റവ. ഫാ. നോബിൾ പാറയ്ക്കൽ
കത്തോലിക്കാസഭയിൽ വചനവ്യാഖ്യാനത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങൾ ഉയരുമ്പോൾ തിരുസ്സഭയുടെ പ്രബോധനാധികാരം എന്ത് പഠിപ്പിക്കുന്നുവെന്ന് ശ്രദ്ധിക്കാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്. എത്ര പ്രശസ്തനായ വൈദികനായാലും എത്രധ്യാനപ്രഭാഷകനായാലും അവർ അബദ്ധങ്ങൾ പഠിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നത് തിരുസ്സഭയുടെ ചരിത്രത്തിൽനിന്ന് മനസ്സിലാക്കാം. അതിനാൽ സഭാപ്രബോധനങ്ങളിൽനിന്ന് ദൈവവചനം എന്താണ് എന്നതിനെക്കുറിച്ച് ഒന്നുമനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം.
ദൈവവചനം ബൈബിൾ മാത്രമല്ല
എഴുതപ്പെട്ട വചനങ്ങളായ വിശുദ്ധ ഗ്രന്ഥം (Holy Scripture) മാത്രമല്ല വിശുദ്ധ പാരമ്പര്യവും (Holy Tradition) കൂടിയാണ്. പത്രോസിന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി. 65നു ശേഷം മർക്കോസ് ആദ്യസുവിശേഷമെഴുതുമ്പോൾ ഏതാണ്ട് 30ലധികം വർഷം പത്രോസ് സഭയിൽ വിശ്വാസം പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു. മർക്കോസ് (ഇന്നത്തെ 16 അദ്ധ്യായങ്ങൾ) എഴുതിയത് ആ പ്രഘോ
ഷണത്തിന്റെ ഒരംശം മാത്രമാണ്. എഴുതപ്പെടാത്ത പ്രബോധനങ്ങൾ എഴുതപ്പെട്ട സുവിശേഷത്തോടൊപ്പം തിരുസ്സഭ സ്വീകരിക്കുന്നു. അതിനാലാണ് ദൈവ
വചനം എന്നത് എഴുതപ്പെട്ട വചനവും (Written Word) എഴുതപ്പെടാത്ത പാരമ്പര്യവും (Unwritten Tradition) ചേർന്നതാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നത്.
ദൈവവചനത്തിലുള്ള വിശ്വാസത്തെ ക്കുറിച്ച് ആധുനികകാലത്തെ പഠിപ്പിച്ച രണ്ടാം
വത്തിക്കാൻ സൂനഹദോസിന്റെ ‘ദൈവാവിഷ്‌കരണം’ (Dei Verbum) എന്ന പ്രമാണ
രേഖ വി. ലിഖിതങ്ങളും വി. പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്: വി. ലിഖിതങ്ങളും വി. പാരമ്പര്യവും തമ്മിൽ സുദൃഢമായ ബന്ധവും വിനിമയവും ഉണ്ട്.
എന്തെന്നാൽ അവ രണ്ടിന്റെയും ഉത്ഭവം ഒരേ ഒരു ദിവ്യസ്രോതസ്സിൽ നിന്നാണ്. രണ്ടും ഒന്നായിച്ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു (DV, 9).
എഴുതപ്പെട്ട വചനമാണോ പാരമ്പര്യമാണോ പ്രധാനം എന്ന ചോദ്യം ഉദിക്കുന്നില്ല. രണ്ടും തുല്യപ്രാധാന്യമുള്ളതാണ്:
‘പരിശുദ്ധാരൂപിയുടെ നിവേശനത്താൽ ദൈവവചനം ലിഖിതരൂപത്തിലേക്ക് പകർത്തിയിരിക്കുന്നതിനാൽ വി. ലിഖിതങ്ങൾ ദൈവവചസ്സുകളാണ്. അതേസമയം കർത്താവായ മിശിഹായും പരിശുദ്ധാത്മാവും അപ്പസ്‌തോലന്മാരെ എല്പിച്ചിട്ടുള്ള ദൈവവചനം അവരുടെ പിൻഗാമികൾക്ക് പാരമ്പര്യം വഴി തീർത്തും
കലർപ്പില്ലാതെ ലഭിക്കുന്നു’ (DV 9). ‘ദൈവികവെളിപാടിലെ എല്ലാക്കാര്യങ്ങളെയും കുറിച്ചുള്ള അറിവും ബോദ്ധ്യവും വി. ലിഖിതങ്ങളിൽ നിന്ന് മാത്രമല്ല തിരുസ്സഭയ്ക്ക് ലഭിക്കുന്നത്’ (DV, 9).
ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ട ഒരുവാചകം കൂടി ഈ ഡോഗ്മാറ്റിക് കോൺസ്റ്റി
റ്റിയൂഷന്റെ ആമുഖത്തിൽ തിരുസ്സഭാമാതാവ് ചൂണ്ടിക്കാണിക്കുന്നു: ‘വി. ഗ്രന്ഥം മനസ്സിലാകണമെങ്കിൽ പാരമ്പര്യം കൂടിയേ തീരു. കാരണം, വി. ലിഖിതങ്ങളുടെ അർത്ഥവും വ്യാപ്തിയും പാരമ്പര്യത്തിൽ നിന്നാണ് ലഭിക്കുക. കൂടാതെ നിരന്തരമായ വ്യാഖ്യാനവും വിശദീകരണങ്ങളും വി. ലിഖിതങ്ങൾക്കാവശ്യമാണ്.
ഇക്കാരണങ്ങളാൽ വി.ലിഖിതങ്ങളും പാരമ്പര്യവും തിരുസ്സഭയുടെ പ്രബോധനാ
ധികാരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്’ (DV, Introduction).
കത്തോലിക്കാസഭ ദൈവവചനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ബൈബിൾ
മാത്രമല്ല, പാരമ്പര്യവും കൂടിച്ചേർന്നതാണ്. ഇവയെ തമ്മിൽ ബന്ധിപ്പെടുത്തി വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിക്കുന്ന കാര്യങ്ങൾ ആധികാരികമായി പഠിപ്പിക്കാൻ അധികാരമുള്ളത് ഇവയുടെ ഉത്തരവാദിത്വ
പൂർണമായ ശുശ്രൂഷയ്ക്കും കൈകാര്യത്തിനും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തിരുസ്സഭയുടെ പ്രബോധനാധികാരത്തിന് മാത്രമാണ്.
എന്താണ് വിശുദ്ധഗ്രന്ഥത്തിന്റെ ദൈവ
നിവേശനം (Divine Inspiration)?
വിശുദ്ധഗ്രന്ഥ രചയിതാക്കളെ തങ്ങളുടെ രചനയിൽ ദൈവം സഹായിച്ച രീതിയെയാണ് ദൈവനിവേശനം എന്നതുകൊണ്ട് തിരുസഭ അർത്ഥമാക്കുന്നത്. ഈ ആശയത്തിൽ നാലു വസ്തുതകൾ അടങ്ങിയിട്ടുണ്ട്:
1. വിശുദ്ധ ഗ്രന്ഥപുസ്തകങ്ങളുടെ രചനയിൽ പരിശുദ്ധാത്മാവിന്റെ വ്യക്തമായ പ്രചോദനം രചയിതാക്കൾക്ക് ലഭിച്ചിട്ടുണ്ട്.
2. ദൈവാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ടതിനാൽ ദൈവം ആഗ്രഹിച്ചവ മാത്രമേ വി. ഗ്രന്ഥത്തിലുള്ളൂ.
3. ദൈവികമായ വിഷയങ്ങളിലെ പ്രബോധനങ്ങളിൽ വിശുദ്ധ ഗ്രന്ഥത്തിന് തെറ്റുപറ്റു
കയില്ല.
4. രചയിതാക്കളുടെ തനത് ഭാഷാശൈലിയും ദൈവശാസ്ത്രവിചിന്തനങ്ങളും രചനകളിൽ പ്രതിഫലിച്ചിട്ടുണ്ട്.
ദൈവനിവേശനം ഒരു ദൈവികപ്രവൃത്തിയാണ്. ഈ പ്രവൃത്തി വഴി സംഭവിച്ചതെന്താണ്?
മാനുഷികമായ രീതിയിലും വാക്കുകളിലും ദൈവാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട തിരുലിഖിതങ്ങളെ ദൈവിക വെളിപാടിന്റെ (Revelation) മാനദണ്ഡമാക്കി മാറ്റുകയാണ് ഇവിടെ സംഭവിച്ചത്
(ഡോ. ജോസഫ് പാംപ്ലാനി, വിശ്വാസവും വ്യാഖ്യാനവും, പേജ് 60). ബൈബിളും പാരമ്പര്യവും ഒന്നിക്കുന്ന ദൈവവചനത്തിന്റെ ആധികാരികതയുടെ മാനദണ്ഡമാണ് ദൈവ നിവേശനം എന്ന് ലളിതമാക്കി പറയാം.
ചില പ്രശ്‌നങ്ങൾ
ദൈവവചനം ദൈവനിവേശിതമെങ്കിൽ എന്തുകൊണ്ടാണ് ബൈബിളിലെ പുസ്ത
കങ്ങൾ തമ്മിൽ ആശയപരമായ വ്യത്യാസമുള്ളത്? പരസ്പരവിരുദ്ധമായ നിരവധി വചനങ്ങൾ കാണാമല്ലോ?
ഒരിക്കലും ക്രിസ്തീയസങ്കല്പത്തിലുള്ള ദൈവത്തിന് അംഗീകരിക്കാനാവാത്ത ചില വചനഭാഗങ്ങളും ഉണ്ടല്ലോ? (ഉദാ: ‘നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ച് പാറമേലടിക്കുന്നവൻ
അനുഗൃഹീതൻ’ സങ്കീ. 137,9)? അസ്തിത്വചിന്തയുടെയും നിരീശ്വരവാദചിന്തയുടെയും സ്വാധീനം പല ഭാഗങ്ങളിലും കാണാമല്ലോ?
ശരിയല്ലാത്ത ചരിത്രവിവരണങ്ങളും ശാസ്ത്ര സത്യങ്ങളും ഉണ്ടല്ലോ? ചില ധാർമ്മികനിയമങ്ങളും ശിക്ഷകളും ദൈവികമാണെന്ന് പറയാനാകുമോ? ബൈബിളിലെ ഇരുണ്ട വചനങ്ങളെന്ന് വിളിക്കപ്പെടുന്നവ, ദുർഗ്രഹമായവ, ആശയവ്യക്തതയില്ലാത്തവ എങ്ങനെ സംഭവിച്ചു… ഇങ്ങനെ നീളുന്നു ചോദ്യങ്ങൾ.
ദൈവനിവേശനം ഓരോ വാക്യത്തിലുമല്ല, ദൈവവചനത്തിന് ആകമാനമാണ് (Scripture + Tradition)
ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കു മ്പോഴാണ് സഭാപ്രബോധനങ്ങളെ അടിസ്ഥാന
മാക്കി വിശുദ്ധ ഗ്രന്ഥത്തെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നാം എത്തുക. ദൈവനിവേശിതമെങ്കിലും വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്നതിന് മൂന്ന് മാനദണ്ഡങ്ങൾ സഭ നിർദ്ദേശിക്കുന്നു (DV 12.4)
1. വിശുദ്ധഗ്രന്ഥത്തിന്റെ മുഴുവൻ ഉള്ളടക്ക ത്തിലും ഐക്യത്തിലും ശ്രദ്ധിക്കുക (CCC 112). അതായത്, ഏതെങ്കിലും ഒരു വചനം മാത്രമായെടുത്ത് വ്യാഖ്യാനിക്കരുത്.
മുഴുവൻ ദൈവവചനത്തിന്റെയും (Scripture + Tradition) വെളിച്ചത്തിലാണ് ഓരോ
ആശയവും വചനവും വ്യാഖ്യാനിക്കേണ്ടത് എന്ന് അർത്ഥം. ആയതിനാൽ ദൈവ
നിവേശനം ഓരോ വചനത്തിനുമാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ സഭയുടെ ഈ പ്രബോധനത്തിന്റെ അർത്ഥം മനസ്സിലാക്കട്ടെ. അതിന്റെ മുഴുവൻ ഉള്ളടക്കത്തിലും ഐക്യത്തിലുമാണ് ദൈവനിവേശനമുള്ളത്.
2. സഭ മുഴുവന്റെയും സജീവപാരമ്പര്യത്തിൽ ബൈബിൾ വായിക്കണം (CCC 113).
മതബോധനഗ്രന്ഥം തുടരുന്നു, ‘വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത് മുഖ്യമായും സഭയുടെ
ഹൃദയത്തിലാണ്, കടലാസുരേഖകളിലല്ല’.
അതായത്, സഭയുടെ പാരമ്പര്യത്തോടും കൂടിച്ചേരുമ്പോളാണ് ദൈവനിവേശനം എന്ന സത്യം പൂർണതയിലെത്തുന്നതെന്ന് ചുരുക്കം.
