നവീകരിക്കപ്പെട്ട കുര്‍ബാന ക്രമം 2021 നവംബര്‍ 28 തീയതിയോടെ പ്രാബല്യത്തില്‍ വരികയാണല്ലോ. നമ്മുടെ കുര്‍ബാനയുടെ പ്രാരംഭത്തിന്റേയും വളര്‍ച്ചയുടെയും ചരിത്രം ചുരുക്കമായെങ്കിലും നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. വിശ്വാസത്തില്‍ നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ ദൈവാനുഭവത്തോട്
ബന്ധപ്പെടുത്തിയാണ് നമ്മുടെ കുര്‍ബാനയെ നമ്മള്‍ മനസ്സിലാക്കേണ്ടത്. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന മാര്‍ തോമാശ്ലീഹായുടെ
വിശ്വാസപ്രഖ്യാപനം കുര്‍ബാനയില്‍ നമ്മള്‍ പ്രഘോഷിക്കുന്നതിന്റെ നിദര്‍ശനമായി കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ ഞങ്ങളുടെ കര്‍ത്താവായ ദൈവമേ എന്നു വിളിച്ചാണ് നമ്മള്‍ ആരംഭിക്കുന്നത്. കര്‍ത്താവില്‍ നിന്ന് എനിക്ക് ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം എന്നാണ് വിശുദ്ധ കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത്. അതുപോലെ കര്‍ത്താവില്‍ നിന്ന് ലഭിച്ച മാതൃക വിശുദ്ധ തോമാശ്ലീഹാ നമ്മുടെ പൂര്‍വ്വപിതാ
ക്കള്‍ക്ക് നല്‍കി. എന്നാല്‍ മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് സഭയില്‍ ആരാധനക്രമം നിയതരൂപം പ്രാപിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ തന്നെ വിശ്വാസ അനുഭവം പൈതൃകമായി ലഭിച്ച പേര്‍ഷ്യന്‍ സഭയിലെ എദ്ദേസായിലാണ് പൗരസ്ത്യ
സുറിയാനി ആരാധനക്രമം രൂപപ്പെട്ടത്. എദ്ദേസന്‍ സഭയും കേരളത്തിലെ മാര്‍ത്തോമാ നസ്രാണി സമൂഹവും തോമാശ്ലീഹായുടെ
വിശ്വാസപൈതൃകം പൊതു സമ്പത്തായി കരുതി. അതുകൊണ്ട് എദ്ദേസായില്‍ രൂപപ്പെട്ട പൗരസ്ത്യ സുറിയാനി ആരാധനക്രമം നമ്മളും
സ്വന്തമായി സ്വീകരിച്ചു. മാര്‍ തോമാശ്ലീഹായുടെ ശിഷ്യനായിരുന്ന മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടേയും പേരിലുള്ള അനാഫൊറ
അഥവാ കൂദാശക്രമം ആരംഭത്തില്‍ രൂപപ്പെട്ടു എന്നാണ് പണ്ഡിതരുടെ അഭിപ്രായം. ക്രിസ്തീയ ലോകത്ത് തന്നെ ഏറ്റവും പുരാതനമായ അദ്ദായിമാറി അനാഫൊറ നമ്മുടെ സഭയുടെ അമൂല്യ സമ്പത്താണ്. നമ്മുടെ സഭയുടെ ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. മാത്രമല്ല നാലാം നൂറ്റാണ്ടിലും അഞ്ചാം
നൂറ്റാണ്ടിലും രൂപംകൊണ്ട മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും അനാഫൊറകളും ഇവിടെ ഉപയോഗിക്കുവാന്‍ തുടങ്ങി. അങ്ങനെ പതിനാറാം നൂറ്റാണ്ട് വരെ പൗരസ്ത്യ സുറിയാനി ആരാധനക്രമ ശൈലികളും പാരമ്പര്യങ്ങളും ഇവിടെ അവികലമായി നിലനിന്നിരുന്നു. 1599 ല്‍ ഉദയംപേരൂര്‍ സൂനഹദോസോടുകൂടിയാണ് സീറോ മലബാര്‍ കുര്‍ബാന തക്‌സയില് മാറ്റങ്ങളും നവീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വന്നു തുടങ്ങിയത്. 1962 ല്‍ പുനരുദ്ധരിച്ച് മലയാളത്തില്‍
പ്രസിദ്ധീകരിച്ച കുര്‍ബാനക്രമം 1968 ല്‍ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുവാന്‍
പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള തിരുസംഘത്തില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു. തുടര്‍ന്നും ആവശ്യമായ മാറ്റങ്ങള്‍
വരുത്തി നവീകരിച്ച് റോമിന്റെ അനുവാദത്തോടുകൂടി തക്‌സ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍, ഈ നവീകരണ
പ്രക്രിയയില്‍ വന്ന അപര്യാപ്തതകള്‍ പരിഗണിച്ചും പരീക്ഷണാര്‍ത്ഥമുള്ള കാലാവധി
പൂര്‍ത്തിയാകുന്നു എന്നതും കണക്കിലെടുത്ത്
1980 ല്‍ കുര്‍ബാന തക്‌സയുടെ നിയതമായ ടെക്സ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ സീറോ മലബാര്‍ ഹയരാര്‍ക്കിയോട് റോം ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് 1983 ല്‍ കുര്‍ബാനയുടെ നവീകരിച്ച പതിപ്പ് സീറോ മലബാര്‍ സഭ റോമില്‍ സമര്‍പ്പിച്ചു.
അങ്ങനെ കുര്‍ബാനയുടെ മലയാളം ടെക്സ്റ്റ് 1985 ഡിസംബര്‍ പത്തൊമ്പതാം തീയതി
പൗരസ്ത്യ തിരുസംഘം അംഗീകരിച്ച് നല്‍കുകയും 1986 ഫെബ്രുവരി എട്ടാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് വച്ച്
വി.കുര്‍ബാന അര്‍പ്പിച്ചു ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. എന്നാല്‍ 1989 ഏപ്രില്‍
മൂന്നാം തീയതിയാണ് പൗരസ്ത്യ തിരുസംഘം റാസ കുര്‍ബാനയുടെ ഔദ്യോഗിക ഇംഗ്ലീഷ് പതിപ്പ് അംഗീകരിച്ച് നല്‍കിയത്. അഞ്ചുവര്‍ഷത്തേക്ക് പരീക്ഷണാര്‍ത്ഥം നല്‍കപ്പെട്ട ഈ കുര്‍ബാന ടെക്സ്റ്റില്‍ അതിനിടെ മാറ്റങ്ങള്‍
വരുത്തരുതെന്നും റോമില്‍ നിന്ന് നിര്‍ദേശം നല്‍കിയിരുന്നു. വാസ്തവത്തില്‍ 1994 മുതല്‍ നവീകരിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും സീറോ മലബാര്‍ സഭയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, വിവിധ കാരണങ്ങള്‍ മൂലം നവീകരണം നീണ്ടു പോയെങ്കിലും ആ കാലയളവ് മുതല്‍ വി.കുര്‍ബാന തക്‌സയുടെ നവീകരണത്തിനായുള്ള ചര്‍ച്ചകളും പഠനങ്ങളും സഭയില്‍ സജീവമായി തുടരുന്നുണ്ടായിരുന്നു. 1999 ല്‍ കൂടിയ സിനഡ്, കുര്‍ബാനയുടെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരാധനക്രമ ആഘോഷത്തില്‍ ഐക്യത്തിന്റെ ആവശ്യത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്ത്
ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. അതനുസരിച്ച് 2000 ജൂലൈ 3 ദുക്‌റാന തിരുനാള്‍ മുതല്‍ സീറോ മലബാര്‍ സഭയില്‍ എല്ലായിടത്തും ഒരേ രീതിയില്‍ അതായത് കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസ പ്രമാണം വരെയുള്ള ഭാഗം ജനാഭിമുഖമായും അനാഫൊറ മുതല്‍ കുര്‍ബാന സ്വീകരണം വരെയുള്ള ഭാഗം ജനങ്ങള്‍ നില്‍ക്കുന്ന അതേ ദിശയില്‍ തന്നെ ബലിപീഠാഭിമുഖമായും കുര്‍ബാന സ്വീകരണശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. കുര്‍ബാന നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 2015 മുതല്‍ കൂടുതല്‍ ഊര്‍ജിതമായി. സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയും ബന്ധപ്പെട്ട രൂപതാസമിതികളും മെത്രാന്‍മാരുടെ പ്രത്യേക കമ്മിറ്റിയും
ഏറെ നാളത്തെ പഠനത്തിനും വിചിന്തനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സീറോ മലബാര്‍ കുര്‍ബാനയുടെ നവീകരിച്ച പതിപ്പ് 2020 ജനുവരി സിനഡില്‍ സമര്‍പ്പിച്ചു. സിനഡ് അടിയന്തര പ്രാധാന്യത്തോടെ കുര്‍ബാന നവീകരണത്തെക്കുറിച്ചും കമ്മീഷന്‍ സമര്‍പ്പിച്ച ടെക്സ്റ്റിനെക്കുറിച്ചും ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തശേഷം ടെക്സ്റ്റ് റോമിലേക്ക് അംഗീകാരത്തിനു വേണ്ടി അയക്കുവാന്‍ ശുപാര്‍ശചെയ്തു. അതനുസരിച്ച് പരിശുദ്ധ സിംഹാസനത്തിന് അംഗീകാരത്തിനായി അയക്കുകയും 2021 ജൂണ്‍ 9 ന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ നവീകരിച്ച കുര്‍ബാനക്രമം ആണ് 2021 നവംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ ഈ ക്രമത്തില്‍ കാലാനുസൃതമായി ഭാഷാശുദ്ധി വരുത്തുകയും മൂലരൂപത്തോട് കൂടുതല്‍ യോജിക്കുന്ന പദപ്രയോഗങ്ങള്‍
ഉപയോഗിക്കുകയും മാര്‍ അദ്ദായി മാര്‍ മാറി കൂദാശക്രമത്തിന് പുറമേ, മാര്‍ തെയദോ
റിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും പേരിലുള്ള കൂദാശക്രമങ്ങള്‍ തക്‌സയില്‍
കൂട്ടിച്ചേര്‍ക്കുകയും കൂദാശകര്‍മ്മവിധികള്‍ (Rubrics) കൂടുതല്‍ വ്യക്തമായും ചെയ്തിട്ടുണ്ട്. കുര്‍ബാനയുടെ ടെക്സ്റ്റിനോടൊപ്പം ചേര്‍ക്കാനുള്ള പ്രോപ്രിയ പ്രാര്‍ത്ഥനകള്‍ നവീകരിച്ചും ഉറവിടത്തോട് കൂടുതല്‍ വിശ്വസ്തത
പുലര്‍ത്തുന്ന രീതിയിലുമാണ് തയ്യാറാക്കി ചേര്‍ത്തിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയും പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘവും സീറോമലബാര്‍ സിനഡും തീരുമാനിച്ച് ആഹ്വാനം ചെയ്തതുപോലെ നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണ
രീതിയും ഈ വര്‍ഷത്തെ മംഗളവാര്‍ത്തക്കാലം ആദ്യ ഞായര്‍ മുതല്‍ നമ്മള്‍ ആരംഭിച്ചിരിക്കുന്നു. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.