പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Dita

ഭാഗം 2
നിസാരവത്കരിക്കപ്പെട്ട മനുഷ്യൻ (Man Belittled)
മനുഷ്യനെതിരായ വിദ്വേഷം (Hatred of Man) (തുടർച്ച)
ലിംഗവാദം മുന്നോട്ടുവയ്ക്കുന്ന സ്വത്വവിരുദ്ധമായ സ്ത്രീവാദങ്ങൾക്കപ്പുറം സ്ത്രീ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിലേയ്ക്കു കർദ്ദിനാൾ ലോകശ്രദ്ധ ക്ഷണിക്കുന്നു. പരസ്യങ്ങൾ പലപ്പോഴും സ്ത്രീയുടെ ശരീരത്തെ വാണിജ്യലക്ഷ്യങ്ങളോടെ വ്യാപാരചരക്കെന്ന നിലയിലേയ്ക്കു ചുരുക്കുന്നു. പുരുഷനുമായി, സ്ത്രീയ്ക്കുള്ള ബന്ധത്തെ വൈകാരികമോ ലൈംഗികമോ ആയ തലത്തിനുകീഴിൽ മാത്രം അവതരിപ്പിക്കുമ്പോൾ നഷ്ടം എപ്പോഴും സ്ത്രീക്കാണ്. പുരുഷന്റെ ഉപയോഗത്തിനുള്ള ഒരു വസ്തുവായി സ്ത്രീ പരിഗണിക്കപ്പെടുന്നു. സ്ത്രീയുടെ മഹത്ത്വത്തെ ഉദ്ധരിക്കുവാൻ ആഗ്രഹിക്കുന്ന ചില സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും (feminist movements) യഥാർത്ഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ല. അവരിൽ ചിലർ സ്ത്രീയെ ‘പ്രത്യുല്പാദനത്തിന്റെ അടിമത്തത്തിൽ’ നിന്നും മോചിപ്പിക്കുവാൻ പരിശ്രമിക്കുന്നു. സ്ത്രീയുടെ മഹത്ത്വത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് മാതൃത്വമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. സ്ത്രീയെയും പുരുഷനെയും പരസ്പരം എതിർക്കുന്ന നിലയിൽ നിറുത്തുന്നതിൽ ഗുരുതരമായ അപകടമുണ്ട്. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണ്. പാശ്ചാത്യസ്ത്രീ (western women), ‘മാതൃത്വത്തിന്റെ ഭാരത്തിൽ’ (burden of maternity) നിന്നു മോചിക്കപ്പെട്ടതുകൊണ്ടും എല്ലാ തരത്തിലും പുരുഷനു തുല്യയായിരിക്കുന്നതിനാലും, അവൾ ബഹുമാനിതയും അഭിവൃദ്ധി പ്രാപിക്കുന്നവളുമാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുന്ന കാപട്യത്തെ തള്ളിപ്പറയുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ പ്രഖ്യാപിക്കുന്നു. പുരുഷത്വം അതിന്റെ സ്വത്വം തിരിച്ചറിഞ്ഞാൽ, താരതമ്യേന ദുർബലമെന്നോ ശക്തികുറഞ്ഞവയെന്നോ തോന്നുന്നവയുടെമേൽ ആധിപത്യമുറപ്പിക്കാനും പുച്ഛിക്കാനുമുള്ള പ്രലോഭനത്തെ അതിജീവിക്കാൻ കഴിയുമെന്ന് പിതാവ് അനുസ്മരിപ്പിക്കുന്നു. പിതൃത്വത്തിലേയ്ക്കുള്ള വിളിയാണ് (ശാരീരികം, ആത്മീയം, ബൗദ്ധികം, കലാപരം) പുരുഷത്വത്തിന്റെ സവിശേഷത.
ശരീരത്തിന്റെ വാണിജ്യവത്കരണം സ്ത്രീയുടെ ശരീരത്തെ ഉപാധിയാക്കുന്ന
പരസ്യങ്ങളുടെ തന്ത്രങ്ങളിൽ മാത്രമല്ല പ്രകടമായിരിക്കുന്നത്. വേശ്യാവൃത്തി, അശ്ലീല സാഹിത്യം എന്നിവയും ഇവയുടെ ഉപോല്പന്നങ്ങളും വലിയ വ്യാപാരവേദിയായിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും വേശ്യാവൃത്തി ആധുനിക അടിമത്തം മാത്രമാണ്. മാധ്യമങ്ങളുടെ മൈക്കിനുമുമ്പിൽ ദരിദ്രരാജ്യങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന അടിമത്തത്തിൽ നിന്നും തങ്ങൾക്ക് അവരെ രക്ഷിക്കണമെന്ന് അലമുറയിടുകയും, മറുവശത്ത് അത്തരം രാജ്യങ്ങളിലെ സ്ത്രീയുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന സെക്‌സ് ടൂറിസം എതിർക്കാതിരിക്കുകയും, കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സമ്പന്നരാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ കർദ്ദിനാൾ തള്ളിപ്പറയുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലുള്ള വികാരവത്കരണം (erotocization) നടന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റിലെ അശ്ലീലരംഗങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യഭീകരതയുടെ ഇരകളായി
ഇളംതലമുറ മാറുമ്പോൾ, മക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാതെ മാതാപിതാക്കൾ കുഴങ്ങുന്നു. ഈ ദൃശ്യങ്ങളൊന്നും ലൈംഗികതയെ സംബന്ധിക്കുന്ന സത്യമല്ല അവതരിപ്പിക്കുന്നതെന്ന് ഈ കാലഘട്ടത്തോട് പറയുവാനും ലൈംഗികതയുടെ സത്യവും ശ്രേഷ്ഠതയും സംരക്ഷിക്കുവാനും സഭയ്ക്കു കടമയുണ്ടെന്ന് പിതാവ് അനുസ്മരിപ്പിക്കുന്നു. അവയവകച്ചവടം, നശിപ്പിക്കപ്പെട്ട ഭ്രൂണാവശിഷ്ടങ്ങൾ സൗന്ദര്യവർദ്ധകവസ്തുക്കൾക്കായി ഉപയോഗിക്കൽ എന്നിവയെല്ലാം മനുഷ്യവിദ്വേഷത്തിന്റെ ദൃശ്യരൂപങ്ങളാണ്. സാമ്പത്തിക-രാഷ്ട്രീയ ശക്തികൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന കേവലം ഒരു കോശസമുച്ചയം (a mass of cells) മാത്രമായി ഉത്തരാധുനികതയിൽ മനുഷ്യശരീരം ചുരുങ്ങുന്നത് ഒരു ദുരന്തമാണ്. മാംസം ധരിച്ച ദൈവത്തിന്റെ അനുയായികളായ ക്രിസ്ത്യാനികൾക്ക് മനുഷ്യശരീരത്തെ അവഹേളിക്കുവാനോ കച്ചവടക്കാരുടെ ദുരാഗ്രഹത്തിനോ ഗവേഷകരുടെ മനഃസാക്ഷിരാഹിത്യത്തിനോ വിട്ടുകൊടുക്കുവാനോ കഴിയുകയില്ല. ‘ആത്മാവിൽ നിന്നും ചിന്തയിൽ നിന്നും മാറ്റിനിറുത്തി മനുഷ്യശരീരത്തെ, പരിഗണിച്ചാൽ മൃഗങ്ങളുടെ ശരീരം ഉപയോഗിക്കപ്പെടുന്നതുപോലെ ഒരു അസംസ്‌കൃതവസ്തുവായി ഉപയോഗിക്കപ്പെടും’ എന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ വാക്കുകൾ കർദ്ദിനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ കാലഘട്ടത്തിൽ കൊണ്ടാടപ്പെടുന്ന ഒരു പുതിയ വിപ്ലവത്തെക്കുറിച്ചും പിതാവ് മുന്നറിയിപ്പു തരുന്നുണ്ട്. ഏതോ തരത്തിലുള്ള ഒരു ഉപരിവത്കൃത മനുഷ്യത്വത്തെ (augmented humanity) അഥവാ ഒരു അതിമാനുഷനെ (transhuman) ശാസ്ത്രത്തിന്റെ സഹായത്തോടെ നിർമ്മിച്ചെടുക്കുവാനുള്ള ശ്രമമാണ് അത്. ഇതിന്റെ ഉദ്ദേശം മനുഷ്യന്റെ പരിമിതികളെ അതിജീവിക്കുകയും ഒരു സൂപ്പർമാനെ സൃഷ്ടിക്കുകയുമാണ്. മനുഷ്യസ്വാതന്ത്ര്യം അതിരുകളില്ലാത്തതാണെന്നു പ്രഖ്യാപിച്ചു മനുഷ്യന്റെ സ്വാഭാവിക പരിമിതിയുടെ മതിലുകൾ പൊളിച്ചു സ്വതന്ത്രരാകുവാനുള്ള വ്യഗ്രതയാണ് ഈ വിപ്ലവാഹ്വാനത്തിനു പിന്നിൽ. ആ പരിധികൾ നമ്മുടെ സംരക്ഷണകവചമായിരുന്നെന്നു തിരിച്ചറിയുമ്പോൾ നാം വൈകിപ്പോകാനിടയുണ്ട്. മനുഷ്യാനന്തര (posthuman) കാലത്തെക്കുറിച്ചാണ് നിലവിലെ ചർച്ചകൾ. തങ്ങളുടെ നിർമ്മിതികൾക്ക് സ്വയം വിട്ടുകൊടുത്തവരെപ്പോലെയായിട്ടുണ്ട് ഇന്ന് മനുഷ്യജീവിതം. മനുഷ്യനായി നിലനില്ക്കണമെങ്കിൽ നാം നമ്മുടെ സൃഷ്ടപ്രകൃതിയെ (creaturely nature) അംഗീകരിക്കണം. അമാനുഷികത്വത്തിനായുള്ള ത്വര മനുഷ്യവിദ്വേഷത്തിൽ നിന്നും രൂപപ്പെട്ടതാണ്, ഇതിനെ അതിജീവിക്കാതെ അർത്ഥപൂർണ്ണമായ മനുഷ്യജീവിതം അസാധ്യമാണ്. മനുഷ്യർ നിർമ്മിതവസ്തുക്കൾ ആകുമ്പോൾ അവരുടെ അടിസ്ഥാനപരമായ അന്തസ് (fundamental dignity) അളക്കുവാൻ ആർക്കു
സാധിക്കും. തങ്ങളിൽ പ്രവർത്തിക്കുന്ന കൃത്രിമ അവയവങ്ങളുടെ (prostesis) മൂല്യം
അനുസരിച്ച് ചില മനുഷ്യർ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നുള്ള ചിന്തയിലേയ്ക്കു വരുന്ന ഒരു കാലത്തെക്കുറിച്ചുള്ള ആശങ്കയും
കർദ്ദിനാൾ പങ്കുവയ്ക്കുന്നു. ഉപരിവത്കൃതമനുഷ്യ (augmented man) വാദത്തിന്റെ ഉന്മത്തരായ ചില വക്താക്കൾ ജനസഞ്ചയത്തെ മെച്ചപ്പെടുത്താനുള്ള ചില പരിപാടികളെക്കുറിച്ചും പറയാൻ തുടങ്ങിയിരിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾക്കു യോജിക്കാത്ത, ബലഹീനമെന്നു അവർ വിധിക്കുന്ന മനുഷ്യജീവനുകളെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലായ്മചെയ്യൽ സാധാരണമായിരിക്കുന്നു. നാളെ ആരായിരിക്കും ഈ മാനദണ്ഡം നിർണ്ണയിക്കുക? ദുർബലരും ഭിന്നശേഷിയുള്ളവരുമെല്ലാം അനാവശ്യബാധ്യതയാണെന്നും ലോകം ഏതോ തരത്തിലുള്ള ഒരു ഉപരി വർഗ്ഗത്തിനുള്ളതാണെന്നും അതിമാനുഷവാദം (transhumanism) പ്രഖ്യാപിക്കുന്നു. ദൈവം മനുഷ്യനെ നിത്യതയ്ക്കായാണ് സൃഷ്ടിച്ചത്. നിത്യതയിലേയ്ക്കുള്ള യാത്രയിലാണ് മനുഷ്യൻ. അതു പ്രാപിക്കാനുള്ള തടസ്സങ്ങളെ അതിജീവിക്കാൻ മനുഷ്യർക്കു തുണയാകുവാനുള്ള പ്രേഷിതദൗത്യമാണ് മിശിഹാ സഭയ്ക്കു നൽകിയിരിക്കുന്നത്. ഒപ്പം ഈ ലോകത്തിൽ മനുഷ്യൻ നേരിടുന്ന പരിമിതികളെയും സഭ പരിഹരിക്കേണ്ടതുണ്ട്. മുറിവേറ്റ മുഖങ്ങളിലും ബലഹീനജീവിതങ്ങളിലും ഈശോയെ കാണുവാനുള്ള സഭയുടെ ഉത്തരവാദിത്വത്തെ കർദ്ദിനാൾ അനുസ്മരിപ്പിക്കുന്നു. (തുടരും)