വായിച്ചിരിക്കേ ഒരു മിഷൻഗ്രന്ഥം

റവ. ഡോ. ജോഷി മയ്യാറ്റിൽ

സുവിശേഷകനായ വി.ലൂക്കാ രണ്ടാമതൊരു ഗ്രന്ഥം എന്തിനെഴുതി? തെയോഫിലോസിനുള്ള പ്രബോധനം സമഗ്രമാക്കാൻ എന്ന ഉത്തരം തീരെ ശുഷ്‌കമായിരിക്കും എന്നു തോന്നുന്നു. മിശിഹായുടെ തുടർച്ചയാണ് സഭ എന്ന കാഴ്ചപ്പാടിനോടൊപ്പം, ”പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്” (ലൂക്കാ 24:47-48) എന്ന വചനത്തിന്റെ സാക്ഷാത്കാര
വർണനയ്ക്കുള്ള താത്പര്യവും രണ്ടാം ഗ്രന്ഥരചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. ”ഉന്നതത്തിൽനിന്നും ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ” എന്ന സുവിശേഷവാക്യം (ലൂക്കാ 24,49) അപ്പ 1:8 ൽ ആവർത്തിക്കുന്നുണ്ട്: ”പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”.
പന്തക്കുസ്തായ്ക്കുശേഷം ജറുസലെം, യൂദയാ, സമരിയാ, ‘ഭൂമിയുടെ അതിർത്തികൾ’ എന്നിവിടങ്ങളിൽ നടന്ന സുവിശേഷപ്രഘോഷണമാണ് അപ്പസ്‌തോലപ്രവർത്തനഗ്രന്ഥത്തിന്റെ ഉള്ളടക്കവും ഘടനയും. പെന്തക്കുസ്താനുഭവത്തോടെ ആരംഭിച്ച ജറുസലെമിലെ സുവിശേഷപ്രഘോഷണം (അപ്പ 2: 1-41) എത്രമേൽ വിജയകരമായിരുന്നുവെന്ന്, ”നിങ്ങൾ നിങ്ങളുടെ പ്രബോധനംകൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു” (5: 28) എന്ന അപ്പസ്‌തോലന്മാർക്കെതിരേയുള്ള പ്രധാന പുരോഹിതന്റെ ആക്രോശത്തിൽനിന്നുതന്നെ വ്യക്തമാണല്ലോ. സ്‌തേഫാനോസിന്റെ വധത്തിനുശേഷം ജറുസലേമിലെ സഭയ്‌ക്കെതിരേ ഉണ്ടായ പീഡനത്തോടെയാണ് മിഷന്റെ വ്യാപനം ആരംഭിക്കുന്നത്. ”അപ്പസ്‌തോലന്മാരൊഴികെ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി…
ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു” (8:1-4). യൂദയാ, സമരിയാ, ഗലീലി എന്നിവിടങ്ങളിലെ മിഷൻപ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ട സഭ ”ശക്തിപ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്കിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു” (9:31). പീഡനംമൂലം ചിതറിക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നിവിടങ്ങളിലേക്കു സഞ്ചരിച്ച് യഹൂദരോടു സുവിശേഷം പ്രസംഗിച്ചതായി 11:19 ൽ രേഖപ്പെടുത്തിയിരിക്കുന്നു.
വിജാതീയരുടെ അപ്പസ്‌തോലൻ എന്ന് അറിയപ്പെടുന്ന സാവൂളിന്റെ മാനസാന്തരവിവ
രണം ഒമ്പതാം അധ്യായത്തിൽ വിവരിച്ചയുടനെ പത്രോസ് നടത്തിയ സഭാസന്ദർശനവും (്.3243) വിജാതീയരുടെ പെന്തക്കൊസ്താ എന്നു
വിളിക്കപ്പെടുന്ന, കൊർണേലിയൂസിന്റെ ഭവനത്തിലെ സുവിശേഷപ്രഘോഷണവും (10:1, 11:18) പ്രതിപാദിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
വിജാതീയർക്കുള്ള മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് പത്രോസിലൂടെത്തന്നെയാണെന്നു വ്യക്തമാക്കുകയാകണം ലക്ഷ്യം.
സൈപ്രസ്സിൽനിന്നും കിറേനേയിൽനിന്നുമുള്ള ചിലർ അന്ത്യോക്യായിൽവന്ന് ഗ്രീക്കുകാരോടു കർത്താവായ ഈശോയെക്കുറിച്ചു പ്രസംഗിച്ചത് (11,20) വിജാതീയർക്കിടയിലെ മിഷന്റെ മറ്റൊരു കാഴ്ചയാണ്. അവിടേയ്ക്ക്
അപ്പസ്‌തോലന്മാർ നിയോഗിച്ച ബാർണബാസാണ് സാവൂളിനെ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടുപോന്നതും സുവിശേഷ പ്രഘോഷണയത്‌നത്തിൽ പങ്കാളിയാക്കിയതും. പക്ഷേ, ഇതും ആദ്യം യഹൂദർക്കിടയിലാണ് നടന്നത്. എന്നാൽ അവരുടെ പ്രതിരോധത്തിൽ മനം മടുത്ത് പൗലോസും ബാർണബാസും വിജാതീയരുടെ അടുക്കലേക്കു തിരിഞ്ഞു (13:46). അങ്ങനെ വിജാതീയരുടെ ഇടയിലുള്ള പൗലോസിന്റെയും ബാർണബാസിന്റെയും മിഷൻ ഏറെ വിജയകരമായി
ത്തീർന്നു. തുടർന്ന്, ഇക്കോണിയം, ലിസ്ത്രാ, ദെർബേ, പെർഗാ എന്നിവിടങ്ങളിലും അവർ സുവിശേഷം പ്രസംഗിച്ചു. വിജാതീയർക്കിടയിലെ മിഷൻ പരിപോഷിപ്പിക്കാൻ സഭ ഏറ്റവും ധീരമായ നടപടി സ്വീകരിച്ചത് ജറുസലെം സൂനഹദോസിലാണ്. പരിച്ഛേദനാചാരം തുടങ്ങി നിലവിലുണ്ടായിരുന്ന പല യഹൂദനിയമങ്ങളും ക്രിസ്തുവിലേക്കു വരുന്ന വിജാതീയർക്ക് ബാധകമല്ലെന്നു വ്യക്തമാക്കിയ സൂനഹദോസ് നടപടി പ്രേഷിതത്വസംബന്ധിയായി സഭയിലുണ്ടായ ഒരു മഹാവിപ്ലവമായിരുന്നു. പതിനാറാം അധ്യായം മുതൽ പൗലോസിന്റെ മിഷനിൽ കേന്ദ്രീകരിക്കുന്ന ഗ്രന്ഥം വിവിധങ്ങളായ നാടുകളിൽ അദ്ദേഹം നടത്തിയ
സുവിശേഷപ്രഘോഷണവും സഭാസംസ്ഥാപനവും വിവരിച്ച് ഇരുപത്തൊന്നാം അധ്യായത്തിൽ ജറുസലേമിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് പരാമർശിക്കുന്നു. യഹൂദർ പൗലോസിനെ ”ബന്ധിക്കുകയും വിജാതീയർക്ക് ഏല്പിച്ചു കൊടുക്കുകയും ചെയ്യും” (21,11) എന്ന അഗാബോസിന്റെ പ്രവചനം ഏറെ
നിർണായകമാണ്. വിജാതീയദേശങ്ങളുടെ കേന്ദ്രമായി യഹൂദർക്കിടയിൽ അറിയ
പ്പെട്ടിരുന്ന റോമായിലും സാക്ഷ്യം നല്കാനുള്ള നിയോഗത്തിലേക്കാണ് (cf. 23:11)
അത് വിരൽ ചൂണ്ടുന്നത്! ‘ഭൂമിയുടെ അതിർത്തികൾവരെ’യുള്ള സുവിശേഷണപ്രഘോഷണ സൂചനകൂടിയാണത്. ഫെലിക്‌സിന്റെ
പിൻഗാമിയായ ഫേസ്തൂസിന്റെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ പൗലോസ് സീസറിന്റെ പക്കൽ ഉപരിവിചാരണയ്ക്കായി ആവശ്യപ്പെട്ടതോടെ റോമായാത്രയ്ക്കുള്ള വഴിതെളിഞ്ഞു. റോമായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും
അവിടെയുള്ള വാസവും പ്രബോധനവും പരാമർശിച്ചുകൊണ്ടാണ് വി. ലൂക്കാ തന്റെ രണ്ടാം ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ”അവൻ ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ ഈശോമിശിഹായെക്കുറിച്ചു നിർബാധം ധൈര്യപൂർവം പഠിപ്പിക്കുകയും ചെയ്തു” എന്ന കുറിപ്പോടെ, പ്രത്യേകിച്ച് ശ്രദ്ധേയമായ
ഒരു വിരാമമില്ലാതെ, അപ്പസ്‌തോലപ്രവർത്തനങ്ങൾ സമാപിക്കുമ്പോൾ ക്രിസ്തുപ്രഘോഷണം എന്ന ആ ദൗത്യം അവിരാമം തുടരുന്നതാണ് സഭാജീവിതം എന്ന ധ്വനിയാണ് അനുവാചകന്റെ മനസ്സിൽ മുഴങ്ങുന്നത്.
ഗ്രന്ഥത്തിലെ മിഷൻ സവിശേഷതകൾ
1. സഭയ്ക്ക് ഈശോമിശിഹാ ഭരമേല്പിച്ച ദൗത്യമാണത് (1,8; 10,42). സഭയുടെ മറ്റൊരു പേരാണ് ‘സാക്ഷി’ (‘മാർതുറോസ്’).
2. ഈശോമിശിഹായിലൂടെയുള്ള സാർവത്രികരക്ഷയാണ് (4,12; 8,35) പ്രഘോഷണ
ത്തിന്റെ ഉള്ളടക്കം. ഇതിൽ ക്രിസ്തുവിന്റെ ഉത്ഥാനമായിരുന്നു കേന്ദ്രപ്രമേയം (1:21; 2:24-36; 3:15; 4:2,10:33; 5:30-31; 10:40-42; 13:32-37; 17:30-31;
23:6; 24:21; 26:5, 8:23). ഉത്ഥിതനുമായുള്ള കണ്ടുമുട്ടലാണ് തന്റെ മാനസാന്തരത്തിന് ഇടയാക്കിയതെന്ന വി. പൗലോസിന്റെ ബോധ്യവും സാക്ഷ്യവും മൂന്നുപ്രാവശ്യം ഈ ഗ്രന്ഥത്തിൽ കാണാം (9:16; 22:6-10; 26:12-18).
3. സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിക്കുന്നത് പരിശുദ്ധാത്മാവാണ്. ഈശോ പ്രവചിച്ചിരുന്നതുപോലെ (ലൂക്കാ 24:48; അപ്പ 1:18) പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവ് ശിഷ്യരുടെമേൽ വന്നതോടെയാണല്ലോ അവർ പ്രേഷിതരായി മാറിയത്. പ്രഘോഷണത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ് എന്നത് ശിഷ്യരുടെമേൽ കാണപ്പെട്ട ‘അഗ്‌നിപോലുള്ള വിഭജിതനാവുകൾ’
എന്ന പ്രതീകത്തിലൂടെ വ്യക്തമാകുന്നു. വലിയ ശക്തിയോടെ സാക്ഷ്യം വഹിക്കാൻ ആത്മാവ് ശിഷ്യരെ പ്രാപ്തരാക്കി (അപ്പ 4:31-33). തങ്ങളോടൊപ്പം പരിശുദ്ധാത്മാവും ക്രിസ്തുസംഭവത്തിനു സാക്ഷിയാണെന്ന് (5:32; 15:28) പ്രഖ്യാപിക്കാൻ തക്കവിധം അപ്പസ്‌തോലന്മാരുടെ പരിശുദ്ധാത്മസാന്നിധ്യാനുഭവം അത്രയ്ക്കു ശക്തമായിരുന്നു. ആർക്കും എതിർത്തുനില്ക്കാൻ കഴിയാത്ത ജ്ഞാനത്തിന്റെ ആത്മാവ് സ്‌തേഫാനോസിൽ പ്രകടമായി (6:10). കടുത്ത പീഡനങ്ങളുടെ നിമിഷത്തിലും പരിശുദ്ധാത്മനിറവ് അനുഭവിക്കാൻ അദ്ദേഹത്തിനായി (7:55). പീലിപ്പോസിന്റെ മിഷൻ ആത്മാവിന്റെ നിർദേശപ്രകാരമാണ് നടക്കുന്നത് (8:29-39).
വിവിധയിടങ്ങളിലെ പ്രേഷിതത്വഫലമായ സഭ പരിശുദ്ധാത്മാവിന്റെ സമാശ്വാസത്തിൽ വളർന്നു വികസിച്ചെന്ന് 9:31 സാക്ഷ്യപ്പെടുത്തുന്നു. കൊർണേലിയൂസിന്റെ ഭവനത്തിലേക്കു പോകാൻ പത്രോസിനു നിർദേശം നല്കുന്നതും പരിശുദ്ധാത്മാവാണ്. ”ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാൽ, ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നാണ് പരിശുദ്ധാത്മാവ് പറഞ്ഞത് (10,20). വിജാതീയരോട് പത്രോസ് ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടിരിക്കെത്തന്നെ അവരെല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു. വിജാതീയർക്കിടയിൽ വലിയ മിഷൻ പ്രവർത്തനത്തിനായി പൗലോസിനെയും ബാർണബാസിനെയും വേർതിരിച്ചത് പരിശുദ്ധാത്മാവാണ്. ”ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റി നിറുത്തുക” എന്നതായിരുന്നു അവരെക്കുറിച്ചുള്ള ദിവ്യാത്മാവിന്റെ വെളിപ്പെടുത്തൽ (13:2). മിഷന് അനുകൂലമായ ജറുസലെം സൂനഹദോസിന്റെ വിപ്ലവകരമായ തീരുമാനങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളായിരുന്നു (15:28). ചിലയിടങ്ങളിലെ
പ്രേഷിതത്വത്തിൽനിന്ന് പരിശുദ്ധാത്മാവ് ശിഷ്യരെ പിന്തിരിപ്പിച്ചത് (16:6) ഫിലിപ്പിയിലെ ജയിൽ കാവല്ക്കാരനും കുടുംബത്തിനും (16:25-34) സുവിശേഷം ലഭിക്കാനായിരുന്നിരിക്കണം! പൗലോസ് ജറുസലേമിലേക്കു പോകാൻ നിർബന്ധിതനായതും പരിശുദ്ധാത്മാവിനാലായിരുന്നു (19:21; 20:22).
4. പീഡനങ്ങൾ പ്രേഷിതത്വത്തിനുള്ള പരിശുദ്ധാത്മപദ്ധതിയുടെ ഭാഗമാണ്. സുവിശേഷപ്രഘോഷണത്തിന് സന്നദ്ധരായ ശിഷ്യർക്ക് പ്രതിഫലമായി ലഭിച്ചത് ഭീഷണിയും പീഡനങ്ങളും കാരാഗൃഹങ്ങളും ആയിരുന്നു. പത്രോസും (4:3; 12:4) യോഹന്നാനും (4:3) മറ്റ് അപ്പസ്‌തോലന്മാരും (5:18) വിശ്വാസികളായ സ്ത്രീപുരുഷന്മാരും (8:3) പൗലോസും (16:19;21:33; 23:35; 24:23) സീലാസും (16:19) സുവിശേഷത്തെപ്രതി കാരാഗൃഹവാസം അനുഭവിച്ചവരാണ്. വിവിധയിനം ഭീഷണികളും വധശ്രമങ്ങളും പീഡനങ്ങളും പ്രേഷിതർക്ക് നേരിടേണ്ടിവന്നു (4:18-21; 5:40; 7:57-60; 8:1; 9:23; 12:1-2; 13:50; 14:5-19; 16:23; 19:29; 20:23; 21:11-31,
36; 23:10-12,15; 25:3). പക്ഷേ ഈ പീഡനങ്ങളെല്ലാം സുവിശേഷത്തിന്റെ വളർച്ചയ്ക്ക് നിമിത്തമായിത്തീർന്നു. ജറുസലേമിലെ പീഡനം മൂലം ചിതറിയവരാണ് സമരിയായിലും യൂദയായിലും സുവിശേഷം പ്രഘോഷിച്ചത് എന്നതും
ജറുസലേമിൽ പൗലോസ് തടവിലാക്കപ്പെട്ടതാണ് റോമിലേക്കുള്ള യാത്രയുടെ നിമിത്തമായത് എന്നതും പരിഗണിക്കുമ്പോൾ 1:8ൽ നാം വായിക്കുന്ന ആത്മപൂരിത പ്രേഷിതത്വത്തിന്റെപാത പീഡനങ്ങളുടെ പാതതന്നെയാണെന്ന നിഗമനത്തിലെത്താനേ നമുക്കാവുകയുള്ളൂ.