കഴിഞ്ഞ കുറേ വർഷങ്ങളായി സീറോ മലബാർസഭയുടെ ആരാധന
ക്രമം പരിഷ്‌കരിക്കുന്ന പ്രക്രിയയിലായിരുന്നു സഭ. മെത്രാൻമാരുടെ സിനഡ് ഈ കാര്യത്തിൽ നേതൃത്വം കൊടുത്തുപോന്നു. സഭയുടെ കുർബാനക്രമം ഇപ്പോൾ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ പോവുകയാണ്. ഈ മാസം 28-ാം തീയതി പുതിയ ആരാധനാവത്സരം ആരംഭിക്കുന്നതോടെ പുതിയ കുർബാനക്രമവും നടപ്പിൽ വരികയാണ്. ഈ കുർബാനക്രമത്തിൽ കാതലായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽതന്നെയും എല്ലാവർക്കും സ്വീകാര്യമായ രീതിയിലുള്ള ഒരു കുർബാനക്രമമാണ് ദീർഘമായ ചർച്ചകളിലൂടെയും പഠനങ്ങളിലൂടെയും സിനഡ്
തയ്യാറാക്കാൻ ശ്രമിച്ചത്. 1999-ലെ സീറോമലബാർ സഭാ സിനഡ് നിർദേശിച്ച ഒരു
ഫോർമുല അനുസരിച്ചാണ് ഈ നവീകരണം സാധിച്ചിരിക്കുന്നത്. സിനഡിന്റെ ഈ തീരുമാനത്തിന് റോമിലെ പൗരസ്ത്യസഭാ കാര്യാലയം അംഗീകാരം നൽകുകയും മാർപ്പാപ്പതന്നെ അത് നടപ്പിലാക്കാൻ സീറോമലബാർ സഭയോടു ആഹ്വാനം ചെയ്തിരിക്കുകയുമാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ സഭയിൽ പ്രത്യേകിച്ച് ആരാധനക്രമപരമായ കാര്യങ്ങളിൽ ശരിയായ ഒരു ഐക്യം വളർത്തുവാൻ ഏറ്റവും സഹായകരമായിരിക്കും നവീകരിക്കപ്പെട്ട കുർബാനക്രമം. സഭയുടെ സിനഡിൻ്റെ തീരുമാനവും പരി. പിതാവിൻ്റെ ആഹ്വാനവുമനുസരിച്ച് അത് നടപ്പിലാക്കുക
യാണ്. ഈ കാര്യത്തിൽ ദൈവജനം മുഴുവൻ ആത്മാർത്ഥമായി സഹകരിച്ച് നമ്മുടെ സഭയിൽ യഥാർത്ഥമായ ഐക്യവും സ്‌നേഹവും സാഹോദര്യവും പുലരുവാൻ ഇടയാകും എന്ന് പ്രതീക്ഷിക്കുകയാണ്. ആരാധനക്രമം പ്രത്യേകിച്ച് വി. കുർബാന സഭയുടെ ഐക്യത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമാണ്. അതിനാൽ
ഒരുപോലെ പരി. കുർബാന അർപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. തീർച്ചയായും ഈ നവീകരണത്തിലൂടെ അത് സാധിക്കും, സാധിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. എല്ലാവരും ഇക്കാര്യത്തിൽ സഹരിക്കുമ്പോൾ നമ്മുടെ സഭയിൽ കൂടുതലായ സമാധാനവും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാവുമെന്നതിനു സംശയമില്ല. സഭയോട് ചേർന്ന് ചിന്തിക്കുക, സഭയോട് ചേർന്ന് ജീവിക്കുക, സഭയുടേതായ പ്രവർത്തനങ്ങളിൽ പങ്കുചേരുക, അതാണല്ലോ സഭാമക്കളെല്ലാവരുടെയും ചുമതല. ആ രീതിയിൽ നമ്മളെല്ലാവരും, മെത്രാൻമാരും വൈദികരും സമർപ്പിതരും അത്മായവിശ്വാസികളും ഒന്നുചേർന്ന്
ദൈവത്തിന് ആരാധനയർപ്പിക്കാൻ സാധിക്കുമ്പോൾ അത് പൊതുസമൂഹത്തിനുപോലും വലിയൊരു സാക്ഷ്യമായിരിക്കും. ആ രീതിയിൽ നമുക്ക് നവീകരിക്കപ്പെട്ട ഈ കുർബാനക്രമം ഉപയോഗിച്ച്, അതിന്റെ ചൈതന്യം ഉൾക്കൊണ്ടും സഭ നൽകുന്ന പ്രബോധനങ്ങൾ സർവ്വാത്മനാ സ്വീകരിച്ചും ഏകമനസ്സോടെ ദൈവാരാധന നിർവ്വഹിക്കുവാൻ ഇടയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ കൃപ ഇക്കാര്യത്തിൽ എന്നും നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ.