മക്ശാനീസാ

ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ

സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹായിൽ സ്രാപ്പേ മാലാകാമാരുടെ സാന്നിധ്യത്തെ ദ്യോതിപ്പിക്കുന്ന ഒരുപകരണമാണ് മക്ശാനീസാ. ആറാം നൂറ്റാണ്ട് മുതലെങ്കിലും പൗരസ്ത്യ സുറിയാനി സഭയുടെ പരിശുദ്ധ കുർബാനയിൽ ഇതിന്റെ ഉപയോഗം ഉള്ളതായി കാണുവാൻ സാധിക്കും. പൗരസ്ത്യ സുറിയാനി
വ്യാഖ്യാതാവായ മാർ നർസൈയുടെ വ്യാഖ്യാനങ്ങളിൽ നമുക്കത് കാണുവാൻ സാധിക്കും. പതിനൊന്നാം നൂറ്റാണ്ടിൽ പൗരസ്ത്യ
സുറിയാനി സഭയുടെ കാസോലിക്കായായിരുന്ന മാർ ഈശോയാബ് നാലാമൻ (ഈശോ
യാബ് ബർ ഹെസ്‌കിയേൽ) നൽകുന്ന കൂദാശകളുടെ വ്യാഖ്യാനങ്ങളിലും മക്ശാനീസാ
യുടെ സാന്നിധ്യം കാണുന്നുണ്ട്. ദൈവസന്നിധിയിൽ മാലാകാമാർ ‘കന്ദീശ്, കന്ദീശ്, കന്ദീശ്’ എന്ന് അനവരതം ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. ഈ മാലാകാമാരുടെ പ്രതീകമാണ് മദ്ബഹായിൽ ഉപയോഗിക്കുന്ന മക്ശാനീസാ. മനുഷ്യബുദ്ധിക്കഗ്രാഹ്യമായ ഭയഭക്തി
ജനകമായ റാസകൾ പരികർമ്മം ചെയ്യപ്പെടുന്ന പരിശുദ്ധ മദ്ബഹായിൽ ധൂപം അർപ്പിക്കുന്നതോടൊപ്പം തന്നെ ഈ വിശറി മണികളും ഉപയോഗിക്കുന്നു. വ്യാഖ്യാതാക്കൾ വ്യാഖ്യാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവരിലാരും തന്നെ പരിശുദ്ധ കുർബാനയിൽ ഏതൊക്കെ സന്ദർഭങ്ങളിലാണ് ഇത് ഉപയോ
ഗിക്കുന്നതെന്ന് പ്രതിപാദിക്കുന്നില്ല. പൗരസ്ത്യ സഭകളിൽ എല്ലാം തന്നെ ഒന്നല്ലെങ്കിൽ
മറ്റൊരു തരത്തിൽ ഈ ഉപകരണം ആരാധനക്രമത്തിൽ ഉപയോഗിക്കുന്നുണ്ട്. എല്ലായിടത്തും പൊതുവേ സ്രാപ്പേന്മാരുടെ ചിത്രീകരണം ഇവയിൽ കാണാം.
ചില വ്യാഖ്യാനങ്ങൾ:
‘ഡിപ്ടിക്‌സ് വായിച്ചതിനു ശേഷം പുരോഹിതൻ മ്ശംശാനാമാർക്ക് വിശറികൾ നൽകുന്നു. ഇതുപോലുള്ള പ്രവൃത്തികൾ പൂർണ്ണമാക്കുവാൻ അദ്ദേഹത്തിന്റെ മധ്യസ്ഥതയിലൂടെയേ അവർക്ക് സാധിക്കുകയുള്ളുവെന്ന് അത് സൂചിപ്പിക്കുന്നു. മ്ശംശാനാമാർ അവ കൊണ്ട് വീശുന്നത്, തിരുശരീരത്തിന്റെയും രക്തത്തിന്റെയും രഹസ്യങ്ങളുടെമേൽ മാലാകാമാർ തങ്ങളുടെ ചിറകുകൾ വിടർത്തി ആവസിക്കുന്നു എന്ന് കാണിക്കുന്നു.’ (മാർ അബ്ദീശോ (+1318) നൽകുന്ന വ്യാഖ്യാനം)
‘പരിശുദ്ധ മദ്ബഹാ നിശ്ചയമായും നമ്മുടെ കർത്താവിന്റെ തിരുക്കബറിന്റെ പ്രതീകമാണ്. അതിനാൽ പരിശുദ്ധ മദ്ബഹായുടെ രണ്ട് വശങ്ങളിലും മക്ശാനീസാകളുമായി നിൽക്കുന്ന ശുശ്രൂഷകർ നമ്മുടെ കർത്താവിന്റെ തിരുശരീരത്തിന്റെ ശിരസ്സിന്റെയും പാദങ്ങളുടെയും സമീപത്ത് നിന്നിരുന്ന മാലാകാമാരെ പ്രതിനിധീകരിക്കുന്നു. മറ്റു ശുശ്രൂഷകർ അവിടുത്തെ കബറിടത്തിൽ ഉണ്ടായിരുന്ന മാലാകമാരെയും സൂചിപ്പിക്കുന്നു.’ (മാർനർസൈ (A.D. 399-502) നൽകുന്ന വ്യാഖ്യാനം) ‘മക്ശാനീസാകളുമായി നിൽക്കുന്ന രണ്ട് ശുശ്രൂഷകർ നമ്മുടെ കർത്താവിന്റെ തിരുക്കബറിൽ നിലകൊണ്ട മിഖായേൽ, ഗബ്രിയേൽ എന്നീ മാലാകാമാരെ പ്രതിനിധീകരിക്കുന്നു’ (മാർ മാർ ഈശോയാബ് നാലാമൻ (A.D.1020-1025) കാസോലിക്ക നൽകുന്ന വ്യാഖ്യാനം)
‘മക്ശാനീസാകളുമായി നിൽക്കുന്ന ശുശ്രൂഷകർ സ്രാപ്പേ മാലാകമാരെ സൂചിപ്പിക്കുന്നു. കർത്താവിന്റെ സിംഹാസനത്തിനു ചുറ്റും ശുശ്രൂഷ ചെയ്യുന്നവരായി ഏശായാനിവ്യാ ദർശിച്ച മാലാകാമാരുടെ സദൃശ്യമാണവർ.’
‘അവർ തങ്ങളുടെ ശുശ്രൂഷ ഏറ്റെടുക്കുന്നു. ക്രോവേന്മാർ ചിറകുകളാലും സ്രാപ്പേന്മാർ ദീപങ്ങളാലും. അവരിൽ ചിലർ സ്രാപ്പേന്മാരെപ്പോലെ വിശറികൾ സ്വീകരിക്കുന്നു. മറ്റുചിലർ ക്രോവേന്മാരെപ്പോലെ വിളക്കുകളും. അവർ ബലിപീഠത്തിനുചുറ്റും നില്
ക്കുകയും പുരോഹിതനോടും ബലിവസ്തുവിനോടും ബഹുമാനം കാണിക്കുകയും ചെയ്യുന്നു. ശോശപ്പാ മാറ്റിയതിനു ശേഷം ബലിവസ്തുക്കളുടെമേൽ വീശുകയായിരുന്നു അവയുടെ ലക്ഷ്യം.’ (അർബേലിലെ മെത്രാനായിരുന്ന മാർ ഗീവർഗീസ് (A.D.900-1000) നൽകുന്ന വ്യാഖ്യാനം.) ‘കൂദാശാ വേളയിൽ വൈദികൻ മക്ശാ
നീസാ മ്ശംശാനാമാരെ ഏൽപ്പിക്കുന്നു. അവരത് വിറപ്പിക്കുകയും ചെയ്യുന്നു. വൈദികനാൽ നൽകപ്പെട്ടാലല്ലാതെ അവർ സ്വയം ഒന്നും
എടുക്കുന്നില്ല. കൂദാശയ്ക്ക് ശേഷം അവരത് തിരികെ വൈദികനെ ഏൽപ്പിക്കുകയും ചെയ്യുന്നു.’ (മാർ തിമോത്തി രണ്ടാമൻ (A.D.1318-1332) കാസോലിക്ക നൽകുന്ന വ്യാഖ്യാനം) ‘മക്ശാനീസായിലെ മണികൾ, അഹറോന്റെ പുരോഹിത വസ്ത്രത്തിലെ അരപ്പട്ടയിൽ ഉണ്ടായിരുന്ന മണികളെ സൂചിപ്പിക്കുന്നു. അഹറോൻ കർത്താവിന് ശുശ്രൂഷ ചെയ്തിരുന്ന സമയങ്ങളിൽ ഈ മണികൾ മുഴങ്ങിയിരുന്നു, അതുപോലെ വൈദികൻ കർത്താവിന് ശുശ്രൂഷ ചെയ്യുമ്പോഴും ഈ മണികൾ മുഴങ്ങുന്നു.’ (മാർ ശെമ്ഓൻ ശാഖ്‌ലാവാ നൽകുന്ന വ്യാഖ്യാനം)
മ്ശംശാനാമാർ മദ്ബഹായിൽ നിന്ന് സ്വയം എടുക്കുന്നു എന്ന് ചില വ്യാഖ്യാനങ്ങൾ പറയുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിലെ ദിയർബക്കിർ 48, മർദിൻ 19 എന്നീ കയ്യെഴുത്ത് പ്രതികൾ പ്രകാരം മ്ശംശാനാമാർ അവ പുരോഹിത
നിൽനിന്ന് സ്വീകരിക്കുകയാണ് ചെയ്യുന്നത്.
സ്വർഗ്ഗത്തിലെ മാലാകാമാരുടെ ചിറകടിയെ
മക്ശാനീസായുടെ ഉപയോഗം സൂചിപ്പിക്കുന്നു.
പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാവേളയിൽ ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഒരിടത്തും ഉപയോഗിക്കുന്നില്ല. കാലക്രമേണ എല്ലാ പൗരസ്ത്യ സുറിയാനി സഭകളിലും നിന്ന് ഈ വിശറിമണി അപ്രത്യക്ഷമായി. നമ്മുടെ സഭയിലും മേല്പട്ടക്കാരെ പള്ളിയിലേക്ക് സ്വീകരിക്കുന്ന സമയങ്ങളിൽ ഈ
വിശറിമണി ഉപയോഗിച്ചിരുന്നതായി പ്ലാസിഡ് പൊടിപാറ മല്പാൻ അദ്ദേഹത്തിന്റെ ‘നമ്മുടെ റീത്ത്’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.