയുള്ള കുർബാനക്രമത്തിനും അംഗീകാരം നൽകി.
ഈ ടെക്സ്റ്റുകളാണ് ഇപ്പോൾ പരിഷ്‌കരിച്ചു നല്കിയിരിക്കുന്നത്.
3. പരിഷ്‌കരിച്ച ടെക്സ്റ്റ് ഒരു നാഴികക്കല്ല്
2021 ജൂൺ 9 ന് പൗരസ്ത്യതിരുസംഘം അംഗീകരിച്ച് സെപ്റ്റംബർ 8-ാം തീയതി
സീറോമലബാർ സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഈ ടെക്സ്റ്റ് ഒരു ചരിത്രസംഭവമാകുന്നത് ഒരൊറ്റ കാര്യം കൊണ്ടാണ്.
നമ്മുടെ കുർബാനയുടെ 1599 ൽ നിർത്തലാക്കപ്പെട്ട അനാഫൊറകൾ ഉൾപ്പെടെ വീണ്ടും പുനരുദ്ധരിച്ച് ഒരു സമ്പൂർണ്ണ കുർബാനക്രമം പ്രാബല്യത്തിൽ വരുന്നു എന്നതാണത്. അതോടൊപ്പം കാലത്തിന്റെയും ദിവസത്തിന്റെയും മാറിമാറി വരുന്ന ഭാഗമായ ”ദിവ്യരഹസ്യങ്ങളുടെ അനുബന്ധമായ” പ്രോപ്രിയയും ഈ തക്‌സയിൽ പരിഷ്‌കരിച്ച് ചേർത്തിരിക്കുന്നു. അങ്ങനെ നമ്മുടെ പരിശുദ്ധ
കുർബാനയുടെ സമ്പൂർണ ആരാധനക്രമ സഞ്ചയം (The whole Liturgical Corpus) ചരിത്രത്തിലാദ്യമായി സഭയ്ക്ക് ലഭ്യമാവുകയാണ്. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ആരാധനക്രമം, അതിൽത്തന്നെ കുർബാനയാണ് പരമപ്രധാനമായ ആരാധന. പൗരസ്ത്യ സഭകൾക്കാകട്ടെ പരിശുദ്ധ കുർബാന ദൈവ
ശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും ഉറവിടവുമാണ്. വിവിധ ആഘോഷരൂപത്തിലുള്ള കുർബാന അർപ്പണങ്ങൾക്കു പുറമേ പഠനത്തിനും ധ്യാനത്തിനും ശരിയായ ധാർമ്മികശിക്ഷണത്തിനും സാക്ഷ്യത്തിനുമുള്ള
ഒരു ഊർജ്ജസ്രോതസ്സാണ് ഈ സമ്പൂർണ്ണ കുർബാനക്രമം.
4. ഉറവിടങ്ങളോടുള്ള വിശ്വസ്തത, വൈവിധ്യം
നമ്മുടെ കുർബാനക്രമത്തിന്റെ പൂർണ്ണരൂപം ലഭിച്ചു എന്നതുപോലെതന്നെ ഉറവിടങ്ങളോട് കൂടുതൽ വിശ്വസ്തമായ പ്രാർത്ഥനാ രൂപങ്ങൾ ഈ ടെക്സ്റ്റിന്റെ പ്രത്യേകതയാണ്. ”സർവ്വാധിപനാം കർത്താവേ, നിൻ സ്തുതി ഞങ്ങൾ പാടുന്നു;” ”പരിപാവനനാം അമർത്യനേ കാരുണ്യം നീ ചൊരിയണമേ,” കാറോസൂസകൾക്ക് ”കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ,” കാർമ്മികനോടുള്ള
ആശീർവാദാഭ്യർത്ഥനയ്ക്ക് ഗുരോ ആശീർവദിക്കണമേ എന്നതിനു പകരം ”കർത്താവേ ആശീർവദിക്കണമേ” എന്നതും അദ്ദായി-മാറി അനാഫൊറയിലെ സ്ഥാപനവിവരണത്തിനു മുമ്പ് കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഒഴിവാക്കിയതും
ചില ഉദാഹരണങ്ങളാണ്. അതുപോലെതന്നെ പ്രോപ്രിയയിലെ പ്രഥമ പുരോഹിതപ്രാർത്ഥന കാർമ്മികനെയും വിശ്വാസികളെയും യോഗ്യരാക്കണമേ, ശക്തരാക്കണമേ എന്നും സമാപന പ്രാർത്ഥനകളും സമാപന ആശീർവാദവും
യുഗാന്ത്യോന്മുഖതയ്ക്കും സ്വർഗീയജീവിതത്തിനും ഊന്നൽ കൊടുക്കുന്ന രീതിയിലും പുനർക്രമീകരിച്ചു. പ്രാർത്ഥനകളുടെയും ഗീതങ്ങളുടെയും ഭാഷ കുറെക്കൂടി ഒഴുക്കുള്ളതാക്കി. കൂടാതെ, കൂടുതൽ പ്രാർത്ഥനകളും
ഗീതങ്ങളും ചേർക്കുകയും ചിലത് സുറിയാനി ഭാഷയിൽത്തന്നെ അനുബന്ധമായി ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അതുപോലെതന്നെ വൈവിധ്യമാർന്ന സാഹചര്യത്തിൽ തെരഞ്ഞെടുക്കാവുന്ന കൂടുതൽ ഐശ്ചികങ്ങൾ ഈ തക്‌സയിലുണ്ട്. സാധാരണക്രമത്തിലും ആഘോഷ പൂർവ്വകമായ ക്രമത്തിലെയും റാസയിലെയും ഘടകങ്ങൾ കൂട്ടിച്ചേർക്കാം, കാർമ്മികന്
കൂടുതൽ ഐശ്ചികങ്ങൾ, കർമ്മക്രമങ്ങളിലെ കൃത്യത: ഉദാ: തിരുവസ്ത്രങ്ങൾ അണിയുന്നതിന്റെയും പ്രദക്ഷിണത്തിന്റെയും ക്രമം തുടങ്ങിയവയും ഈ ടെക്സ്റ്റിന്റെ പ്രത്യേകതയാണ്. ശുശ്രൂഷകളിലെ പ്രധാനവേളകളിൽ മണിയടിക്കാനുള്ള ഐശ്ചികവും ഒരു പുതുമയാണ്. കുർബാനക്രമത്തോടൊപ്പം പുതിയ ഓർദോയും തയ്യാറായി വരുന്നുണ്ട്. ഒപ്പം ഈ ആരാധനാവത്സരത്തിലെ പ്രഘോഷണങ്ങളുടെ ഒരു പുതിയ ഗണവും അവതരിപ്പിച്ചിരിക്കുകയാണ്.
5. ഏകീകൃത ബലിയർപ്പണരീതി
1999 നവംബർ 14-20 വരെ നടന്ന സീറോമലബാർ സിനഡ് തീരുമാനത്തിന് 1999 ഡിസംബർ 17 ന് ലഭിച്ച അംഗീകാരമനുസരിച്ച് പ്രഖ്യാപിച്ച ഏകീകൃതരീതിയിലുള്ള ബലിയർപ്പണം ഈ ടെക്സ്റ്റ് പ്രാബല്യത്തിൽ വരുത്തുന്നതോടെ സഭ മുഴുവനും സ്വീകരിക്കണമെന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം (ജൂലൈ 3, 2021) ഈ തക്‌സയുടെ ആദ്യംതന്നെ നൽകിയിരിക്കുന്നു. തുടർന്ന് കർദ്ദിനാൾ പ്രീഫെക്റ്റിന്റെ അംഗീകാരരേഖയിൽ ഏകീകരണരീതി എങ്ങനെ, എവിടെ
എന്നും പ്രതിപാദിക്കുന്നു. നമ്മുടെ കുർബാനയുടെ ചരിത്രവും
ദൈവശാസ്ത്രവും അനുഷ്ഠാനവിധികളും തിരുവസ്ത്രങ്ങളും ആരാധനക്രമ സ്ഥലസംവിധാനവുമെല്ലാം സമ്പൂർണ്ണ മദ്ബഹാഭിമുഖ
ബലിയാണ് വിഭാവനം ചെയ്യുന്നതെങ്കിലും സഭയുടെ വിശാല താല്പര്യവും ഐക്യവും പൊതുനന്മയും പരിഗണിച്ചും സീറോമലബാർ അസംബ്ലിയുടെ പൊതുവികാരവും ഉൾക്കൊണ്ടും നമ്മുടെ സിനഡ് പിതാക്കന്മാർ എടുത്ത ഒരു തീരുമാനമാണിത്. ”സമയം സ്ഥലത്തെക്കാൾ പ്രധാനമാണ്; അതായത്, ഇപ്പോഴത്തെ കാലഘട്ടം ആവശ്യപ്പെടുന്ന സമയത്ത് നാം നടത്തേണ്ട സിനഡൽ പ്രയാണത്തിനുവേണ്ടിയുള്ള ഒരു മാർഗ്ഗമായി പരിശുദ്ധ പിതാവ് ഇക്കാര്യം എടുത്തുപറയുമ്പോൾ അത് സർവാത്മനാ സ്വീകരിക്കുകയെന്നതും സഭയുടെ അനുസരണയുള്ള മക്കളെന്ന നിലയിൽ നമ്മുടെ കടമയാണ്.
5.1 ആദ്യഭാഗം ജനത്തോടു തിരിഞ്ഞ്
കുർബാനയുടെ ആദ്യഭാഗം കാർമ്മികൻ ജനങ്ങളുടെ നേരെ തിരിഞ്ഞുനിൽക്കുമ്പോഴും കാർമ്മികൻ ബേമ്മയിലെ സ്ലീവായെ നോക്കിയാണ് പ്രാർത്ഥിക്കേണ്ടത്. ജനാഭിമുഖ്യ ബലിയർപ്പണം എന്ന പ്രയോഗംതന്നെ ഒരു സ്ഥല
വുമായി ബന്ധപ്പെട്ട സങ്കല്പമാണ്, അതു ദൈവശാസ്ത്രപരമല്ല (Not theological, but
topographical) എന്ന് റോമിലെ ആരാധനക്രമ കാര്യാലയം ഒരിക്കൽ വിശദീകരിക്കുയുണ്ടായി. (Notititae 322, Vol 29, (1993) 246-247).
6. അർപ്പണത്തിലെ ഐക്യവും ഐശ്ചികങ്ങളും
പുതിയ ടെക്സ്റ്റിലെ ബഹുലമായ ഐശ്ചികങ്ങൾ ദുരുപയോഗിക്കപ്പെടുമോ എന്നും
ചിലർ ആശങ്കപ്പെട്ടേക്കാം. എന്നാൽ ഒരു ആരാധനാസമൂഹമെന്ന നിലയിൽ ഓരോ രൂപതയിലെയും ആരാധനക്രമത്തിന്റെ മുഖ്യകാർമ്മികനും കാര്യസ്ഥനും നിയന്താവും പരിപോഷകനുമെന്ന നിലയിൽ (വത്തിക്കാൻ കൗൺസിൽ, മെത്രാന്മാർ 15) മെത്രാന്മാർക്ക് അവ ശരിയായി ക്രമീകരിക്കാനുള്ള കടമയുണ്ടെന്ന് സഭ അനുശാസിക്കുന്നു. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള സിനഡനന്തര
രേഖയായ സ്‌നേഹത്തിന്റെ കൂദാശയിൽ (Sacrementum Caritatis: 2007) ൽ പറയുന്നതുപോലെ തന്റെ ശുശ്രൂഷാസീമയിൽ പരികർമ്മം ചെയ്യപ്പെടുന്ന ദൈവാരാധനാകർമ്മം തങ്ങളുടെ യോജിപ്പും ഐക്യവും ഉറപ്പു വരുത്തേണ്ടത് പ്രാദേശികസഭയിലെ ദൈവികരഹസ്യങ്ങൾ മുഖ്യകാര്യസ്ഥനാണെന്ന നിലയിൽ മെത്രാന്റെ ഉത്തരവാദിത്വമാണ് (No. 39). തക്‌സായിൽ കൊടുത്തിരിക്കുന്ന സംക്ഷേ
പിത ഐശ്ചികങ്ങൾ (Optional Abbriviation) തെരഞ്ഞെടുക്കുന്നതിൽ വൈദികർക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള ഇടം മെത്രാന്മാർ നല്കണമെന്ന പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശത്തിൽത്തന്നെ (10.12.2020) ആരാധന ക്രമ ദുരുപയോഗങ്ങൾ ഉണ്ടായാൽ മെത്രാന്മാർക്ക് ഇടപെടാനാവുമെന്നും സൂചി
പ്പിക്കുന്നുണ്ട്. വത്തിക്കാൻ കൗൺസിൽ, ആരാധനക്രമ ഡിക്രി ഇങ്ങനെ പഠിപ്പിക്കുന്നു; ”ആത്മപാലകർ ആരാധനക്രമം അനുഷ്ഠിക്കുമ്പോൾ അവ
കേവലം സാധുവായും നൈയാമികമായും പരികർമ്മം ചെയ്യുന്നതിനപ്പുറം കുറച്ചുകൂടി ചെയ്യുക ആവശ്യമാണ്. (No. 11) ഏറ്റവും കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടാതെ ആബേൽ അർപ്പിച്ചതുപോലെയുള്ള, പരമാവധി അർപ്പണത്തിന്റെ ചൈതന്യം ഐശ്ചികങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഉണ്ടാകണമെന്നുസാരം.
കൂടാതെ പ്രാർത്ഥനാഘടനയുടെ സ്വഭാവത്താൽത്തന്നെ ആവർത്തനം ആവശ്യപ്പെടുന്ന സ്തുതിപ്പുകൾ (അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി) പ്രത്യുത്തരഗീതങ്ങൾ (സർവ്വാധിപനാം, പരിപാവനനാം – റോമൻ നിർദ്ദേശങ്ങൾ, 1983), പാശ്ചാത്യ – പൗരസ്ത്യ പ്രഭാത – സന്ധ്യാ നമസ്‌കാര ശുശ്രൂഷക
ളിലെ സമാപന കർത്തൃപ്രാർത്ഥന, വിശ്വാസപ്രമാണം അവശ്യഘടകമായ പൗരസ്ത്യ കുർബാന അർപ്പണ രീതി, ഒക്കെ പരിഗണിച്ചുകൊണ്ടുള്ള ഉത്തരവാദിത്വപൂർവമായ ഐശ്ചികത്തിന്റെ ഉപയോഗമാണ് ആരാധനക്രമാവബോധമുള്ള കാർമ്മികരിൽനിന്നും സമൂഹത്തിൽ നിന്നും സഭ പ്രതീക്ഷിക്കുന്നതും.
ഉപസംഹാരം
നമ്മുടെ കുർബാനക്രമത്തിന്റെ സമ്പന്നതയും വൈശിഷ്ട്യവും മനസ്സിലാക്കിക്കൊടുക്കാനുതകുന്ന ആരാധനക്രമ പ്രബോധനത്തിനുള്ള ഒരു നല്ല അവസരമാണ് പുതിയ കുർബാനക്രമം നമുക്ക് നൽകുന്നത്. പൗരസ്ത്യർതന്നെ തങ്ങളുടെ ആരാധനക്രമ പാരമ്പര്യങ്ങൾ മനസ്സിലാക്കുകയും വിലമതിക്കുകയും, ഒപ്പം വ്യതിചലനങ്ങളുണ്ടായാൽ അവ വീണ്ടെടുക്കാനുള്ള ത്യാഗം ഏറ്റെടുക്കുകയും
വേണമെന്ന വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ (പൗരസ്ത്യസഭകൾ 3,4,6) ഒരു സാക്ഷാത്ക്കാരംകൂടിയാണ് പരിഷ്‌കരിച്ച കുർബാന തക്‌സ. നമ്മുടെ പൗരസ്ത്യസുറിയാനി കുർബാനക്രമത്തിന്റെ സെമിറ്റിക്-
ബൈബിൾ പ്രാർത്ഥനാശൈലി, ദിവ്യരഹസ്യാവബോധം (Sense of the Mystery) മിശിഹാകേന്ദ്രീകൃതവും ത്രിത്വാത്മകവും റൂഹാത്മകവുമായ മാനങ്ങൾ, മിശിഹാവിജ്ഞാനീയപരമായ ആരാധനക്രമ സ്ഥലവിന്യാസം (Liturgical Space) യുഗാന്ത്യോന്മുഖത, ഹൃദയങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തുന്ന സുറിയാനി
സംഗീതധാര ഇവയെല്ലാം വീണ്ടും കണ്ടെത്താനും പരിഷ്‌കരിച്ച കുർബാനക്രമം നമുക്ക് അവസരമേകുന്നു.