3. ക്രൈസ്തവവിശ്വാസത്തിന്റെ സാധർമ്മ്യത്തിൽ ശ്രദ്ധ പതിപ്പിക്കണം (CCC 114) അതായത് വിശ്വാസസത്യങ്ങൾക്ക് തമ്മിൽത്തമ്മിലും അവയ്ക്ക് ദൈവികവെളിപാടിനോട് മുഴുവനോടും സമന്വയസ്വഭാവമുണ്ടായിരിക്കണം. (ഉദാ: മാമ്മോദീസായിലൂടെ ക്രിസ്തുവിലായിരിക്കുന്നവൻ എല്ലാ ശാപബന്ധനങ്ങളിൽ നിന്നും ഉത്ഭവപാപത്തിൽ നിന്നും മോചിതനായി പുതിയ സൃഷ്ടിയാണെന്ന് തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുയും ചെയ്യുമ്പോൾ ഏതെങ്കിലും
വചനം കണ്ടുപിടിച്ച് വ്യക്തിയിൽ പൂർവ്വികരുടെ ശാപം നിലനിൽക്കുന്നുവെന്നും കുടുംബവൃക്ഷത്തിലെ അരുതായ്മകൾ അയാളിലെത്തിയിരിക്കുന്നുവെന്നും മറ്റും പഠിപ്പിക്കരുതെന്ന് സാരം). പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള ബന്ധം
പുതിയ നിയമം തന്നെ പഴയനിയമത്തെ ദൈവവചനമായി അംഗീകരിക്കുന്നുണ്ട്. പഴയനിയമവുമായി പുതിയ നിയമത്തിന് പല അർത്ഥങ്ങളിലും ചേർച്ചയുമുണ്ട്. ബനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ അപ്പസ്‌തോലിക ആഹ്വാനമായ ‘കർത്താവിന്റെ വചനം’ (Verbum Domini) ഇങ്ങനെ എഴുതുന്നു: ‘ക്രിസ്തു
വിന്റെ പെസഹാരഹസ്യം അത് മുൻകൂട്ടി നടത്താൻ കഴിയാത്ത വിധത്തിലാണെങ്കിലും പ്രവചനങ്ങളോടും വിശുദ്ധ ലിഖിതങ്ങളിലെ മുൻനിഴലുകളോടും പൂർണ്ണമായി യോജിക്കുന്നു. എന്നാലും പഴയനിയമത്തിലെ വ്യവ
സ്ഥാപിത കാര്യങ്ങൾ സംബന്ധിച്ചിടത്തോളം അത് തുടർച്ചയില്ലായ്മയുടെ വ്യക്തമായ വശങ്ങൾ അവതരിപ്പിക്കുന്നുണ്ട്’ (40). അതായത്, പഴയനിയമത്തിലെ വ്യവസ്ഥാപിതമായ പല കാര്യങ്ങൾക്കും പുതിയ നിയമത്തിൽ തുടർച്ചയില്ലെന്ന് തന്നെയാണ് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നത്. ഈശോ തന്നെയും പലതും
തിരുത്തി പഠിപ്പിക്കുന്നത് സുവിശേഷങ്ങളിൽ നാം വായിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഇവയെ തമ്മിൽ വേർപെടുത്താതെ ഉൾക്കൊള്ളാനുള്ള വിവേകപൂർവ്വകമായ ഉൾക്കാഴ്ച ഓരോരുത്തരും സ്വന്തമാക്കേണ്ടതുമുണ്ട്.
സമാപനം ബൈബിൾ തുറന്ന് ആദ്യം കാണുന്ന വചനം എന്നോട് ദൈവം സംസാരിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തീർച്ചയായും നല്ല ശീലമാണത്. എന്നാൽ, അത് യഥാർത്ഥത്തിൽ ഇന്ന് ഈ സാഹചര്യത്തിൽ എന്നോട് എന്തു പറയുന്നു എന്ന് വിവേചിച്ചറിയാൻ വിശ്വാസവും പരിശുദ്ധാത്മകൃപയും
വിവേകവും കൂടിയേ തീരൂ. അങ്ങനെ എനിക്ക് മനസ്സിലാകുന്ന കാര്യങ്ങൾ സഭയുടെ വിശ്വാസത്തോടു പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കണം. ഇപ്രകാരം ധ്യാനവും മനനവും വീണ്ടുവിചാരവുമില്ലാതെ ബൈബിൾ വചനങ്ങൾ തോന്നുന്നിടത്തെല്ലാം ഉപയോഗിക്കാൻ തുടങ്ങിയാൽ, അഹോ കഷ്ടം. വചനത്തെയും വചനവ്യാഖ്യാനത്തെയും കുറിച്ച് കൂടുതൽ പഠിക്കാതെ സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയങ്ങളെഴുതുന്നവരെ അപഹസിക്കുന്നത് പരിശുദ്ധാത്മപ്രചോദിതമാണെന്ന് കരുതുന്നതും അപക്വതയുടെ ലക്ഷണമാണ്. ദൈവവചനം കൂടുതലായി പഠിക്കാനും വചനം നമ്മെ ഉൾക്കൊള്ളാനും നാം വചനത്തെ ഗർഭം ധരിക്കുന്നവരാകാനും പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാം.