കുട്ടനാട്ടിൽ വീണ്ടും കണ്ണീർ കൊയ്ത്ത്‌

എ എം എ ചമ്പക്കുളം

വീണ്ടും ഒരു കണ്ണീർ കൊയ്ത്തീന്റെ കാലത്തിലൂടെ ആണ് കുട്ടനാടൻ നെൽകർഷകർ കടന്നുപോകുന്നത്. നാല് മാസക്കാലം കൊണ്ട്
വിളവിന് പാകമായ നെല്ല് മുഴുവൻ മഴയത്ത് വീണും, വീഴാതെയും നഷ്ടപ്പെടുന്നതും, പുഴയിലും തോടുകളിലും വെള്ളം നിറഞ്ഞ് മടവീഴ്ചയായും, കവിഞ്ഞ് കയറ്റമായും വിളഞ്ഞ് കിടക്കുന്ന പാടത്തേയ്ക്ക് വെള്ളം കയറുന്നതുമൂലം യഥാസമയം യന്ത്രക്കൊ
യ്ത്ത് നടത്താനാവാത്തതും കുട്ടനാടൻ കർഷകരുടെ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ആക്കം കൂട്ടുന്നു. പണ്ട് കുട്ടനാട്ടിലെ കർഷകർ വെളുത്ത പക്ഷത്തിൽ വിത്തെറിഞ്ഞ് വീണ്ടും അഞ്ചാം വെളുത്തപക്ഷത്തിൽ കൊയ്ത് എടുക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇന്ന് രീതികൾ എല്ലാം മാറി. പ്രകൃതിയും ഒത്തിരി മാറി. പണ്ട് കേട്ട് കേൾവി പോലുമില്ലാതിരുന്ന മേടമാസത്തിലെയും കന്നിമാസത്തിലെയും, വെള്ളപ്പൊക്കങ്ങളും, മഴയും പോലും ഇന്ന് കുട്ടനാടൻ കർഷകരുടെ നെഞ്ചിൽ തീയാണ് നിറയ്ക്കുന്നത്. വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിവുള്ള നെല്ല് ഇനങ്ങൾ കുട്ടനാടിന് വേണ്ടിയിരിക്കുന്നു. പല പരീക്ഷണങ്ങളും നടത്തി വരുന്നുണ്ടെങ്കിലും കാലം തെറ്റി എത്തുന്ന മഴക്കും
വെള്ളത്തിന്നും മുന്നിൽ നിസ്സഹായനായി നില്ക്കാനാണ് ഇപ്പോഴും കുട്ടനാടൻ കർഷകന്റെ വിധി. 2018ലെ പ്രളയത്തിന് ശേഷം ഇന്നുവരേയും എന്നും എപ്പോഴും കേൾക്കുന്ന ഒരു പ്രസ്താവനയാണ് നദികളിലും തോടുകളിലും അടിഞ്ഞിരിക്കുന്ന എക്കലും മണ്ണും ചെളിയും നീക്കം ചെയ്ത് ജലാശയങ്ങൾക്ക് ആഴം കൂട്ടും എന്നത്.
പ്രളയം പോയി 2019 ലും 2020 ലും വെള്ളപ്പൊക്കവും 2021 ൽ വേനൽക്കാലത്തെ വെള്ളപ്പൊക്കവും വന്നു എന്നാൽ ഇതുവരെയും ആഴം കൂട്ടൽ മാത്രം നടന്നിട്ടില്ല.
തണ്ണീർമുക്കം വഴിയും, തോട്ടപ്പള്ളി പൊഴി വഴിയും നന്നായി വെള്ളം ഒഴുകി മാറുന്നുണ്ട് എന്ന് നാം വിശ്വസിക്കുന്നു . പിന്നെ, എന്തു കൊണ്ട് കുട്ടനാട്, പത്തനംതിട്ടയിലോ കോട്ടയത്തോ മഴ പെയ്താൽ വെള്ളത്തിലാവുന്നു? എന്തുകൊണ്ട് AC റോഡ് എന്ന എക യാത്രാ മാർഗ്ഗം വെള്ളത്തിനടിയിൽ ആവുന്നു?.
വർഷങ്ങൾക്ക് മുൻപ് ഇതിലധികം മഴചെയ്തിട്ടും, കൃഷിയെ ബാധിക്കാതെ അത് ഒഴുകി മാറിയിരുന്നു. നദിയുടെയും തടാകങ്ങളുടെയും അടിത്തട്ട് പാടശേഖരങ്ങളുടെ അടിത്തട്ടിനേക്കാൾ രണ്ടും മൂന്നും മീറ്റർ ആഴം ഉള്ളതായിരുന്നു.
എന്നാൽ ഇന്ന് നദികളുടെയും തോടുകളുടെയും അടിത്തട്ട് പാടശേഖരങ്ങളേക്കാൾ ഉയർന്ന് നില്ക്കുന്നു. ഇതിന്റെ ദുരിതം ഏറ്റവും അധികം ബാധിക്കുക നെൽകൃഷിയെയാണ്. മുൻ കാലങ്ങളിൽ മഴ പെയ്ത് മാറിയാലുടൻ പാകമെത്തി നില്കുന്ന നിലങ്ങളിലെ വെള്ളം ഒഴുകിമാറി നല്ല ഉറപ്പ് ആകുമായിരുന്നു. എത്രമഴ പെയ്തതായാലും മഴ മാറിയാലുടൻ പാടത്ത് യന്ത്രം ഇറക്കി കൊയ്യാമായിരുന്നു.എന്നാൽ ഇപ്പോൾ തോട്ടിലും പുഴയിലും അടിത്തട്ട് ഉയർന്നതിനാൽ പാടശേഖരങ്ങളിലേയ്ക്ക് ഉറവയും, നീർവാർച്ചയും ഉണ്ടാകുന്നു. നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഇപ്പോൾ ഉപയോഗിക്കുന്നതിനേക്കാൾ ഭാരമുള്ള കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് തടസ്സമില്ലാതെ കൊയ്ത്ത് നടത്തിയിരുന്ന പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കുമ്പോൾ ഇപ്പോൾ താഴ്ന്ന് പോകുന്നത് പതിവായി മാറിയിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളക്കെട്ടിനെ അതിജീവി ക്കുന്ന വിത്തിനങ്ങൾ കണ്ടെത്തുകയും, തോടുകളിലെയും നദികളിലെയും ആഴം കൂട്ടുകയും ചെയ്യാതെ കുട്ടനാടൻ കർഷകർക്ക് ഒരിക്കലും രക്ഷയില്ല.