വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം 3

ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ

തൊണ്ടനാട്ട് അന്തോനി കത്തനാർ (പിന്നീട് ഔദീശോ തൊണ്ടനാട്ട്) 1860 ഒക്ടോബർ മൂന്നിന് മോസൂളിൽ നിന്നും മലബാറിലേക്ക് എഴുതിയ കത്തിൽ ഇപ്രകാരം നാം
കാണുന്നു: ”മറ്റും വിസ്താര മുണ്ട ധൈര്യമുണ്ടാകുവാൻ ഞായറാഴ്ച തോറും നമ്മുടെ
കാരണവന്മാർ എഴുതിയിരിക്കുന്ന വർത്തമാന പുസ്തകം ഒരു പാഠം എംകിലും വായിച്ചുകൊള്ളണം എന്നാൽ വിവരം മുഴുവനും അറിയണമെങ്കിൽ ഇതിന്റെ പെർപ്പുകൾ ഒക്കെയും വായിച്ചു കൊള്ളണം.”
എത്രമാത്രം സഭാ സ്‌നേഹം ജ്വലിപ്പിച്ച് നിറുത്തുവാൻ ഈ മഹാ ഗ്രന്ഥത്തിന് സാധിച്ചു എന്ന് ഈ വാക്കുകൾ തെളിയിക്കുന്നു.
ശത്രുക്കൾ അവസാന ഭാഗം കീറി നശിപ്പിച്ച് കളഞ്ഞിട്ടും, സഭ ഔദ്യോഗികമായി വിലക്കിയിട്ടും നസ്രാണി അവന്റെ ജീവശ്വാസം പോലെ വർത്തമാനപ്പുസ്തകത്തെ കരുതി. വേദപുസ്തകത്തോട് ചേർത്തുവച്ച് വായിച്ചു.
നസ്രാണിയെ അവന്റെ സ്വത്വം മുറുകെപ്പിടിച്ചു ജീവിക്കുവാനും സ്വാതന്ത്ര്യത്തിലേക്ക് ചടുലതയോടെ നടന്നടുക്കുവാനും വർത്തമാനപ്പുസ്തകം പ്രാപ്തമാക്കി. അതായിരിക്കാം ചുട്ടു കളയാൻ ഉത്തരവ് ഉണ്ടായിട്ടും, വിലക്ക് ഏർപ്പെടുത്തിയിട്ടും വർത്തമാനപ്പുസ്തകത്തെ അവർ കാത്തു പരിപാലിച്ചത്. അല്മായർ പ്രത്യേകിച്ച് വർത്തമാനപ്പുസ്തകത്തിന് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. വർത്തമാനപ്പുസ്തകത്തിന് ആദ്യമായി അച്ചടിമഷി പുരളുവാൻ കാരണക്കാരൻ ആയതും പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി എന്ന അല്മായൻ തന്നെ. പുസ്തകങ്ങൾ ചിരപ്രചാരം നേടുന്നതിന് മുൻപ് തന്നെ പല കുടുംബങ്ങളിലും വേദപുസ്തകത്തോടൊപ്പം വർത്തമാനപ്പുസ്തകവും സൂക്ഷിക്കപ്പെട്ടിരുന്നു.              തീവ്രലത്തീനികരണ കാലങ്ങളിൽ മാതൃ സഭയോടുള്ള വിശ്വസ്തതയിൽ പിടിച്ചു
നിൽക്കാൻ നസ്രാണി മക്കളെ സഹായിച്ചതും അവർക്ക് പ്രചോദനമായതും വർത്തമാനപ്പുസ്തകമായിരുന്നു. എത്ര ആവേശത്തോടെ ശത്രുക്കൾ വിലക്കിയോ, അതിന്റെ പതിന്മടങ്ങ് ആവേശത്തോടെ വർത്തമാനപ്പുസ്തകം നസ്രാണി
ഹൃദയങ്ങളിൽ ആളിക്കത്തി. ഇന്നും ജ്വലിക്കുകയും അനേകം ഹൃദയങ്ങളെ മാറ്റി മറിക്കുകയും ചെയ്യുന്ന പുസ്തകമാണ് വർത്തമാനപ്പുസ്തകം. എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്ത, ഓരോ വായനയിലും പുത്തൻ അനുഭവങ്ങൾ നൽകുന്ന, വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്ന, ഒരേസമയം സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും അഭിമാന പുളകിതരാക്കുകയും, നമ്മെ അവരുടെ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ കൂടെ അവരിൽ ഒരാളായി യാത്ര ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഇതിഹാസഗ്രന്ഥം. ഓരോ വായനയിലും കൂടുതൽ കൂടുതൽ സഭയെ സ്‌നേഹിപ്പിക്കുകയും, പിതാക്കന്മാരുടെ യാതനകൾ മനസ്സിലാക്കി തരുകയും,
നസ്രാണി എന്ന നമ്മുടെ സ്വത്വം ഉണർത്തുകയും അതിൽ അഭിമാനപുളകിതരാക്കുകയും ചെയ്യാൻ കഴിവുള്ള പുസ്തകം. ഇന്നും
സഭയെ ദിശാബോധം നൽകി നയിക്കുവാനും, യുവഹൃദയങ്ങളെ സഭാ സ്‌നേഹത്താൽ ജ്വലിപ്പിക്കുവാനും വർത്തമാനപ്പുസ്തകത്തിനു കഴിയുന്നുണ്ട്. നസ്രാണിസഭയ്ക്ക് മുന്നോട്ട് ചലിക്കുവാനുള്ള ഒരു മാർഗ്ഗരേഖയാണ് വർത്തമാനപ്പുസ്തകം. ആധുനിക സഭ എക്യുമെനിസം എന്ന് പറഞ്ഞ് തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ജാതൈ്യക്യം പ്രാവർത്തികമാക്കി ലോകത്തിന് കാണിച്ച് കൊടുത്തതിന്റെ ചരിത്രം വർത്തമാനപ്പുസ്തകത്തിൽ കാണാം. നസ്രാണി ജനതയുടെ ഐക്യത്തിനുള്ള വഴികാട്ടിയാണ് വർത്തമാനപ്പുസ്തകം.
പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ ആയിരുന്ന കർദിനാൾ തിസരാങ് ഒരിക്കൽ പറഞ്ഞു. ‘ഞാൻ നിങ്ങളുടെ സഭയെ (നസ്രാണിസഭയെ) സ്‌നേഹിക്കുന്നു; കാരണം എനിക്ക് അവളുടെ ചരിത്രം അറിയാം’. മാതൃ സഭയെ ജീവന് തുല്യം സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം എന്നതിൽ തെല്ലും സംശയമില്ല. ഇന്നും ഒട്ടേറെ പഠനങ്ങൾ നടക്കുന്ന, പുതുമ നഷ്ടപ്പെടാത്ത, എന്നും പ്രസക്തമായ ആശയങ്ങൾ നിറഞ്ഞതും, ഇനിയും നടക്കാത്തതും തീർച്ചയായും നടക്കേണ്ടതുമായ സ്വപ്നങ്ങൾ ഉറങ്ങുന്നതുമായ ഒരു വിപ്ലവ ഇതിഹാസ – ദൈവശാസ്ത്ര – രക്ഷാകരചരിത്രഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം.