ഉന്നത വിദ്യാഭ്യാസത്തിന് കൂച്ചുവിലങ്ങിടുന്നത് സർക്കാരോ?

ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മുന്നേറ്റത്തിന് ഏറ്റവും കരുത്തേകുന്ന സ്വാശ്രയ
മേഖലയ്ക്ക് കടുത്ത പ്രഹരമേൽപിച്ച്, 2021 -ലെ കേരള സ്വാശ്രയ കോളജ് അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ (നിയമനവും സേവനവ്യവസ്ഥകളും) എന്ന ബില്ല് വഴി പുതിയ നിയമനിർമ്മാണത്തിലേയ്ക്ക് സർക്കാർ കടക്കുകയാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ
മേഖല ഒന്നടങ്കം സർക്കാർ നിയന്ത്രണത്തിലും വരുതിയിലുമാക്കി നിയമങ്ങൾ അടിച്ചേല്പിച്ച് വൻ വെല്ലുവിളിയുയർത്തുന്ന നിർദ്ദേശങ്ങളാണ് പുതിയ ബില്ലിലൂടെ അവതരിക്കപ്പെടുന്നത്.
ബില്ലിന്റെ പശ്ചാത്തലം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നിയമസഭാസമ്മേളനമില്ലാതിരുന്നതിന്റെ പശ്ചാത്തലത്തിൽ സത്വരനടപടികളുടെ ഭാഗമായി ഭരണഘടനയുടെ 213 -ാം അനുഛേദം 1 -ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണർ 2021 -ലെ കേരള സ്വാശ്രയകോളജ് അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ (നിയമനവും സേവനവ്യവസ്ഥകളും) ഓർഡിനൻസ് 2021 ഫെബ്രുവരി 19ന് വിളംബരപ്പെടുത്തുകയും ആയത് 2021 ഫെബ്രുവരി 20 -ാം തീയതി 862 -ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2021 ലെ 38-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി മേല്പറഞ്ഞ ഓർഡിനൻസ് 2021 ഓഗസ്റ്റ് 23-ാം തീയതി കേരള ഗവർണർ വീണ്ടും വിളംബരപ്പെടുത്തുകയും 2021 -ലെ 95 -ാം ഓർഡിനൻസായി അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്നിപ്പോൾ എല്ലാ നിയമപരിരക്ഷയും നല്കി ആക്ട് കൊണ്ടുവരുവാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബിൽ. പുതിയ ബില്ലിലെ ധനകാര്യ മെമ്മോറാണ്ടത്തിൽ ഈ ബിൽ നിയമമാക്കി പ്രാബല്യത്തിൽ വരുന്നതുകൊണ്ട് സംസ്ഥാന ഖജനാവിന് യാതൊരു അധിക ബാധ്യതയുമുണ്ടാകുന്നില്ലെന്ന് പ്രത്യേകം സൂചിപ്പിക്കുമ്പോൾ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് വൻ ബാധ്യത സൃഷ്ടിക്കപ്പെടുമെന്നു മാത്രമല്ല പ്രളയത്തിന്റെ കെടുതികളിലും
കോവിഡിന്റെ ആഘാതത്തിലും തകർന്നടിഞ്ഞ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് വൻ
പ്രഹരമേൽക്കുമെന്നുറപ്പാണ്. 2021 ഫെബ്രുവരി 20-ാം തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ ഈ ആക്ട് നിലവിൽ വരുന്നതോടുകൂടി നിലവിലുള്ള ഓർഡിനൻസ് റദ്ദാക്കപ്പെടും.
ഉന്നതവിദ്യാഭ്യാസ മേഖല
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ വളർച്ചയുടെ പിന്നിൽ
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സേവനവും വിസ്മരിക്കാനാവാ
ത്തതാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന യുവ
തലമുറയെ സ്വന്തം മണ്ണിൽ പിടിച്ചുനിർത്തി ഈ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും പകർന്നേകി ലോകത്തിന്റെ കോണുകളിലേയ്ക്ക് തൊഴിലവസരങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കിയതിൽ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസമേഖലയുടെ പങ്കാളിത്തം ബോധപൂർവ്വം തമസ്‌കരിക്കാൻ ശ്രമിക്കുന്നത് നീതികേടാണ്.
നിലവിൽ ലഭ്യമായ കണക്കനുസരിച്ച് കേരളത്തിൽ 705 ആർട്‌സ് ആന്റ് സയൻസ് കോളജുകളാണുള്ളത്. ഇതിൽ 229 എണ്ണം മാത്രമാണ് സർക്കാർഎയ്ഡഡ് മേഖലയി
ലുള്ളത്. ബാക്കി 476 (68%) കോളജുകളും സ്വകാര്യ സ്വാശ്രയ മേഖലയുടെ സംഭാവനയാണ്. സംസ്ഥാന സർക്കാരുമായും എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുമായും ബന്ധപ്പെട്ട് (കേന്ദ്രസർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള ഐ.ഐ.റ്റി. ഉൾപ്പെടെയുള്ളത് വേറെ)
പ്രവൃത്തിക്കുന്നതും സർക്കാർ സീറ്റ് അലോട്ട് ചെയ്യുന്നതുമായ എഞ്ചിനീയറിംഗ് ആർക്കിടെക്ചർ കോളജുകളുടെ ലിസ്റ്റ് 05 ഒക്‌ടോബർ 2021ൽ എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിക്കുകയുണ്ടായി. ഇതനുസരിച്ച് ആകെയുള്ള 146 എഞ്ചിനീയറിംഗ് കോളജുകളിൽ 102 കോളജുകൾ സ്വകാര്യ സ്വാശ്രയ കോളജുകളാണ്. 9 എഞ്ചിനീയറിംഗ് കോളജുകൾ സർക്കാർ നേരിട്ട് നടത്തുന്നു. 3 എയ്ഡഡ്
കോളജുകളും 7 കോളജുകൾ വിവിധ യൂണിവേഴ്‌സിറ്റികളുടേതും 25 എണ്ണം സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളുമാണ്. ചുരുക്കത്തിൽ 146 എഞ്ചിനീയറിംഗ് കോളജുകളിൽ 127 എണ്ണവും (87%) സ്വാശ്രയ കോളജുകളാണ്. 34
ആർക്കിടെക്ചർ കോളജുകളിൽ 4 എണ്ണം മാത്രമേ സർക്കാർ നിയന്ത്രണത്തിലുള്ളൂ. ബാക്കി 30 (88%) എണ്ണവും സ്വകാര്യ സ്വാശ്രയ കോളജുകളാണ്. കേരളത്തിലെ എഞ്ചിനീയറിംഗ് ആർക്കിടെക്ചർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കെടുത്താൽ ആകെയുള്ള 49136 വിദ്യാർത്ഥികളിൽ 43862 (89.2%) വിദ്യാർത്ഥികളും പഠിക്കുന്നത് സ്വാശ്രയ കോളജുകളിലാണ്.
ഇങ്ങനെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്ര സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടാനുള്ള നിയമനിർമ്മാണനീക്കം എഡ്യൂക്കേഷൻ ഹബ്ബിനുവേണ്ടി മുറവിളികൂട്ടുന്ന കേരളത്തെ പുറകോട്ടടിക്കുമെന്നുറപ്പാണ്.
വൈരുദ്ധ്യങ്ങൾ അവ്യക്തതകൾ
സ്വാശ്രയ കോളജുകളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടി
ക്കുന്ന ഈ ബില്ല് തയ്യാറാക്കിയ വേളയിലോ ഓർഡിനൻസ് വിളംബരത്തിനുശേഷമോ
അതിനുമുമ്പോ ഈ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മാനേജ്‌മെന്റുകളോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. അതേ
സമയം നിയമങ്ങൾ നിർമ്മിച്ച് അടിച്ചേൽപ്പിക്കുന്ന ശൈലി ജനാധിപത്യ വ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്നതും കോടതി വ്യവഹാരങ്ങളിലേയ്ക്ക് അനിശ്ചിതമായി തള്ളിവിടുന്നതുമാണ്. സ്വാശ്രയകോളജുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനവും വേതനവും സംബന്ധിച്ച നിയമനിർമ്മാണം ഏതാനും
സർവ്വകലാശാലകളുടെ കീഴിലുള്ള സ്വാശ്രയകോളജുകൾക്ക് മാത്രമായി നടപ്പിലാക്കുന്നതിലും വ്യക്തമായ വിവേചനവും ആസൂത്രിത
അജണ്ടയുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്ല് സൂചിപ്പിക്കുന്ന ചില വൈരുദ്ധ്യങ്ങൾ ചോദ്യംചെയ്യാൻ നിർബന്ധിതനാകുന്നു.
റഗുലേറ്ററി ബോഡി
നിർദ്ദിഷ്ട ബില്ലിലെ റഗുലേറ്ററി ബോഡിയിൽ സംസ്ഥാനത്തെ സർവ്വകലാശാലകൾ ഉൾപ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തെ ദേശീയ അന്തർദേശീയ കാഴ്ചപ്പാടോടുകൂടി ഇനിയെങ്കിലും നമുക്ക് കാണാനാവണം. യുജിസി,എഐസിറ്റിഇ എന്നിവയുടെ നിയമങ്ങൾക്കുകൂടി വിധേയമായാണ് സ്വാശ്രയ കോളജുകൾ ഓരോ സംസ്ഥാനത്തും പ്രവൃത്തിക്കുന്നത്. അതിനാൽതന്നെ റഗുലേറ്ററി ബോഡിയിൽ സർവ്വകലാശാലകൾക്കൂടി കടന്നുവരുന്നത് അഭിപ്രായ വ്യത്യാസങ്ങൾക്കിടനൽകും.
സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളുടെ റെഗുലേറ്ററി ബോഡി, ബില്ലിലെ 2 (G) പ്രകാരം യുജിസിയാണ്. അതിൽ, സർവ്വകലാശാലയും ഉൾപ്പെടുന്നു. സർവ്വകലാശാലകളിലെ ആക്ട്, സ്റ്റാറ്റിയൂട്ട്‌സ് ആൻഡ് റെഗുലേഷൻസ് എന്നിവ സ്വാശ്രയ കോളജുകളെകൂടി ഉൾപ്പെടുത്തി ഇതുവരെയും പരിഷ്‌കരിച്ചിട്ടില്ല.
ബില്ലിലെ എട്ടാം വകുപ്പ് വിവിധ സമിതികളുടെ രൂപവൽക്കരണം സംബന്ധിച്ചുള്ള
താണ്. രണ്ടാം ഉപവകുപ്പിൽ സൂചിപ്പിക്കുന്നത് സമിതികളുടെ ഘടന, അധികാരങ്ങൾ, ചുമതലകൾ എന്നിവ നിർണ്ണയിക്കുന്നത് റഗുലേറ്ററി ബോഡിയായിരിക്കുമെന്നാണ്. കോളജ് നടത്തിപ്പിനുള്ള അവകാശം മാനേജ്‌മെന്റിന് നിഷേധിക്കുന്നതാണ് ഈ വ്യവസ്ഥ.
അഫിലിയേഷനും നിയമനവും
കേരളത്തിലെ സ്വാശ്രയകോളജുകളിൽ ജീവനക്കാരെ സ്ഥിരമായി നിയമിക്കാൻ കഴിയില്ലെന്ന നിലവിലെ യാഥാർത്ഥ്യം മറച്ചുവെച്ചാണ് ഈ ബില്ലിലെ പലവകുപ്പുകളും രൂപപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ഒരു സർവ്വകലാശാലയും ഒരു സ്വാശ്രയകോളജിനും സ്ഥിരമായ അഫിലിയേഷൻ ഇതിനോടകം നല്കിയിട്ടില്ല. ഓരോ വർഷത്തേയ്ക്കുള്ള താല്ക്കാലിക അഫിലിയേഷനാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് എങ്ങനെ സ്ഥിരനിയമനം നൽകാനാവും. ഒരു വർഷത്തേയ്ക്കു താൽകാലികമായി നിയമിക്കാനേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളൂ. കേരളത്തിലെ എല്ലാ കോളജുകളും യുജിസിയുടെ മാർഗ്ഗനിർദ്ദേശത്തിലും നിയന്ത്രണത്തിലുമാണല്ലോ. സംസ്ഥാനത്തെ എല്ലാ
സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എഐസിറ്റിഇ മാനദണ്ഡങ്ങൾ പാലിക്കുവാൻ നിർബന്ധിതമാണ്. അഞ്ചുകൊല്ലമായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകൾക്ക് മതിയായ പരിശോധന നടത്തി സ്ഥിരമായ അഫിലിയേഷൻ നൽകണമെന്നതാണ് യുജിസി നിർദ്ദേശം. കേരളത്തിലെ സ്വാശ്രയ കോളജുകളുടെ കാര്യത്തിൽ ഈ നിർദ്ദേശം ഇനിയും നടപ്പിലാക്കിയിട്ടില്ല.
താത്കാലിക അഫിലിയേഷൻ മാത്രമുള്ളതുകൊണ്ട് സ്വാശ്രയ കോളജുകൾ യുജിസിയുടെ 2 F ലും B ആ യിലും ഉൾപ്പെടുന്നില്ല. അതുകൊണ്ട് അവയ്‌ക്കൊന്നിനും യുജിസിയിൽ നിന്ന് (റൂസാ) വികസനത്തിനുള്ള സാമ്പത്തിക സഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ശരാശരി എൺപതുശതമാനത്തോളം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്വാശ്രയകോളജുകൾ ഇതിൽനിന്ന്
ഒഴിവാക്കപ്പെടുന്ന നീതിനിഷേധവും വിവേചനവും ഇന്ന് നിലനിൽക്കുന്നു.
സ്ഥിര അഫിലിയേഷൻ ഇല്ലാത്തതുകൊണ്ട് സ്ഥിരമായ നിയമനം സാധ്യമല്ലെന്നിരിക്കെ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഇപിഎഫിലും ഇൻഷ്വറൻസ് പദ്ധതിയിലും ഉൾപ്പെടുത്തണമെന്ന് 4(4), 4(5) എന്നീ വകുപ്പുകൾ അനുശാസിക്കുന്നു. ഈ വ്യവസ്ഥ പാലിക്കപ്പെടണമെങ്കിൽ സ്വാശ്രയ കോളജുകൾക്ക് സ്ഥിരമായ അഫിലിയേഷൻ നല്കാനുള്ള തീരുമാനം ഉണ്ടാകണം. ഇതിന് സംസ്ഥാന സർക്കാർ ആദ്യമേ തയ്യാറാകണം.
അച്ചടക്കനടപടി അധികാരം
ബില്ലിലെ 4(7) വകുപ്പ് പ്രകാരം വിദ്യാഭ്യാസ ഏജൻസിക്കാണ് ജീവനക്കാരുടെമേലുള്ള ശിക്ഷണനടപടികൾ എടുക്കാനുള്ള അധികാരം. അച്ചടക്ക നടപടി എടുക്കുന്നത് നിർദ്ദിഷ്ട രീതിയിലാവണമെന്നും അതിനുള്ള നിയമനിർമ്മാണം ഗവൺമെന്റിൽ നിക്ഷിപ്തമാണെന്നുമാണ് വ്യവസ്ഥ. എന്നാൽ, വകുപ്പ് 5 പ്രകാരം
അച്ചടക്ക നടപടിയുടെ മേലുള്ള അന്തിമതീരുമാനം സർവ്വകലാശാല സിൻഡിക്കേറ്റിനാണ്. ഇത് പരസ്പര വിരുദ്ധമാണ്. ഇതനുസരിച്ച് അച്ചടക്ക നടപടിയിൽ പരാതിയുള്ള ആർക്കും സർവ്വകലാശാലയ്ക്ക് അപ്പീൽ നൽകാം. അവസാന തീരുമാനം സിൻഡിക്കേറ്റിനായിരിക്കും. എയ്ഡഡ് കോളജുകൾക്കുള്ള വ്യവസ്ഥയിൽ നിന്ന് വ്യത്യസ്ഥമാണിത്. എയ്ഡഡ് കോളജുകളിൽ അച്ചടക്ക നടപടി സംബന്ധിച്ച അപ്പീൽ നൽകേണ്ടത് ജില്ലാ ജഡ്ജിയുടെ സ്ഥാനമുള്ള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിലാണ്. അതിനുമേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ പുതിയ ബിൽ പ്രകാരം കോളജിലെ അച്ചടക്കം സംബന്ധിച്ച പരമാധികാരം സിൻഡി
ക്കേറ്റിനാണ്. സിൻഡിക്കേറ്റ് അംഗങ്ങൾ സാധാരണയായി രാഷ്ട്രീയ പശ്ചാത്തലത്തിൽ നോമിനേഷൻ അല്ലെങ്കിൽ ഇലക്ഷനിലൂടെ വന്നവരാകും. എന്നിട്ടുകൂടി കോടതിയിൽ അപ്പീൽ കൊടുക്കാനുള്ള മൗലികാവകാശം നിഷേധി
ക്കുന്ന ഈ വ്യവസ്ഥ തീർച്ചയായും ഉപേക്ഷിക്കണം.
പതിനൊന്നാം വകുപ്പുപ്രകാരം പരാതിയിൽ സിൻഡിക്കേറ്റ് തീർപ്പ് കല്പിക്കുന്നതു
വരെ യാതൊരു സിവിൽ കോടതിക്കും അങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരവുമില്ല. എയ്ഡഡ് മേഖലയിലെ മാനേജർമാരിൽ നിക്ഷിപ്തമായ അധികാരം മാനിക്കുന്നതുപോലെ സ്വാശ്രയമേഖലയിലും കോളജ് മാനേജർമാർക്ക് ഈ അധികാരം നൽകണം. സർക്കാരിനുള്ള നിയന്ത്രണരേഖ കൃത്യമായി പാലിച്ചുകൊണ്ട് കോളജുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തേണ്ടതുമാണ്.
വേതനവും ഫീസും
യുജിസി നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ജീവനക്കാർ നിയമിക്കപ്പെടുമ്പോൾ യുജിസിയുടെ ചട്ടം അനുസരിച്ചുള്ള വേതനവും ഉറപ്പാക്കേണ്ടതുണ്ട്. അതിനുതകുന്ന ഫീസ് ഘടനയല്ല ഇന്ന് സ്വാശ്രയ കോളജുകളിലുള്ളത്. 2013 -നുശേഷം സ്വാശ്രയ കോളജുകളിൽ ട്യൂഷൻ ഫീസ് വർദ്ധനവ് ഉണ്ടായിട്ടില്ല. കോളജുകൾ യൂണിവേഴ്‌സിറ്റിക്ക് നൽകേണ്ട വിവിധ ഫീസുകളിൽ ഓരോ വർഷവും വൻ വർദ്ധനവ് വരുത്തിയിട്ടുമുണ്ട്. അതിനാൽ ജീവനക്കാരുടെ ഉയർന്ന വേതനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കേണ്ട സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു. ഇതിനുള്ള സംവിധാനവും സർക്കാർ ഒരുക്കണം.
നിയമനങ്ങൾക്ക് റാങ്ക് ലിസ്റ്റ്
സ്വാശ്രയ കോളജുകളിലെ നിയമനങ്ങൾക്ക് റാങ്ക് ലിസ്റ്റ് വേണമെന്നും അത് കൃത്യ
മായി പാലിക്കണമെന്നും ബില്ലിൽ അനുശാസിക്കുന്നു. ഉന്നത യോഗ്യതകളും രാജ്യാ
ന്തര പരിചയ സമ്പത്തുള്ളവരുമായ മികച്ച അദ്ധ്യാപകരെ കേരളത്തിലേയ്ക്ക് ലഭിക്കുക എളുപ്പമല്ല. അവർക്ക് സംസ്ഥാനത്തിനു പുറത്തും വലിയ സാധ്യതകളാണ്. മാനേജ്‌മെന്റിന്റെ ക്ഷണമനുസരിച്ച് അവർ വരാമെന്ന്
സമ്മതിക്കുമ്പോൾ പുതുമുഖങ്ങളോടൊപ്പമിരുത്തി സെലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കണമെന്ന നിബന്ധന പ്രായോഗികമല്ല. മാത്രമല്ല അപ്രതീക്ഷിതമായി ഒരു മികച്ച അദ്ധ്യാപകനെ കിട്ടിയാൽ നിലവിലുള്ള റാങ്ക്ലിസ്റ്റ് തടസ്സമാകും. ഇക്കാര്യം എഞ്ചിനീയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോളജുകളുടെ ഗുണമേന്മയെ ഹാനികരമായി ബാധിക്കുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടായ കുതിച്ചുചാട്ടം പരമാവധി ഉപയോഗപ്പെടുത്തി രാജ്യാന്തര തലത്തിലുള്ള വിദ്യാഭ്യാസവിദഗ്ദ്ധരുടെ സേവനം നമുക്ക് നേടിയെടുക്കാനാവണം. അതിനു തടസ്സം സൃഷ്ടിക്കുന്ന നിയമനിർമ്മാണങ്ങൾ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അതിരൂക്ഷമായി ബാധിക്കും.
നിയമനിർമ്മാണാധികാരം
വിദ്യാഭ്യാസ ഏജൻസികൾ അപേക്ഷ ക്ഷണിക്കേണ്ടതിന്റെയും, അയോഗ്യരായ അദ്ധ്യാപകർക്ക് യോഗ്യത നേടാനുള്ള സമയപരിധി നിശ്ചയിച്ച് വിജ്ഞാപനം ചെയ്യാനും, അച്ചടക്ക നടപടികളുടെയും, സർവ്വകലാശാല മുമ്പാകെ അപ്പീൽ സമർപ്പിക്കേണ്ടതിന്റെയും രീതി നിർണ്ണയിച്ചുകൊണ്ടും ചട്ടങ്ങൾ ഉണ്ടാക്കുവാനും അതോടൊപ്പം സ്വാശ്രയ കോളജിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെഗുലേഷനുകളുണ്ടാക്കുവാനും നിർദ്ദിഷ്ട ബില്ല് സർക്കാരിനെയും സർവ്വകലാശാലയെയും അധികാരപ്പെടുത്തുന്നുണ്ട്.
നീതിനിഷേധം തുടരുന്നു
സ്വാശ്രയ കോളജുകൾ പ്രവൃത്തിക്കേണ്ടത് സർവ്വകലാശാലകളുടെ ആക്ട്, സ്റ്റാറ്റിയൂട്ട്‌സ്
ആൻഡ് റെഗുലേഷൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, നാളിതുവരെ
യായിട്ടും കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയും സ്വാശ്രയ കോളജുകളെക്കൂടി ഉൾപ്പെടുത്താവുന്ന വിധത്തിൽ ആക്‌ടോ സ്റ്റാറ്റിയൂട്ട്‌സോ പരിഷ്‌കരിച്ചിട്ടില്ല.
യൂണിവേഴ്‌സിറ്റികളിലെ അക്കാഡമിക് കൗൺസിൽ, സെനറ്റ്, സിൻഡിക്കേറ്റ് സമിതി
കളിൽ സ്വാശ്രയ മേഖലയിൽ നിന്നുള്ള ആനുപാതികമായ പ്രാതിനിധ്യമില്ല. ബോർഡ് ഓഫ് സ്റ്റഡീസിലും മതിയായ പ്രാതിനിധ്യമില്ല. കേരളത്തിലുള്ള 90% ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർട്‌സ് ആന്റ് സയൻസ് വിഭാഗത്തിലും അദ്ധ്യാപകരുടെ എണ്ണം സർക്കാർ എയ്ഡഡ് മേഖലയേക്കാൾ അഞ്ചിരട്ടി കൂടുതലാണ്. ഈ സിംഹഭാഗത്തെ പൂർണ്ണമായും അവഗണിക്കുന്നത് നീതിപൂർവ്വകമല്ല. എന്നാൽ പരീക്ഷ മൂല്യനിർണ്ണയ നിബന്ധന കർശനമായി പാലിക്കുന്നു. കാര്യനിർവ്വഹണ
ത്തിൽ പങ്കില്ലാതെ ജോലികൾ ചെയ്യിപ്പിക്കുന്നതിൽ മാത്രം താല്പര്യം കാണിക്കുന്നത് പൂർണ്ണ അവഗണനയാണ്. സമിതികളിൽ വേണ്ടത്ര പ്രാതിനിധ്യം നൽകുന്നതിനുള്ള ഇടപെടലുകളാണുണ്ടാവേണ്ടത്. സ്വാശ്രയ കോളജുകളിൽ മാനേജ്‌മെന്റ്
ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്ന SC/ST/OBC വിദ്യാർത്ഥികൾക്ക് എയ്ഡഡ് കോളജുകളിൽ ലഭിക്കുന്നതുപോലുള്ള SC/ST സ്‌റ്റൈപെൻഡ് ലഭിക്കുന്നില്ല. സ്വാശ്രയ കോളജുകളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ യാത്രാസൗജന്യവും ലഭിക്കുന്നില്ല. വിവിധ വകുപ്പുകളിലൂടെ സർക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട നികുതികൾ കുതിച്ചുയരുകയും ചെയ്യുന്നു.
മനോവീര്യം കെടുത്തരുത്
വമ്പിച്ച മൂലധനം നിക്ഷേപിച്ചാണ് സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളും ആർട്‌സ് ആൻഡ് സയൻസ് കോളജുകളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ മിക്ക കോളജുകൾക്കുമുണ്ട്. കൂനിന്മേൽ കുരു എന്നതു
പോലെ കോവിഡ് 19 മൂലം ഒട്ടനവധി വിദ്യാർത്ഥികളിൽനിന്ന് ട്യൂഷൻഫീസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവയും ലഭിക്കാത്തത് പ്രവർത്തന പ്രതിസന്ധി രൂക്ഷമാക്കി. അതേസമയം ശമ്പളം, മെയിന്റനൻസ് മുതലായ ചെലവുകൾ ക്രമമായി വർദ്ധിച്ചു. കേരളത്തെ ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഉന്നതവിദ്യാഭ്യാസ
മേഖലയുടെയും വലിയൊരു കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുമ്പോൾ കൂടുതൽ മികവുറ്റ സംഭാവന നൽകുവാൻ സാധിക്കുന്നത് സ്വാശ്രയ മേഖലയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ്. ഇതിനുള്ള സാധ്യതകൾ കൊട്ടിയടയ്ക്കാതെ പൂർണ്ണമായും വിനിയോഗി
ക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളും പദ്ധതികളുമാണ് ജനാധിപത്യ സർക്കാർ നടപ്പിലാക്കേണ്ടത്. സാങ്കേതികവിദ്യാഭ്യാസ സ്റ്റാർട്ട് അപ്പ് മേഖലകളിൽ മികവേറിയ സംഭാവനകൾ നൽകുന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്കും അനേകായിരം വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പുനൽകുന്ന സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളജുകൾക്കും പ്രചോദനം നൽകുന്നതിനുപകരം മനോവീര്യം കെടുത്തി നിയമങ്ങൾ സൃഷ്ടിച്ച് നിലവിലുള്ള സംവിധാനങ്ങൾ തകർക്കുന്നത് രാജ്യാന്തര സാധ്യതകൾ തേടി നമ്മുടെ യുവതലമുറ കേരളത്തിൽ നിന്ന് പറന്നകലുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.