ഒരുമയോടീബലിയർപ്പിക്കാം

0
229

2021 നവംബർ 28 ഞായറാഴ്ച സീറോമലബാർ സഭയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന ദിവസമാണ്. സഭയുടെ വിശുദ്ധ കുർബാന അർപ്പണത്തിൽ ഐക്യരൂപ്യം കൈവന്നിരിക്കുകയാണ്. ഏതാനും
ദശകങ്ങളായി, സഭയെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയധികം മനോവേദനയുളവാക്കുന്ന വിഷയമായിരുന്നു ആരാധനാക്രമസംബന്ധിയായ പ്രശ്‌ന
ങ്ങൾ. നിലവിൽ ഇത്തരം പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും ഐക്യത്തിലേയ്ക്കുള്ള ആദ്യ ചുവട് നമ്മൾ വച്ചിരിക്കുകയാണ്. വിശുദ്ധ കുർബാനയിലുള്ള ഐക്യം സഭയെ പൂർണ്ണമായ ഹൃദയൈക്യത്തിലേക്കു നയിക്കും.കാരണം വിശുദ്ധ കുർബാനയാണ് സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു. സഭയുടെ എല്ലാ പ്രവർത്തനങ്ങളും ആരാധനാക്രമമാകുന്ന അത്യുച്ചസ്ഥാനത്തേക്കാണ് ഉന്മുഖമായിരിക്കുന്നത്. അവളുടെ ശക്തി മുഴുവനും നിർഗളിക്കുന്നതും ആരാധനാക്രമത്തിൽ നിന്നു തന്നെ. (ആരാധനാക്രമം 10). എല്ലാ വിശുദ്ധ കുർബാനയിലും നമ്മൾ ആലപിക്കുന്ന ഗീതമാണ് ഒരുമയൊടീബലിയർപ്പിക്കാം എന്നത്. എന്നാൽ ആ ഒരുമയ്ക്കു വിഘാതമാകുന്ന പ്രവർത്തനങ്ങൾ സഭയിലുണ്ടാകുന്നുവെന്നത് വിശ്വാസികളെല്ലാവരെയും സംബന്ധിച്ച് ഖേദകരമാണ്. പലപ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനശൈലി സഭയ്ക്കുള്ളിലേക്കു കടന്നു വരികയും വൈദികർപോലും അത് അനുവർത്തിക്കുകയും ചെയ്യുന്നു. ഇവയൊക്കെ ക്രിസ്തീയ ആത്മീയതയ്‌ക്കോ സഭയുടെ അച്ചടക്കമര്യാദകൾക്കോ നിരക്കുന്നതല്ല. ഈശോ സ്വജീവൻ നൽകി നമ്മെ പഠിപ്പിച്ച സ്‌നേഹം, അനുസരണം തുടങ്ങിയ മൂല്യങ്ങൾ നമ്മൾ വിസ്മരിക്കാൻ പാടില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഇവിടെയൊക്കെ വിട്ടുവീഴ്ചയുടെയും അനുസരണത്തിന്റെയും എളിമയുടെയും വഴി സ്വീകരിക്കുകയെന്നതാണ് ക്രിസ്തീയത. ആദിമനൂറ്റാണ്ടുമുതൽ രക്തസാക്ഷികൾ സ്വജീവൻ കൊടുത്തു സംരക്ഷിച്ചു പോരുന്ന ക്രിസ്തീയത താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്നത് ആത്യന്തികമായി വലിയ നഷ്ടവും സഭയുടെ പരാജയവുമായിരിക്കും. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ദിവസം എട്ടുപേരെങ്കിലും കർത്താവിനെപ്രതി വധിക്കപ്പെടുന്നു, സ്ത്രീകൾ ഉപദ്രവിക്കപ്പെടുന്നു. പള്ളികൾ തകർക്കപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്യുന്നു. ആരാധനാസ്വാതന്ത്ര്യം അനേകർക്ക് നിഷേധിക്കപ്പെടുന്നു. ഒരു പക്ഷേ ആദിമ നൂറ്റാണ്ടിലെന്നതിനെക്കാൾ ഈ കാലഘട്ടത്തിൽ സഭാസമൂഹം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കർദ്ദിനാൾ സാറ പ്രസ്താവിക്കുന്നത്. ചൈനയും ഇറാക്കും പാക്കിസ്ഥാനും നൈജീരിയയുമൊക്കെ നമ്മുടെ കൺമുമ്പിലുള്ള ഉദാഹരണങ്ങളാണ്. അനേകർ മിശിഹായെപ്രതി പീഡകൾ സഹിക്കുമ്പോൾ, സ്വജീവൻകൊടുത്ത് ക്രിസ്തീയതയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ സഭാംഗങ്ങളിൽ ചിലർ അതിനു വിരുദ്ധമായി പ്രവർത്തിച്ച് വിശ്വാസികൾക്കും പൊതുസമൂഹത്തിനും ഉതപ്പുനൽകുന്നത് ശരിയല്ല.
വിശുദ്ധ കുർബാനയ്ക്ക് ദൈവശാസ്ത്രവശങ്ങൾ മാത്രമല്ല ഉള്ളത്, ഒരു ആദ്ധ്യാത്മികതയും കൂടിയുണ്ട്. അത് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയുടേതുമായ ഒരു ആത്മീയതയാണ്. ഈ ആത്മീയത പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ വിശുദ്ധ കുർബാനയർപ്പണം വ്യർത്ഥമായിത്തീരും..അതിനാൽ നമുക്ക് അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പിന്റെ ആഹ്വാനം സ്വീകരിച്ച് വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് വിശുദ്ധ കുർബാനയുടെ ഏകീകരണത്തിനും സഭയുടെ ഐക്യത്തിനുമായി പരിശ്രമിക്കാം; പ്രാർത്ഥിക്കാം. അഭിവന്ദ്യ പിതാക്കന്മാരോടും സഭാസിനഡിനോടുമുള്ള നമ്മുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാം. വി. പൗലോസ്ശ്ലീഹായുടെ ഉദ്‌ബോധനങ്ങൾ നമുക്ക് സ്വീകരിക്കാം. അപ്പം ഒന്നേയുള്ളൂ. അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ ഒരേയപ്പത്തിൽ നാം ഭാഗഭാക്കുകളാണ്. (1 കോറി. 10.17)എന്ന വചനം നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം.