ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ദൈവിക ആരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള (Divine Worship & Sacraments) കത്തോലിക്കാസഭയുടെ കാര്യാലയത്തിന്റെ (dicastery) പ്രിഫെക്റ്റ് കർദിനാൾ റോബർട്ട് സാറാ ഒപ്പിട്ട കത്ത് പുറത്തു വന്നിരിക്കുന്നത് ‘നമുക്ക് സന്തോഷത്തോടെ വിശുദ്ധ
കുർബാനയിലേക്ക് മടങ്ങാം’ എന്ന തലക്കെട്ടോടു കൂടിയാണ്. 2020 ഓഗസ്റ്റ് 15 ന് കർദിനാൾ സാറാ എഴുതിയ കത്ത് സെപ്റ്റംബർ 3 ന് ഫ്രാൻസിസ് മാർപാപ്പാ അംഗീകരിക്കുകയും, തുടർന്ന് ലോകമെമ്പാടുമുള്ള മെത്രന്മാർക്ക് അവരുടെ കോൺഫറൻസുകൾ വഴി അയച്ചു കൊടുക്കുകയും, 2020 സെപ്റ്റംബർ 12ന് ശനി
യാഴ്ച വത്തിക്കാൻ ഈ കത്ത് പരസ്യപ്പെടുത്തുകയും ചെയ്തു.
കോവിഡ്19 വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി സാമൂഹിക, കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ, ജോലി എന്നിവയുടെ ചാലനാത്മകതയിൽ മാത്രമല്ല, ആരാധനാ ക്രമമടക്കം െ്രെകസ്തവ സമൂഹത്തിന്റെ ജീവിതത്തിലും ഇത് പ്രക്ഷോഭങ്ങൾ സൃഷ്ടിച്ചു. എന്ന് ആമുഖമായി കർദിനാൾ റോബർട്ട് സാറ
പറയുന്നു
1. ക്രിസ്തീയ ജീവിതത്തിന്റെ സാമൂഹിക മാനം
കോവിഡ്19 വൈറസ് പടരുന്നത് തടയാൻ, കർക്കശമായ സാമൂഹിക അകലം അനിവാര്യമായിരുന്നുവെങ്കിലും അത് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവത്തെ തന്നെ ബാധിയ്ക്കുന്ന വിധത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി ‘രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്ത് അവരുടെ ഇടയിൽ ഞാൻ ഉണ്ട്’ (മത്താ 18:20); ‘അവർ അപ്പോസ്തലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവ യിൽ സാദാ താല്പര്യപൂർവ്വം പങ്കുചേർന്നു. വിശ്വസിച്ചവരെല്ലാം ഒറ്റസമൂഹമാകുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാ പൊതുവായി കരുതുകയും ചെയ്തു.’ (അപ്പ.പ്രവർത്തനം 2: 4244). സഭയുടെ ഈ സാമൂഹിക മാനത്തിന് ദൈവശാസ്ത്രപരമായ അർത്ഥമുണ്ട് എന്ന് കർദ്ദിനാൾ തുടർന്ന് വിവരിക്കുന്നു. ദൈവം പരിശുദ്ധ ത്രിത്വത്തിലെ വ്യക്തികളുടെ കൂട്ടായ്മയാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ പൂരകത്തിൽ അവൻ മനുഷ്യനെ സൃഷ്ട്ടിച്ചു. കാരണം ‘മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല’ (ഉൽപത്തി 2:18). പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ ആയിരുന്നു കൊണ്ട് ദൈവം താനുമായുള്ള ബന്ധത്തിലേക്ക് അവരെ വിളിക്കുകയും ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിൻ മനസ്സിലാക്കിയതുപോലെ, ‘ദൈവത്തെ കണ്ടെത്തി അവനിൽ വസിക്കുന്നതുവരെ നമ്മുടെ ഹൃദയം അസ്വസ്ഥമാണ്’ (cf. Confessions I, 1). കർത്താവായ ഈശോ തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചത്, ദൈവ രാജ്യം വിളംബരം ചെയ്യുവാനും തന്റെ ജീവിതം അവരുമായി പങ്കുവെക്കാനും ഒരു കൂട്ടം ശിഷ്യന്മാരെ വിളിച്ചുകൊണ്ടാണ്; ഈ ചെറിയആട്ടിൻകൂട്ടത്തിൽ നിന്നാണ് സഭ
പിറക്കുന്നത്. കർത്താവിന്റെ നാമത്തിൽ, കർത്താവിന്റെ ദിവസം ഒരുമിച്ച് കൂടി പ്രാർത്ഥിക്കുകയും അപ്പസ്‌തോലന്മാരുടെയും അവരുടെ പിൻഗാമികളുടെയും പ്രബോധനത്തിലൂടെ അവിടുത്തെ വചനവും അതിന്റെ വ്യാഖ്യാനങ്ങളും ശ്രവിക്കുകയും വിശുദ്ധ കുർബാനയിലൂടെ അപ്പം മുറിക്കൽ ശുശ്രുഷകളിൽ പങ്കെടുത്ത് സഭാകൂട്ടായ്മകൾ ശക്തിപ്പെടുത്തുകയും തങ്ങൾക്കുള്ളതെല്ലാം പൊതുവായി കരുതി എല്ലാവരുമായി പങ്കു വെയ്ക്കുകയും ചെയ്തുകൊണ്ടുള്ള ഒന്നാണ് ക്രൈസ്തവജീവിതം. അതു തന്നെയാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനവും.
2. ക്രൈസ്തവജീവിതത്തിൽ ദൈവാലയ ത്തിന്റെ പ്രാധാന്യം
ക്രൈസ്തവജീവിതത്തിൽ ദൈവാലയ ത്തിന്റെ പ്രാധന്യം ഊന്നിപ്പറഞ്ഞുകൊണ്ടു കർദിനാൾ എഴുതുന്നു: ‘നിത്യജീവനെ വിവരിക്കാൻ വിശുദ്ധഗ്രന്ഥം ഒരു നഗരത്തിന്റെ സ്വർഗ്ഗീയ ജറുസലേമിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത് (cf. വെളി 21) മൂല്യങ്ങൾ, അടിസ്ഥാന മാനുഷിക, യാഥാർത്ഥ്യങ്ങൾ, ആത്മീയയാഥാർത്ഥ്യങ്ങൾ, സ്ഥലങ്ങൾ, സമയങ്ങൾ, സംഘടിത പ്രവർത്തനങ്ങൾ എന്നിവ പങ്കുവെക്കുകയും പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നവരുടെ ഒരു സമൂഹമാണ് നഗരം.’ വിജാതീയർ ജനങ്ങൾക്ക് പ്രവേശനമില്ലാത്ത, ദൈവത്തിനായി മാത്രം സമർപ്പിക്കപ്പെട്ട, ക്ഷേത്രങ്ങൾ നിർമ്മിച്ചപ്പോൾ, ക്രിസ്ത്യാനികൾ, ആരാധന സ്വാതന്ത്ര്യം ലഭിച്ചയുടനെ, ദോമുസ് ദേയ് (Domus Dei), ദോമുസ് എക്ലെസിയ (Domus Ecclesiae) എന്നിവ നിർമ്മിച്ചു. അവിടെ വിശ്വാസികൾക്ക് തങ്ങളെ തന്നെ ദൈവ
ത്തിന്റെ സമൂഹമായും, ആരാധനയ്ക്കായി ഒരുമിച്ച് കൂട്ടപ്പെട്ട ജനതയായും, തിരിച്ചറിയാൻ കഴിഞ്ഞു; അങ്ങനെ ഒരു വിശുദ്ധ സമൂഹമായി രൂപീകരിക്കപ്പെട്ടു. അതിനാൽ, ദൈവത്തിന് ഇങ്ങനെ പ്രഖ്യാപിക്കാൻ കഴിയും: ‘ഞാൻ നിങ്ങളുടെ ദൈവമാണ്, നിങ്ങൾ എന്റെ ജനമായിരിക്കും’ (cf. പുറ. 6: 7; നിയമ 14: 2). കർത്താവ് തന്റെ ഉടമ്പടിയിൽ വിശ്വസ്തനാണ് (നിയമ. 7: 9). ഈ കാരണത്താലാണ് ഇസ്രായേൽ ദൈവത്തിന്റെ വാസസ്ഥലവും, ലോകത്തിൽ, അവന്റെ സാന്നിദ്ധ്യ
ത്തിന്റെ വിശുദ്ധസ്ഥലവുമാകുന്നത് (cf. പുറ 29:45; ലേവി. 26: 1112).
ഇക്കാരണത്താൽ, കർത്താവിന്റെ ഭവനം ദൈവമക്കളുടെ കുടുംബത്തിന്റെ സാന്നിദ്ധ്യത്തെ മുൻകൂട്ടി കാണുന്നു. അതുകൊണ്ടാണ് റോമാസഭയിൽ ഒരു പുതിയ ദൈവാലയത്തിന്റെ സമർപ്പണ (കൂദാശ ചെയ്യുന്ന) വേളയിൽ, അത് അതിന്റെ സ്വഭാവത്താൽ എന്തായിരിക്കണമോ അതിന് വേണ്ടി മെത്രാൻ
പ്രാർത്ഥിക്കുന്നത്: ഇതിനെ (ഈ ദൈവാലയത്തെ) എന്നന്നേക്കുമായി ഒരു വിശുദ്ധ സ്ഥലമാക്കി മാറ്റുക (…) ഇവിടം ദിവ്യകൃപയുടെ പ്രവാഹത്താൽ മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളെ മറികടക്കുവാനുള്ള സ്ഥലമാകട്ടെ. പിതാവേ, അങ്ങനെ
പാപത്തോട് മരിച്ച അങ്ങയുടെ മക്കൾ സ്വർഗ്ഗീയജീവിതത്തിലേക്ക് പുനർജനിക്കട്ടെ. ‘(…) അൾത്താരയ്ക്കു ചുറ്റും നിൽക്കുന്ന അങ്ങയുടെ വിശ്വസ്തരായജനം, പെസഹായുടെ ഓർമ്മ ആഘോഷിക്കുവനും മിശിഹായുടെ വചനത്തിന്റെയും ശരീരത്തിന്റെയും വിരുന്നിൽ പങ്കെടുത്തു കൊണ്ട് ഉന്മേഷം പ്രാപിക്കുവനും ഇവിടം ഇടയാകട്ടെ. സന്തോഷകരമായ സ്തുതിയുടെ കാഴ്ച്ചകളാൽ ഇവിടം പ്രകമ്പനം കൊള്ളട്ടെ. ഇവിടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വരങ്ങൾ മാലാഖമാരുടെ സ്തുതിപ്പുകളോട് ചേരട്ടെ. അങ്ങനെ, നിരന്തരമായ പ്രാർത്ഥന ലോകത്തിന്റെ രക്ഷയ്ക്കായി അങ്ങിലേക്ക് ഉയരട്ടെ.
ഇവിടെ ദരിദ്രർ കരുണ കാണുകയും, അടിച്ചമർത്തപ്പെട്ടവർ യഥാർത്ഥ സ്വാതന്ത്ര്യം കണ്ടെത്തുകയും അങ്ങനെ ഉന്നതങ്ങളിലെ സ്വർഗീയജെറുസലേമിൽ എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു വരുന്നതുവരെ, എല്ലാ മനുഷ്യരും അങ്ങയുടെ മക്കൾക്കൊത്ത അന്തസ്സിനെ ധരിക്കട്ടെ. ക്രൈസ്തവസമൂഹം ഒരിക്കലും ഒറ്റപ്പെടൽ (isolation) തേടുകയോ സഭയെ അടച്ചവാതിലുകളുള്ള ഒരു നഗരമാക്കി മാറ്റുകയോ ചെയ്തിട്ടില്ല. സമൂഹ ജീവിതത്തിന്റെ മൂല്യത്തിലും പൊതു നന്മയ്ക്കായുള്ള അന്വേഷണത്തിലും രൂപപ്പെട്ട ക്രിസ്ത്യാനികൾ, അന്യത്വത്തെക്കുറിച്ചുള്ള ബോധത്തോടെ തന്നെ, ലോകത്തിൽ ആയിരുന്നുകൊണ്ട് അതിന്റേതാകാതെയും, ലോകത്തിലേക്ക് ഒതുങ്ങാതെയും ജീവിക്കാനും, എല്ലായ്‌പ്പോഴും സമൂഹത്തിൽ ഇഴുകിചേർന്ന് പോകാനും ശ്രമിച്ചിട്ടുണ്ട്. (cf.Letter to Diognetus, 5-6). എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
3. ക്രൈസ്തവജീവിതത്തിൽ സഭാ കൂട്ടായ്മകളുടെ പ്രാധാന്യം
മഹാമാരിമൂലമുള്ള അടിയന്തിരാവസ്ഥയിൽപ്പോലും, ഉത്തരവാദിത്തത്തിന്റെ ഒരു വലിയ അവബോധം ഉയർന്നുവന്നിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ വിശ്വാസികളുടെ പങ്കാളിത്തം ദീർഘകാലത്തേക്ക് നിർത്തിവയ്ക്കുന്ന അവസ്ഥവരെ, സിവിൽ അധികാരികളെയും വിദഗ്ധരെയും ശ്രവിക്കുന്നതിലും അവരുമായി സഹ
കരിക്കുന്നതിലും, സഭയിലെ മെത്രാന്മാർ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ തീരുമാനങ്ങൾ എടുക്കാൻ, സദാ സന്നദ്ധമായിരുന്നു എന്നും, അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കുന്നതിലെ പ്രതിജ്ഞാബദ്ധതയ്ക്കും പരിശ്രമത്തിനും മെത്രാന്മാരോട് ആഴമായ നന്ദിയുണ്ട് എന്നും വത്തിക്കാൻ കാര്യാലയം വ്യക്തമാക്കുന്നു.
എന്നിരുന്നാലും, സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക്, ക്രൈസ്തവ ജീവിത
ത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യവും അടിയന്തിരവുമാണ് (necessary and urgent) എന്ന് വത്തിക്കാനിലെ ആരാധനാക്രമത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ സാറ ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാരോട് കത്തിലൂടെ ആവശ്യപ്പെടുന്നു. കാരണം ദൈവാലയം (പള്ളി) ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും, ആരാധനാക്രമ
ത്തിന്റെ ആഘോഷം, പ്രത്യേകിച്ച് വിശുദ്ധ കുർബാന, സഭയുടെ പ്രവർത്തനങ്ങളെല്ലാം തന്നെ തിരിഞ്ഞിരിക്കുന്ന അത്യുച്ചകോടിയും (summit) അതേ സമയം അവളുടെ ശക്തി മുഴുവൻ നിർഗ്ഗളിക്കുന്ന സ്‌ത്രോതസ്സു (font) മാണ് (SC 10).
4. ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം
നിഷേധത്തിന്റെയും നിയന്ത്രണങ്ങളുടെയും ഈ കാലഘട്ടം, നാലാം നൂറ്റാണ്ടിന്റെ
ആരംഭത്തിൽ, വധശിക്ഷ ഉറപ്പായിട്ടും ന്യായാധിപന്മാർക്ക് മുൻപിൽ ശാന്തമായ നിശ്ചയദാർഡ്യത്തോടെ, ‘ഞായറാഴ്ചയില്ലാതെ ഞങ്ങൾക്ക് (ജീവിക്കാൻ) കഴിയില്ല’ (Sine Domenico non possumus), എന്ന് ഉത്തരം നൽകിയ അബിറ്റിനെയിലെ രക്തസാക്ഷികളായ നമ്മുടെ സഹോദരീ സഹോദരന്മാരുടെ ഹൃദയം മനസ്സി
ലാക്കാനുള്ള കൃപ നമുക്ക് നൽകുന്നു എന്ന് കർദിനാൾ ഓർമിപ്പിക്കുന്നു.
കർത്താവിന്റെ വചനമില്ലാതെ നമുക്ക് ജീവിക്കാനും ക്രിസ്ത്യാനികളായിരിക്കു
വാനും കഴിയില്ല. കുരിശിലെ ബലിയിൽ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാൻ കഴിയില്ല, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ അവിടുത്തെ പുത്രന്മാരും പുത്രിമാരും സഹോദരീസഹോദരന്മാരും ആയി നമ്മെ ക്ഷണിച്ചിരിക്കുന്ന കർത്താവിന്റെ മേശയായ ബലിപീഠത്തിലെ വിരുന്നില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല, ക്രിസ്തീയ സമൂഹം, കർത്താവിന്റെ കുടുംബം, ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല: നമ്മുടെ ഭവനമായ കർത്താവിന്റെ ഭവനം കൂടാതെ, വിശ്വാസത്തിൽ നാം ജനിച്ച പുണ്യസ്ഥലങ്ങളില്ലാതെ, നമുക്ക് ജീവിക്കാൻ കഴിയില്ല:
നമുക്ക് കർത്താവിന്റെ ദിനമില്ലാതെ, ഞായറാഴ്ചയില്ലാതെ, നമുക്ക് ജീവിക്കാൻ കഴിയില്ല:! ഈ ലോകത്തെ നമ്മുടെ ഈ തീർത്ഥാടന യാത്രയിൽ സ്വർഗീയ വിരുന്നിനു ക്ഷണിക്കപ്പെട്ട നമുക്ക് കർത്താവിന്റെ മേശയിൽ നിന്നും,
ഉയിർത്തെഴുന്നേറ്റ മിശിഹായുടെ ശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യാതെ ജീവിക്കുക സാധ്യമല്ല. കർത്താവിന്റെ വചനമില്ലാതെയും കുരിശിലെ ബലിയിൽ പങ്കെടുക്കാതെയും സ്വർഗീയവിരുന്നിന്റെ മുൻ ആസ്വാദനമായ വിശുദ്ധകുർബാന സ്വീകരിക്കാതെയും കർത്താവിന്റെ കുടുംബമായ ക്രിസ്തീയ സമൂഹമില്ലാതെയും നമ്മുടെ ഭവനമായ കർത്താവിന്റെ ഭവനം കൂടാതെയും കർത്താവിന്റെ ദിനമായ ഞായറാഴ്ചയില്ലാതെയും നമുക്ക് ജീവിക്കാനും ക്രിസ്ത്യാനികളായിരിക്കുവാനും കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമായ ഞായറാഴ്ച ആചരണത്തെയും
ഞായറാഴ്ച കൂട്ടായ്മകളെയും കുറിച്ചുള്ള ചിന്തകൾ കർദിനാൾ ഉപസംഹരിക്കുന്നു.
5. കുർബാനയുടെ സംപ്രേഷണവും ആത്മീയതയും
ആശയവിനിമയ മാർഗ്ഗങ്ങൾ വഴിയുള്ള വിശുദ്ധ കുർബാനയുടെ പ്രക്ഷേപണം, രോഗികൾക്കും പള്ളിയിൽ പോകാൻ കഴിയാത്തവർക്കും സമൂഹമായി പള്ളിയിൽ
പോയി ആഘോഷമായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കും, ഒരു മികച്ച സേവനം നിർവ്വഹിച്ചു. എങ്കിലും അത്തരം വെർച്വൽ (virtual) കുർബാനകളെ ഒരു തരത്തിലും വ്യക്തിപരമായ സാന്നിധ്യം വഴി പങ്കെടുക്കുന്ന കുർബാനയോട് താരതമ്യം ചെയ്യുവാനോ വിശുദ്ധ കുർബാനയ്ക്കു പകരം വെയ്ക്കുവാനോ സാധ്യമല്ല എന്ന് കത്തിൽ കർദിനാൾ സാറാ തറപ്പിച്ചു
പറയുന്നു. ‘ഒരു പ്രക്ഷേപണവും വ്യക്തിഗത പങ്കാളിത്തത്തിന് തുല്യമല്ല, ആ പങ്കാളിത്തത്തിന് പകരമാവില്ല,’ (No broadcast is equivalent to personal participation, or can replace it) നേരെമറിച്ച്, ഇത്തരം പ്രക്ഷേപണങ്ങളെ മാത്രം നാം അവലംബിക്കുമ്പോൾ, സത്യമായും യഥാർത്ഥമായും (really and not virtu
ally) നമുക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവവുമായുള്ള വ്യക്തിപരവും (personal) ഏറ്റവും അടുപ്പമുള്ളതുമായ (intimate) മുഖാമുഖകണ്ടുമുട്ടലിൽ (encounter) നിന്ന് നാം അകന്നു പോകുന്നു. ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ (യോഹ 6:56). കർത്താവുമായുള്ള ഈ ശാരീരിക സമ്പർക്കം സുപ്രധാനവും (vital) ഒഴിച്ചുകൂടാനാവാത്തതും (indispensable) മാറ്റാനാകാത്തതു (irreplacable) മാണ് എന്ന് കർദിനാൾ സാറാ ഓർമിപ്പിക്കുന്നു. വിശുദ്ധ കുർബാനയ്ക്കു ഒരുക്കി വെച്ച
തിനു ശേഷം ‘ഞാൻ ഓൺലൈൻ കുർബാന കണ്ടുകൊള്ളാം’ എന്ന് പറയുന്ന ‘വിശ്വാസികളെ’യും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതെ ആ കുർബാന സ്ട്രീം ചെയ്യാനും പ്രക്ഷേപണം ചെയ്യാനും വ്യഗ്രത കാണിക്കുന്ന ‘വിശ്വാസികളെ’യും, ഈ കോവിഡ് കാലത്തു ധാരാളം കാണാൻ സാധിക്കും. പലയിടത്തും, പ്രക്ഷേ
പണം, തത്സമയ സംപ്രേഷണം, ലൈവ്‌സ്ട്രീം എന്നിവയ്ക്കാണ് പലരും ഇന്ന് കുർബാനയെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്നത് വളരെ ദുഃഖകരവും അപകടകരവുമായ അവസ്ഥയാണ് എന്ന് പറയാതെ വയ്യ.
കോവിഡ് 19 കാലത്തേയ്ക്കുമാത്രമായുള്ള ഒരു താത്കാലിക സംവിധാനമാണ് പ്രക്ഷേപണവും തത്സമയ സംപ്രേഷണവും, ലൈവ്സ്ട്രീമും എന്ന് ശക്തമായി പറയാൻ ഉത്തരവാദിത്തമുള്ള പലർക്കും എന്തു കൊണ്ടോ ഇന്നും മടിയാണ്. അതുകൊണ്ടുതന്നെയാണ് വളരെ ചുരുങ്ങിയ ഈ കാലത്തിനിടയിൽ,
പ്രക്ഷേപണം ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു കുർബാന കണ്ടാൽ, അതു മതി ആത്മീയ വളർച്ചക്ക് എന്നുവരെ, ഇന്ന് വൈദികരും സന്ന്യസ്തരും അൽമായരും ഒരുപോലെ ചിന്തിയ്ക്കുവാൻ തുടങ്ങിയിരിക്കുന്നത്. ഇനിയെങ്കിലും, കർദിനാൾ സാറ എഴുതിയത് പോലെയുള്ള വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള സഭാനേതൃത്വങ്ങൾ ജനങ്ങൾക്ക് നൽകേണ്ടതുണ്ട്.
കർത്താവിനെ കണ്ടുമുട്ടാനും, അവനോടൊപ്പമായിരിക്കുവാനും ശ്രമിക്കുന്നതിനപ്പുറം പ്രക്ഷേപണം ചെയ്യുന്നവരെ കണ്ടുമുട്ടാനും നവമാധ്യമങ്ങളുടെ ഉപയോഗത്തിൽ അവ
രുടെ പ്രാവീണ്യം കാണുവാനും, അതിന് ‘ഇഷ്ടം’
(ലൈക്) രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുവാനും അംഗീകാരം ചോദിച്ചു വാങ്ങാനുമാണ് പലരുടെയും ഉത്സാഹവും, പലരും ശുഷ്‌കാന്തി കാണിക്കുന്നതും ശ്രമിക്കുന്നതും. വിശ്വാസികൾ തങ്ങളുടെ ഇഷ്ടങ്ങൾ അനുസരിച്ചു പരികർമം ചെയ്യപ്പെടുന്ന കുർബാന മാത്രം അന്വേഷിച്ചു നടക്കുന്നു.
ദൈവം സൃഷ്ടിച്ച മനുഷ്യവംശത്തെ അവിടുന്ന് ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നും, കഠിനമായ പരീക്ഷണങ്ങൾ പോലും കൃപയുടെ ഫലം പുറപ്പെടുവിക്കുമെന്നും ബോധ്യപ്പെടുകയും കർത്താവിന്റെ അൾത്താരയിൽ നിന്നുള്ള നമ്മുടെ അകൽച്ച വിശുദ്ധ കുർബാനയുടെ സ്വീകരണത്തിനു ഒരുക്കമായുള്ള ഉപവാസ സമയമായി അംഗീകരിച്ചുകൊണ്ട് വിശുദ്ധകുർബാനയ്ക്കുള്ള വലിയ പ്രാധാന്യവും, അതിന്റെ സൗന്ദര്യവും, അളക്കാനാവാത്ത അമൂല്യതയും വീണ്ടും കണ്ടെത്തുന്നതിന് ഈ അകൽച്ച ഉപകാരപ്പെട്ടു എന്നാണ് നാം മനസിലാക്കേണ്ടത് എന്ന് കർദിനാൾ ഉദ്‌ബോധിപ്പിക്കുന്നു. എന്നിരുന്നാലും, കഴിയുന്നതും വേഗം,
നിർമലഹൃദയത്തോടെയും, നവീകരിക്കപ്പെട്ട വിസ്മയത്തോടെയും, വർദ്ധിച്ച ആഗ്രഹത്തോടെയും കർത്താവിനെ കണ്ടുമുട്ടാനും (encounter), അവനോടൊപ്പം ആയിരിക്കുവാനും, അവനെ സ്വീകരിക്കാനും, അങ്ങനെ
വിശ്വാസവും സ്‌നേഹവും പ്രത്യാശയും നിറഞ്ഞ ജീവിതത്തിന്റെ സാക്ഷിയായി അവനെ നമ്മുടെ സഹോദരീസഹോദരന്മാരുടെ അടുക്കലേക്ക് എത്തിക്കുവാനും വേണ്ടി നാം വിശുദ്ധ കുർബാനയിലേക്ക് മടങ്ങണം എന്ന് സാറാ എഴുതുന്നു.
6. അടിസ്ഥാനതത്വങ്ങളും പ്രായോഗിക നിർദേശങ്ങളും
എത്രയും വേഗത്തിൽ വിശുദ്ധ കുർബാനയുടെ ആചാരണത്തിലേക്കു തിരിച്ചുവരാ
നുള്ള മാർഗ്ഗങ്ങൾ സുഗമമാക്കാൻ വത്തിക്കാൻ കാര്യാലയം താഴെ പറയുന്ന ചില അടി
സ്ഥാനതത്വങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും ശക്തമായി മുന്നോട്ടു വെക്കുന്നു.
6.1. ആരാധനക്രമനിർദേശങ്ങൾ നൽ കേണ്ടത് സഭാധികാരികൾ
കത്തോലിക്കാ സഭ സിവിൽ അധികാരികളും സർക്കാരുകളുമായി സഹകരിക്കു
കയും, വിശ്വാസികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി, പ്രോട്ടോക്കോളുകൾ സ്വീകരിക്കുകയും ചെയ്യണമെങ്കിലും, ആരാധനക്രമവുമായിബന്ധപ്പെട്ട നിർദേശങ്ങൾ (norms) തരുന്നത് സിവിൽ അധികാരികളുടെ നിയമനിർമ്മാണ പരിധിക്കുള്ളിൽ വരുന്ന കാര്യങ്ങളല്ല. പ്രത്യുതാ അതു ചെയ്യേണ്ടത് ഉത്തരവാദിത്തപ്പെട്ട സഭാ അധികാരികൾ മാത്രമാണ് എന്ന് കർദിനാൾ റോബർട്ട് സാറാ കത്തിൽ അടിവരയിട്ടു വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ കർദിനാൾ റോബർട്ട് സാറാ പറയുന്നതിന് മുമ്പേ ഓരോ രാജ്യത്തെയും സഭാ നേതൃത്വം അറിഞ്ഞിരിക്കേണ്ടതാണ്. ദൈവീകവും പരിശുദ്ധവുമായ ഒരു അനു
ഷ്ഠാനമാണ് ആരാധനക്രമം. ഈ ആരാധനക്രമത്തെ ‘വിനോദ’ പ്രക്രിയകളുടെയും പ്രവർത്തനങ്ങളുടെയും തലത്തിലേക്കു തരം താഴ്ത്തപ്പെടാൻ അനുവദിക്കരുതെന്നും, ആരാധക്രമ കൂട്ടായ്മകളെ മറ്റു തരത്തിലുള്ള പൊതുസമ്മേളനങ്ങളായി കണക്കാക്കുന്ന
തിനുള്ള അവസരം മറ്റുള്ളവർക്ക്‌കൊടുക്കരുത് എന്നും കർദിനാൾ റോബർട്ട് സാറാ,
കത്തിലൂടെ മെത്രാന്മാരോട് അഭ്യർത്ഥിക്കുന്നു.
6.2. അമിതഭയവും സുരക്ഷിതത്വമില്ലാ യ്മയും ദൂരീകരിക്കുക
മെത്രാന്മാർ ശുചിത്വത്തിനും സുരക്ഷാചട്ടങ്ങൾക്കും ഉചിതമായ ശ്രദ്ധ നൽകണ
മെന്ന് കത്തിൽ പറയുന്നു. എന്നാൽ അതേ സമയം അതിന്റെ പേരിൽ ആരാധനക്രമ അനുഷ്ഠാനങ്ങളെയും ആംഗ്യങ്ങളെയും അർത്ഥ ശൂന്യമാക്കുകയോ, ഫലശൂന്യമാക്കുകയോ, അല്ലെങ്കിൽ വന്ധ്യംകരണം നടത്തുകയോ (sterilise liturgical gestures and rites), പരോക്ഷമായിട്ടു പോലും അമിതമായ ഭയവും (fear)
സുരക്ഷിതത്വമില്ലായ്മയും (insecurtiy) വിശ്വാസികളിൽ വളർത്തുകയോ (instill) ചെയ്യ
രുതെന്ന് മെത്രാന്മാരെ കത്തിൽ കർദിനാൾ റോബർട്ട് സാറാ ഓർമിപ്പിക്കുന്നു.
തീർച്ചയായും സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ചും രാജ്യത്തിന്റെ നിയമം
അനുശാസിക്കുന്ന രീതിയിലും പ്രതിരോധ നടപടികളോട് സഹകരിക്കുവാനും അവ സ്വീകരിക്കുവനും എല്ലാവരും ബാധ്യസ്ഥരാണ്. പക്ഷേ കോവിഡ് മഹാമാരിയുടെ പേരിൽ പരോക്ഷമായിട്ടും പ്രത്യക്ഷമായിട്ടും അമിത ഭയവും സുരക്ഷിതത്വമില്ലായ്മയും വിശ്വാസികളിൽ വളർത്തുന്നത് ആത്മഹത്യാപരമായിരിക്കും. കുദാശകൾ , പ്രത്യേകിച്ച്, പരിശുദ്ധ കുർബാനയും പാപമോചനവും, പരികർമ്മം ചെയ്യാൻപോലും ചില അജപാലകർ മടിക്കുന്ന ദുരവസ്ഥ പല രൂപതകളിലും സ്ഥലങ്ങളിലും ഇന്ന് നിലനിൽക്കുന്നുണ്ട് എന്നത് ഏറെ ദുഃഖകരമാണ്. ആരാധനയ്ക്കും മതാത്മക അനുഷ്ഠാനങ്ങൾക്കും വേണ്ടി ഒരുമിച്ചു കൂടുന്നതല്ല കോവിഡ് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നത്. പ്രത്യുതാ, പ്രതിരോധനടപടികളോട് ആത്മാർത്ഥമായും മറ്റുള്ളവരുടെ നന്മയെ പ്രതിയും ഉത്തരവാദിത്ത്വപ്പെട്ടവരും ജനങ്ങളും സഹകരിക്കാത്തതുകൊണ്ടാണ്. അതു
കൊണ്ട്, പ്രതിരോധനടപടികളോട് പൂർണ്ണമായി സഹകരിക്കുകയും ആവശ്യമായ മുൻകരുതലുകളെടുത്തു മുന്നോട്ടു പോകുകയാണ് വേണ്ടത്.
6.3. ആരാധനക്രമ അനുഷ്ഠാനങ്ങളെ വന്ധീകരിക്കരുത്
തിരുകർമങ്ങളിലൂടെയും, വിശുദ്ധ കുർബാനയിലൂടെയുമാണ് കോവിഡ് 19 പോലെയുള്ള മഹാമാരികൾ വ്യാപിക്കുന്നത് എന്ന തെറ്റായധാരണ കൊടുക്കുന്ന വിധത്തിൽ അനവസരത്തിൽ മാസ്‌ക് ധരിച്ചും, ആംഗ്യങ്ങളെയും, അനുഷ്ഠാനങ്ങളെയും നിരർത്ഥകമാക്കിയും കുദാശകൾ പരികർമം ചെയ്യുന്ന മെത്രാന്മാരോടും വൈദികരോടുമാണ് ആരാധനക്രമ അനുഷ്ഠാനങ്ങളെയും ആംഗ്യങ്ങളെയും അർത്ഥശൂന്യമാക്കരുത് എന്ന് കർദ്ദിനാൾ കത്തിലൂടെ അഭ്യർത്ഥിക്കുന്നത്. കത്തോലിക്കാസഭാവിശ്വാസികൾ അജപാലകാരുടെ നേതൃത്വത്തിൽ പൊതുവെ പ്രതിരോധനടപടികളോട് സഹകരിക്കുന്ന അച്ചടക്കമുള്ള ഒരു സമൂഹമാണ്. അതുകൊണ്ടുതന്നെ മറ്റ് കൂട്ടങ്ങളെക്കാളും സമ്മേളന
ങ്ങളെക്കാളും സുരക്ഷിതമാണ് കത്തോലിക്കാ ആരാധനാ സമൂഹങ്ങൾ. സഭാധികാരി
കൾക്കും വൈദികർക്കും സന്യാസിനീ സന്യാസികൾക്കുമാണ് ഈ ബോധം ആദ്യം ഉണ്ടാകേണ്ടത്.
ദൈവാലയ ശുശ്രൂഷകൾ ഭാരതസഭയുടെ പശ്ചാത്തലത്തിൽ
1. അപര്യാപ്തമായ നിർദേശങ്ങൾ
കോവിഡ്19 വിരുദ്ധ നടപടികൾ ആരംഭിച്ചതിന് ശേഷം ഭാരതത്തിലെ കത്തോലി
ക്കാസഭകൾ ഏതാനും ചില നിർദേശങ്ങൾ നൽകിയിരുന്നു. എങ്കിലും, അവയെല്ലാം പ്രധാനമായി കോവിഡ് രോഗം ആരാധന കൂട്ടായ്മകളിലൂടെ പടർന്നു പിടിക്കാതിരിക്കുവാനുള്ള മുൻകരുതലുകളെക്കുറിച്ചും ശുചിത്വത്തെയും സുരക്ഷാസംവിധാനങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള നിർദേശങ്ങളും, റോമിൽ നിന്നുള്ള കോവിഡ് കാലത്തേയ്ക്കുള്ളപ്രത്യേകദണ്ഡവിമോചനങ്ങളെകുറിച്ചും, കോവിഡ് കാലത്തെ വിവാഹാഘോഷങ്ങളെ കുറിച്ചും, കോവിഡ് രോഗികളെയും അവരെ ശുശ്രുഷിക്കുന്നവരെയും സഹായിക്കുന്നതിനു വിശ്വാസികൾക്കുള്ള കടമയെകുറിച്ചുള്ള ഉത്‌ബോധനങ്ങളുമാണ്. എന്നാൽ കർത്താ
വിന്റെ വചനം നേരിട്ട് ശ്രവിക്കുന്നതിന്റെയും, വിശുദ്ധ കുർബാന ശാരീരികമായ സാന്നിദ്ധ്യത്തിലൂടെ പങ്കെടുക്കുന്നതിന്റെയും, വിശുദ്ധ
കുർബാന സ്വീകരിക്കുന്നതിന്റെയും, ക്രിസ് തീയ കൂട്ടായ്മയുടെയും, കർത്താവിന്റെ ദിനമായ ഞായറാഴ്ചയുടെയും, ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമായ ഞായ
റാഴ്ചആചരണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് എടുത്തു പറയാവുന്ന യാതൊരു നിർദേശവും മെത്രാൻ സംഘങ്ങൾ നൽകിയതായി കണ്ടില്ല!
2. ആരാധനക്രമത്തിന്റെ സംരക്ഷണവും നിയന്ത്രണവും
വിശുദ്ധ കുർബാനയും കൂദാശകളും ആരാധനക്രമ അനുഷ്ഠാനങ്ങളും സഭയുടെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. ആരാധനക്രമ അനുഷ്ഠാനങ്ങൾ വ്യക്തിപരമല്ല വ്യക്തി
കളുടേതല്ല! (SC 26) പ്രക്ഷേപണ കമ്പനികളുടേതുമല്ല! വ്യത്യസ്തമായ രീതിയിൽ അർപ്പിക്കപ്പെടുന്ന നൂറുകണക്കിന് കുർബാനകൾ നവമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടു വിശ്വാസികൾ ഇന്ന് സായുജ്യമണയുന്നു. അതുകൊണ്ടുതന്നെ ആരാധനക്രമ അനുഷ്ഠാനങ്ങൾ ‘ആര്, ‘എന്ത്’, ‘എങ്ങിനെ’, ‘എപ്പോൾ’
പ്രക്ഷേപണം ചെയ്യണം’ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനുള്ള ഉത്തരവാദിത്വം സഭാനേതൃത്വത്തിനാണ്.
കൊറോണ വൈറസ് മഹാമാരി (Pandemic) 2020 മാർച്ച് മാസത്തിൽ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകത്തിലെ മിക്ക രൂപതകളിലും മെത്രാന്മാർ വിശ്വാസികൾക്കു വേണ്ടി നടത്തുന്ന പരിശുദ്ധ കുർബാനയും മറ്റു കൂദാശകളുടെ അനുഷ്ഠാനങ്ങളും നിർത്തി വച്ചു, ആരാധനാലയങ്ങൾ അടച്ചു. ആരാധനക്രമ അനുഷ്ഠാനങ്ങൾ ഓൺ ലൈനിലൂടെയും ടിവിയിലൂടെയും റേഡിയോയിലൂടെയും ലഭ്യമാക്കി കൊണ്ടിരിക്കുന്നു. ഇറ്റലിയിൽ, കോവിഡ് പ്രതിസന്ധിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു സാങ്കേതികശാസ്ത്ര സമിതിയുടെ ഉപദേശപ്രകാരം, പ്രധാനമന്ത്രി ജൂസെപ്പേ കോന്തേയുടെ സർക്കാർ മെയ് അവസാനത്തോടെ പൊതുജനങ്ങളുടെ സാധാരണ ജീവിതം പുനരാരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പാ തന്റെ ദൈനംദിന കുർബാന ലൈവ് സ്ട്രീം അതോടെ അവസാനിപ്പിച്ചു. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ, ഭാരതത്തിലെ വിരലിൽ എണ്ണാവുന്ന ചില മെത്രാന്മാർ മാത്രമാണ്, പ്രക്ഷേപണം ചെയ്യപ്പെടുന്ന വിശുദ്ധ കുർബാനയിൽ വേണ്ടത്ര ഒരുക്കത്തോടെ സംബന്ധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിയത്.
3. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരവും നിയന്ത്രണവും
പരിശുദ്ധ കുർബാനയുടെ പ്രക്ഷേപണവും, സംപ്രേഷണവും, ലൈവ് സ്ട്രീമും അതു പോലെ മറ്റു നവമാധ്യമങ്ങളുടെ ഉപയോഗവും രോഗികൾക്കും, വിവിധങ്ങളായ കാരണങ്ങളാൽ ദൈവാലയത്തിൽ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കും വളരെ ഉപകാരപ്രദമാണെങ്കിലും, ‘ഒരു പ്രക്ഷേപണവും വ്യക്തിഗത പങ്കാളിത്തത്തിന് തുല്യമല്ല, ആ പങ്കാളിത്തത്തിന് പകരമാവില്ല,’ എന്ന് മനസിലാക്കി ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെയും ഫലപ്രദമായും വൈദികരെയും സന്യാസിനിസന്യാസികളെയും സാധാരണ വിശ്വാസി കളെയും തക്കസമയത്തു തന്നെ ബോധ്യപ്പെടുത്താൻ ഇന്ത്യയിലെ സഭാ നേതൃത്വങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരാധനക്രമം, മുൻപ് സൂചിപ്പിച്ചതുപോലെ, സഭയുടെ അമൂല്യ പൈതൃകമാണ്,
അല്ലാതെ വ്യക്തികളുടേയോ പ്രക്ഷേപണ കമ്പനികളുടേയോ സ്വത്തല്ല. അതുകൊണ്ട്
തന്നെ ആരാധനക്രമ അനുഷ്ഠാനങ്ങൾ വ്യക്തികൾക്കോ ചാനലുകൾക്കോ ഇഷ്ടംപോലെ പ്രക്ഷേപണം ചെയ്യാനുള്ള അവകാശമോ അധികാരമോ ഇല്ല. ഇവർക്ക് തക്ക സമയത്തു മാർഗനിർദേശങ്ങൾ നൽകേണ്ടത് ഓരോ സ്ഥലത്തെയും സഭാനേതൃത്ത്വമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ആരാധനാക്രമത്തെകുറിച്ച പുറത്തിറക്കിയ എല്ലാ പ്രധാന രേഖകളും ഊന്നിപ്പറയുന്ന പോലെ, തിരുകർമ്മങ്ങൾക്കു മാറ്റങ്ങൾ വരുത്തിയും, കൂട്ടിയും, കുറച്ചും തങ്ങളുടേതായ രീതിയിൽ പുന:സ്ഥാപിക്കുകയും പുനരവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവർ വിശ്വാസികളുടെ അവകാശങ്ങളെ ഹനിക്കുകയും സഭയുടെ സ്വന്തമായ ആരാധനാക്രമ ആഘോഷങ്ങളിൽ വ്യക്തിപരതയും (indivi
dualism) വിവേകശൂന്യതയും (idisoyncrsay) അവതരിപ്പിക്കുകയുമാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം. പക്ഷേ ഇത്തരത്തിലുള്ള പ്രവണതകളെ നിയന്ത്രിക്കാൻ യാതൊരു നിർദേശങ്ങളും കൃത്യമായും വ്യക്തതയോടെയും സഭാനേതൃത്വം നൽകിയിട്ടില്ല. സമയോചിതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ. മറ്റ് ആളുകൾ ഏറ്റെടുക്കുകയും, ഇക്കൂട്ടരെ നിയന്ത്രിക്കാൻ
സഭയ്ക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരുകയും ചെയ്യും. അതാണ് ഇപ്പോൾ നാം കണ്ടുകൊ
ണ്ടിരിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കു ന്നതും ചില വ്യക്തികൾ തങ്ങളുടേതായ രീതിയിൽ തയ്യാറാക്കിയ യാമപ്രാർത്ഥന പുസ്തകങ്ങൾ ഇന്നും സിറോമലബാർ സഭയിലെ പല വൈദിക പരിശീലന കേന്ദ്രങ്ങളിലും സന്യാസഭവനങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഒരു ദുഃഖസത്യമാണ്. സഭാനേതൃത്വത്തിന്റെ നിതാന്ത ജാഗ്രതയാണ്വിശ്വാസികളുടെ അവകാശമായ സഭയുടെ ആരാ
ധനക്രമത്തെ തെറ്റുകൂടാതെയും കുറവു കൂടാതെയും പരിരക്ഷിക്കുവാനുള്ള ഏക
മാർഗം.
4. യാമപ്രാർത്ഥനകൾ കുടുംബപ്രാർത്ഥനയിൽ
ആരാധനക്രമം നിത്യപുരോഹിതനും അവിടുത്തെ മൗതികശരീരമായ സഭയുടെ ശിരസ്സുമായ മിശിഹായുടെയും സഭയുടെയും പ്രവർത്തിയാകയാൽ, വൈശിഷ്ട്യത്തിലും ഫല ദായകത്വത്തിലും ആരാധനക്രമത്തെ വെല്ലുന്ന മറ്റൊന്നും സഭയിൽ ഇല്ല. (SC 7). സഭയുടെ യാമ പ്രാർത്ഥനകൾ വൈശിഷ്ട്യത്തിലും
ഫലദായകത്വത്തിലും മേല്പറഞ്ഞ ഗണത്തിൽപ്പെട്ട സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും സ്മാർട്ട് ഫോണുകളിലൂടെയും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നതി
നേക്കാൾ എത്രയോ മടങ്ങു ഫലദായകവും വൈശിഷ്ട്യമേറിയതുമാണ് കുടുംബങ്ങ ളെല്ലാം ഒരുമിച്ചിരുന്നു യാമപ്രാർത്ഥനയിൽ പങ്കുചേരുന്നത്.!!! (SC 7) ഒരുമിച്ചു പ്രാർത്ഥിക്കുന്ന സഭയുടെ ചെറിയ പതിപ്പായ കുടുംബം
ഒരുമിച്ചു നിലനിൽക്കുന്നു. ഈ കോവിഡ് കാലത്ത് ഒരുമിച്ച് നിൽക്കുന്ന കുടുംബങ്ങളാണ് സഭയുടെ ഏറ്റവും വലിയ സമ്പത്ത്.
അതുകൊണ്ട് തന്നെ കോവിഡ്19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പേരിൽ വീടിനു പുറത്തു പോകാൻ സാധിക്കാത്ത അവസരത്തിൽ, സഭയുടെ ആരാധനക്രമപൈതൃകവും പ്രാർത്ഥന
യുമായ യാമപ്രാർത്ഥനകൾ കുടുംബം മുഴുവനും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കണമെന്ന നിർദേശങ്ങൾ ഉത്തമബോധ്യത്തോടുകൂടി നൽകുകയും, അതിന് ആവശ്യമായ സംവിധാനങ്ങൾ വിശ്വാസികൾക്ക് ഒരുക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ബഹുഭൂരിപക്ഷം രൂപതാകേന്ദ്രങ്ങളും ഇതിന് പരിശ്രമിച്ചതായി ഇതുവരെ ശ്രദ്ധയിൽ വന്നിട്ടില്ല. അതിനാൽ ഇനിയെങ്കിലും, അടുത്ത മഹാമാരി വരുന്നത്
കാത്തു നില്കാതെ, കുടുംബപ്രാർത്ഥനയിൽ യാമപ്രാർത്ഥനകൾ ഉൾപെടുത്തുവാനും അല്ലെങ്കിൽ കുടുംബപ്രാർത്ഥന തന്നെ യാമപ്രാർത്ഥനയാക്കി മാറ്റുന്നതിനുള്ള വഴികളെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
5. ആത്മീയ പരിശീലനത്തിന് കൊടു ക്കേണ്ട മുൻഗണന
വൈദികസന്യാസ പരിശീലനകേന്ദ്രങ്ങളിലും, ഭവനങ്ങളിലും യാമപ്രാർത്ഥനകൾക്ക് വേണ്ടത്ര പ്രാധാന്യം നല്കാത്തത് തന്നെയാണ് യാമപ്രാർത്ഥനകളോടുള്ള താല്
പര്യം കുറഞ്ഞു വരുന്നതിന്റെ പ്രധാന കാരണം. ബാലിശമായ കാരണങ്ങൾ പറഞ്ഞു
വൈദികസന്യാസ പരിശീലനകേന്ദ്രങ്ങളിലും, ഭവനങ്ങളിലും യാമപ്രാർത്ഥനകൾ വേണ്ടെന്ന് വയ്ക്കുന്നതു ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ദൈവജനത്തെ പഠിപ്പിക്കുവാനും, വിശുദ്ധീകരിക്കുവാനും, നയിക്കുവാനുമുള്ള ഭാവിയിലെ വൈദികരെയും സന്യസ്ഥരെയും ആത്മീയ ദിശാബോധ ത്തോടെ പരിശീലിപ്പിക്കുവാനുള്ള ഉത്തരവാദിത്വം അവരെ പരിശീലിപ്പിക്കുന്നവർ
ക്കുണ്ട്! കോവിഡ്19 കാലത്ത് വൈദികരും, സന്യസ്തരും വിശ്വാസികളും തങ്ങളുടെ ആത്മീയ ജീവിതം എങ്ങനെ ചൈതന്യം നഷ്ടപ്പെടുത്താതെ പരിരക്ഷിക്കണമെന്നും വളർത്തി എടുക്കണമെന്നും, ആത്മീയനന്മയും, ശാരീരിക സുരക്ഷയും ഉറപ്പ് വരുത്തി എത്രയും വേഗം വിശുദ്ധ കുർബാനയിലേക്കു മടങ്ങണം എന്നും, എങ്ങനെ ആരാധനക്രമത്തിന്റെ പ്രക്ഷേപണവും, തത്സമയ സംപ്രേഷണവും, ലൈവ്
സ്ട്രീമും ‘വിനോദ’ പ്രക്രിയകളായി തരംതാഴ്ന്ന് പോകാതിരിയ്ക്കുവാൻ ശ്രമിക്കണം എന്നും, അതിനു എന്ത് നടപടികൾ സ്വീകരിക്കണമെന്നും സഭാനേതൃത്വങ്ങൾ കൃത്യ
മായും വ്യക്തമായും നിർദേശങ്ങൾ നൽകുയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ നിർദേശങ്ങൾ നൽകാൻ റോമിൽ നിന്നും വരുന്ന നിർദേശങ്ങൾ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല.
7.6. മതാത്മകകർമങ്ങൾ നിയന്ത്രിക്കുന്നത് അതിരുകടക്കരുത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പല ദൈവാലയങ്ങളിലും വിശ്വാസികളെ കൂടാതെയും കടുത്ത നിയന്ത്രണങ്ങളോടെയും ആരാധനക്രമങ്ങൾ അനുഷ്ഠിക്കുവാൻ സഭ ഇന്നും നിർബന്ധിക്കപ്പെടുമ്പോൾ, പൊതുസ്ഥലങ്ങളിലും സൂപ്പർമാർക്കറ്റ്കളിലും, മദ്യ വില്പനരംഗത്തും, സിനിമ തീയേറ്ററുകളിലും, നീന്തൽ കുളങ്ങളിലും, കളിസ്ഥലങ്ങളിലും, രാഷ്ട്രീയസമരങ്ങളിലും, ജോലിസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കുറക്കുന്നത് രാഷ്ട്രീയമേലാളന്മാരുടെ ഇരട്ടത്താപ്പ് നയമാണ് എന്ന് വിമർശകർ വിലയിരുത്തുന്നു. പലചരക്ക്കടയിൽ 15 പേരെ അനുവദിക്കുമ്പോൾ പള്ളികളിൽപ്രവേശിക്കാൻ അതേ സമയം 10 പേരെ മാത്രം അനുവദിക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ് എന്ന്പറയാൻ വിമർശകർക്കു അവസരം കൊടുക്കുന്നു എന്ന് കത്തിൽ പറയുന്നു. ഇത്തരം ഇരട്ടത്താപ്പ് നിയമങ്ങളും നയങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്നു. ഭാരതകേരള സർക്കാരുകൾ ഇതിനു അപവാദമൊന്നുമല്ല. ഈ കോവിഡ് കാലത്തും സർക്കാരുകളുടെ ഈ ഇരട്ടത്താപ്പ് നയ
ത്തിൽ മാറ്റമൊന്നും ഉള്ളതായി കണ്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയ അധികാരികളും ഭരണാധികാരികളും പരിശുദ്ധ കുർബാനയെയും ആരാധനക്രമ കൂട്ടായ്മകളെയും വിനോദത്തിനുള്ള വേദികളായി കാണുകയും ചിത്രീകരികുകയും ചെയ്യുന്നത് മെത്രാന്മാർ തടയണമെന്ന് കത്തിൽ കർദിനാൾ റോബർട്ട് സാറാ ആവശ്യപെടുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാനുള്ള നടപടികളുടെ പേരിൽ സർക്കാരും പോലീസുകാരും ചെയ്യുന്ന, കുർബാന അർപ്പിച്ചു കൊണ്ടിരുന്ന വൈദികനെ അറസ്റ്റ് ചെയ്യുക തുടങ്ങി, അതിക്രമങ്ങൾക്കു നേരെ ഫലപ്രദമായി പ്രതികരിക്കുവാൻ ഭാരതത്തിലെ സഭകൾക്ക് സാധിക്കേണ്ടതാണ്. ഇതൊക്കെ തന്നെയാണ് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. അതു
കൊണ്ടാണ് രാഷ്ട്രീയ അധികാരികളും ഭരണാധികാരികളും പരിശുദ്ധ കുർബാനയെയും ആരാധനക്രമ കൂട്ടായ്മകളെയും വിനോദത്തിനുള്ള വേദികളായി കാണുകയും ചിത്രീകരികുകയും ചെയ്യുന്നത് മെത്രാന്മാർ തടയണ മെന്ന് കത്തിൽ കർദിനാൾ റോബർട്ട് സാറാ ആവശ്യപെടുന്നത്. ഈ നിർദേശം ഭാരതത്തിലെ സഭാനേതൃത്വത്തെ യും വിശ്വാസികളെയും സംബന്ധിച്ച് വളരെ പ്രസക്തമാണ്.
ഇറ്റലിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയ
ന്ത്രണ നടപടികളെ ഫ്രാൻസിസ് മാർപാപ്പാ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഇറ്റാലിയൻ ലോക്ക് ഡൌൺ സമയത്ത് വത്തിക്കാനിലെ എല്ലാ പൊതുആരാധനക്രമ ആഘോഷങ്ങളും പരിപാടികളും മാർപാപ്പാ നിർത്തി വച്ചിരുന്നു. സഭയുടെയും മെത്രാന്മാരുടെയും നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കത്ത്
ആവശ്യപ്പെടുന്നു. തെറ്റിൽ അകപ്പെടാതിരിക്കുവാനുള്ള ഒരു ഉറപ്പായ സാങ്കേതമാണ് അനുസരണം: സഭയുടെ നിർദേശങ്ങളോടുള്ള അനുസരണവും, മെത്രാന്മാരോടുള്ള അനുസരണവും. ‘പ്രയാസകരമായ സമയങ്ങളിൽ (ഉദാ: യുദ്ധങ്ങൾ, മഹാമാരികൾ) മെത്രാന്മാർക്കും മെത്രാൻ സംഘങ്ങൾക്കും താൽക്കാലിക നിർദ്ദേശങ്ങൾ നൽകാൻ കഴിയും, അത് അനുസരിക്കേണ്ടതാണ്,’ സാറാ ഓർമിപ്പിക്കുന്നു.
സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ മെത്രാന്മാരും മെത്രാൻ സംഘങ്ങളും നൽകുന്ന ഈ നടപടികൾ കാലഹരണപ്പെടും എന്നും കത്തിൽ കർദിനാൾ സാറാ ഓർമിപ്പിക്കുന്നു.